Tuesday 17 September 2024 04:13 PM IST : By സ്വന്തം ലേഖകൻ

സ്വയം നഷ്ടപ്പെടുത്തി ഒരിക്കലും പ്രണയിക്കരുത്, സ്വകാര്യതയിൽ ഫൊട്ടോകൾ അരുത്: അമ്മ മകൾക്കു നൽകേണ്ട 10 ഉപദേശങ്ങൾ

daughter-mother

ജീവിതത്തിലെ ഒാരോ ഘട്ടങ്ങളിലും മകളേ നിന്റെ കൂടെ ഈ അമ്മയുണ്ട്. ജോലിയുടെയും ജീവിതത്തിന്റെയും തിരക്കുണ്ടെങ്കിലും നിന്നോടു പറയാനുള്ള കാര്യങ്ങൾ ഞാൻ മാറ്റി വയ്ക്കുന്നില്ല. നിന്റെ ജീവിതമാകെ പ്രകാശം നിറയ്ക്കാൻ അമ്മയുടെ ഒരു ശ്രമമാണിത്. ഇതു നീ കേൾക്കുമല്ലോ...

∙ സുരക്ഷ: ആധുനിക യുഗത്തില്‍ സ്ത്രീകള്‍ പൊതുവേ സുരക്ഷിതര്‍ ആണെങ്കിലും നമ്മുടെ നാട്ടില്‍ സ്ത്രീസുരക്ഷ ഒരു ചോദ്യചിഹ്നം തന്നെയാണ്. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ പോലും സുരക്ഷിതരല്ല എന്ന് നീ ഒാര്‍ക്കണം. ഏതു സാഹചര്യത്തിലും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്. നോട്ടം മുതല്‍ സ്പര്‍ശനം വരെ തരംതിരിച്ചു കാണുവാന്‍ നീ ശ്രദ്ധിക്കണം.

നിന്റെ ശരീരത്തിന്‍മേല്‍ ആര്‍ക്കും അധികാരമില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ നോട്ടങ്ങളിലും സ്പര്‍ശനങ്ങളിലും സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാത്രം പ്രതികരിക്കുക. ചിലപ്പോള്‍ രൂക്ഷമായ ഒരു നോട്ടത്തില്‍ തീരാവുന്നതേയുള്ളൂ. അതുകൊണ്ട് അമിതപ്രതികരണം പാടില്ല. മറ്റുള്ളവര്‍ നമ്മളെ എങ്ങനെ കാണണമെന്ന് നാം തന്നെ മറ്റുള്ളവര്‍ക്കു സന്ദേശം നല്‍കുന്നത് നമ്മുടെ വസ്ത്രധാരണത്തിലൂടെയും നോട്ടത്തിലൂടെയും ഭാവത്തിലൂടെയും ആണെന്നതിന് രണ്ടു പക്ഷമില്ല. എന്നാല്‍ ഇതൊന്നുമല്ലാതെയും ചിലപ്പോള്‍ നാം ആക്രമിക്കപ്പെട്ടേക്കാം. അതുമൂലം മറ്റുള്ളവരുമായി പ്രത്യേകിച്ച് അപരിചിതരുമായി ഒരു safe distance അഥവാ െെകപ്പാടകലം കാത്തു സൂക്ഷിക്കണം. കൗമാരപ്രായത്തില്‍ പരസ്പരം ആകര്‍ഷിക്കാനുള്ള ത്വര പ്രകൃതിദത്തമാണ്. നല്ല വസ്ത്രം ധരിക്കുന്നതും അണിഞ്ഞൊരുങ്ങുന്നതും അതിന്റെ ഒരു ഭാഗമാണ്. എന്നാല്‍ നോട്ടത്തിലും ഭാവത്തിലും കൂടി പ്രകടമായ രീതിയില്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ ശ്രമിക്കുന്നവരെ മറ്റൊരു ദൃഷ്ടിയിലൂടെയാണ് പുരുഷസമൂഹം വീക്ഷിക്കുന്നത് എന്നതു മറന്നുകൂടാ.

