Monday 24 February 2020 02:10 PM IST : By സ്വന്തം ലേഖകൻ

വീട്ടുടമ ചെയ്ത ക്രൂരത; കയറിക്കിടക്കാൻ വീടില്ല, അച്ഛനോടൊപ്പം രണ്ട് പെണ്‍മക്കള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍! കുറിപ്പ്

sandhya-jana Sandhya Janardhanan Pillai

കയറിക്കിടക്കാൻ വീടില്ലാത്തതിന്റെ പേരിൽ, ചികിത്സയില്‍ കഴിയുന്ന അച്ഛനോടൊപ്പം മാനസികാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചകളായി താമസിച്ചു വരുകയാണ് അഞ്ചു വയസ്സും പത്തു വയസ്സുമുള്ള രണ്ടു പെൺകുഞ്ഞുങ്ങൾ. വാടകയ്ക്ക് ഈ കുടുംബത്തെ താമസിപ്പിച്ചിരുന്ന വീട്ടുടമസ്ഥന്റെ ക്രൂരതയാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥയ്ക്ക് പിന്നിൽ. വീട്ടുടമസ്ഥ ചെയ്ത ക്രൂരതയുടെ ഫലമായി ഭ്രാന്താശുപത്രിയില്‍ കഴിയേണ്ടി വന്ന വാടക വീട്ടുകാരന്റെ നിസ്സഹായാവസ്ഥയെ കുറിച്ച് അഡ്വക്കറ്റ് സന്ധ്യ ജനാര്‍ദ്ധനന്‍ പിള്ളയാണ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്.  

അഡ്വക്കറ്റ് സന്ധ്യ ജനാര്‍ദ്ധനന്‍ പിള്ളയുടെ കുറിപ്പ് വായിക്കാം;

പോകാന്‍ വീടില്ലാത്തതു കൊണ്ട് മാത്രം ചികിത്സയില്‍ കഴിയുന്ന അച്ഛനോടൊപ്പം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ കുറെ ആഴ്ചകളായി കഴിഞ്ഞ് വരുകയാണ് ഒരഞ്ചു വയസുകാരിയും ഒരു അഞ്ചാം ക്ലാസുകാരിയും. അവരുടെ അക്വേറിയം ബിസിനസ്സ്‌കാരനായ അച്ഛന്‍ ചികിത്സയില്‍ ആകാനുള്ള കാരണം പറഞ്ഞു കേട്ടപ്പോള്‍ നമ്മുടെ നാട് നന്മകളാല്‍ ഇത്ര സമൃദ്ധമാണോ എന്ന് തോന്നിപ്പോയി.

അക്വേറിയം ബിസിനസ് നടത്തുന്നതിലൂടെയുള്ള വരുമാനം കൊണ്ട് മാത്രം ജീവിച്ചുവന്ന സുരേഷിന് മൂന്ന് മാസത്തെ വാടക കൊടുക്കാന്‍ കഴിഞ്ഞില്ല. വീട്ടുടമസ്ഥന്‍ മലയന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുടിശ്ശിക പണം അവിടെ വച്ച് തീര്‍ത്തു. ഒരു മാസം കൂടി അതായത് നവംബര്‍ 10 നുള്ളില്‍ വീട് മാറികൊടുക്കാന്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ ധാരണയായി. 

എന്നാല്‍ അപ്രതീക്ഷിതമായി ഒക്ടോബര്‍ 30ന് വീട്ടുടമസ്ഥ പൊലീസിന്റെ സഹായ സഹകരണത്തോടെ വലിയ ഫിഷ് ടാങ്കുള്‍പ്പടെ ഉളള സകല സാധനങ്ങളും എടുത്തു വെളിയില്‍ ഇട്ടു. പരാതി കൊടുക്കാന്‍ സ്റ്റേഷനില്‍ പോയി തിരികെ വന്ന് കണ്ട കാഴ്ച ആളുടെ മനസ്സിന്റെ താളം തെറ്റിച്ചു. ആറ്റുനോറ്റു വളര്‍ത്തിയ സകല അലങ്കാര മത്സ്യങ്ങളും വെളിയില്‍ ചത്തു മലച്ചു കിടക്കുന്നു. ആകെ സമ്പാദ്യമായി ഉണ്ടായിരുന്ന ബിസിനസ് കുറച്ചു മണിക്കൂറിനുള്ളില്‍ മണ്ണടിഞ്ഞു. വലിയ ഫിഷ്ടാങ്കുകളും മറ്റും ഒരുളുപ്പുമില്ലാതെ നാട്ടുകാര്‍ വണ്ടി പിടിച്ച് എടുത്തു കൊണ്ടുപോയി..

