Tuesday 20 October 2020 03:51 PM IST : By സ്വന്തം ലേഖകൻ

‘ആരെയും വേദനിപ്പിക്കാനല്ല, ഞങ്ങൾ അനുഭവിക്കുന്ന വേദന ഇനിയാർക്കും ഉണ്ടാകരുത്’; കണ്ണീരോടെ അഫീലിന്റെ കുടുംബം

ktm.jpg.image.845.440

ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ സെന്റ് മാത്യൂസ് സിഎസ്ഐ പള്ളി മൈതാനത്തു കുട്ടികളുടെ കളിചിരി‌‌‌‌യും ആരവവും കേൾക്കുമ്പോഴെല്ലാം ആ അച്ഛനും അമ്മയും വീടിനു പുറത്തിറങ്ങി ശ്രദ്ധിക്കും; ആ ശബ്ദങ്ങൾക്കിടയിൽ തങ്ങളുടെ സോനുവിന്റെ ശബ്ദമുണ്ടോ? ഇല്ലെന്ന് അറിയാമെങ്കിലും വേദനയോടെ അവരുടെ മനസ്സ് വീണ്ടും പറയും. അവന്റെ ശബ്ദം ഇവിടെയെല്ലാമുണ്ട്.

കഴിഞ്ഞ ഒക്ടോബർ നാലിനാണ് ചൊവ്വൂർ കുറിഞ്ഞാംകുളത്ത് ജോൺസന്റെയും ഭാര്യ ഡാർളിയുടെയും ജീവിതത്തിൽ വെളിച്ചം അസ്തമിച്ചത്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു മരിച്ച അഫീൽ ജോൺസന്റെ മാതാപിതാക്കളാണ് ഇവർ. ഏക മകനെ നഷ്ടമായ ഡാർളിക്കും ജോൺസണും ജീവിതത്തിലിപ്പോൾ പ്രതീക്ഷകളൊന്നുമില്ല. 

ജീവിതത്തിന്റെ പ്രകാശമായിരുന്ന വിളക്കാണ് അകാലത്തിൽ വിധി ഊതിക്കെടുത്തിയത്. അഫീൽ എന്ന വാക്കിന് പ്രകാശം എന്നാണർഥം. ഓർമകളിൽ എന്നും ജീവിക്കാൻ അഫീലിന്റെ പേര് വീട്ടുപേരിനോട് ചേർത്തു ഇവർ. ഏകാന്തത, നഷ്ടബോധം എന്നിവയിൽനിന്നു കരകയറാൻ ബൈബിളിൽ ആശ്രയിക്കുകയാണ് ഈ കുടുംബം. ബൈബിൾ വായിച്ച ശേഷമായിരുന്നു അഫീൽ എന്നും വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നത്. മത്സരത്തിനു വൊളന്റിയറാകാൻ വീട്ടിൽനിന്നു യാത്ര പറഞ്ഞിറങ്ങിയ അഫീലിനെ പിന്നെ കാണുന്നത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോ ഐസിയുവിലാണ്. 

അനുമതി കിട്ടിയപ്പോഴെല്ലാം അവർ അഫീലിന്റെ അരികിൽ ചെന്നു. തൊടുമ്പോൾ ചെറിയ അനക്കമുണ്ടായിരുന്നു. പേര് വിളിച്ചാൽ ഞെട്ടുന്നതു പോലെ തോന്നി. കണ്ണ് തുറന്ന് അമ്മേയെന്നു വിളിക്കുന്ന നിമിഷത്തിനു വേണ്ടിയുള്ള അവരുടെ പ്രാർഥനകൾ 17 ദിവസം നീണ്ടു. എന്നാൽ ആ കാത്തിരിപ്പ് ഒക്ടോബർ 21ന് വൈകിട്ടു മൂന്നരയോടെ അവസാനിച്ചു. 16 വയസ്സുകാരന്റെ സ്വപ്നങ്ങളുമായി ഓടി നടന്ന അഫീൽ ചൊവ്വൂർ സിഎസ്ഐ പള്ളിയുടെ 16–ാം നമ്പർ കല്ലറയിൽ ഉറങ്ങുന്നു.

അഫീലിന്റെ മരണത്തിൽ ഉത്തരവാദികൾ ആരെന്നറിയണം. അതു മാത്രമാണ് ഇപ്പോൾ മാതാപിതാക്കളുടെ ആഗ്രഹം. ‘ആരെയും വേദനിപ്പിക്കാനല്ല, ഞങ്ങൾ അനുഭവിക്കുന്ന വേദന ഇനിയാർക്കും ഉണ്ടാകാതിരിക്കാനാണ്...’ പറഞ്ഞു പൂർത്തിയാക്കാൻ അഫീലിന്റെ ഓർമകൾ ഡാർളിയെ അനുവദിച്ചില്ല.

Tags:
  • Spotlight