∙സൗഹൃദം: സുഹൃത്തുക്കള്‍ ആരോഗ്യകരമായ സാമൂഹിക ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ എങ്ങനെ നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കണം എന്നു നീ അറിഞ്ഞിരിക്കണം. നിന്റെ പ്രായത്തില്‍, നിങ്ങള്‍ ഞങ്ങളെക്കാള്‍ നിങ്ങളുടെ സുഹൃത്തുക്കളുമായിട്ടായിരിക്കും ഇടപഴകുക. നല്ല സൗഹൃദങ്ങള്‍ കൊണ്ട് ഒട്ടേറെ ഗുണങ്ങള്‍ ഉണ്ട്.

(a) അത് ആത്മവിശ്വാസം നല്‍കും. നിനക്കു വേണ്ടപ്പെട്ടവര്‍ ആയി ചിലരുണ്ട് എന്നതു നിന്റെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്നു. (b) സുരക്ഷിതത്വബോധം: നിന്റെ അതേ പ്രായത്തിലുള്ളവര്‍ക്ക് മാത്രമേ നിന്റെ അവസ്ഥകള്‍ നന്നായി മനസ്സിലാകൂ എന്നതുകൊണ്ടു സുഹൃദ് വലയങ്ങള്‍ നിനക്കു കൂടുതല്‍ സുരക്ഷിതബോധം നല്‍കുന്നു. (c) അവബോധം: ശാരീരിക–മാനസിക മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്ന കാലത്തിലെ സൗഹൃദങ്ങള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ആത്മ അവബോധത്തെ ജനിപ്പിക്കുന്നു. (d) പരീക്ഷണങ്ങള്‍ക്കുള്ള ഇടം: അറിയുവാനുള്ള ആവേശത്തില്‍ പലപ്പോഴും പല നിലപാടുകളെ പരീക്ഷിക്കുവാനായി നിങ്ങള്‍ സൗഹൃദങ്ങളെ ഉപയോഗിക്കുന്നു.

പുരുഷന്മാരോട് എങ്ങനെ ഇടപെടണം എന്നതുള്‍പ്പെടെ അനേകം കാര്യങ്ങള്‍ ഈ പ്രായത്തില്‍ പരീക്ഷിക്കപ്പെടുന്നു. എന്നാല്‍ ഈ പ്രായത്തില്‍തന്നെ സൗഹൃദങ്ങള്‍ സമ്മര്‍ദകാരണങ്ങളും ആയേക്കാം. ഇവിടെയാണ് എനിക്കു നിന്നെ സഹായിക്കാൻ സാധിക്കുന്നത്. ആദ്യമായി എങ്ങനെ നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കണം എന്നു നോക്കാം. ശരിയായ സുഹൃത്തുക്കള്‍ അല്ലെങ്കില്‍ അവരെ ഒഴിവാക്കാന്‍ പരിശ്രമിക്കാം. സുഹൃത്തുക്കള്‍ ആത്മവിശ്വാസം കെടുത്തുന്നവര്‍ ആകരുത്. താന്‍ സ്വയം വിലയുള്ളവള്‍ ആണെന്ന തിരിച്ചറിവില്‍ നിന്നാണ് ആത്മവിശ്വാസം ഉടലെടുക്കുന്നത്. നിന്റെ ആത്മവിശ്വാസത്തേ കെടുത്തുന്ന സൗഹൃദങ്ങള്‍ ഈടുറ്റവയല്ലെന്ന് തിരിച്ചറിയുക.

