സ്വന്തം ജീവനേക്കാള്‍ വിലമതിക്കുന്ന മകള്‍ക്ക് വൃക്ക നല്‍കി അച്ഛന്‍. കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തള്ളി സ്വദേശി വില്‍സണ്‍ കെ തോമസാണ് മകള്‍ അജിനയ്ക്ക് വൃക്ക നല്‍കിയത്. കഴിഞ്ഞ ജൂണിലാണ് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. ഇരുവരും സുഖം പ്രാപിച്ചു വരുകയാണ്.
മകളുടെ കണ്ണൊന്ന് നിറഞ്ഞാല്‍ ഈ അച്ഛന്റെ ഉള്ളുപിടയും. പിച്ചവെച്ച കാലം മുതല്‍ എന്നും താങ്ങും തണലുമായി അച്ഛനുണ്ട് അജിനയ്ക്ക്. വില്ലനായി വൃക്കരോഗം എത്തിയപ്പോഴും അജിനയ്ക്ക് പേടിയുണ്ടായിരുന്നില്ല. കാരണം മറ്റൊന്നുമല്ല, അച്ഛനുണ്ടെന്ന ധൈര്യം.
അജിന ജനിച്ച് ആറാം മാസം തന്നെ വൃക്കരോഗം കണ്ടെത്തിയിരുന്നു. ഇരുവൃക്കകളും തകരാറിലായതോടെ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതോടെ അച്ഛന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. എന്റെ മകള്‍ക്കായി ഞാന്‍ വൃക്ക തരാമെന്നായി.
പ്ലസ് ടു വിദ്യാര്‍ഥിനിയാണ് അജിന. ഡോക്ടര്‍മാരായ കൃഷ്ണമോഹന്‍, ഹരിഗോവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മൂന്നു മാസമായി കോഴിക്കോട് വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം.