Saturday 17 April 2021 02:18 PM IST : By സ്വന്തം ലേഖകൻ

വാടക വീട്ടിലേക്ക് വിഷുക്കൈനീട്ടമായി എത്തിയത് 70 ലക്ഷം രൂപ; അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പഴനി സ്വദേശിയ്ക്ക്!

moorthi.jpg.image.845.440

അങ്ങാടിപ്പുറം സ്വദേശി മൂർത്തിക്ക് ഇത്തവണ വിഷുദിനത്തിൽ വിഷുക്കൈനീട്ടമായി ലഭിച്ചത് 70 ലക്ഷം രൂപ. കേരള സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് കൂലിപ്പണിക്കാരനായ മൂർത്തിയുടെ വാടക വീട് തേടിയെത്തിയത്. പഴനി സ്വദേശിയായ മൂർത്തി 29 വർഷമായി അങ്ങാടിപ്പുറത്തെത്തിയിട്ട്. അന്നു മുതൽ പലയിടങ്ങളിലായി വാടക ക്വാർട്ടേഴ്‌സുകളിലാണ് താമസിക്കുന്നത്. 12 വർഷമായി അങ്ങാടിപ്പുറം പഞ്ചായത്ത് പരിസരത്തെ വാടക ക്വാർട്ടേഴ്‌സിലാണ് താമസം. 

കേരളത്തിലെത്തി പലവിധ ബിസിനസുകൾ നടത്തിയെങ്കിലും അതിലൊന്നും വിജയിക്കാനായില്ല. സാമ്പത്തികമായി ഏറെ തകർന്നതല്ലാതെ ഗുണമുണ്ടായില്ല. ഏറെക്കാലം തിരൂർക്കാട്ടെ പെട്രോൾ പമ്പിലും ജോലി ചെയ്‌തു. പിന്നീട് ഇതെല്ലാം വിട്ട് കൂലിപ്പണിയെടുത്താണ് ഇപ്പോൾ കുടുംബം പോറ്റുന്നത്. ഇതിനിടയിലാണ് ഭാഗ്യദേവതയുടെ കടാക്ഷം. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല മൂർത്തി. പരിചയക്കാരനായ ലോട്ടറി വിൽപനക്കാരൻ കഷ്‌പ്പാടുകളെല്ലാം മാറ്റാനായി ഒന്നാം സമ്മാനം ലഭിക്കുമെന്ന് പറഞ്ഞ് നിർബന്ധിച്ചപ്പോഴാണ് ഇത്തവണ ലോട്ടറി ടിക്കറ്റ് എടുത്തത്.

അങ്ങാടിപ്പുറം സ്വദേശിനിയായ സീമയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന പൂജാലക്ഷ്‌മി, രണ്ടാം ക്ലാസിൽ പഠിക്കുന്ന സിദ്ധാർഥ് എന്നിവർ അടങ്ങുന്നതാണ് മൂർത്തിയുടെ കുടുംബം. ജീവിതത്തിൽ തങ്ങൾ ഏറെ കഷ്‌ടപ്പെട്ടിട്ടുണ്ടെന്നും അതുകണ്ട് ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹമാണ് ലോട്ടറി സമ്മാനമെന്നും ഇരുവരും പറഞ്ഞു. തന്റെ കൂലിപ്പണി ഒഴിവാക്കാതെ മുന്നോട്ടു പോകാനാണ് മൂർത്തിയുടെ തീരുമാനം. സ്വന്തമായി ഒരു വീടാണ് മൂർത്തിയുടെ ഏറ്റവും വലിയ ആഗ്രഹം. അതോടൊപ്പം മക്കളുടെ പഠനവും സുരക്ഷിതമാക്കണം.

more news...

Tags:
  • Spotlight