Saturday 22 June 2019 03:40 PM IST : By സ്വന്തം ലേഖകൻ

കണ്ണീരണിഞ്ഞ് പ്രിയപ്പെട്ടവൾ രുക്മിണി, ഫൈനൽ സല്യൂട്ട് നൽകി സേന; പ്രളയകാലത്തെ രക്ഷകൻ മണ്ണിലേക്ക് മടങ്ങി

vinod

വീണു പോയ കേരളക്കരയെ കൈപിടിച്ചുയർത്താൻ അയാളുണ്ടായിരുന്നു. വേദനയുടെ കയങ്ങളിൽ കാവൽ മാലാഖയായിരുന്നു അയാൾ. എന്നാൽ ഇന്നിതാ ഉറ്റളരെ തനിച്ചാക്കി മരണത്തിന്റെ വിളികേട്ട് അയാൾ യാത്രയാകുകയാണ്.

പ്രളയക്കടലിനു നടുവിൽ മുങ്ങിപ്പോയ കേരളക്കരയ്ക്ക് കൈത്താങ്ങായെത്തിയ കേരളം. വ്യോമസേനാ ഉദ്യോഗസ്ഥരില്‍ മലയാളിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ എച്ച് വിനോദ് മരണപ്പെട്ടു എന്ന വാർത്തയാണ് ഈ നിമിഷം ഏവരേയും കണ്ണീരണിയിക്കുന്നത്.

ജൂണ്‍ മൂന്നിനാണ് വിനോദുള്‍പ്പെടെ 13 വ്യോമസേനാ ഉദ്യോഗസ്ഥരുമായി വിമാനം അരുണാചല്‍പ്രദേശില്‍ നിന്ന് കാണാതാവുന്നത്. ലിപോ വനമേഖലയില്‍ തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് ജൂണ്‍ 12-ഓടെ വ്യോമസേന സ്ഥിരീകരിക്കുകയായിരുന്നു.

വിനോദിന് ഫൈനൽ സല്യൂട്ട് നൽകുന്ന നിമിഷം അന്ത്യന്തം വികാര നിർഭരമായിരുന്നു. ചേതനയറ്റ സഹോദരന്റെ ശരീരം വീട്ടു പടിക്കല്‍ എത്തിയപ്പോഴും എല്ലാ സങ്കടം ഉള്ളിലൊതുക്കി അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴും വിവേക് ധീരത മുറുകെ പിടിച്ചു. ഔദ്യോഗിക ബഹുമതികളോടെ വ്യോമസേനയും, കണ്ണീര്‍ വറ്റിയ കണ്ണുകളോടെയുമാണ് ഭാര്യ രുക്മിണിയും വിനോദിനെ യാത്രയാക്കിയത്.

സ്‌കൂള്‍ പഠനകാലം മുതല്‍ക്കെ വിനോദിനും സഹോദരന്‍ വിവേകിനും സൈനിക സേവനമായിരുന്നു ലക്ഷ്യം. ആ ലക്ഷ്യത്തില്‍ എത്തിപ്പിടിക്കുകയും ചെയ്തു.

തൃശ്ശൂര്‍ പെരിങ്ങണ്ടൂര്‍ നടുവിലാര്‍മഠത്തില്‍ പരേതനായ പിവി ഹരിഹരന്റെയും തങ്കമണിയുടെയും മകനാണ് വിനോദ്. കുടുംബത്തോടൊപ്പം കോയമ്പത്തൂര്‍ സിങ്കാനല്ലൂരിലായിരുന്നു താമസം. 2011-ല്‍ ആണ് വായുസേനയില്‍ ചേരുന്നത്. 2016-ല്‍ ആയിരുന്നു കൊല്ലങ്കോട് സ്വദേശിനി രുക്മിണിയുമായുള്ള വിവാഹം. വെള്ളിയാഴ്ച രാവിലെയാണ് സൂലൂര്‍ വ്യോമസേനാകേന്ദ്രത്തില്‍ വിനോദിന്റെ മൃതദേഹം എത്തിച്ചത്. കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി പാലക്കാട് എഡിഎം എന്‍എം മെഹര്‍ അലി പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന്, സിങ്കാനല്ലൂര്‍ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.