Monday 22 February 2021 04:22 PM IST : By നിയാസ് കരീം

ആദ്യം അച്ഛന്റെയും അമ്മയുടേയും വിവാഹചിത്രം, ഒടുവിൽ മോദിയും ക്യാൻവാസിൽ: റൂബിക്സ് ക്യൂബിനെ ചിത്രങ്ങളാക്കി അദ്വൈത്

adwaith-cube

നോക്കിയിരിക്കാൻ രസമാണ്. കയ്യിലെടുത്താൽ അതിലേറെ കൗതുകമാണ്. പക്ഷേ, അതൊന്ന് സോൾവ് ചെയ്തുതുടങ്ങിയാലറിയാം കാണുമ്പോഴുള്ള കൗതുകത്തിന്റെയും രസത്തിന്റെയുമൊക്കെ കണക്കുതെറ്റുന്നത്. കൺമുന്നിൽ ഒരുപിടിയും തരാതെ നിറങ്ങളങ്ങനെ തെന്നിമാറുന്നത്.

പറഞ്ഞുവരുന്നത് റൂബിക്സ് ക്യൂബിനെക്കുറിച്ചുതന്നെ. അതു കയ്യിലെടുത്താൽ രാവണൻകോട്ടയിൽ ചെന്നുപെട്ട അവസ്ഥയാണ് നമ്മളിൽ പലർക്കും. വഴികളൊന്നൊന്നായി തെറ്റുന്ന വിരലുകളുടെ പരക്കംപാച്ചിലിനൊടുവിൽ പലരും അതിനോട് സുല്ലിട്ട് ‘സ്കൂട്ടാ’വും. ബുദ്ധിയും യുക്തിയും ക്ഷമയും വേണ്ടുവോളമുള്ളവർക്കേ അതിനെ മെരുക്കാനാകൂ. നിറങ്ങളെ ചതുരവടിവിൽ നിരയൊപ്പിക്കാനാകൂ. ഒരു ക്യൂബ് സോൾവ് ചെയ്യാൻ ഒത്തിരി വിയർപ്പൊഴുക്കുന്നവരാണ് അധികമെങ്കിലും സെക്കൻഡുകൾക്കകം അതിനെ തളയ്ക്കുന്നവരും നമുക്കിടയിലുണ്ട്. അങ്ങനെയൊരു മിടുമിടുക്കനെ ഇനി പരിചയപ്പെടാം.

പേര് അദ്വൈത്. കൊച്ചി കാക്കനാട് ഭവൻസ് ആദർശ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് കക്ഷി. 2 x 2, 3 x 3 എന്നിങ്ങനെ ഏതു റൂബിക്സ് ക്യൂബും സെക്കൻഡുകൾക്കകം സോൾവ് ചെയ്യും എന്നു മാത്രമല്ല, അവ കൊണ്ട് ഛായാചിത്രങ്ങളും ‘വരയ്ക്കും’ ഈ കക്ഷി. മുന്നൂറോളം ക്യൂബുകൾ തനിക്കാവശ്യമുള്ള വ്യത്യസ്ത നിറങ്ങളിൽ സോൾവ് ചെയ്ത് അവ നിരത്തിവച്ച് ഛായാചിത്രങ്ങൾ ഒരുക്കുകയാണ് അദ്വൈതിന്റെ ഹോബി. ഒരു ചിത്രം തീർക്കാൻ രണ്ടു മുതൽ മൂന്നു മണിക്കൂർ വരെയെടുക്കും. 15 നിരയിലും 20 വരിയിലുമായി 300 റൂബിക്സ് ക്യൂബുകൾ പല കളർ കോംബിനേഷനുകളിൽ അടുക്കിവച്ച് തയാറാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് പോർട്രെയ്റ്റുകൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ക്യൂബുകൾ കൊണ്ടുള്ള ഈ ചിത്രരചനാരീതി ‘റൂബിക്സ് ക്യൂബ് മൊസെയ്ക് ആർട്ട്’ എന്നാണ് അറിയപ്പെടുന്നത്. റൂബിക്സ് ക്യൂബുകൾ കൊണ്ടുള്ള ‘പിക്സൽ ആർട്ട്’ എന്നും പറയാം. ചിത്രംവരയിൽ താൽപര്യമുള്ള അദ്വൈത് വിദേശ യൂട്യൂബ് ചാനലുകൾ നോ‍ക്കിയാണ് വ്യത്യസ്തമായ ഈ ‘വര’ പഠിച്ചെടുത്തത്. റൂബിക്സ് ക്യൂബുകൾ ചെറുപ്പം തൊട്ടേ ‘വീക്ക്നസ്’ ആയതിനാൽ സംഗതി എളുപ്പമായി. ഇഷ്ടമുള്ളയാളുടെ ഫോട്ടോയെടുത്ത് കംപ്യൂട്ടറിൽ അതിനെ ‘പിക്സലേറ്റ്’ ചെയ്യുകയാണ് ഇതിന്റെ ആദ്യപടി. ഇതിനുവേണ്ട ഫ്രീ സോഫ്റ്റ്‌വെയറുകൾ ലഭ്യമാണ്. അതിനുശേഷം, കയ്യിലുള്ള ക്യൂബുകളുടെ നിറങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രത്തിന് കളർ കൊടുത്ത്, കംപ്യൂട്ടർ സ്ക്രീനിൽ നോക്കി ആ കളർ കോംബിനേഷനുകളിൽ കയ്യിലുള്ള റൂബിക്സ് ക്യൂബുകൾ അടുക്കിവയ്ക്കും.

rb

നിഴലും വെളിച്ചവും ഇടകലർന്ന ഷാഡോ പോർട്രെയ്റ്റ്, ഫെയ്സ് പോർട്രെയ്റ്റ് എന്നിങ്ങനെ രണ്ടു വ്യത്യസ്ത രീതിയിലാണ് പ്രധാനമന്ത്രിയുടെ ഛായാചിത്രങ്ങൾ അദ്വൈത് പൂർത്തിയാക്കിയത്. ‘ലോക്ഡൗണിലാണ് ക്യൂബുകൾ കൊണ്ടുള്ള മൊസെയ്ക് ആർട്ട് തുടങ്ങുന്നത്. ആദ്യം പത്ത് ക്യൂബുകളേ കയ്യിലുണ്ടായിരുന്നുള്ളൂ. എന്റെ താൽപര്യം മനസ്സിലാക്കിയപ്പോൾ വീട്ടുകാർ വേണ്ടത്ര റൂബിക്സ് ക്യൂബുകൾ വാങ്ങിത്തന്നു. അച്ഛന്റെയും അമ്മയുടെയും വിവാഹഫോട്ടോയാണ് ആദ്യം ചെയ്തത്. പിന്നീട് പ്രൈം മിനിസ്റ്ററുടെ പോർട്രെയ്റ്റിലേക്കു കടന്നു.’ അദ്വൈത് പറയുന്നു.

തൃശൂർ സ്വദേശികളായ ഗിരീഷിന്റെയും ബിന്ധ്യയുടെയും മകനാണ് അദ്വൈത് എന്ന പതിനാലുകാരൻ. അനിയത്തി അവന്തിക രണ്ടാം ക്ലാസിൽ പഠിക്കുന്നു.

– നിയാസ് കരീം.