Tuesday 22 October 2019 09:22 AM IST : By സ്വന്തം ലേഖകൻ

ആ കാഴ്ച കണ്ടവർ അലറി വിളിച്ചു, രക്ഷപ്പെടാൻ കുനിഞ്ഞിരുന്നെങ്കിലും ഹാമർ അഭീലിന്റെ നെറ്റി തകർത്തു; സംഭവമിങ്ങനെ

afeel

നെഞ്ചിലെ നെരിപ്പോടാകുകയാണ് അഭീൽ ജോൺസൺ. സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‌‌​ല​റ്റി​ക് മീ​റ്റി​നി​ടെ ഹാ​മ​ർ ത​ല​യി​ൽ വീ​ണു പ​രു​ക്കേറ്റ് ചികിത്സയിലായിരുന്ന അഭീലിന്റെ വിയോഗം കായിക കേരളത്തെ അത്രമേൽ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുകയാണ്. ഒ​ക്ടോ​ബ​ർ നാ​ലി​നാ​ണ് അ​ഫീ​ലി​ന് ഹാ​മ​ർ ത​ല​യി​ൽ വീ​ണ് പരു​ക്കേ​റ്റ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വിഭാഗത്തിൽ കഴിഞ്ഞ ദിവസം വരേയും മരണത്തിന്റേയും ജീവിതത്തിന്റേയും നൂൽപ്പാലത്തിലൂടെ കടന്നു പോകുകയായിരുന്നു അഭീൽ. തിരിച്ചു വരവിന്റെ സൂചന നൽകിയിരുന്നെങ്കിലും ന്യൂ​മോ​ണി​യ ബാധിച്ചതോടെ സ്ഥിതി ഗുരുതരമായി.പ്രാർത്ഥനകൾ വിഫലമാക്കി അഭീൽ ഈ ലോകത്തു നിന്നും യാത്രയായി. സംഭവവു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന കാ​യി​കവ​കു​പ്പ് അ​ന്വേ​ഷ​ണം നടത്തുന്നതിനിടെ അപകടത്തിലേക്ക് നയിച്ച സംഭവം ഓർത്തെടുക്കുകയാണ് ദൃക്സാക്ഷികൾ.

ഒക്ടോബർ 4 ഉച്ചയ്ക്കു 12:10: പാലാ നഗരസഭാ സ്റ്റേഡിയം

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ്. അണ്ടർ 18 വിഭാഗം പെൺകുട്ടികളുടെ ഹാമർത്രോ മത്സരം. 40 അടി ഉയരത്തിൽനിന്നു പറന്നു വന്ന 3 കിലോ ഭാരമുള്ള ലോഹഗോളം അഭീൽ ജോൺസന്റെ നെറ്റിയിൽ വീണു.

ഹാമർ ത്രോ മത്സരവേദിക്കു സമീപം നടന്ന ജാവലിൻ ത്രോ മത്സരത്തിൽ സഹായിയായി നിൽക്കുകയായിരുന്ന അഭീൽ. ഹാമർ പറന്നു വരുന്നതു കണ്ട് സമീപത്തു നിന്നവർ അലറി വിളിച്ചപ്പോൾ തല താഴ്ത്തി കുനിഞ്ഞിരുന്നെങ്കിലും അഭീലിന്റെ നെറ്റിയുടെ ഇടതുഭാഗം തകർത്ത് ഹാമർ പതിച്ചു.

അപകട കാരണം

ഒരേ സമയത്ത് അടുത്തടുത്തായി രണ്ടു ത്രോ ഇനങ്ങൾ സംഘടിപ്പിച്ചതായിരുന്നു അപകടകാരണം. വനിതാ ഹാമർ ത്രോ ഏരിയയുടെ അടുത്തുതന്നെയായിരുന്നു അണ്ടർ 18 ആൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരവും നടന്നത്. രണ്ടു ത്രോ ഇനങ്ങളുടെയും ഫീൽഡുകൾ (ഏറ് പതിക്കുന്ന സ്ഥലം) ഒരിടം തന്നെയായിരുന്നു

ഹാമർ ത്രോയിൽ ഒരു ഏറ് കഴിഞ്ഞാൽ ജാവലിൻ ത്രോയിൽ ഒരു ഏറ് എന്ന ക്രമത്തിലായിരുന്നു മത്സരം നടന്നത്. ഹാമറും ജാവലിനും തിരികെ എടുത്തു കൊടുക്കേണ്ട കുട്ടികൾ ഫീൽഡിലുണ്ടായിരുന്നു. അവരിലൊരാളായിരുന്നു അഭീൽ.

ഹാമർ ത്രോ മത്സരം

ഇരുമ്പുകമ്പിയിൽ ഘടിപ്പിച്ച ലോഹഗോളം ചുഴറ്റി എറിയുന്ന കായിക ഇനമാണു ഹാമർത്രോ. ഇരുമ്പുതൂണുകളിൽ ഉറപ്പിച്ച വലയ്ക്കുള്ളിൽനിന്നാണ് ഹാമർ പുറത്തേക്ക് എറിയേണ്ടത്. ഗ്രൗണ്ടിൽ നിശ്ചിത മേഖലയിൽ പതിക്കുന്ന ത്രോയുടെ ദൂരം അളന്നാണു വിജയിയെ നിശ്ചയിക്കുന്നത്.

പ്രാര്‍ഥനകള്‍ വിഫലം

പതിനെട്ടു  ദിവസത്തെ പ്രാർഥന വിഫലം; അഭീൽ യാത്രയായി. പാലായിൽ ഈ മാസം നാലിനു സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച വിദ്യാർഥി അഭീൽ ജോൺസൺ (16) മരണത്തിനു കീഴടങ്ങി. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുറിഞ്ഞാംകുളത്ത് ജോൺസൺ ജോർജിന്റെയും ഡാർളിയുടെയും ഏക മകനാണ്; പാലാ സെന്റ് തോമസ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥി.