Saturday 23 October 2021 10:21 AM IST : By സ്വന്തം ലേഖകൻ

‘ദിവസവും പരിശോധിക്കാൻ ആശാപ്രവർത്തക വരും; എന്തു സംശയങ്ങൾക്കും ഡോക്ടർമാരും’: ക്യാംപിൽ കടിഞ്ഞൂൽ കൺമണിക്കായുള്ള കാത്തിരിപ്പിൽ രേഷ്മ

alapuzha-camp9977

‘ഇവിടെ വന്നപ്പോൾ ആദ്യം ടെൻഷൻ ആയിരുന്നു. ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നാണു കരുതിയത്. പക്ഷേ, വിഷമങ്ങൾക്കിടയിലും സന്തോഷം തോന്നിയ ദിവസങ്ങളാണിത്. ദിവസവും പരിശോധിക്കാൻ ആശാപ്രവർത്തക വരും, എന്തു സംശയങ്ങൾക്കും ബന്ധപ്പെടാൻ ഡോക്ടർമാരും’– 5 ദിവസമായി ആലപ്പുഴ പള്ളിപ്പാട് നടുവട്ടം വിഎച്ച്എസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന, 3 മാസം ഗർഭിണിയായ രേഷ്മയുടെ വാക്കുകളാണ്.

കഴുത്തറ്റം മുങ്ങിയ വീട്ടിൽനിന്നു ക്യാംപിലെത്തി കടിഞ്ഞൂൽ കൺമണിക്കായി കാത്തിരിപ്പിലാണ് രേഷ്മ. കാർത്തികപ്പള്ളി താലൂക്കിൽ 11, ചെങ്ങന്നൂർ താലൂക്കിൽ ഒന്ന് – എന്നിങ്ങനെ 12 ഗർഭിണികളാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. പള്ളിപ്പാട് എൻടിപിസി പമ്പ് ഹൗസ്, ചെറുതന കമ്യൂണിറ്റി ഹാൾ എന്നിവയാണ് ഏറ്റവുമധികം ഗർഭിണികളുള്ള ക്യാംപ്. ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ആശാ വർക്കർമാരുടെയും ഡോക്ടർമാരുടെയും സേവനങ്ങൾ ഇവർക്കായി ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ള മരുന്നുകൾ എത്തിച്ചുനൽകും.

ഗർഭിണികൾക്കും വീട്ടുകാർക്കുമായി ക്യാംപുകളിൽ പ്രത്യേക മുറിയും ശുചിമുറിയും നൽകിയിട്ടുണ്ട്. ക്യാംപിലെ ഭക്ഷണം ചൂടോടെ നൽകും. ആശങ്കകൾ അകറ്റാൻ കൗൺസലിങ്ങിനും അവസരമുണ്ട്.    

Tags:
  • Spotlight