Friday 24 May 2019 04:19 PM IST

മുപ്പതു രൂപയ്ക്ക് പൊരിച്ച മീനും കൂട്ടി ഊണ്! നന്മയൂട്ടി ആലപ്പുഴയിലെ അമ്മച്ചി

Nithin Joseph

Sub Editor

ammachi ചിത്രങ്ങൾ; ബേസിൽ പൗലോ

നേരം ഉച്ചയായാല്‍ പിള്ളേരെല്ലാം കോളജിന്റെ ഗേറ്റ് കടന്ന് നേരെ വലത്തോട്ട് നടക്കും. തൊട്ടപ്പുറത്തുള്ള അമ്മച്ചിക്കടയാണ് ലക്ഷ്യം. നടപ്പല്ല, മിക്കപ്പോഴും അതൊരു ഓട്ടമാണ്. ആളു കൂടി തിരക്കാകുന്നതിനു മുൻപേ അമ്മച്ചിക്കടയിൽ എത്തി സീറ്റ് പിടിക്കാനുള്ള പരക്കംപാച്ചിൽ. കളർകോട്ടെ അമ്മച്ചിക്കട നാടെങ്ങും ഫെയ്മസാണ്. ഇത്തിരി കാശിന് മീൻകറിയും മീൻ വറുത്തതും കൂട്ടി രുചിയുള്ള ഊണ് വിളമ്പുന്ന അമ്മച്ചിയുടെ മെയിൻ കസ്റ്റമേഴ്സ് എസ്.ഡി കോളജിലെ കുട്ട്യോളാണ്. അമ്മച്ചിക്കടയെ ഫെയ്മസാക്കിയതും എസ്.ഡിയിലെ പിള്ളേരു തന്നെ.

ammachi-2

‘മത്തി വറുത്തത്, കക്കായിറച്ചി, മീൻകറി, തോരൻ, അച്ചാർ, സാമ്പാർ, പുളിശ്ശേരി, രസം എന്നിങ്ങനെ പ്ലേറ്റ് നിറച്ച് കറികളുമായിട്ടാണ് സരസമ്മ എന്ന അമ്മച്ചിയുടെ കടയിലെ ഉച്ചയൂണ്. ഈ ഊണിന്റെ വില കേട്ടാൽ നിങ്ങൾ ഉറപ്പായിട്ടും ഞെട്ടും. കട തുടങ്ങിയിട്ട് പതിമൂന്നു വർഷമായി. കഴിഞ്ഞ മൂന്ന് വർഷങ്ങളായി അമ്മച്ചിയുടെ കടയിലെ ഊണിന്റെ വില മുപ്പത് രൂപയാണ്. വിലയെന്തേ കൂട്ടാത്തതെന്ന് ചോദിച്ചാൽ അമ്മച്ചിയുടെ മറുപടി ഇങ്ങനെ, ‘ഈ കോളജിലെ പിള്ളേരെല്ലാം എന്റെ മക്കളാണ്. അവരുടെ കീശയിൽ അധികം പൈസയൊന്നും കാണത്തില്ല. അവർക്ക് വയറു നിറയെ ഭക്ഷണം കൊടുക്കണം. എന്നും ടേസ്റ്റി ഫൂഡ് വിളമ്പുന്ന അമ്മച്ചിക്കടയിലെ അമ്മച്ചിയുടെ പേരു പോലും പലർക്കും അറിയില്ല. കോളജ് യൂണിയന്റെ ജനറൽ സെക്രട്ടറി കൂടിയായ നന്ദന്റെ വാക്കുകളിൽ പറഞ്ഞാൽ, ‘അമ്മച്ചി എല്ലാവരുടെയും അമ്മച്ചിയാണ്. അമ്മച്ചിയെന്നേ ഞങ്ങളെല്ലാം അങ്ങനെയേ വിളിക്കാറുള്ളൂ. കോളജിലെ സ്റ്റൂഡൻസിന് ഇവിടെ ഫുൾ ഫ്രീഡമാണ്. ഞങ്ങൾക്ക് വിളമ്പിയിട്ടേ അമ്മച്ചി മറ്റ് ആളുകളെ പരിഗണിക്കൂ.’

ammachi-1