Tuesday 03 September 2019 11:02 AM IST

‘നിശ്ശബ്ദമായി വന്നിട്ടും എങ്ങനെയാണെന്റെ കാലൊച്ച പിടിച്ചെടുക്കുന്നത്’; ‘പ്പ’യുടെ സ്വന്തം പൂമ്പാറ്റക്കുട്ടി! കരൾ നോവുന്ന കഥ

Tency Jacob

Sub Editor

afeefa
ഫോട്ടോ: അരുൺ പയ്യടി മീത്തൽ

ചോറു വാരിത്തരാമെന്ന് ആരു പറഞ്ഞിട്ടും ഓള് കേട്ടില്ല. വാപ്പയെ നോക്കിയിരിപ്പാണ്. മുറ്റത്തെ ചെമ്പരത്തിക്കാട്ടിന്നരികിൽ വാപ്പയുടെ ശബ്ദം കേട്ടതും അവൾ ഒച്ചയെടുക്കാൻ തുടങ്ങി. ‘പ്പ, പ്പ...’ വാപ്പ വന്ന് കോരിയെടുത്തവളെ ഉമ്മ വച്ചു. ആ നേരത്ത് ഓളുടെ മുഖത്തെ സന്തോഷത്തിന് എന്തു ചന്തമായിരുന്നു.

‘‘ഓളൊരു സന്തോഷപൂത്തിരിയല്ലേ, ഓളുടെ ചിരിക്ക് ഇച്ചിരി മൊഞ്ച് കൂടും. നമ്മൾ വിഷമിച്ചാലും മക്കൾ വിഷമിക്കാൻ പാടില്ല. നമ്മുടെ ജീവനുള്ളിടത്തോളം കാലം നന്നായി തന്നെ നോക്കും.’’ കോഴിക്കോട് കക്കട്ടിൽ തുണ്ടിപറമ്പത്ത് വീട്ടിലെ അമ്മദ് മോളെ ഒന്നു ലാളിച്ചു.

മോൾ ജനിക്കുമ്പോൾ ഞാൻ ഗൾഫിലാണ്. അവിടെ ഒട്ടകത്തെ നോക്കലും മരുഭൂമിയിലെ പണിയുമെല്ലാമായിരുന്നു. വീസ തീർന്ന് പുതുക്കാൻ കൊടുത്ത മലയാളി പൈസയും കൊണ്ട് മുങ്ങി. സ്പോൺസറായിട്ടുള്ള അറബിയെ എനിക്കറിയുകയുമില്ല. വീസയില്ലാത്തതുകൊണ്ട് പകൽവെട്ടത്തിറങ്ങിയാൽ പിടിച്ച് ജയിലിലടയ്ക്കും. പാസ്പോർട്ട് കയ്യിലില്ലാത്തോണ്ട് വീട്ടിലേക്കു തിരിച്ചു വരാനും വയ്യ. ഒളിച്ചു കഴിയുന്നെങ്കിലും തക്കം കിട്ടുമ്പോൾ എന്തേലും പണിക്കു പോകും.

ഒരു വൈകുന്നേരം നാട്ടുകാരനായ ഒരാളാണ് എന്നെ തേടി വന്ന് അറിയിക്കുന്നത്. ‘തന്റെ ഭാര്യ ഒരപകടത്തിൽ മരിച്ചു.’  ആ വണ്ടിയിൽ കുറെ പേരുണ്ടായിരുന്നു. അനിയന്റെ കുട്ടിയടക്കം മൂന്നു പേർ മരിച്ചു.  

എനിക്ക് നാട്ടിലേക്കു പോയേ പറ്റൂ. എല്ലാവരും കൂടി എന്നെ എംബസിയിൽ കൊണ്ടുപോയി. കുറച്ചു പൈസ പിഴയായി കൊടുത്ത് എന്നെ നാട്ടിലേക്കു കയറ്റി വിട്ടു. അന്നാണ് മോളെ ഞാൻ ആദ്യമായി കാണുന്നത്. ഇടയ്ക്ക് വരുന്ന എഴുത്തുകളിൽ നിന്ന് വിശേഷമൊക്കെ അറിയാറുണ്ടായിരുന്നു. അവൾ ജനിച്ചപ്പോൾ ശരീരം മൊത്തം നീല നിറമായിരുന്നു. സെറിബ്രൽ പാൾസി ആണെന്ന് നാളേറെ കഴിഞ്ഞാണു തിരിച്ചറിഞ്ഞത്. അഫീഫത്ത് എന്നാണ് പേര്. ജനിച്ചയന്നു മുതൽ കിടന്ന കിടപ്പാണ്. കിടക്കയിൽ കിടന്നു തന്നെയാണ് എല്ലാം ചെയ്യുന്നത്. അവളുടെ ഉമ്മ എപ്പോഴും എടുത്തു കൊണ്ടു നടക്കുമായിരുന്നെന്ന് കേട്ടിട്ടുണ്ട്. ഞാനും അതു തന്നെ ചെയ്തു. ആദ്യം ഞങ്ങൾ പെങ്ങളുടെ വീട്ടിലായിരുന്നു. പിന്നെ, എന്റെയൊപ്പം കൊണ്ടുപോന്നു. നേരത്തേ കിടന്നിടത്ത് തന്നെ കിടന്നായിരുന്നു മൂത്രമൊഴിക്കലൊക്കെ. വലുതായപ്പോൾ ബാത്‌റൂമിലേക്ക് എടുത്തു കൊണ്ടുപോകും. കഴുകലും കുളിപ്പിക്കലുമൊക്കെ ഞാൻ തന്നെയാണ്. വേറെയാരും ചെയ്താൽ അവൾ സമ്മതിക്കില്ല.  

