Saturday 12 September 2020 12:11 PM IST : By സ്വന്തം ലേഖകൻ

കത്തിയും കത്രികയും കയറുമില്ലാത്ത വാർഡ്, 12 ദിനങ്ങൾ നീണ്ട ഏകാന്തവാസം; കണ്ടംവഴി ഓടിയ കോവിഡിന് കത്തെഴുതി മാധ്യമപ്രവർത്തകൻ

ameen

നിനച്ചിരിക്കാത്ത നേരത്തെത്തിയ കോവിഡ്. അത് നൽകിയ ദിവസങ്ങളുടെ ഏകാന്തത. ഒടുവിൽ കോവിഡ്  മഹാമാരി മുന്നിലേക്ക് വച്ച ബാരിക്കേഡിനെ അതിജീവിച്ച കഥ കത്ത് രൂപത്തിൽ സോഷ്യൽ മീഡിയക്ക് മുമ്പാകെ പങ്കുവയ്ക്കുകയാണ് മാധ്യമപ്രവർത്തകനായ അൽ അമീൻ. കോവിഡിനൊരു കത്തയച്ചാണ് അമീൻ അനുഭവകഥ പങ്കിടുന്നത്.

മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും പരമാവധി സാമൂഹിക അകലം പാലിച്ചുമൊക്കെയാണ് നടന്നിരുന്നതെങ്കിലും  കോവിഡ്  എന്ന വില്ലൻ തന്റെ ബോഡിയിലും കയറിപ്പറ്റിയെന്ന് അമീൻ കുറിക്കുന്നു. സർക്കാരിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഹോസ്റ്റലിലെ 64-ാം നമ്പർ മുറിയിൽ, കഴിഞ്ഞ പന്ത്രണ്ടു ദിവസം ഏകാന്തവാസം അനുഭവിച്ചപ്പോഴും, ശരീരത്തെ തളർത്താൻ നീ പലവേള ശ്രമിച്ചപ്പോഴും, മനസ് പതറാതെ മുന്നോട്ടു പോകാൻ കരുത്ത് ലഭിച്ചത്, തന്നിലൂടെ മറ്റാരിലേക്കും നിനക്ക് എത്തിപ്പെടാൻ സാധിച്ചില്ലല്ലോ എന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണെന്നും അമീൻ കൂട്ടിച്ചേർക്കുന്നു. ഒടുവിൽ നെഗറ്റീവ് സർട്ടിഫിക്കേറ്റുമായി ക്വാറന്റീൻ സെന്റർ വിടുമ്പോൾ കോവിഡിനൊരു മുന്നറിയിപ്പും അമീൻ നൽകുന്നുന്നുണ്ട്.

അൽ അമീൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച സരസമായ കുറിപ്പിലെ വരികൾ ഇങ്ങനെ;

To,
കൊവിഡ് - 19
C/O നോവൽ കൊറോണ വൈറസ്
വുഹാൻ, ചൈന

അളിയാ, ഓർമയുണ്ടോ?

ലക്ഷക്കണക്കിന് ആളുകൾക്കിടയിൽ കയറി ഇറങ്ങുന്നത് കൊണ്ട് ഓർമയുണ്ടാകാൻ വഴിയില്ല. നിലവിട്ടുള്ള ഓട്ടത്തിനിടയിൽ നീ എന്റെയടുക്കലും വന്നിരുന്നു.

ഞാനറിയാതെ എന്റെ ശരീരത്തേക്ക് കയറി വന്നതു പോലെ, എന്നെ അറിയിക്കാതെ തന്നെ നീ വിട്ടു പോവുകയും ചെയ്തു. ന്തായാലും സന്തോഷം.

