എൽഎൽഎം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സന്തോഷം പങ്കുവച്ച് ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ എൽഎൽഎം ക്രിമിനൽ ലോ 2022-24 ബാച്ചിലെ യൂണിവേഴ്സിറ്റി ടോപ്പർ ആണ് അഡ്വ. പ്രകാശ് ബാബു. 83 ശതമാനം മാർക്ക് നേടിയാണ് അദ്ദേഹം കണ്ണൂർ സർവ്വകലാശാലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതിന്റെ സന്തോഷം പങ്കുവച്ചെഴുതിയ കുറിപ്പും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
പ്രകാശ് ബാബു പങ്കുവച്ച കുറിപ്പ് വായിക്കാം;
LLM First Rank
ഞാൻ നേടി അച്ഛാ....
പക്ഷെ കാണാൻ നിങ്ങളില്ലല്ലോ...
വർഷങ്ങൾക്കു മുൻപ് അതിരാവിലെ തന്നെ നാദാപുരം നരിപ്പറ്റ, കൊയ്യാലിലെ അച്ചൻ്റെ ചായപ്പീടികയിലെ ജോലിയെല്ലാം കഴിഞ്ഞ് കോളജിൽ പോകാനാവശ്യമായ പൈസ തരുമ്പോൾ അച്ചൻ സങ്കടത്തോടെ പറഞ്ഞ വാക്ക് ഇക്കാലമത്രയും മനസിലുണ്ടായിരുന്നു. നല്ല മാർക്കുണ്ടായിട്ടും എനിക്ക് നിങ്ങൾ ആറുപേരിൽ മറ്റ് അഞ്ചു പേരെയും തുടർന്ന് പഠിപ്പിക്കാനായില്ല. നീയെങ്കിലും ഒന്നാമനായി പഠിച്ചു വളരണം.
LLB പരീക്ഷക്ക് യൂനിവേഴ്സിറ്റി ടോപ്പർ സ്ഥാനം ഒരു മാർക്കിന് നഷ്ടപ്പെട്ട് സെക്കൻ്റ് ടോപ്പർ ആയപ്പോൾ വലിയ സങ്കടമായിരുന്നു.SSLC മുതൽ ബിരുദാനന്തര ബിരുദം വരെ (രണ്ടു ഡിഗ്രിയും മൂന്ന് പിജിയും ഉൾപ്പെടെ) എല്ലാറ്റിലും ഫസ്റ്റ് ക്ലാസ് നേടാനായെങ്കിലും യുനിവേഴ്സിറ്റി ഒന്നാം റാങ്ക് നേടാനായിരുന്നില്ല. ആ ഒന്നാം റാങ്കെന്ന സ്വപ്നവും ദൈവാനുഗ്രഹത്താൽ പൂവണിഞ്ഞിരിക്കുകയാണ്....
2022 ലാണ് പാർട്ടി എന്നെ കാസറഗോഡ് ജില്ലയുടെ പ്രഭാരിയായി ചുമതല ഏല്പിക്കുന്നത്. ആ സമയത്താണ് മഞ്ചേശ്വരം ലോ കോളജിൽ എൽ.എൽ.എമ്മിന് ചേരുന്നത്. ഒരു ഭാഗത്ത് ക്ലാസും പഠനവും മറുഭാഗത്ത് പാർട്ടി ഏല്പിക്കുന്ന പ്രവർത്തനങ്ങളും ഇതിനൊക്കെ പുറമെ എൻ്റെ കുടുംബവും. പിന്നീട് നടന്നത് ഞാനും ജീവിതവും ലക്ഷ്യബോധവും തമ്മിലുള്ള തുടർച്ചയായ ഏറ്റുമുട്ടലുകളായിരുന്നു.
ഇതിനിടയിൽ പലരും എന്താണ് ചാനൽ ചർചയിൽ കാണാത്തത്, ചില പരിപാടികളിൽ കാണാത്തത്, കല്ല്യാണവീട്ടിൽ സജീവമായി കണ്ടില്ലല്ലോ എന്നിങ്ങനെ പലപ്പോഴും ചോദിക്കുന്നു. ആകെപ്പാടെ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നെങ്കിലും പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും എൻ്റെ അസാന്നിധ്യം ഉണ്ടായത് ഈയൊരു പ്രധാനപ്പെട്ട ലക്ഷ്യം നേടാൻ വേണ്ടിയായിരുന്നു. അതിനിടയിൽ രണ്ടാം സെമസ്റ്ററിലും മൂന്നാം സെമസ്റ്ററിലും യുനിവേഴ്സിറ്റി ടോപ്പറിലെത്തിയത് കൂടുതൽ പ്രചോദനമായി.
കാസറഗോഡുള്ള ദിവസം കോളജിലെത്താൻ ബുദ്ധിമുട്ടില്ലെങ്കിലും കോഴിക്കോട് നിന്നും പോകുന്ന ദിവസങ്ങളിൽ അതിരാവിലെ 4.15ന് വീട്ടിൽ നിന്നിറങ്ങിയാൽ മാത്രമേ കോളജിൽ എത്താൻ സാധിക്കുകയുള്ളൂ. ഇതിനിടയിൽ ലോകസഭ തിരഞ്ഞെടുപ്പിൽ കോട്ടയം പാർലമെൻ്റിൻ്റെ ഇൻ ചാർജായി പാർട്ടി തീരുമാനിക്കുകയും ചെയ്തപ്പോൾ എല്ലാ പ്രതീക്ഷയും കൈവിട്ട പോലെയായിരുന്നു. കാരണം ആ സമയം ഫൈനൽ പരീക്ഷയുടെ സ്റ്റഡി ലീവും സബ്മിഷൻ ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങളും ചെയ്തു തീർക്കേണ്ട സമയമായിരുന്നു.
അതിരാവിലെ മുതൽ രാത്രി വൈകിവരെയുള്ള പ്രവർത്തനം കഴിഞ്ഞ് പല ദിവസങ്ങളിലും 3 മണിക്കൂറിൽ കൂടുതൽ കണ്ണടച്ചിരുന്നില്ല. 2 വർഷം കാറും പാർട്ടി ഓഫിസും ട്രെയിനുമെല്ലാം എൻ്റെ ഇഷ്ട്ടപ്പെട്ട പഠന മുറികളായി മാറിക്കഴിഞ്ഞിരുന്നു.ചുരുക്കത്തിൽ വിവരണാധീതമായ പോരാട്ടമായിരുന്നു 2022 മുതൽ 2024 ജൂൺ 21 വരെ.ഒടുവിൽ നാലാം സെമസ്റ്റർ റിസൾട്ടുകൂടി വന്നപ്പോൾ 83% മാർക്കോടെ അതിലും യുനിവേഴ്സിറ്റി ടോപ്പറാകാൻ സാധിച്ചു. ഫലത്തിൽ നിങ്ങളെല്ലാവരുടെയും പ്രാർത്ഥനയും സഹായവും ദൈവാനുഗ്രഹവും കൊണ്ട് കണ്ണൂർ യൂനിവേഴ്‌സിറ്റിയുടെ LLM ( Criminal Law, 2022-24 batch) ഒന്നാം റാങ്ക് കരസ്ഥമാക്കാൻ സാധിച്ചു.
കുട്ടിക്കാലം മുതൽ ഈ ഘട്ടം വരെ ഓരോ സ്വപ്നങ്ങൾക്കും ചിറക് മുളച്ച് വിദ്യഭ്യാസ ജീവിതം ലക്ഷ്യത്തിലേക്കെത്തിച്ചത് ഓർത്തെടുക്കുമ്പോൾ ഹൃദയവും മനസും വികാരനിർഭരമാവുകയാണ്. ഇതുവരെയുള്ള യാത്രയിൽ തളർന്നു വീണുപോയയിടത്ത് നിന്നും ദൈവദൂതൻമാരെ പോലെ കൈത്താങ്ങായവർ ഒരു പാടാണ്. ഈ യാത്രയിൽ എനിക്ക് ലഭിച്ച പിന്തുണകൾക്കും പ്രോൽസാഹനങ്ങൾക്കും ഞാൻ എന്നും കടപ്പെട്ടിരിക്കും.കഴിഞ്ഞ രണ്ട് വർഷം ഞങ്ങൾക്ക് ലഭിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പ്രത്യേകിച്ചും ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോ. ഷീന ഷുക്കൂർ, കോളജിലെ അധ്യാപകർ ഇവർ തന്ന പ്രോൽസാഹനങ്ങൾ വളരെ വലുതായിരുന്നു.
എൻ്റെ പ്രിയതമ ഡോ. ഭാഗ്യശ്രീ, സഹപാഠികൾ പ്രത്യേകിച്ച് ഹരീന്ദ്രൻ.ആർ, സുഹൃത്തുക്കൾ ഇവരുടെയൊക്കെ പിന്തുണ വളരെ വലുതായിരുന്നു. പാർട്ടിയുടെ അധ്യക്ഷൻ ശ്രീ.കെ.സുരേന്ദ്രൻ, സംഘടന സെക്രട്ടറി ശ്രീ. സുഭാഷ് ജി, മുൻ സംഘടന സെക്രട്ടറി ശ്രീ. ഗണേഷ് ജി, കാസറഗോഡ് ജില്ല പ്രസിഡൻ്റ് ശ്രീ. രവീഷ് തന്ത്രി കുണ്ടാർ, പ്രിയ സുഹൃത്ത് അശ്വന്ത് ഉൾപ്പെടെ സഹായിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നെടുത്ത വാക്കുകൾ കൊണ്ട് നന്ദി അറിയിക്കുകയാണ്.