(e) ബഹുമാനം: ബഹുമാനം െകാടുത്ത് ബഹുമാനം ആര്‍ജിക്കുക എന്ന ഒരു പഴമൊഴിയുണ്ട്. നിന്റെ മനസ്സിനെയും ശരീരത്തെയും ആദരിക്കാത്ത സൗഹൃദം തീര്‍ച്ചയായും നല്ലതല്ല. (f) ആത്മനഷ്ടം: സ്വയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു സൗഹൃദവും ആരോഗ്യകരമല്ല എന്നു തിരിച്ചറിയുക. നിങ്ങളുടെ സൗഹൃദം മൂലം മറ്റു ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുന്നു എങ്കില്‍ ആ സൗഹൃദം തുടരുന്നത് സന്തോഷപ്രദമായ ജീവിതത്തിനു നല്ലതല്ല. എല്ലാ സൗഹൃദങ്ങളിലും സ്വയം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ഒരിടം സൃഷ്ടിക്കപ്പെടേണ്ടതുണ്ട് എന്നു മനസ്സിലാക്കി സ്വയം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക. (g) ആത്മനിര്‍വൃതി ഉണ്ടാക്കുന്നവയാകണം സൗഹൃദം. നല്ല കേള്‍വിക്കാര്‍ ആകണം നിന്റെ സുഹൃത്തുക്കള്‍. നിന്റെ സുഹൃത്തുക്കള്‍ മറ്റുള്ളവരുമായി എങ്ങനെ ഇടപെടുന്നു എന്ന് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണം. പ്രത്യേകിച്ചു പ്രണയിക്കുന്നവര്‍ ഇതു ശ്രദ്ധിച്ചേ മതിയാവൂ. സ്വന്തം മാതാപിതാക്കളോടും സുഹൃത്തുക്കളോടും നന്നായി പെരുമാറാത്തവര്‍ തീര്‍ച്ചയായും ഭാവിയില്‍ നിന്നോടും ഇപ്രകാരം പെരുമാറുകയില്ല എന്ന് എന്താണ് ഉറപ്പ്.

സുഹൃത്തുക്കളായ നിങ്ങള്‍ ചിലപ്പോള്‍ പിരിഞ്ഞുപോകുവാനും സാധ്യതയുണ്ട്. അത് ഒരുപക്ഷേ, നിനക്ക് അധികം മനഃക്ലേശമുണ്ടാക്കാന്‍ സാധ്യതയുമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ സൗഹൃദം തുടരണമോ എന്നു തീരുമാനിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. അതുകൂടി നീ മനസ്സിലാക്കണം. ഈ സൗഹൃദം തുടരാന്‍ മതിയായ കാരണം ഉണ്ടോ എന്ന് സ്വയം പരീക്ഷിച്ചറിയുക. നിന്നെപ്പോലെ തന്നെ നിന്റെ കൂട്ടുകാര്‍ക്കും നിന്റെ സൗഹൃദം ആവശ്യമാണോ എന്നു ചിന്തിക്കുക. കഥകളിലും സിനിമകളിലും പോലുള്ള സൗഹൃദം വേണമെന്ന് ആഗ്രഹിക്കരുത്. അതു വെറും കെട്ടുകഥകള്‍ തന്നെയാണ്.

daughter-mom

∙െെസബര്‍ ഉപയോഗം: ഇന്ന് സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ഒഴിവാക്കാന്‍ ആകാത്തവണ്ണം കാര്യങ്ങള്‍ പുരോഗമിച്ചിരിക്കുകയാണ്. എങ്ങനെ സുരക്ഷിതമായി ഇവ ഉപയോഗിക്കാമെന്ന് പലരും നിനക്ക് പറഞ്ഞുതന്നിട്ടുണ്ടാകും. എന്നാല്‍ അമ്മയ്ക്ക് പറയാനുള്ളത് മുഖ്യമായും മൂന്നു കാര്യങ്ങളാണ്. (a) പരസ്പരം കാണാതെയും അറിയാതെയും ഉള്ള സൗഹൃദങ്ങള്‍ വെറും മരീചികയാണ്. നിന്റെ സൗഹൃദം വ്യക്തിയുമായി നേരിട്ടുള്ളതാവണം. വര്‍ഷങ്ങളായി പരിചയം ഉള്ളവരെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കിലൂടെ സൗഹൃദം പുതുക്കാമെങ്കിലും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരാളെ ആത്മമിത്രമായി പരിഗണിക്കാനും വിശ്വസിക്കാനും സാധിക്കയില്ല. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവരോടു കൂടെ ഇറങ്ങിത്തിരിച്ചവരുടെ കഥകള്‍ നീ ദിവസവും േകള്‍ക്കാറില്ലേ?

