Friday 11 January 2019 05:54 PM IST

ആ മഞ്ജു വാരിയരുടെ ഫോൺ നമ്പർ ഒന്നു തരാമോ? എന്റെ നമ്പർ പുള്ളിക്കാരിക്ക് കൊടുത്താലും മതി! കിറുക്കൻ പാലത്തിനടിയിലെ താറാവ് അമ്മച്ചിയുടെ ആഗ്രഹം സാധിക്കുമോ?

Ajit Abraham

Assistant Editor

salila-ammachi145

എന്തോന്നിനായിരിക്കാം കൈപ്പുഴമുട്ട് കമ്പിചിറ വീട്ടിൽ ശ്രീധരന്റെയും കാർത്തിയായനിയുടെയും പ്രിയ മകൾ സലീലയെ ദൈവം ഈ ഭൂമിയിലേക്ക് അയച്ചത് ?‌ "നിങ്ങൾക്ക് ഒരു സംശയവും വേണ്ട , ഉടയോൻ എന്റെ തലേൽ വരച്ചു വച്ചത് ഈ താറാവിൻ കുഞ്ഞുങ്ങളെയാണ്." അതാണ് സലീല അമ്മച്ചിയുടെ സ്വയം വിശദീകരണം.

സീൻ- 1

എന്നത്തേയും പോലെ നേരം പര പരാ വെളുക്കുന്നതെയുള്ളൂ.  ഏറ്റുമാനൂർ, മാന്നാനം - കുട്ടോമ്പുറം റൂട്ടിൽ കിറുക്കൻ പാലത്തിൽ എത്തുമ്പോഴേ കേൾക്കാം, താറാവുകളുടെ ക്വാ... ക്വാ ക്വാക്വാക്വാ....ഉണർത്തുപാട്ട് . അതു ബാസ്സ് ശബ്ദത്തിൽ, ഹൈ പിച്ചിൽ അലറി പൊളിക്കുന്നു. ദാരിദ്ര്യത്തെ കുറ്റം പറയാതെ ജീവിതം നന്നാക്കാനുള്ള സലീല അമ്മച്ചിയുടെ പാച്ചിലിന്റെ കഥ ഇവിടെ തുടങ്ങുകയായി.... അറുപത്തി അഞ്ചാം വയസ്സിലും സലീല അമ്മച്ചിയുടെ വരവിനും പോക്കിനും ഓടുന്ന ഒരു താറാവിന്റെ കുതിപ്പിന്റെ താളമുണ്ട്. ഇനിയെന്നെ പിടിച്ചാൽ കിട്ടില്ല എന്ന രീതിയിൽ അമ്മച്ചി ദേ ഹൈ സ്പീഡ് ഗിയറിലേക്ക്. വീട്ടിൽ നിന്ന് കൊണ്ട് വന്ന, അടി വശം തേഞ്ഞ കാപ്പി ഫ്ലാസ്ക് വന്ന വഴിയെ തോട്ടിൻ കരയിൽ വച്ച് ദാ... തോട്ടരികിലെ കൊച്ചു വള്ളത്തിലേക്കു അമ്മച്ചി ചാടിക്കയറുകയാണ്. അമ്മച്ചി ഇൻ ആക്ഷൻ...

ആ മഞ്ജു വാരിയരുടെ ഫോൺ നമ്പർ ഒന്നു തരാമോ? എന്റെ നമ്പർ പുള്ളിക്കാരിക്ക് കൊടുത്താലും മതി! കിറുക്കൻ പാലത്തിനടിയിലെ താറാവ് അമ്മച്ചിയുടെ ആഗ്രഹം സാധിക്കുമോ?

നന്മക്കഥയിലെ ആ സാരിയുടെ വില 50 രൂപ; കയ്യടിച്ചവരും കുത്തുവാക്കുകൾ പറഞ്ഞവരും അറിയാൻ

‘എന്തിനാ അമ്മേ എന്നെ തണുപ്പത്ത് കുളിപ്പിച്ചത്’; കിടുങ്ങി വിറച്ച് കുഞ്ഞാവ; കൊഞ്ചിച്ച് സോഷ്യൽ മീഡിയ–വിഡിയോ

നൂറ്റിപ്പത്തിൽ നിന്നും ഒറ്റയടിക്ക് കുറച്ചത് 52 കിലോ; കളിയാക്കുന്നവരുടെ വായടപ്പിച്ച മേഘയുടെ ഡയറ്റ് സ്റ്റോറി

