Tuesday 22 October 2019 09:48 AM IST : By സ്വന്തം ലേഖകൻ

‘സാധ്യമായതെല്ലാം ചെയ്തു, ദൈവം ഒപ്പമില്ലെന്നു തോന്നുന്നു’; പ്രതീക്ഷകൾ‌ തന്നിട്ട് അഭീൽ‌ പോയി; നെഞ്ചുതകർന്ന് ഉറ്റവർ

fil

അവന്റെ വരവും കാത്ത് ഐസിയു വരാന്തയിൽ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു ജോൺസനും ഡാർളിയും. ഏക മകനു വേണ്ടി പ്രാർത്ഥനയോടെ കണ്ണീരണിഞ്ഞ നിമിഷങ്ങൾ. പ്രതീക്ഷയുടെ കിരണങ്ങൾ എത്രയോ വട്ടം തന്നതാണ് അഭീൽ! എന്നിട്ടും എല്ലാം വിഫലമാക്കി ആ അച്ഛന്റേയും അമ്മയുയുയേടും ഹൃദയവും പറിച്ചു കൊണ്ട് അവൻ പോയി. വേദനകളില്ലാത്ത ലോകത്തേക്ക്.

അഭീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒക്ടോബർ 4 മുതൽ പ്രാർത്ഥനയിൽ ചേരാൻ ഈ കേരളക്കര ഒന്നാകെയുണ്ടായിരുന്നു. ദിവസങ്ങൾ ആഴ്ചകൾക്ക് വഴിമാറിയപ്പോഴും കാത്തു നിന്നവർക്കും പ്രാർത്ഥിച്ചവർക്കും ഒന്നേ അറിയാനുണ്ടായിരുന്നുള്ളൂ. ‘അഭീലിന് ഭേദമായോ...’ തിരിച്ചു വരുമെന്ന് പലവട്ടം ഡോക്ടർമാർ അറിയിച്ചതുമാണ്. പക്ഷേ നിനച്ചിരിക്കാതെയെത്തിയ ന്യൂമോണിയ കാര്യങ്ങൾ വഷളാക്കി. അഭീലിനെ ഈ ലോകത്തു നിന്നും കൊണ്ടു പോയി.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കാത്തിരുന്ന ജോൺസണോടും ഡാർളിയോടും കോട്ടയം  മെഡിക്കൽ കോളജ് ന്യൂറോളജി വിഭാഗം മേധാവി ഡോ.പി.കെ. ബാലകൃഷ്ണൻ പറഞ്ഞതും അതാണ്. ‘നമുക്ക് സാധ്യമായതെല്ലാം ചെയ്തു. ദൈവം ഒപ്പമില്ലെന്നു തോന്നുന്നു.’ ആ മറുപടിയിൽ എല്ലാമുണ്ടായിരുന്നു. കണ്ണീരു വറ്റിയ നിമിഷത്തിൽ തകർന്ന മനസ്സോടെ അവർ ഡോക്ടറുടെ മുറി വിട്ടു പുറത്തു പോയി. ഇന്നലെ വൈകിട്ട് അഭീൽ ഈ ലോകത്തു നിന്നു വിടപറയുകയും ചെയ്തു.

അഭീലിനെ പരിശോധിക്കുന്ന ഡോക്ടർമാർക്കും ചില വേളകളിൽ മാതാപിതാക്കൾ‌ ആത്മവിശ്വാസം നൽകി. അവർ ഐസിയുവിനു മുന്നിൽതന്നെ കാത്തിരുന്നു. ഇന്നലെ അഭീലിന്റെ ജീവനറ്റ ശരീരം മോർച്ചറിയിലേക്ക് മാറ്റുമ്പോഴും ഏറെ നേരം നോക്കി നിന്നു. അപ്പോഴേക്കും അവർ കരഞ്ഞു തളർന്നിരുന്നു. ജീവിതത്തിനു വേണ്ടിയുള്ള അഭീലിന്റെ 18 ദിവസത്തെ പോരാട്ടമാണ് ഇന്നലെ അവസാനിച്ചത്.

ഫുട്ബോൾ കളിക്കാരനാകാനായിരുന്നു അഭീലിന്റെ ആഗ്രഹം. ‌ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടിസ്ഥാന പരിശീലനം സംഘടിപ്പിക്കുന്ന സ്കോർലൈൻ, കഴിഞ്ഞ ഏപ്രിലിൽ പാലായിൽ നടത്തിയ ക്യാംപിൽ അഭീൽ പങ്കെടുത്തിരുന്നു.

മധ്യനിരയിൽ മികച്ച താരമായി പാഞ്ഞുനടന്ന അഭീലിനെ അന്നു ക്യാംപിൽ എത്തിയ പോർച്ചുഗീസ് പരിശീലകൻ ജാവിയർ പെട്രോ പ്രത്യേകം നോട്ടമിട്ടു. ക്യാംപിൽ നിന്നു തിരഞ്ഞെടുത്ത 2 പേരിൽ ഒരാൾ അഭീലായിരുന്നു. മധ്യനിരയിൽ  അത്ഭുതങ്ങൾ കാണിക്കാൻ സാധിക്കുന്ന ഒരു പ്ലേമേക്കറായി ഉയരാൻ അഭീലിനു കഴിയുമെന്നായിരുന്നു പെട്രോയുടെ കണ്ടെത്തൽ.

തുടർന്ന്, പാലാ നഗരസഭാ സ്റ്റേ‍ഡിയത്തിൽ സ്കോർലൈൻ നടത്തി വന്ന ക്യാംപിലേക്കും അഭീലിനെ തിര‍ഞ്ഞെടുത്തു. അക്കാദമി ലീഗിനായുള്ള താരമായി സ്കോർലൈനുമായി അഭീൽ ആദ്യ കരാറും ഒപ്പുവച്ചു. ആത്മാർഥതയുള്ള താരമായിരുന്നെന്ന് പരിശീലകൻ പി.സി. സുഭീഷ് കുമാർ പറയുന്നു. ഫുട്ബോൾ‍ ഗ്രൗണ്ടിലെ വരകൾ ഹൃദിസ്ഥമാക്കിയ അഭീലിനു പക്ഷേ, കായിക മേളയിലെ മരണത്തിന്റെ വര കാണാൻ സാധിച്ചില്ല. മൂളിയെത്തിയ ഹാമർ അഭീലിന്റെ ജീവിതത്തിനു റെഡ് കാർഡ് നൽകി.