(b) സ്വകാര്യതയില്‍ ഒരിക്കലും ഫോട്ടോകള്‍ എടുക്കരുത്. അഥവാ എടുത്താലും അത് ആര്‍ക്കും ഷെയര്‍ ചെയ്യരുത്. അവര്‍ എത്ര അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നാലും നിന്റെ സ്വകാര്യത നിന്റേത് മാത്രമാണെന്നു മനസ്സിലാക്കി അത് നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക. (c) ഏതു കാര്യവും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുമ്പോള്‍ രണ്ടുവട്ടം ആലോചിച്ചതിനുശേഷം മാത്രം ചെയ്യുക. ഒരിക്കല്‍ ഷെയര്‍ ചെയ്താല്‍ അത് വില്ലില്‍ നിന്നു പുറപ്പെട്ട അസ്ത്രം പോെലയാണ്. വികാരവിക്ഷോഭത്തിന് അടിമയായി ഒന്നും ഒരിക്കലും എഴുതി പിടിപ്പിക്കരുത്.

∙പ്രണയം: അമ്മയോടു തുറന്നുപറയാന്‍ മടികാണിക്കുന്ന ഒരു വിഷയമാണ് പ്രണയം. അതുകൊണ്ടുതന്നെ എന്റെ അഭിപ്രായം ഞാന്‍ തന്നെ പറയാം. പരസ്പരം ആകര്‍ഷിക്കാനുള്ള കഴിവു പ്രകൃതിദത്തമാണ്. എന്നാല്‍ അതിന്റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. വിവേകത്തോടും മതിയായ സമയം കൊടുത്തും വേണം പങ്കാളിയെ കണ്ടെത്താന്‍. ചില കാര്യങ്ങള്‍ നിന്നെ ഒാര്‍മിപ്പിക്കുന്നു. പ്രണയം പിടിച്ചുവാങ്ങാവുന്നതല്ല. നിന്റെ ഇഷ്ടത്തിനു പിറകേ ഒാടാതെ നിന്നെ ഇഷ്ടപ്പെടുന്നവരുമായി സൗഹൃദം സ്ഥാപിക്കുക. ഇഷ്ടം പിടിച്ചുവാങ്ങുന്നത് ആത്മാഭിമാനത്തിന് ക്ഷതമുണ്ടാക്കും. നിന്റെ തിരഞ്ഞെടുപ്പിനു മതിയായ കാരണമുണ്ടായിരിക്കണം. യഥാര്‍ഥസ്നേഹമെന്നത് കലര്‍പ്പില്ലാത്ത സൗഹൃദവും കരുതലും ലാഭേച്ഛയുമില്ലാത്ത പെരുമാറ്റവുമാണ് എന്ന് മനസ്സിലാക്കണം. ഏകാന്തതയോ കടപ്പാടോ സാഹചര്യങ്ങളുടെ സമ്മര്‍ദമോ, കൂട്ടുകാരുടെ നിര്‍ബന്ധമോ ഒന്നും പ്രണയത്തിനു കാരണമാകരുത്. നിങ്ങളുടെ പ്രണയം സത്യമായിരിക്കണം. പരസ്പരം ആവശ്യമാണ് എന്ന തോന്നല്‍ ഉണ്ടായാല്‍ മാത്രമേ ബന്ധം നിലനില്‍ക്കുകയുള്ളൂ.

