Saturday 17 October 2020 03:58 PM IST : By സ്വന്തം ലേഖകൻ

‘നാല്പതു വയസ്സ് കടക്കുന്നത് ഒരു നാഴികക്കല്ല് തന്നെയാണല്ലേ?’; പ്രായം കൂടുന്നത് അംഗീകരിക്കാത്ത മനസിന്റെ ആശങ്ക പങ്കുവച്ച് കുറിപ്പ്

harikishore434tfyfgygyg

മുപ്പത് കഴിയുന്നതോടെ പ്രായം കൂടുന്നതിനെ ആശങ്കയോടെ കാണുന്നവരാണ് ഭൂരിഭാഗം പേരും. നാല്പതുകളിൽ എത്തിക്കഴിഞ്ഞാൽ വർധക്യത്തിലേക്ക് കടക്കുന്നു എന്ന ചിന്ത അലട്ടി തുടങ്ങും. 40 വയസ്സിന്റെ ആശങ്ക പങ്കുവച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ എസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

ഹരികിഷോർ പങ്കുവച്ച കുറിപ്പ് വായിക്കാം; 

'നാല്‍പ്പത്'

ഇന്ന് ലീവെടുക്കണമെന്ന് കുറച്ച് ദിവസങ്ങളായി ആലോചിക്കുന്നുണ്ടായിരുന്നു. പൊതുവേ പിറന്നാളുകള്‍ ആഘോഷമാക്കാറില്ല. അപ്പോള്‍ ഇത്തവണത്തെ ജന്മദിനത്തിന് മാത്രം അവധിയെടുത്ത് മാറി നില്‍ക്കണമെന്ന ചിന്ത എന്തുകൊണ്ടാകാം മനസ്സിലുണ്ടായത്? കൂടുതൽ നീട്ടാതെ തന്നെ പറയട്ടെ. മനസ്സ് നിര്‍ബന്ധിച്ചത് മറ്റൊന്നും കൊണ്ടല്ല.... 40 ന്റെ ആശങ്ക തന്നെ!! മുപ്പത്തൊന്‍പത് വയസ്സ് പൂര്‍ത്തീകരിച്ച് ഇന്ന് 40ാം വയസ്സ് തുടങ്ങുകയാണ്! 

കഴിഞ്ഞവര്‍ഷം 39, ഇത്തവണ 40, അടുത്തവര്‍ഷം 41. ഓരോ വര്‍ഷവും വയസ്സ് കൂടും. പിന്നെ എന്തിനാണ് ഈ നാല്‍പ്പതിന് മാത്രം ഒരു ആശങ്ക?. ഈ ചിന്തയ്ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് ആദ്യത്തെ 'ജന്മദിനാശംസ' വരുന്നത്. 'ബാരിയര്‍ കടന്നതിന് ആശംസകള്‍ !' അപ്പോള്‍ 40 വയസ്സ് കടക്കുന്നത് ഒരു നാഴികക്കല്ല് തന്നെയാണല്ലേ?. 'ഹരികിഷോറിന് പ്രായമായി' എന്ന് സമൂഹം അംഗീകരിച്ചു! എന്റെ മനസ്സ് അത് അംഗീകരിക്കാന്‍ തയാറല്ല! ഇതിനുള്ള പ്രതിഷേധമാണ് (അല്ല ഇതിൽ നിന്നുള്ള ഒളിച്ചോട്ടമോ) അവധിയെടുക്കുകയെന്ന ചിന്തയ്ക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞു! 

ഔദ്യോഗിക തിരക്കുകള്‍ കൊണ്ട് അവധിയെടുക്കാന്‍ സാധിക്കില്ലെങ്കിലും മനസ്സിലെ ആശങ്ക മാറുന്നില്ല! 38 വയസ്സായാലും റെയില്‍വേ റിസര്‍വേഷന്‍ ഫോമില്‍ 37 എന്നെഴുതുന്നതുപോലെ 1 വയസ്സ് ഇനി കുറച്ചെഴുതാന്‍ പറ്റില്ല. കുറച്ചാലും 30കളിലല്ലല്ലോ, നാല്‍പ്പതുകളിലേക്കല്ലേ കുറയ്ക്കാന്‍ സാധിക്കൂ! നാല്‍പ്പതിനെ 39 ആക്കുന്നത് അനൗചിത്യമാണല്ലോ! 