പോൺ സിനിമകൾ പരീക്ഷിക്കാനുള്ള ഇടമല്ല കിടപ്പറ; ആദ്യ സെക്സിനൊരുങ്ങും മുമ്പ് ഓർക്കാൻ എട്ട് കാര്യങ്ങൾ

സീൻ - 2

കഴുക്കോലിന്റെ ഒരറ്റം വള്ളത്തിന്റെ ഇടതു വശത്തിട്ടു തുഞ്ചറ്റം ശീഘ്രം വലത് വശത്തിട്ടു അമ്മച്ചി തെരു തെരെ ഇങ്ങനെ കുത്തി ഉയർത്തുമ്പോഴേക്കും അമ്മച്ചിയുടെ ഫൈബർ വള്ളം അനുസരണയോടെ മുന്നോട്ടു കുതിക്കും. ഇപ്പോൾ അമ്മച്ചിയുടെ വള്ളം യാത്ര തിരിച്ചിരിക്കുന്നത് താറാവുകളെ സ്റ്റോക്ക് ചെയ്തിരിക്കുന്ന 'ഗോഡൗണി ലെക്കാണ്'. വെള്ളത്തിൽ വല കെട്ടിയാണ് അമ്മച്ചി നാച്ചുറൽ ഗോഡൗൺ സെറ്റപ്പ് ആക്കിയിരിക്കുന്നത്. അതിൽ ഒരു ചെറിയ ചങ്ങാടം ഒരുക്കിയിരിക്കുന്നു, താറാവ്കൾക്ക് കരക്ക് കയറി വിശ്രമിക്കാൻ.  ‌അക്ഷരാർഥത്തിൽ അമ്മച്ചി ഒരു സർക്കസ് അഭ്യാസമാണ് നടത്തുന്നത്. വള്ളത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്നതിനോടൊപ്പം സലീലാമ്മച്ചി താറാവിൻ സംഘം കിടക്കുന്ന വലയുടെ ഒരറ്റം തുറക്കും. വള്ളം തുഴയുന്നതിനോടൊപ്പം താറാവുകളെ തഞ്ചത്തിൽ വലക്കു പുറത്ത് ഇറക്കി കരയിലേക്ക് ആനയിക്കും. അന്നത്തെ കുരുതിക്കു കുറി വീണവർ മെല്ലെ ബോട്ടാകൃതിയിൽ കരയിലേക്കടുക്കുകയായ്. വള്ളം കരക്കടുപ്പിച്ചു അമ്മച്ചി അരികിലെ കൊച്ചു വലക്കുള്ളിലേക്കു താറാവുകളെ വഴക്ക് പറഞ്ഞു കയറ്റുകയായ്. ഒപ്പം ക്ഷീണിച്ച സ്വരത്തിൽ ആത്മഗതം. "അമ്മച്ചി അണച്ചു പോയി മക്കളെ... "

സീൻ - 3

"മക്കൾക്ക് ഈ കിറുക്കൻ പാലത്തിന്റെ കഥ അറിയാമോ ?" അമ്മച്ചി പൊടുന്നനെ കിറുക്കൻ പാലത്തിന്റെ കുഞ്ഞു ചരിത്രത്തിലേക്ക് കടന്നു. അതേ... നീണ്ടുർ പഞ്ചായത്തിലാണ് മാന്നാനത്തെ ഈ കിറുക്കൻ പാലം നിർമിച്ചിരിക്കുന്നത്. ഇവിടുത്തെ മണ്ണിനു അത്ര ഉറപ്പ് പോരായിരുന്നു. കാലക്രമത്തിൽ പാലത്തിന്റെ പടിഞ്ഞാറു വശത്തെ വാർക്ക ക്കാൽ അൽപം താണു പോയി. പാലത്തിന്റെ കാൽ അവിടെയുള്ള ഒരു തെങ്ങിൽ തൊടലിട്ടു വലിച്ചു കെട്ടി. അന്ന് മുതൽ ഈ പാലം 'കിറുക്കൻ പാലമായി'. കിറുക്കന്മാരെ ആണല്ലോ സാധാരണ ചങ്ങാലയ്ക്ക് ഇടാറ്. 
കഥ പറഞ്ഞു തീരും മുൻപേ ‌അമ്മച്ചിയുടെ കുഞ്ഞു പലകത്തട്ട് ഓഫീസിനു മുന്നിൽ കസ്റ്റമേഴ്സ് രണ്ടുപേർ ക്യുവിൽ.  കസ്റ്റമേഴ്സിനോട്‌ , 'എത്ര താറാവിനെ വേണം...? ' എന്ന് ചോദിക്കുന്ന അതേ ശ്വാസത്തിൽ തന്നെ അമ്മച്ചി വലിയ കലത്തിൽ തിളയ്ക്കുന്ന വെള്ളത്തിനോടും ചോദിച്ചു " ഹോ എന്നാ പറ്റി, ഇന്ന് ഇത്ര പെട്ടെന്ന് തിളച്ചു തന്നല്ലോ. "