daughter-mother-understanding

പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയാറാകണം പ്രണയത്തിലും വിവാഹത്തിലും. എന്നാല്‍ സ്വയം നഷ്ടപ്പെടുത്തിക്കൊണ്ട് ഒരിക്കലും പ്രണയിക്കരുത്. പുരുഷന്‍ പ്രണയിക്കുന്നത് അവന്റെ ജൈവികമായ ആവശ്യത്തിനു വേണ്ടിക്കൂടിയാണെന്ന് മനസ്സിലാക്കിവേണം പ്രണയത്തെ സമീപിക്കാന്‍. അതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ ബുദ്ധിപൂര്‍വം പെരുമാറുക. നീ പ്രണയിക്കാന്‍ ഉദ്ദേശിക്കുന്ന ആളിന്റെ മറ്റുള്ളവരോടുള്ള സമീപനവും പെരുമാറ്റവും സൂക്ഷ്മമായി നിരീക്ഷിച്ചശേഷം പ്രണയത്തിലകപ്പെടുക. ചുരുക്കത്തില്‍ നിന്നെ മനസ്സിലാക്കുന്ന, ബഹുമാനിക്കുന്ന, ആത്മവിശ്വാസം നല്‍കുന്ന, സംരക്ഷിക്കുന്ന ഒരാളെ മാത്രമേ പ്രണയിക്കാവൂ. വിവാഹം കഴിക്കാവൂ. എന്നാല്‍ ഇതു പരീക്ഷിക്കുന്നതിനായി ലിവിങ് ടുഗദര്‍ വേണം എന്നതിനോട് എനിക്കു യോജിക്കാന്‍ സാധിക്കുകയില്ല. കഥകള്‍ കഥകളാണ്. കഥയില്‍ പറഞ്ഞു പരിചയമുള്ള പെരുമാറ്റങ്ങള്‍ ജീവിതത്തില്‍ പരീക്ഷിക്കരുത്. അതുകൊണ്ടു പ്രണയിക്കുമ്പോഴും വിവാഹം കഴിക്കുമ്പോഴും യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുക.

∙എടുത്തുചാട്ടം: കൗമാരപ്രായം അറിവുനേടുവാനുള്ള വ്യഗ്രതയുള്ള കാലമാണല്ലോ. ഈ സമയത്താണ് കുട്ടികള്‍ ലഹരിയും െെലംഗികതയും പരീക്ഷിക്കുന്നത്. ഇത് െെജവപരമായ ഒരു പ്രക്രിയയാണ്. എന്നാല്‍ ഇവയെ നിയന്ത്രിക്കാനുള്ള കഴിവു നല്‍കുന്നതായ തലച്ചോറിന്റെ മുന്‍ഭാഗം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമല്ലാത്തതിനാല്‍ ഇതിനെ നിയന്ത്രിക്കാന്‍ പലപ്പോഴും കുട്ടികള്‍ക്കു സാധിച്ചു എന്നു വരില്ല. തലച്ചോറിന്റെ മുന്‍ഭാഗം പൂര്‍ണവളര്‍ച്ചയില്‍ എത്തുന്നത് ഏകദേശം 20 വയസ്സിനു ശേഷമാണ്. അപ്പോഴേക്കും കുട്ടികള്‍ ഇതിന് അടിമപ്പെട്ടുമിരിക്കും. മുന്‍കാലങ്ങളെ അപേക്ഷിച്ചു കുട്ടികള്‍ ഇത്തരം സാഹചര്യങ്ങളില്‍ ആയതുകൊണ്ടു നിങ്ങള്‍ ഈ കെണിയില്‍ വീഴാതെ സൂക്ഷിക്കണം.

∙ 'No' പറയാന്‍ പഠിക്കുക: നിനക്ക് സുഹൃദ്ബന്ധങ്ങളില്‍ നിന്നു സമ്മര്‍ദം നേരിടേണ്ടി വന്നേക്കാം. ഇതിനെ 'Peer pressure' എന്നു പറയും. ചിലപ്പോള്‍ പരിചയം അധികം ഇല്ലാത്തവരില്‍ നിന്നും വരാം. ദുശ്ശീലങ്ങളും പല ദുര്‍ഗുണങ്ങളും ഇത്തരം വഴികളിലൂടെയാണ് നിന്നിലേക്ക് എത്തുന്നത് എന്നു മനസ്സിലാക്കുക. എല്ലാ മേഖലകളിലും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്, എന്തെല്ലാം ഒഴി കഴിവുകള്‍ ആണ് പറയേണ്ടത് എന്ന് മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിക്കുക. ‘വേണ്ട’ എന്നു പറഞ്ഞു പരിശീലിക്കുക. ചില കാര്യങ്ങള്‍ വേണ്ട എന്നുതന്നെ പറയേണ്ടിവരും. അതിര്‍വരമ്പുകള്‍ നിശ്ചയിച്ച് എപ്പോള്‍ വേണ്ട എന്നു പറയണമെന്ന് മനസ്സിലാക്കി മുന്‍കൂട്ടി പരിശീലിക്കുക. പലപ്പോഴും തക്കസമയത്തു വേണ്ട എന്നു പറയാന്‍ സാധിക്കാത്തതാണ് പല അബദ്ധങ്ങള്‍ക്കും കാരണം.

∙പഠനം: എന്ത്, എങ്ങനെ പഠിക്കണമെന്ന് തീരുമാനിക്കേണ്ടത് പ്രധാനമായും മോളാണെങ്കിലും അമ്മയ്ക്ക് ചിലതു പറയാനുണ്ട്. പഠനകാലഘട്ടമാണ് ഒരാള്‍ക്ക് ഏറ്റവുമധികം പ്രലോഭനങ്ങളുണ്ടാക്കുന്ന കാലഘട്ടം. എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണ് എന്റെ പഠനം എന്ന് മനസ്സില്‍ ഉറപ്പിക്കുക. ഏത് പഠനവും നല്ലതുതന്നെ. പക്ഷേ, പഠിക്കുന്നത് അത് ഏറ്റവും നന്നായും പരമമായും പഠിക്കുവാനായിട്ട് പരിശ്രമിക്കുക. നിന്റെ അഭിരുചി ഏതോ അതുതന്നെയാണ് ഞങ്ങള്‍ക്കും താല്‍പര്യം. പക്ഷേ, കഠിനമായ സ്ഥിരോല്‍സാഹം വേണമെന്ന് മറക്കരുത്. തനിക്കായിത്തന്നെ പഠിക്കുന്ന ഒരുവന്‍ തീര്‍ച്ചയായും നന്നായി പഠിക്കുക തന്നെ ചെയ്യും. പഠനം ഒരു ബിരുദസമ്പാദനമോ, അറിവുനേടലോ മാത്രമല്ല, മറിച്ച് നല്ലൊരു വ്യക്തിത്വത്തിന് ഉടമയായി, മൂല്യബോധത്തോടെ, സാമൂഹിക പ്രതിബദ്ധതയുള്ള പൗരനായി തീരുക എന്നതാണ്.

∙ഫാഷന്‍: കുട്ടികള്‍ മോടിയായി നടക്കണം എന്നുതന്നെയാണ് ഏതൊരു അമ്മയെപ്പോലെ എന്റെയും ആഗ്രഹം. നൂതന ഫാഷനുകള്‍ക്കപ്പുറം നിന്റെ ശരീരപ്രകൃതിക്ക് അനുയോജ്യമാവണം വസ്ത്രവും മേക്കപ്പും. ഏതു വസ്ത്രവും മാന്യമായും അല്ലാതെയും ധരിക്കാം. മാന്യമായ വസ്ത്രധാരണവും പെരുമാറ്റവുമാണ് യഥാര്‍ഥസൗന്ദര്യം.

∙തലചായ്ക്കാനൊരിടം: ഏതു പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തല ചായ്ക്കാനൊരിടം ആണ് മകളെ എന്റെ ചുമലുകള്‍. നീ ഞങ്ങള്‍ക്ക് മറ്റാരേക്കാളും വിലപ്പെട്ടതാണ്. നിന്റെ എല്ലാ കുറവുകളോടും കൂടി നിന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും എനിക്കേ കഴിയൂ. കാരണം, ഞാനും നിന്റെ അതേ അവസ്ഥയിലൂടെ കടന്നുപോയാണ് ഇവിടെ എത്തിച്ചേര്‍ന്നത്. ചെറുപ്പത്തിൽ നിന്നോടുള്ള സ്നേഹവാത്സല്യത്തോടെയാണ് ഇന്നും നിന്നെ ഞങ്ങള്‍ കാണുന്നത്. അതുകൊണ്ട് നിന്റെ വേദനകളിലും പ്രതിസന്ധികളിലും എല്ലാം ഒരു സംരക്ഷണകോട്ടയായി എന്നും ഞാന്‍ നിന്റെ കൂടെയുണ്ടാകും.