കഴിഞ്ഞവര്‍ഷം വരെ ജോലിയിലെ വാര്‍ഷിക പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ ആ വര്‍ഷം ചെയ്ത കാര്യങ്ങളെക്കുറിച്ച് എഴുതിയാല്‍ മതിയായിരുന്നു. ഈ വര്‍ഷം (40 കഴിഞ്ഞാൽ) മുതല്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്! ആരോഗ്യമുള്ളവര്‍ക്കേ ജോലിയുള്ളൂ! ഇന്‍ഷ്വറന്‍സ് പോളിസികളുടെ പ്രീമിയം കഴിഞ്ഞ വര്‍ഷം വരെ 4000 ആയിരുന്നെങ്കില്‍ ഈ വര്‍ഷം മുതല്‍ 6000 ആകും! 40 ഒരു വലിയ നാഴികക്കല്ലാണ്! ഇത്ര വലിയ മാറ്റം ഉൾക്കൊള്ളേണ്ടിവരുമ്പോൾ, വലിയൊരു നാഴികക്കല്ലു കടക്കാൻ നിർബന്ധിതനാവുമ്പോൾ മനസ്സ് ദുഃഖിക്കാതെയിരിക്കുന്നത് എങ്ങനെ?. 

പണമില്ലായ്മ, ആരോഗ്യമില്ലായ്മ, സ്‌നേഹമില്ലായ്മ, അംഗീകാരമില്ലായ്മ തുടങ്ങിയ വലിയ ദുഃഖങ്ങള്‍ ഇപ്പോഴില്ലാത്തതിനാലായിരിക്കും ഇങ്ങനെ വെറുതെ ‘ഒരു’ വയസ്സിനെക്കുറിച്ച് ആലോചിച്ച് ദുഃഖിക്കുന്നത്! ഇത് വിഡ്ഢിത്തമാണെന്ന് ചിന്തിച്ച് ആശ്വസിക്കാന്‍ ശ്രമിച്ചു! സാധിക്കുന്നില്ല. ആരോടെങ്കിലും ഇതേക്കുറിച്ച് പറയാമെന്നു കരുതിയാല്‍ സ്വന്തം ദുഃഖങ്ങളെക്കുറിച്ച് മാത്രം പറയുന്നവരെ മറ്റുള്ളവര്‍ക്കിഷ്ടമാവില്ലല്ലോ. കൂടാതെ ബാലിശമായ ചിന്തയെന്ന കളിയാക്കലുമുണ്ടായേക്കാം. ആ വഴിയും വേണ്ട. ഈ ദുഃഖവും കടന്ന് അടുത്ത നാഴികക്കല്ലുകളായ 50ഉം 60ഉം കടന്നവരുടെ 'പ്രായമാവുന്നതിന്റെ ആശങ്ക' പരിഗണിക്കുമ്പോള്‍ എന്റെ ദുഃഖം ഒന്നുമല്ല എന്ന് കരുതാമെന്ന് ആശ്വസിക്കുന്നതും പൂര്‍ണ്ണതൃപ്തി നല്‍കുന്നില്ല. 

അപ്പോള്‍ എന്താണ് വഴി? 40 ന്റെ ദുഃഖത്തെക്കുറിച്ച് എഴുതുക. ഈ കുറിപ്പിന് കമന്റുകളിലൂടെ കിട്ടുന്ന ഉത്തരങ്ങളിൽ നിന്നും പ്രചോദനം നേടുക. 40ാം വയസ്സിലേക്ക് പ്രതീക്ഷയോടെ കടക്കുക!  അങ്ങനെ ഈ കുറിപ്പു ജനിക്കുന്നു! വായിക്കാൻ സമയം നൽകിയവർക്ക് നന്ദി!

Tags:
  • Spotlight
  • Social Media Viral