Friday 14 May 2021 11:02 AM IST : By സ്വന്തം ലേഖകൻ

ഇന്ന് ഐശ്വര്യത്തിന്റെ അക്ഷയതൃതീയ; ലോക് ഡൗണിൽ സ്വർണ്ണ വിൽപ്പന ഓൺലൈൻ വഴിയാക്കി വ്യാപാരികൾ

akshayathritheeyy54566

മേയ് 14, ഇന്ന് ഐശ്വര്യത്തിന്റെ അക്ഷയതൃതീയ. ഈ ദിവസം സ്വർണം വാങ്ങിയാൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് കണക്കാക്കുന്നത്. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ‘അക്ഷയതൃതീയ’ സ്വർണ്ണവില്പന ഓൺലൈൻ വഴിയാക്കി സ്വർണ വ്യാപാരികൾ. കഴിഞ്ഞ വർഷവും ലോക് ഡൗൺ ആയതിനാൽ ഓൺലൈൻ വഴിയായിരുന്നു അക്ഷയതൃതീയ സ്വർണ്ണ വില്പന. അന്ന് പത്തു ശതമാനം മാത്രമാണ് വില്പന നടന്നത്. 

പൊതുവേ അക്ഷയതൃതീയ നാളിൽ സ്വർണ്ണക്കടകളിൽ വലിയ കച്ചവടം നടക്കാറുണ്ട്. ഇത്തവണയും ലോക് ഡൗണിൽ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഓൺലൈൻ വ്യാപാരം വഴി 15 ശതമാനത്തിലധികം വിൽപ്പനയാണ് ഇത്തവണ സ്വർണ വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. 

ഹൈന്ദവവിശ്വാസപ്രകാരം വളരെയധികം പ്രത്യേകതയുള്ള ദിനമാണ് അക്ഷയതൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷ  തൃതീയ ആണ് അക്ഷയതൃതീയ. ഈ ദിനം ബലരാമജയന്തിയായും ആചരിക്കപ്പെടുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾ ഈ ദിനത്തിൽ ചെയ്യുന്ന സൽക്കർമങ്ങൾ കൊണ്ട് ഇല്ലാതാവും എന്ന പ്രത്യേകതയുമുണ്ട്.

ഭഗവാൻ ശ്രീകൃഷ്ണൻ കുചേലനെ കുബേരനാക്കിയത് ഈ ദിനമാണ്. ഒരു അക്ഷയതൃതീയ ദിവസമാണ് പഞ്ചപാണ്ഡവർക്ക് സൂര്യഭഗവാന്‍ 'അക്ഷയപാത്രം' സമ്മാനിച്ചത്. അക്ഷയം എന്നാൽ ഒരിക്കലും നാശമില്ലാത്തത്, എത്ര എടുത്താലും തീരാത്തത് എന്നെല്ലാമാണ് അർഥം. 

Tags:
  • Spotlight