Tuesday 30 March 2021 02:43 PM IST

‘കോവിഡ് വാക്സീനു ശേഷം വേദനസംഹാരികളൊന്നും വേണ്ട’: സീറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.സി. നമ്പ്യാർ പറയുന്നു

Roopa Thayabji

Sub Editor

pc-nambiar445ghhgb

കോവിഡ് പ്രതിരോധ വാക്സിനു ശേഷം ശരീരവേദന കുറയ്ക്കാൻ ഡൈക്ലോഫെനക് ഇൻജക്ഷനെടുത്ത യുവഡോക്ടർ തമിഴ്നാട്ടിൽ മരണപ്പെട്ടെന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. ശരീരവേദന കുറയ്ക്കാനായി ഡോ. ഹരിണിക്ക് ഡൈക്ലോഫെനക് ഇൻജക്ഷൻ നൽകിയത് ഡോക്ടർ കൂടിയായ ഭർത്താവ് അശോക് വിഘ്നേഷാണ്. എന്നാൽ വാക്സിനേഷനു ശേഷം ആഴ്ചകൾ കഴിഞ്ഞെടുത്ത ഇൻജക്ഷനു വാക്സിനുമായി ബന്ധമില്ലെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ സി. നമ്പ്യാർ പറയുന്നതു കേൾക്കാം.

‘‘ചെറിയ തോതിൽ തലവേദനയും പനിയും മാത്രമാണ് വാക്സിനേഷനു ശേഷം ചിലർക്കൊക്കെ പ്രകടമാകുന്നത്. അതു വാക്സിൻ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നതിന്റെ സൂചനയാണ്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നു തന്നെ പാരസെറ്റമോൾ ഗുളിക നൽകാൻ തീരുമാനിച്ചതും ഇതുകൊണ്ടാണ്. പക്ഷേ, മിക്കവർക്കും ഗുളിക പോലും വേണ്ടി വരില്ല.

വാക്സിനേഷന്റെ തൊട്ടടുത്ത ദിവസങ്ങളിലേ പനിയോ തലവേദനയോ പ്രകടമാകൂ. കോവിഡ് വാക്സിനേഷന്റെ പരീക്ഷണ ഘട്ടങ്ങളിൽ ഒരിടത്തും വാക്സിനേഷനെ തുടർന്ന് ശരീരവേദന കഠിനമാകുമെന്ന് കണ്ടിട്ടില്ല. മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടാകാം ശരീരവേദന വരുന്നത്. ദിവസങ്ങൾ കഴിഞ്ഞു വരുന്ന ശരീരവേദനയ്ക്കും മറ്റും വാക്സിനെ സംശയിക്കുന്നത് ശരിയല്ല. വാക്സിനേഷന്റെ പ്രത്യാഘാതമെന്നു കരുതി ചികിത്സിക്കാതിരിക്കുന്നതും, സ്വയം ചികിത്സ നടത്തുന്നതും അപകടമായേക്കാം.

വാക്സിനേഷന്റെ ആദ്യ ഡോസ് എടുത്തശേഷം രണ്ടാം ഡോസ് വരെയും അതിനു ശേഷവും ആഴ്സനിക്കം ആൽബം പോലെയുള്ള കോവിഡ് പ്രതിരോധ മരുന്നുകളും കഴിക്കേണ്ടതില്ല.’’- പി.സി. നമ്പ്യാർ പറയുന്നു.

Tags:
  • Spotlight