∙അഭിരുചിക്കൊപ്പം: നിന്റെ അഭിരുചിക്കൊപ്പം എന്നും അമ്മയുണ്ട്. കലാസാംസ്കാരിക മേഖലകളില്‍ പ്രാവീണ്യം സൃഷ്ടിച്ച ഏവര്‍ക്കും പറയാനുള്ളത്, നിശ്ചയദാര്‍ഢ്യത്തോടെ അവരെ െെകപിടിച്ചു നടത്തിയ ഒരു അമ്മയുടെ കഥയാവും. നിന്റെ അഭിരുചികളെ മനസ്സിലാക്കി, സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാന്‍, പരിപോഷിപ്പിക്കാന്‍, ഞങ്ങള്‍ എന്നും ഒപ്പം ഉണ്ട്.

∙ഭക്ഷണം പ്രധാനം: വീടിനു പുറത്ത് അധികസമയം ചെലവഴിക്കുന്ന നിന്നോട് എനിക്ക് ഭക്ഷണത്തെക്കുറിച്ചു പറയാനുളളത് രണ്ടു കാര്യങ്ങളാണ്. (1) സമയത്തിന് യഥാക്രമം ഭക്ഷണം കഴിക്കുക. പ്രാതല്‍ ഉപേക്ഷിച്ച് വിശക്കുമ്പോള്‍ വലിച്ചുവാരി കഴിക്കുന്ന ശീലങ്ങള്‍ ഉപേക്ഷിക്കുക. (2) ഹോട്ടല്‍ഭക്ഷണവും ജങ്ക് ഫൂഡും കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

∙വിവാഹം: ഏതൊരു അമ്മയെയും പോലെ, എന്റെ സ്വപ്നമാണ് നിന്റെ വിവാഹം. വിവാഹം എന്നു വേണമെന്ന് നിനക്കു തീരുമാനിക്കാം. എങ്ങനെ, ആരെ എന്നതിനും നീ തന്നെയാണ് അവസാനവാക്ക്. അതിനു മുന്‍പേ എനിക്കു പറയാനുള്ളത് നീ ശ്രദ്ധിക്കണം. വിവാഹം വേണമെന്ന് തോന്നുമ്പോള്‍ ആദ്യം വേണ്ടത് ഒരു തിരഞ്ഞെടുപ്പാണ്. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ക്ക് പൊതുവേ തിരഞ്ഞെടുക്കാനുള്ള സാധ്യത ഉണ്ട്. നീ തിരഞ്ഞെടുക്കുന്നത് ഒരു ജീവിതകാലത്തേക്കാണെന്ന ബോധ്യത്തോടും ഗൗരവത്തോടും കൂടി വേണം ഇതിനെ െെകകാര്യം ചെയ്യാന്‍. അതിനു ഞങ്ങളുടെ അനുഭവസമ്പത്ത് നിനക്കു കരുത്തേകും. എന്നാല്‍ പ്രണയവിവാഹത്തിലാകട്ടെ, തിരഞ്ഞെടുപ്പ് പൂര്‍ണമായും നിന്റേതാകയാല്‍ ഉത്തരവാദിത്തം കൂടും. വിവാഹം രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. നീയൊരു സുഹൃത്തിനെ തിരഞ്ഞെടുക്കുന്നതിനെക്കാള്‍ സൂക്‌ഷ്മമായും പഠിച്ചശേഷവും വേണം വിവാഹം തിരഞ്ഞെടുക്കാന്‍. കുടുംബത്തെക്കുറിച്ചും വ്യക്തിയെക്കുറിച്ചും നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കണം. ബാഹ്യപ്രേരണയാലോ സമ്മര്‍ദത്താലോ അല്ല നീ നിന്റെ പങ്കാളിയെ കണ്ടത്തേണ്ടത് എന്നു ചുരുക്കം.