നീ എവിടേക്കാണ് പോയതെന്നോ ആരൊക്കെയാണ് നിന്റെ അടുത്ത ഇരകളെന്നോ അറിയില്ല; പക്ഷേ ഒരഭ്യർത്ഥനയുണ്ട് - കഴിഞ്ഞ രണ്ടാഴ്ചയോളം ഒപ്പമുണ്ടായിരുന്ന സ്വാതന്ത്ര്യം വെച്ച് പറയുകയാണെന്ന് കൂട്ടിക്കോ - സാധിക്കുമെങ്കിൽ പ്രായമായവരെയും മറ്റു രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെയും കുഞ്ഞുമക്കളെയും നീ പ്രയാസപ്പെടുത്തരുത്. അവർക്കെല്ലാവർക്കുമൊന്നും ഒരുപക്ഷേ നിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചെന്ന് വരില്ല. അത്തരക്കാരോട് ഏറ്റുമുട്ടുന്നതിന് പകരം ആരോഗ്യദൃഢഗാത്രരോട് ഫൈറ്റ് ചെയ്യുന്നതല്ലേ മുത്തേ ഹീറോയിസം, അതല്ലേ യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ്. ഉടനെ നീ ഇവിടം വിട്ടു പോകണമെന്നതാണ് പ്രധാനമായും പറയാനുള്ളത്, അതിന് ഉദ്ദേശമില്ലെങ്കിൽ എതിരാളികളുടെ തെരഞ്ഞെടുപ്പിൽ മുകളിൽ സൂചിപ്പിച്ച മാനദണ്ഡമെങ്കിലും പാലിക്കാൻ നീ തയ്യാറാകണം.

മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും പരമാവധി സാമൂഹിക അകലം പാലിച്ചുമൊക്കെയാണ് നടന്നിരുന്നതെങ്കിലും ആ ബാരിക്കേഡുകൾ ഒക്കെ ഭേദിച്ച് നീ എന്റെ ബോഡിയിലും കയറിപ്പറ്റി; കൊച്ചു കള്ളൻ. എന്നായാലും നീ വരുമെന്ന് ഉറപ്പായിരുന്നു.
പക്ഷേ, നാടു മുഴുവൻ ചുറ്റിയിട്ട് വീട്ടിലും നാട്ടിലും ഷൂട്ടിന് പോകുന്ന ഇടങ്ങളിലും
ജോലിയിടത്തും ഒക്കെ എന്നോടു ബന്ധപ്പെട്ട് നിൽക്കുന്ന കുഞ്ഞു മക്കൾക്കും പ്രായമായവർക്കും രോഗികൾക്കും വീട്ടുകാർക്കും ഒക്കെ നിന്നെ സമ്മാനിക്കേണ്ടി വരുമോയെന്ന ആശങ്കയും അങ്കലാപ്പും വലുതായിരുന്നു; അക്കാര്യത്തിൽ സത്യം പറഞ്ഞാൽ നിന്നെ പേടിയും ഭയവും ഒക്കെ ആയിരുന്നു കേട്ടോ.

പക്ഷേ, വീട്ടിൽ പോകാതെയും പുറത്ത് ഷൂട്ടിന് ഇറങ്ങാതെയും ഒക്കെ ഇരുന്ന സമയം നോക്കി, സമ്പർക്കപ്പട്ടികയിൽ അധികം ആർക്കും ഇടം നൽകാത്തവിധത്തിൽ ആണ് നീ വന്നത്. അക്കാര്യത്തിൽ നീ മാന്യത കാണിച്ചതിൽ വളരെ നന്ദിയുണ്ട്. #കെട്ടിപ്പിടിച്ച്_ഉമ്മ

സർക്കാരിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഹോസ്റ്റലിലെ 64-ാം നമ്പർ മുറിയിൽ, കഴിഞ്ഞ പന്ത്രണ്ടു ദിവസം ഏകാന്തവാസം അനുഭവിച്ചപ്പോഴും, ശരീരത്തെ തളർത്താൻ നീ പലവേള ശ്രമിച്ചപ്പോഴും, മനസ് പതറാതെ മുന്നോട്ടു പോകാൻ കരുത്ത് ലഭിച്ചത്, എന്നിലൂടെ മറ്റാരിലേക്കും നിനക്ക് എത്തിപ്പെടാൻ സാധിച്ചില്ലല്ലോ എന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ്. ശാരീരിക ബുദ്ധിമുട്ട് കാരണം പല ദിവസങ്ങളിലും നീ ഉറങ്ങാൻ പോലും അനുവദിക്കാതിരുന്നപ്പോഴും പിടിച്ചു നിന്നത് മറ്റാർക്കും ഞാൻ നിന്നെ പകർന്ന് നൽകിയില്ലല്ലോ എന്ന ആശ്വാസത്തിന്റെ ബലത്തിലാണ്.

പലവിധത്തിലായിരുന്നല്ലോ നിന്റെ അഭ്യാസങ്ങൾ: ചുമ, തലവേദന, തൊണ്ടവേദന, നെഞ്ചുവേദന, ദിവസങ്ങളോളം നീണ്ടു നിന്ന അസഹനീയമായ ശരീരവേദന...
അങ്ങനെ അങ്ങനെ പലവിധത്തിൽ.