സീൻ - 4

salila-ammachi12

‌കസ്റ്റമേഴ്സിന് കൊടുക്കാൻ ഉള്ള താറാവിനെ തട്ടിയ ശേഷം ചെരിച്ചിട്ടു ഭംഗിയുള്ള വെളുത്ത രണ്ടു മൂന്നു തൂവലുകൾ അമ്മച്ചി പിഴുതെടുത്തു. "ഷട്ടിൽ കളിക്കാരും , തൊപ്പി ഉണ്ടാക്കുന്നവരും വരുമെന്നേ.., പൈസ തരും മക്കളെ.. തൂവൽ നൂറിന്റെ ഒരു കെട്ടിന് 40 രൂപ. പക്ഷേ, വെളുത്ത ഉടയാത്ത തൂവൽ മാത്രമേ അവർ എടുക്കൂ. " വർത്തമാനത്തിനിടയിൽ അമ്മച്ചി, തൂവൽ പറിച്ച താറാവിനെ തിളച്ച വെള്ളത്തിൽ ഒരു ചെറിയ തുഴ കൊണ്ട് മുക്കി പിടിച്ചു പൊക്കിയെടുത്തു. "മക്കളെ മഹാ പാപമാകാതെ, താറാവിന്റെ പ്രാണൻ മുഴുവൻ പോകാനുള്ള സമയം കിട്ടാനാ അമ്മച്ചി ഇത്രയും കഥ പറയുന്നേ". അമ്മച്ചിയുടെ മാന്ത്രിക വിരലുകൾ താറാവിന്റെ കഴുത്തു മുതൽ താഴേക്കു ഒരു പ്രത്യേക താളത്തിൽ ചലിക്കുകയാണ്. നാടൻ പയറിന്റെ മണികൾ ഊർന്നു വീഴും പോലെ താറാവിന്റെ എല്ലാ പൂടയും അനുസരണയോടെ ഇങ്ങു പോരുകയാണ്. 

"നിങ്ങൾക്ക് ഭാഗ്യമുണ്ട്. ഇളം പൂട കുറവാണ്. നല്ല തെളിഞ്ഞ താറാവാണ്‌." അമ്മച്ചി, അപാര ക്ഷമയോടെ നുള്ളി പറിച്ചു മുന്നേറുകയാണ്. "ചിലർ പറയാറുണ്ട്, താറാവിനെ വേഗത്തിൽ പറിച്ചില്ലെങ്കിൽ പൂട പിന്നേയും കിളിർക്കുമെന്ന്. എവിടെ കിളിർക്കാൻ..?. പുത്തിയുള്ള ഒരു അമ്മായിയമ്മ പണ്ടെങ്ങോ, വീട്ടിൽ വേഗത്തിൽ പണി നടക്കാൻ മരുമോളുടെ അടുത്തു പ്രയോഗിച്ച സൂത്രമായിരിക്കും. " അമ്മച്ചി ചൂട് വെള്ളത്തിൽ താറാവിനെ വീണ്ടും മുക്കി ഒന്നുടെ നുള്ളി പറിച്ചു, ഫൈനൽ ഫിനിഷിങ് നടത്തി, ദേ താറാവ് റെഡി. "വീട്ടുകാരി സ്ഥലത്തില്ല അമ്മച്ചി... ഒന്നു നുറുക്കി തരാമോ ? " ഒരു കസ്റ്റമർ റിക്വസ്റ്റ്. 