മൂത്ത രണ്ടു മക്കളുണ്ട്. ഒരു മോളും മോനും. ഉമ്മ മരിച്ച് അധികം കഴിയുന്നതിനു മുൻപേ മൂത്ത മോളെ കെട്ടിച്ചു വിട്ടു. പിന്നെ മോനും ഞാനും അഫീഫത്തും മാത്രമായി  വീട്ടിൽ. മോൻ സ്കൂളിൽ പോയിക്കഴിഞ്ഞാൽ കുഞ്ഞ് തനിച്ചല്ലേ. അതുകൊണ്ട് ജോലിക്കു പോകാനും പറ്റുന്നില്ല. വീട്ടിലെ കാര്യങ്ങളൊക്കെ പരുങ്ങലിലായി തുടങ്ങി. അങ്ങനെയാണ് വീണ്ടുമൊരു നിക്കാഹ് കഴിക്കുന്നത്. അതും മോളുടെ കാര്യത്തിന് പ്രയോജനപ്പെട്ടില്ല. അവരു വഴക്കിട്ട് പോയി. പിന്നെയും ഒരു നിക്കാഹ് കഴിച്ചു. അവരെക്കൊണ്ടും ഞാൻ മോളുടെ കാര്യം ഒന്നും ചെയ്യിക്കാറില്ല. ചെയ്യാം എന്നൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കാറില്ല.

അന്നത്തെ കരച്ചിൽ...

മോള് ഒരു ദിവസം വേദനിക്കുന്ന പോലെ ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്നു. എന്താണു കാര്യമെന്ന് പിടികിട്ടിയില്ല. മാറിയില്ലെങ്കിൽ പിറ്റേന്ന് ഡോക്ടറെ കാണിക്കാമെന്നു കരുതി. വൈകിട്ട് കിടക്കും മുൻപ് മൂത്രമൊഴിക്കാൻ കൊണ്ടു പോയപ്പോഴാണ് അടിവസ്ത്രത്തിൽ ചോര കണ്ടത്. ആദ്യം ഒന്ന് അന്ധാളിച്ചു. പിന്നെ, മനസ്സിലായി. ആർത്തവം വന്നതാണ്. എന്താ ചെയ്യാന്നൊന്നും പിടിയില്ലായിരുന്നു. കുറച്ച് തുണി കീറി മടക്കി വച്ചു കൊടുത്തു. പാവം വയറു വേദനയെടുത്തിട്ടായിരുന്നു പകൽ മുഴുവൻ കരഞ്ഞിരുന്നത്. വികൃതമായ കുറച്ച് ഒച്ചകളെടുക്കാനല്ലാതെ പറയാനൊന്നും കഴിയില്ലല്ലോ. മോളുടെ ഉമ്മയുണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായി നോക്കുമായിരുന്നു. ഇപ്പോഴുമുണ്ട് എല്ലാ മാസവും ആ വേദന. മൂത്ത മോള് വന്ന്, തുണിയുടുപ്പിക്കാനും പാഡ് വച്ച് കൊടുക്കാനുമൊക്കെ എന്നെ പഠിപ്പിച്ചു തന്നു.

perbbdsf

ഒരിക്കൽ ഇവിടത്തെ പഞ്ചായത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഒരു കൂടിച്ചേരൽ നടന്നിരുന്നു. അതിന് ഞാൻ മോളെയും കൊണ്ടുപോയി. ചെന്നപ്പോൾ എല്ലാ കുട്ടികളെയും കൊണ്ടു വന്നിരിക്കുന്നത് അമ്മമാരാണ്. ഞാൻ മാത്രമേയുള്ളൂ ആണായിട്ട് ഒരാൾ. എല്ലാവരും അദ്ഭുത വസ്തുവിനെപ്പോലെ എന്നെ തുറിച്ചു നോക്കി. പ്രോഗ്രാം കോ ഓർഡിനേറ്ററായ ആദിത്ത് മാഷ് വന്ന് ‘‘അഫീഫാ, നമുക്ക് പ്ലെയിനിൽ പോണ്ടേ?’’ എന്നു ചോദിച്ചേയുള്ളൂ. അതുവരെ മോള് അങ്ങനെയൊരു വാക്കു കേൾക്കുകയോ  വിമാനം  കാണുകയോ ചെയ്തിട്ടില്ല. അന്നു വൈകുന്നേരം ഒരു പ്ലെയിൻ വീടിന്റെ മുകളിലൂടെ പോകുന്ന ശബ്ദം കേട്ടപ്പോൾ എന്നെ തട്ടിയിട്ട് ചൂണ്ടി കാണിക്കുന്നു. എനിക്കത് കണ്ട് അദ്ഭുതം തോന്നി. ‘എന്നാലും നിനക്കതെങ്ങനെ മനസ്സിലായി മുത്തേ!’ ഉപ്പ മടിയിലിരിക്കുന്ന അഫീഫയുടെ കവിളത്ത് ചെറുതായൊന്നു തഴുകി.

അതുപോലെ ഞാൻ പടി കടന്നു വരുമ്പോൾ കേൾക്കാം  കുറുമ്പി പെണ്ണിന്റെ ഒച്ച. ഞാൻ വരുന്നതറിഞ്ഞിട്ടുള്ള ആർപ്പു വിളിയാണ്. എത്ര നിശ്ശബ്ദമായി വന്നിട്ടും എങ്ങനെയാണ് ഇവളെന്റെ കാലൊച്ച പിടിച്ചെടുക്കുന്നതെന്ന് എനിക്കിതുവരെ പിടികിട്ടിയിട്ടില്ല. അതൊരദ്ഭുതമാണ് എല്ലാവർക്കും.

ഓള്... താജ്മഹൽ കണ്ടു

പഞ്ചായത്തിലെ ബ്ലോക്ക് റിസോഴ്സ് സെന്റർ സംഘടിപ്പിച്ചതായിരുന്നു ആഗ്രയിലേക്കുള്ള യാത്ര. ഭിന്നശേഷിക്കാരായ വേറെയും കുട്ടികളുണ്ടായിരുന്നു. ഇവളൊഴിച്ച് ബാക്കിയെല്ലാരും  നടക്കും. മോളെ തോളിലേറ്റി താജ്മഹൽ ചുറ്റി നടന്ന് കാണിച്ചു കൊടുത്തു. യാത്ര പോകാൻ അവൾക്ക് വലിയ ഇഷ്ടമാണ്. പക്ഷേ, ഇപ്പോളെനിക്കു വയ്യ. ഈയടുത്ത് നെഞ്ചുവേദന വന്ന് ആശുപത്രിയിൽ പോയതാണ്. ഹൃദയാഘാതമായിരുന്നു. മൂന്ന് ബ്ലോക്കുള്ളത് ആൻജിയോപ്ലാസ്റ്റി ചെയ്തു. കുറച്ചു നാളത്തേക്കു ഭാരമൊന്നും എടുക്കരുതെന്ന് പറഞ്ഞാണ് എന്നെ ആശുപത്രിയിൽ നിന്ന് വിട്ടത്. അതുവരെ നല്ല കുട്ടിയായി നിന്നവൾ എന്നെ കണ്ടപ്പോൾ വാശിക്കുട്ടിയായി. വന്ന അന്നു തന്നെ അവളെ എടുത്തു തുടങ്ങി. പണ്ടത്തെപോലെയല്ല, കുറച്ചു കഴിയുമ്പോഴേക്കും കിതപ്പു വരും. മോൾക്കും  പത്തൊൻപതു വയസ്സായില്ലേ. മോന് നല്ല കാര്യമാണ് മോളോട്. പക്ഷേ, അവന് ജോലിക്കു പോകണ്ടേ. പന്തലും ലൈറ്റ് ആൻഡ് സൗണ്ടിന്റെ ഒരു കടയുമുണ്ട്.

ഈ മുറ്റത്താകെ കൊലുസിട്ട് കിലുക്കാംപെട്ടി പോലെ ഓടി നടക്കേണ്ട മോളാണ്, ഒരു കട്ടിലിൽ ഒതുങ്ങി കിടക്കുന്നത്. പെൺകുട്ടിയല്ലേ, ആഗ്രഹമുണ്ടാകില്ലേ എന്നു കരുതി വളയും മാലയും പാദസരവുമൊക്കെ വാങ്ങികൊടുത്തിട്ടുണ്ട്. പൊട്ടു വയ്ക്കാനൊക്കെ വലിയ ഇഷ്ടമാണ്. മഴ കണ്ടാൽ ചിരിച്ചുകൊണ്ട് അപ്പോൾ പറയും ‘യ’. പകൽ നല്ല മഴയുണ്ടെങ്കിൽ കുറച്ചു സമയം ഉറങ്ങും. ഇല്ലേൽ ഉറക്കമൊന്നുമില്ല. പാതിരാത്രിയിൽ നോക്കിയാലും കണ്ണു തുറന്നു കിടക്കുന്നതു കാണാം. അത് കാണുമ്പോൾ ഖൽബിലൊരു നൊമ്പരം വന്നു ചുറ്റും.