ഇക്കഴിഞ്ഞ 24-ാം തീയതി ക്വാറന്റൈനിൽ കയറി കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ നീ എത്തിയെന്ന് ഉറപ്പിച്ചതാണ്; നിന്റെ വരവ് അറിയിച്ചുള്ള ചെറിയ ചെറിയ ലക്ഷണങ്ങൾ അന്നേ പ്രകടമായിരുന്നു. വല്യ കാര്യമാക്കിയില്ലെന്ന് മാത്രം. പക്ഷേ, തിരുവോണത്തിന്റെ തലേദിവസം രാത്രി ഒരു പോള കണ്ണടക്കാൻ അനുവദിക്കാതിരുന്നത് നീ ഓർക്കുന്നുണ്ടാവും; ശരീര വേദനയുടെ രൂപത്തിൽ നീ പലയിടങ്ങളിലും കുത്തി നോവിച്ചപ്പോൾ, പാതിരാത്രിയിൽ കരയാതെ കരയുകയായിരുന്നു ഞാൻ. കിടക്കാനോ നിക്കാനോ ഇരിക്കാനോ വയ്യാതെ വെടി കൊണ്ട പന്നിയെ പോലെ മുറിക്കുള്ളിൽ ഓടുകയായിരുന്നു രാത്രിയുടെ അന്ത്യയാമങ്ങളിൽ. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു; കൊവിഡ് സെല്ലിൽ വിവരം അറിയിച്ചു. ഉടനെ തന്നെ ആംബുലൻസെത്തി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി പരിശോധിച്ചു. തിരുവോണദിവസം കൈയ്യോടെ അങ്ങ് അടിച്ചു തന്നു; കൊവിഡ് പോസിറ്റീവ്.....

പ്രതീക്ഷിച്ച വാർത്തയായത് കൊണ്ട് പ്രത്യേകിച്ച് ഷോക്കിങ് ഒന്നുമുണ്ടായില്ല. വളരെ കൂളായാണ് അടുത്ത ആംബുലൻസിൽ കയറി കൊവിഡ് കെയർ സെന്ററായ IMG യിലേക്ക് എത്തിയത്. 64-ാം നമ്പർ മുറിയിലേക്ക് കയറ്റി, ഇനി പുറത്തേക്ക് ഇറങ്ങരുത് എന്ന് നിർദേശിക്കുമ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. പറന്നു നടന്നിരുന്ന കിളിയെ പിടിച്ച് കൂട്ടിലടച്ചാൽ (കോഴിയും കിളിയാണെന്ന ഡയലോഗ് നിരോധിച്ചിരിക്കുന്നു ??) ഉണ്ടാകുന്ന വീർപ്പ് മുട്ടൽ പിന്നീട് എപ്പോഴക്കെയോ അനുഭവിച്ചു എന്നത് നേര്.

പക്ഷേ, ഏകാന്തതയുടെ നിഴൽ വെളിച്ചത്തിന് പോലും കടന്നുവരാൻ ഇടം നൽകാതെ സദാസമയം ഫോണിന്റെ മറുതലക്കൽ നിലയുറപ്പിച്ചിരുന്ന നല്ലപാതിയും വീട്ടുകാരും കുടുംബക്കാരും കൂട്ടുകാരും, കരുതലിന്റെ ഉരുക്കുകോട്ട തീർത്തുകൊണ്ട് കട്ടക്ക് കൂടെ നിന്ന സഹപ്രവർത്തകരും സ്ഥാപനവും...
ദിവസവും ക്ഷേമമന്വേഷിച്ച് എത്തിയിരുന്ന ആരോഗ്യ പ്രവർത്തകർ, ഭക്ഷണമെത്തിക്കാനും മറ്റാവശ്യങ്ങൾക്കുമായി സദാസമയം സജീവമായി രംഗത്തുണ്ടായിരുന്ന കൊവിഡ് കെയർ സെന്ററിലെ മറ്റു ജീവനക്കാർ...

ഏകാന്തവാസത്തിൽ ബോറടി എന്താണെന്ന് മനസിലാക്കാൻ സത്യം പറഞ്ഞാൽ ഇക്കൂട്ടർ അവസരം തന്നതേയില്ല. അതൊക്കെ കൊണ്ട് തന്നെയാകണം, തളർത്താൻ പരമാവധി നോക്കിയിട്ടും ഒടുവിൽ പരാജയം സമ്മതിച്ച് നിനക്ക് കണ്ടം വഴി ഓടേണ്ടി വന്നത്.