വെറുതെ പരിചയപ്പെടാൻ വരുന്ന ‘അങ്കിളുമാരെ’ അകറ്റി നിർത്തണം; അമ്മമാർ മക്കളോടു പറയേണ്ടത്; ടിപ്സ്

ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ മറിയം; കുഞ്ഞ് ‘കാർപ്രേമി’യുടെ വിശേഷങ്ങളുമായി ദുൽഖർ

"എന്റെ മക്കളെ പറ്റത്തില്ല.ഈ വെള്ളപ്പൊക്കത്തിന് ഒന്നും രണ്ടുമല്ല എന്റെ 550 താറാവാ ഒഴുകി പോയത്. കൂടെ പുളിന്തടിയും പലകയും എല്ലാം പോയി. അല്ലേൽ ചെയ്തു തരാരുന്നു. അല്ലേലും ഇവിടെ വരുന്നവരുടെ ആരുടേം വാമ ഭാഗം വീട്ടിൽ കാണില്ല. " സലീലമ്മ കണ്ണ് ഇറുക്കി ചിരിക്കുന്നു. "സൊയമ്പൻ സാധനമാണല്ലോടാ അടിച്ചു കയറ്റിയിരിക്കുന്നതു. എന്തിനാടാ മക്കളെ വെറുതെ കള്ള് കുടിച്ച് കരൾ കളയുന്നത്." മൂക്ക് മുട്ടെ താറാവിനെ തിന്നോളിൻ . കസ്റ്റമർ പരിചയക്കാരനോട് അമ്മച്ചിയുടെ ഉപദേശം.

സീൻ - 5

സലീല അമ്മച്ചിയുടെ താറാവിന് ഏതെടുത്താലും 320 രൂപയാണ്. അടുത്ത കാലത്താണ് 20 രൂപ കൂട്ടിയത്. സന്ധി വാതത്തിനു നല്ലതാണെന്നു പറഞ്ഞു ഇവിടെ നാടൻ താറാവിനെ അന്വേഷിച്ചു വരുന്നവർ ധാരാളം. ഇതിനു നല്ല നെയ്യാ. മപ്പാസ് വക്കുവാണേൽ പ്രത്യേകിച്ച് എണ്ണ ചേർക്കണ്ട.  ‌സത്യം പറഞ്ഞാ പിടത്താറാവിനാ രുചി കൂടുതൽ. അറിയാവുന്നവർ അതേ വാങ്ങൂ. മുട്ട ഇടുന്നതിന്റെ ഗുണമാ. ' പൂവനു എന്താ രുചി കുറയുന്നത് ?' ഒരു പയ്യൻസിന്റെ സംശയം. "പൂവനു മുട്ട ഉണ്ടോടാ പൊട്ടാ... അമ്മച്ചിയുടെ താറാവുകൾ 24 മണിക്കൂറും വെള്ളത്തിൽ തുള്ളിക്കളിച്ചു നനച്ചു കുളിച്ചു നിൽക്കുവല്ലേ. അതുകൊണ്ട് കര താറാവിന്റെ വെടക്ക് നാറ്റവുമില്ല. " മറ്റൊരു കസ്റ്റമർ അമ്മച്ചിയെ പ്രോത്സാഹിപ്പിച്ചു. 'അമ്മച്ചി രാത്രി ഈ താറാവുകളെ ആരെങ്കിലും....'കസ്റ്റമറിന് സംശയം തീരുന്നില്ല. "ഇല്ല , മക്കളെ താറാവുകളെ ആരും തൊടില്ല. അവരെ ദൈവം നോക്കിക്കോളും.തൊട്ടാൽ വിവരമറിയും. ഇവിടെ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, ഏറ്റുമാനൂരപ്പനും, തൊമ്മാ സ്ലിഹായും ഉള്ളത് വെറുതെയാണോ...?

സീൻ - 6

കസ്റ്റമറെ പറഞ്ഞു വിട്ടു അമ്മച്ചി സ്വന്തം ബാല്യകാല ഓർമകളിലേക്ക് . അമ്മ കാർത്തിയായനി, എനിക്കിട്ട സലീല എന്ന പേര് ഒത്തിരി ഇഷ്ടമായത് കൊണ്ട് ഞാൻ എന്റെ 3 മക്കൾക്കും ആ 'സ ' അങ്ങ് പൊലിപ്പിച്ചു.  സുമ, സുധ, സുനി. മൂന്നു മക്കളെയും ഏറെ കഷ്ടപ്പെട്ട് കെട്ടിച്ച അയച്ചു. എന്റെ ഭർത്താവ് രാജപ്പനു ഹാർട്ടിനു സൂക്കേട് ആയി പ്പോയില്ലേ.... ഒരു പ്രാവശ്യം ഈ ഒഴിഞ്ഞ ഫ്ലാസ്കും കൊണ്ട് വീട് വരെ നടന്നതാ. പിറ്റേന്ന് മൂപ്പർക്ക് 750 രൂപയുടെ മരുന്നു വേണ്ടി വന്നു. ഇനി ഒരിടത്തും പോകേണ്ടന്നു ഞാൻ പറഞ്ഞു. സുധയും മോളും ഞങ്ങടെ കൂടെയാ. അവരെയും നോക്കണം. "