പിന്നീടങ്ങോട്ട് പരാതിയുമായി കലക്ടറേറ്റിലും പൊലീസ് സ്റ്റേഷനിലും കയറി ഇറങ്ങി. രാഷ്ട്രീയ- പൊലീസ് സ്വാധീനമുള്ള വീട്ടുടമക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. വാടക വീടൊഴിപ്പിക്കാന്‍ പൊലീസിന് ആര് അധികാരം നല്‍കി എന്ന് ഒരു മേലധികാരിയും ചോദിച്ചില്ല. വീടൊഴിപ്പിച്ചോളൂ പക്ഷെ ജീവനോപാധി നശിപ്പിക്കാന്‍ വീട്ടുടമസ്ഥന് ആര് അധികാരം കൊടുത്തു എന്നും ആരും ചോദിച്ചില്ല.

കടുത്ത മാനസിക സംഘര്‍ഷത്തില്‍ പെട്ട സുരേഷ് ആയിരം രൂപയ്ക്ക് സംഘടിപ്പിച്ച പുതിയ വാടക വീട്ടിലെ മുറിയില്‍ നിന്നും ആഴ്ചകളോളം വെളിയില്‍ ഇറങ്ങാതായി. ആശുപ്ത്രിയില്‍ അഡ്മിറ്റ് ആയി. ഇപ്പോള്‍ രണ്ടാമത് താമസിച്ചു വന്ന വീടും പോയി. ആശുപത്രി വിട്ടാല്‍ എങ്ങോട്ട് പോകുമെന്നറിയാതെ ആ കുടുംബം ഓരോ ദിവസവും തള്ളി നീക്കുന്നു. അഞ്ചാം ക്ലാസുകാരിക്ക് അവസാന പരീക്ഷ എഴുതാന്‍ കഴിയാത്ത അവസ്ഥ.

എന്താല്ലേ നമ്മുടെ നാട്? ഒരു കുഞ്ഞിന്റെ പഠിപ്പുമുടക്കി, ഒരു കുടുംബത്തെ മുഴുവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഓടിച്ചു കയറ്റിയ ലോഡ് കണക്കിന് നന്മയുള്ള നാട്...

രണ്ടാമതായി സന്ധ്യ പങ്കുവച്ച കുറിപ്പ് ചുവടെ കൊടുക്കുന്നു; 

ഒരു കുടുംബത്തിന്റെ നിസ്സഹായവസ്ഥ കണ്ട് എല്ലാ അർത്ഥത്തിലും വേദനയോടെ ഇട്ട പോസ്റ്റ്‌ പലരും ശ്രദ്ധിക്കുകയും, പ്രതികരിക്കുകയും ചെയ്തതിൽ അങ്ങേയറ്റത്തെ സന്തോഷം. ഇന്ന് രാവിലെ മുതൽ സുരേഷിന്റെ ഫോൺ നിർത്താതെ അടിച്ചു. പലരും തങ്ങൾ കുടെയുണ്ട്, കൈത്താങ്ങാകാൻ കഴിയാവുന്ന സഹായം ചെയ്യുമെന്ന് അറിയിച്ചു. സുരേഷിന്റെയും മക്കളുടെയും മുഖത്തു ആദ്യമായി ഒരു ചിരി കണ്ടു. ഉള്ളത് പറയാല്ലോ എന്റെ വേദന അതോടെ തീർന്നു.

MLA IB സതീഷും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥരും മറ്റ് സന്നദ്ധ പ്രവർത്തകരും, ചില മാധ്യമ പ്രവർത്തകരും അവരെ കണ്ട് കാര്യങ്ങൾ ആരാഞ്ഞു. എല്ലാവരോടും ഒത്തിരി സ്നേഹം, നന്ദി. ഉണ്ടായ കഷ്ട നഷ്ടങ്ങൾ നികത്തി കിട്ടുന്നതിന് ആവശ്യമായ നിയമ സഹായം dlsa വഴി നൽകും.

അവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ ചുവടെ കൊടുക്കുന്നു. വന്ന് കണ്ട ആരോടോ ഞാനിന്നു പറഞ്ഞിരുന്നു. ആരെങ്കിലും ഒരു അഞ്ഞുറു രൂപയിട്ടാൽ പോലും അതവർക്ക് വലിയ അനുഗ്രഹമായിരിക്കുമെന്ന്.

RAJASREE. S,SBI, Enikkara Branch- a/c no- 67264593751, IFSC code-070861

ഒരു കാര്യം കൂടി.. ഇത് പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒത്തിരി പേരുടെ ഇടമാണ് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം. സാമ്പത്തിക പ്രതി സന്ധിയും, രോഗവും, മറ്റൊരു രോഗത്തിനും സാധാരണയായി കാണാത്ത സാമൂഹ്യ തിരസ്കരണവും കൊണ്ട് ആടി ഉലഞ്ഞു പോയിരിക്കുന്നവർ..എന്തെങ്കിലും ഒക്കെ സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയിക്കുമല്ലോ..

Tags:
  • Spotlight