Monday 12 November 2018 11:49 AM IST : By സ്വന്തം ലേഖകൻ

വിവാഹ സൽക്കാര വേദിയിൽ മരക്കസേര, ചെഗുവേര, പഴയ സൈക്കിൾ; ആദര്‍ശങ്ങൾ കൈവിടാതെ അഖിലയും അനൂപും!

Che-mmm

സ്വന്തം വിവാഹ കാര്യത്തിലും ആദർശവും നിലപാടും മുറുകെപ്പിടിച്ച് രണ്ടുപേർ. തുറവൂര്‍ സ്വദേശിയായ അനൂപും കുറ്റിപ്പുറം സ്വദേശി അഖിലയുമാണ് തികച്ചും വ്യത്യസ്തമായ രീതിയിൽ തങ്ങളുടെ വിവാഹസത്കാരം നടത്തിയത്. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്. നവംബര്‍ എട്ടിന് കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. അതിനുശേഷം നടന്ന സൽക്കാരം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.

ആചാരങ്ങളെ പൂർണ്ണമായും അവഗണിച്ചു കൊണ്ടായിരുന്നു വിവാഹ സൽക്കാരം സംഘടിപ്പിച്ചത്. വേദിയില്‍ നവവധുവിനും വരനും ഇരിക്കാന്‍ പഴയ രണ്ട് മരക്കസേരകള്‍ മാത്രം.  ‘ആത്മാര്‍ത്ഥ സ്‌നേഹമാണ് യഥാര്‍ത്ഥ വിപ്ലവത്തെ നയിക്കുന്നത്...’ എന്ന ചെഗുവേരയുടെ വാക്യമായിരുന്നു വേദിയുടെ പശ്ചാത്തലം. കൂടാതെ വേദിയുടെ മൂലയില്‍ പഴയ ഹീറോ സൈക്കിളും. സദ്യയ്ക്കു പകരം കപ്പയും മീന്‍കറിയുമായിരുന്നു വിരുന്നിനെത്തിയ അതിഥികൾക്ക് വിളമ്പിയത്. പേപ്പര്‍ ഗ്ലാസിനും പ്ലാസിക് പാത്രങ്ങൾക്കും പകരം ചില്ലുഗ്ലാസുകളും പാത്രങ്ങളും ഉപയോഗിച്ചു. ആലപ്പുഴയിലെ മാരാരിക്കുളം സെല്‍ഫി കുടുംബശ്രീ കൂട്ടായ്മയാണ് സത്കാരത്തിന്റെ ഭക്ഷണമെത്തിച്ചത്.

che-mmm21

വിവാഹസത്കാരത്തില്‍ ‘ഗ്രീന്‍ പ്രോട്ടോക്കോള്‍’ നടപ്പാക്കണമെന്നത് അനൂപിന്റെയും അഖിലയുടെയും ആഗ്രഹമായിരുന്നു. പത്രത്തില്‍ പരസ്യം നല്‍കി ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു ഇവരുടേത്. ജാതിമതഭേദമന്യേ വിവാഹത്തിന് താത്പര്യമുളള പെണ്‍കുട്ടികളില്‍ നിന്നായിരുന്നു അനൂപ് വിവാഹാലോചന ക്ഷണിച്ചിരുന്നത്. ഒരേ നിലപാടുള്ള ആളെ കണ്ടെത്തിയ സന്തോഷത്തിലായിരുന്നു അഖില. എന്നാല്‍ അനൂപിന് വേറെയുമുണ്ടായിരുന്നു നിബന്ധനകള്‍. താലി കെട്ടില്ല, മതപരമായി വിവാഹം കഴിക്കാൻ സാധിക്കില്ല എന്ന് അയാൾ തീർത്തു പറഞ്ഞു. അഖില കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങളായിരുന്നു അനൂപ് പറഞ്ഞത്.

ആലപ്പുഴ പട്ടികജാതി-വികസന കോര്‍പ്പറേഷനില്‍ ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫിസറാണ് അനൂപ്. മലപ്പുറം മഞ്ചേരിയിലെ കെഎഎച്ച്എം യൂണിറ്റി വുമണ്‍സ് കോളജില്‍ ബോട്ടണി വിഭാഗത്തില്‍ അധ്യാപികയാണ് അഖില.

che-mmm3