നിന്റെ മുന്നിൽ പിടിച്ച് നിൽക്കാനാവാതെ പലരും പലപ്പോഴും, കൊവിഡ് കെയർ സെന്ററുകളിൽ ആത്മഹത്യ ചെയ്യുകയും അതിന് ശ്രമിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതുകാരണം കത്തി, കത്രിക, ബ്ലേഡ്, കയർ, തീപ്പെട്ടി എന്നിവക്ക് കൊവിഡ് വാർഡിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഒരു കത്തിയോ ബ്ലേഡോ കൈയ്യിൽ ഇല്ലാത്തതിനാൽ, മാതളം പൊളിക്കാൻ ഞാൻ പെട്ട പാട് കണ്ട് ഒരു പക്ഷേ നീ ഊറിച്ചിരിച്ചിട്ടുണ്ടാവാം. നാരങ്ങ വെള്ളം കുടിക്കാൻ തോന്നുമ്പോൾ ഒക്കെ നാരങ്ങ പിഴിയാൻ വഴിയില്ലാതെ നട്ടം തിരിഞ്ഞതും ഒടുവിൽ പലവിധ സാഹസങ്ങളിലൂടെ നാരങ്ങ പിഴിഞ്ഞതും ഒക്കെ നിന്റെ ക്രൂരതയുടെ മറക്കാനാകാത്ത ശേഷിപ്പുകളിൽ ചിലതു മാത്രമാണ്. ഒരർത്ഥത്തിൽ അതൊക്കെയും എനിക്ക് നേരം പോക്കായിരുന്നു എന്നേടത്താണ് നീ വീണ്ടും പരാജയപ്പെട്ടത്.

എല്ലാത്തിലുമുപരി നിന്നോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്; എന്തിനാന്നല്ലേ, കഴിഞ്ഞ ഏഴര വർഷത്തിനിടയിൽ, തിരക്കു പിടിച്ച ഓട്ടത്തിനിടയിൽ ഇത്രയും നീണ്ട വിശ്രമവേളക്ക് കാരണക്കാരനായതിൽ, അത്തരമൊരു അവസരം ഒരുക്കി തന്നതിന്. പാതിവഴിയിൽ എവിടെയോ ഉപേക്ഷിച്ച വായന തിരികെ പിടിക്കുന്നതിനും ഈ നാളുകൾ വേണ്ടി വന്നു. മുടക്കമില്ലാതെ, ആരാധനകൾ കൃത്യമായി നിർവഹിക്കുന്നതിനും ഇക്കാലം സഹായകമായി. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിനും നീ തന്നെ വേണ്ടി വന്നു. ബന്ധുക്കളും സുഹൃത്തുക്കളും പഴയ കാമുകിമാരും ഉൾപ്പെടെ, നാളുകളായി വിളികൾ ഇല്ലാതിരുന്ന പലരും ഇങ്ങോട്ടും പലരെയും അങ്ങോട്ടും വിളിക്കുന്നതിനും സംസാരിക്കുന്നതിനുമെല്ലാം നിന്റെ മഹനീയ സാന്നിധ്യം ഹേതുവായി.

എല്ലാം കൊണ്ടും മനസിന് സുഖം പകർന്ന നാളുകൾ സമ്മാനിച്ച നിന്നോട് നന്ദിയെങ്ങനെ ചൊല്ലേണ്ടൂ ഞാൻ പ്രിയ കൊറോണേ ❣️❣️❣️

ന്തായാലും നി പോയതിന് പിന്നാലെ ഞാൻ ട്രീറ്റ്മെന്റ് സെന്റർ വിട്ടു. ഒരാഴ്ച കൂടി വീട്ടിൽ ക്വാറന്റൈനിൽ തുടരും. ശേഷം വീണ്ടും കർമ്മ പഥത്തിലേക്കിറങ്ങും...

ഇവിടെ കിടന്ന് അധികം താണ്ഡവമാടാതെയും, ആദ്യം സൂചിപ്പിച്ചത് പോലെ പ്രായമായവരെയും മറ്റു രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെയും കുഞ്ഞുമക്കളെയും പ്രയാസത്തിലാക്കാതെയും എത്രയും വേഗം മടങ്ങിപ്പോകണമെന്ന അപേക്ഷയോടെ, അഭ്യർത്ഥനയോടെ ചുരുക്കട്ടെ,,,

"വീണ്ടും കാണാം" എന്ന് പറയുന്നില്ല, പൊക്കോണം ഉടനെ.....

സ്നേഹത്തോടെ,