∙പൗരബോധം: നാം ജീവിക്കുന്ന ഈ സമൂഹത്തോട് നമുക്കൊരു കടപ്പാടുണ്ട്. നീ ജീവിക്കാനും പഠിക്കാനും വളരുവാനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കിത്തന്നത് ഈ സമൂഹമാെണന്നു നാം മറക്കരുത്. അതുകൊണ്ട് നീ ഈ സമൂഹത്തിനു തിരിച്ച് എന്തുകൊടുക്കുമെന്ന് നീ സ്വയം തീരുമാനിക്കണം. ഒരു മരം വച്ചു പിടിപ്പിക്കുന്നതും െെവദ്യുതിയും വെള്ളവും പാഴാക്കാതിരിക്കുന്നതു പോലും പ്രധാനമാണ്.

∙പ്രകൃതിയോടിണങ്ങണം: പ്രകൃതിയോട് ഇണങ്ങുന്ന ഒരു ജീവിതമാകണം നീ ജീവിക്കേണ്ടത്. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാതെയും പ്രകൃതിയെ സംരക്ഷിച്ചും ജീവിക്കാന്‍ ശ്രമിക്കണം. ഈ ഭൂമി മനുഷ്യര്‍ക്കു മാത്രമുള്ളതല്ല, സര്‍വചരാചരങ്ങള്‍ക്കും കൂടെ ഉള്ളതാണെന്നുള്ള തിരിച്ചറിവ് നിനക്കുണ്ടാകണം.

സാമ്പത്തിക അച്ചടക്കം: സമ്പാദിക്കുക, ചെലവഴിക്കുക എന്നതല്ല ശരിയായ ധനശാസ്ത്രം. സമ്പാദ്യശീലം വളര്‍ത്തുക എന്നതുകൂടിയാണ്. നമ്മുടെ സമ്പത്തിന് അതില്ലാത്തവര്‍ക്കു കൂടി ഉള്ളതാണ് എന്നു നീ തിരിച്ചറിയണം. അതുകൊണ്ട് അനാവശ്യമായ ധാരാളിത്തം ഒഴിവാക്കി മറ്റുള്ളവരെ സഹായിച്ചുവേണം ജീവിതം െകട്ടിപ്പെടുക്കാന്‍. ചെയ്ത നന്മകള്‍ അല്ലാതെ മറ്റൊന്നും ഈ ലോകം വിട്ടുപോകുമ്പോള്‍ നമ്മെ അനുഗമിക്കുന്നില്ല എന്ന് ഒാര്‍ക്കുക.

∙വ്യക്തിത്വം സൂക്ഷിക്കുക: ഏതു സാഹചര്യത്തിലും ജീവിതഘട്ടത്തിലും ഞങ്ങള്‍ നിനക്ക് പകര്‍ന്നുതന്ന മൂല്യങ്ങളെ മുറുകെപ്പിടിച്ച് നിങ്ങളുടെ വ്യക്തിത്വത്തെ പണയം വയ്ക്കാതെ ജീവിതത്തില്‍ മുന്നേറുക. അതിനു ഞങ്ങളുടെ െെകത്താങ്ങും പ്രാര്‍ഥനയും എപ്പോഴും നിന്റെ കൂടെ ഉണ്ടാകും.

∙ നിനക്ക് ഉയരത്തില്‍ പറക്കാനുള്ള കടിഞ്ഞാണായി, അടിതെറ്റി വീഴാതിരിക്കാനുള്ള പിന്‍ബലമായി എപ്പോഴും ഞങ്ങള്‍ നിന്റെ കൂടെയുണ്ട്. ഞങ്ങള്‍ പകര്‍ന്ന സ്നേഹവും കരുത്തും നിനക്ക് മുതല്‍ക്കൂട്ടാകട്ടെ. നീ വളര്‍ന്നു പന്തലിച്ച് സൗരഭ്യം പകര്‍ത്തുന്ന ഒരു വന്‍ വൃക്ഷമായി തീരുന്നത് സ്വപ്നം കണ്ട്, നിന്റെ വേരായി നിന്നെ താങ്ങിനിര്‍ത്താന്‍ ഞങ്ങള്‍ എന്നും കൂടെയുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. എൽസി  ഉമ്മൻ

കൺസൽറ്റന്റ്
സൈക്യാട്രിസ്‌റ്റ്
മെഡിക്കൽ ട്രസ്‌റ്റ്
ഹോസ്പി‌റ്റൽ, കൊച്ചി