Saturday 02 February 2019 04:07 PM IST : By സ്വന്തം ലേഖകൻ

ലക്ഷങ്ങൾ ശമ്പളമുള്ള അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ കൃഷി തുടങ്ങി; ഇന്ന് സമ്പാദിക്കുന്നത് 15 ലക്ഷം വരെ!

Telangana-organic-farmer-india Image credit: The Better India

കൃഷി എന്ന കേൾക്കുമ്പോൾ തന്നെ മുഖം ചുളിക്കുന്നവരാണ് നമ്മൾ. കാരണം കർഷകരുടെ നട്ടെല്ല് ഒടിയ്ക്കുന്ന നിരവധി വാർത്തകളാണ് നമ്മൾ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. അതേസമയം കൃഷിയിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്. അതേപ്പറ്റി നമ്മൾ അറിയാറില്ല എന്നുമാത്രം. കാരണം പോസിറ്റീവ് വാർത്തകളെക്കാൾ നെഗറ്റീവ് വാർത്തകൾക്ക് അമിത പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും.

കൃഷിയിൽ നിന്ന് വാർഷിക വരുമാനമായി 15 ലക്ഷം നേടുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. അമേരിക്കയില്‍ നിന്ന് ആരും മോഹിക്കുന്ന ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് തെലങ്കാന സ്വദേശി ഹരികൃഷ്ണൻ കൃഷിയിലേക്ക് ഇറങ്ങിത്തിരിച്ചത്. മറ്റുള്ളവരെ പോലെ സ്വന്തം വീട്ടുകാരും കൂട്ടുകാരും ഹരിയുടെ തീരുമാനത്തെ വിമർശിക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഹരി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

Telangana-organic-farmer-india2

കുടുംബസ്വത്തായി കിട്ടിയ 30 ഏക്കർ ഫാം നോക്കിനടത്തുകയാണ് ഹരി ഇപ്പോൾ. അഞ്ച് വർഷമായി താൻ വളർത്തിയെടുത്ത ഓർഗാനിക് ഫാമാണ് ഹരിയുടെ സമ്പാദ്യം. ഈ ഓര്‍ഗാനിക് ഫാമില്‍ നിന്ന് വര്‍ഷത്തില്‍ 10 മുതല്‍ 15 ലക്ഷം രൂപ വരെ ഹരിക്ക് കിട്ടുന്നു. നെല്ല്, തെങ്ങ്, കൊക്കോ അടക്കം കൃഷി ചെയ്യുന്ന വിശാലമായ കൃഷിയിടമാണിത്. കെമിക്കൽ ഫാമിങ് പൂർണ്ണമായും ഒഴിവാക്കിയാണ് ഓർഗാനിക് ഫാമിക് വികസിപ്പിച്ചെടുത്തത്. 

അഞ്ചേക്കർ ഭൂമിയിലാണ് ആദ്യം കൃഷി തുടങ്ങിയത്. രാസവളം ഒഴിവാക്കി. പകരം ഫാമിലെ സസ്യങ്ങളും മറ്റും ചീഞ്ഞുണ്ടാകുന്ന മാലിന്യമെല്ലാം മണ്ണില്‍ തന്നെയിട്ടു. മണ്ണിന്റെ  വളക്കൂര്‍ വര്‍ധിപ്പിക്കാനായിരുന്നു ഇത്. മൂന്നാമത്തെ വര്‍ഷമായപ്പോഴേക്കും 30 ഏക്കറുകളിലും ഹരിയുടെ ഈ കൃഷിരീതി പടര്‍ന്നു. അഞ്ചാമത്തെ വര്‍ഷമായപ്പോഴേക്കും ലാഭം കിട്ടിത്തുടങ്ങി. ഉത്പാദന ചെലവ് 30- 40 ശതമാനം വരെ കുറയുകയും ചെയ്തു. ഹരിയുടെ ഉത്പ്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്.