Thursday 08 April 2021 04:30 PM IST : By സ്വന്തം ലേഖകൻ

തിരഞ്ഞെടുപ്പ് കഴിഞ്ഞു, നിങ്ങളുടെ നാട്ടിലെ ചുമരുകൾ ഇപ്പോഴും പഴയ പടിയാണോ?: മാതൃകകാട്ടി പി രാജീവ്

p-rajeev-514

ആളൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെയാണ് ഇപ്പോൾ കേരളത്തിന്റെ അവസ്ഥ. കഴിഞ്ഞ ഒരു മാസത്തോളം നീണ്ട തെര‍ഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങൾ കഴിഞ്ഞ കേരളം ഇപ്പോൾ ഫ്ലക്സു കൂനകൾക്കും പോസ്റ്ററുകൾക്കും നടുവിലാണ്.  എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പുഞ്ചിരിതൂകി നിൽപ്പുണ്ട് സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കാണിച്ച ആവേശം ഈ ഫ്ലക്സുകൾ മാറ്റി നാടിനെ ശുദ്ധികലശം ചെയ്യാൻ എന്തേ വിവിധ മുന്നണികൾ കാണിക്കുന്നില്ല? എന്നതാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. ആ ചോദ്യത്തിനുള്ള ആദ്യ ഉത്തരമായിരുന്നു കളമശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവ്. പോളിങ് കഴിഞ്ഞുള്ള അടുത്ത സൂര്യോദയത്തിനു പിന്നാലെ തന്റെ പ്രചാരണ സാമഗ്രികളെല്ലാം മുൻപന്തിയിൽ നിന്നും നീക്കം ചെയ്തു പി രാജീവ്. മാത്രമല്ല ഈ മാതൃക പിന്തുടകാൻ സ്ഥാനാർത്ഥികളോടും വിവിധ പാർട്ടി അണികളോടും അഭ്യർത്ഥിക്കുകയും ചെയ്തു.

പി രാജീവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ വനിത ഓൺലൈനും ഈ മാതൃകയുടെ ഭാഗമാകുകയാണ്. ഫ്ളക്സും പോസ്റ്ററുകളും കട്ടൗട്ടുകളും ചുമരെഴുത്തുകളും നിറഞ്ഞ നിരത്തുകളെ വൃത്തിയാക്കാൻ, നാടിനെ ശുചിയാക്കാൻ ക്ലീൻ സ്വീപ്പ് #cleansweepചലഞ്ചിലൂടെ നിങ്ങളെ ക്ഷണിക്കുകയാണ്. നിങ്ങളുടെ നാട്ടിലെ അല്ലെങ്കിൽ പ്രദേശത്തെ ചുമരുകളിലോ നിരത്തുകളിലോ പോസ്റ്ററുകൾ നീക്കെ ചെയ്യുന്ന ചിത്രങ്ങൾ ഇവിടെ കമന്റായി പോസ്റ്റ് ചെയ്യൂ.

പി രാജീവ് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ വരികൾ ഇങ്ങനെ:

ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ മാറ്റുന്ന പ്രവർത്തനത്തിലായിരുന്നു ഞങ്ങളെല്ലാവരും. മണ്ഡലത്തിലുടനീളം പ്രവർത്തകർ ഇതേറ്റെടുത്തിട്ടുണ്ട്. പോസ്റ്ററുകളും ബോർഡുകളും നീക്കം ചെയ്തു ചുമരെഴുത്തുകൾ മായ്ച്ചും ഈ ദൗത്യത്തിൽ എല്ലാവരും ഇനിയുള്ള ദിവസങ്ങളിലും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു. മറ്റു സ്ഥാനാർത്ഥികളോടും ഇതിൽ പങ്കാളികളാകാൻ അഭ്യർത്ഥിക്കുന്നു.