അമ്മച്ചി തുടർന്നു . "ഒരു വിദ്ധ്വാൻ ഇവിടെ പണിക്കു വന്നു. വെള്ളത്തിൽ ഇറങ്ങാൻ പേടിയാണത്രെ. എന്തൊരു തമാശയാണ്. 24 മണിക്കൂറും വെള്ളത്തിൽ കിടക്കുന്ന എന്റെ താറാവുകൾ അയാളെ സംരക്ഷിക്കണോ. പിറ്റേന്ന് അതിരാവിലെ രണ്ടു താറാമുട്ട പുഴുങ്ങി തിന്നിട്ട് ആദ്യത്തെ വണ്ടിക്ക് വിട്ടോളാൻ മൂപ്പരോട് പറഞ്ഞു. മക്കളെ, ഈ പലക മറച്ചതിന് തറ വാടക മാത്രം 1000 രൂപ കൊടുക്കണം. അതും ഇനി തുടരേണ്ട, മാറി കൊടുക്കാൻ ഉടമസ്ഥൻ ആവശ്യപ്പെട്ടിട്ടുണ്ട്. താറാവിന്റെ വേസ്റ്റ് ഞാൻ തൊട്ടടുത്തഉള്ള മീൻ വളർത്തുകാർക്ക് കൊടുക്കും. അതിന് 50 രൂപ ഈടാക്കും."

നേരം സന്ധ്യ മയങ്ങുന്നു. ഇനി എന്തെല്ലാം ജോലി കിടക്കുന്നു അമ്മച്ചിക്ക്. താറാവിനെ മുറിക്കുന്ന കത്തികൾ കഴുകി വൃത്തിയാക്കണം, നാളെ വെള്ളം തിളപ്പിക്കാൻ കുറ്റിയിൽ അറക്ക പൊടി ചവിട്ടി നിറക്കണം. "എനിക്ക് വൻ മോഹങ്ങൾ ഒന്നും ഇല്ല മക്കളെ. സ്വന്തമായി മൂന്നു സെന്റ് സ്ഥലം . അതിൽ ഒരു കൂര. സ്ഥലം ആരെങ്കിലും ഒപ്പിച്ചു തന്നാൽ ഒരു കൂര ഞാൻ തട്ടി കൂട്ടിക്കോളാം. മക്കളെ നിങ്ങള് വനിത മാസികയിലെ പത്രപ്രവർത്തകനല്ലേ . അമ്മച്ചിക്ക് ഒരു ഉപകാരം ചെയ്തു തരുവോ. ആ മഞ്ജു വാരിയരുടെ ഫോൺ നമ്പർ ഒന്ന് തരുമോ. അവളോട്‌ ഞാൻ സംസാരിച്ചോളാം.  ആറാം തമ്പുരാനിൽ അവള് മോഹൻലാലിനോട് ചോദിക്കുന്നുണ്ട്, ഏയ്.. ചുറ്റമ്പലത്തിനുള്ളിൽ വഴി പോക്കനെന്താ കാര്യം...? അതു കണ്ടു, ഞാൻ ടീവിയിൽ മഞ്ജു വാര്യർക്ക് ഒരുമ്മ കൊടുത്തു. 

എന്റെ സങ്കടം അറിഞ്ഞാൽ മൂന്നു സെന്റ് ഭൂമി അവള് ഒറപ്പായിട്ടും തരും മക്കളെ... ഇനി അവളുടെ ഫോൺ നമ്പർ തരാൻ ബുദ്ധിമുട്ടാണെങ്കിൽ എന്റെ നമ്പർ മഞ്ജു വാരിയർക്ക് കൊടുത്താലും മതി. ഇന്നാള് ഒരു വിദ്വാൻ ക്യാമറയുമായ് വന്നു 'ചിന്നപ്പു പറഞ്ഞു' (എന്നുവച്ചാൽ താടി ഉയർത്താൻ. ചിൻ -അപ് ആണ് അമ്മച്ചി ഉദ്ദേശിച്ചത്. ) മഞ്ജു വാര്യരുടെ നമ്പരു തരാമെന്ന് ഉറപ്പ് പറഞ്ഞ അയാള് പോയ വഴിയേ താറാവിൻ പൂട പോലും കണ്ടിട്ടില്ല. ഇതും പറഞ്ഞു ഒരു ദീർഘ നിശ്വാസവും വിട്ട്, കത്തികളും തടികളും കഴുകി വച്ച് അമ്മച്ചി സങ്കട കെട്ടടച്ചു. സ്വന്തം കൂരയിലേക്ക് പോകാൻ റെഡിയായി. "അതും വാടകക്കാണ് മക്കളെ . മാസം 1500 രൂപയാണ് കരാർ. ഞാൻ 1250 കൊടുക്കും. ബാക്കി 250 രൂപയ്ക്കു ഉടമസ്ഥന് കിട്ടുന്നത് എന്റെ കരച്ചിലും പിഴിച്ചിലും." അതേ മക്കളെ.. ദൈവത്തെ ഓർത്തു മഞ്ജുവാര്യരുടെ നമ്പറിന്റെ കാര്യം മറക്കല്ലേ. "

ഇനി ഫൈനൽ സീൻ

മൂന്ന് മുറി വാടക വീട്ടിലെ പരുക്കൻ തറയിലേക്ക് പായ ചുരുൾ അഴിഞ്ഞു. "ഹോ...നടു പൊട്ടിപോകുന്ന പോലെ. അമ്മച്ചി നടു ഒന്ന് ഇടുവാ മക്കളെ.." ആരോടെന്നില്ലാതെ അമ്മച്ചിയുടെ ഡയലോഗ്. കീറിയ പായുടെ കീറാത്ത വശത്തേക്ക് കൊച്ചു മോളെ കിടത്തി, അമ്മച്ചി കൊട്ട് വായ് ഇട്ടു. ഒന്നേ, രണ്ടേ, മൂന്നേ  ശാ ർ ർ.... ശാ ർ ർ.... അതു കൊണ്ടാണല്ലോ... ‌ ഒരു നിമിത്തം ആണല്ലോ മിക്കതിനും കാരണം. അതുകൊണ്ടാണല്ലോ പ്രിയ സഹപ്രവർത്തകനായിരുന്ന സുഹൃത്തും ഭാര്യയും മക്കളും എന്റെ വീട്ടിലേക്ക് വരുന്നു എന്നു പറഞ്ഞത്. അതുകൊണ്ടാണല്ലോ കോഴിയെ വാങ്ങാൻ പോയ ഞാൻ പെട്രോൾ അടിക്കാൻ വീടിനടുത്തുള്ള ഗാന്ധിനഗർ പെട്രോൾ പമ്പിൽ ചെന്നതും പെട്രോൾ അടിച്ച ചേട്ടൻ 'അതിരാവിലെ എന്താ പരിപാടി' എന്നു കുശലം ചോദിച്ചതും. അതുകൊണ്ടാണല്ലോ കിറുക്കൻ പാലത്തിനു താഴെയുള്ള, ഹൈ എനർജി സലീല അമ്മച്ചിയെ കുറിച്ചു അറിഞ്ഞതും താറാവിനെ വാങ്ങിയതും. അതുകൊണ്ടാണല്ലോ എന്റെ ഭാര്യ ഷൈജി, സൂപ്പർ താറാവ് കറിയും ആമ്പൽ പൂവിന്റെ ആകൃതിയിൽ നാവിൽ ഇട്ടാൽ അലിഞ്ഞു പോവുന്നു പാലപ്പം തയാറാക്കിയതും. അതുകൊണ്ടാണല്ലോ താറാവിനെ കിട്ടുന്ന സ്ഥലത്തെകുറിച്ച് സുഹൃത്തു ചോദിച്ചതും എഴുതാൻ പറഞ്ഞതും . അതുകൊണ്ടാണല്ലോ നിങ്ങളും ഈ കൊച്ചു - നീണ്ട കഥ സഹിക്കേണ്ടി വന്നതു.  സലീല അമ്മച്ചിയുടെ മൊബൈൽ നമ്പർ ആർക്കെങ്കിലും വേണോ. ദാ പിടിച്ചോ 86061 85168.