Tuesday 15 June 2021 11:25 AM IST : By സ്വന്തം ലേഖകൻ

കഴുത്തറ്റം വെള്ളത്തിൽ നിന്ന് ചെളി മണ്ണ് കോരും; ദിവസം ലഭിക്കുന്ന 1200 രൂപയിൽ 500 രൂപ വരെ നിർധനർക്കായി നൽകും, രാജേഷിന്റെ വേറിട്ട ജീവിതം

rajesh

കഴുത്തറ്റം വെള്ളത്തിൽ നിന്ന് ചെളി മണ്ണ് കോരി വള്ളത്തിലേക്ക് എറിയുമ്പോഴും രാജേഷിന്റെ ചിന്ത രോഗത്തോട് പൊരുതുന്ന നിർധനരെക്കുറിച്ചാണ്. പുരയിടങ്ങളിലെ കൃഷിക്കായി വള്ളത്തിൽ ചെളിമണ്ണ് വെട്ടിക്കയറ്റി വീട്ടുകാർക്ക് എത്തിക്കുന്ന അത്യധ്വാനമുള്ള ജോലിയാണ് കായംകുളം കണ്ടല്ലൂർ തെക്ക് കെ.ആർ. ഭവനത്തിൽ രാജേഷ് കുമാർ (42) ചെയ്യുന്നത്.

മണ്ണിറക്കുന്നതിലൂടെ ഒരു ദിവസം ലഭിക്കുന്ന 1200 രൂപയിൽ 300 രൂപ മുതൽ 500 രൂപ വരെ നിർധനർക്കായി മിക്കപ്പോഴും രാജേഷ് ചെലവഴിക്കും. കഴിഞ്ഞ 5 വർഷമായി ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായിട്ടുള്ള രാജേഷിന്റെ സഹായത്തിൽ നൂറ് കണക്കിനാൾക്കാരാണ് മരുന്ന് വാങ്ങിയും പട്ടിണിയകറ്റിയും കഴിയുന്നത്. 

ഹെൽത്ത് സെന്ററുകളിൽ നിന്ന് കുറിച്ചു നൽകുന്ന മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുന്നവർക്ക് അഭയം ഈ തൊഴിലാളിയാണ്. കാൻസർ രോഗികൾക്കും മറ്റും മരുന്ന് വാങ്ങാൻ രാജേഷിന്റെ വരുമാനം കൊണ്ട് തികയാതെ വരുമ്പോഴും അവരെ നിരാശപ്പടുത്താറില്ല. രാജേഷ് മുന്നിട്ടിറങ്ങി അധിക പണം കണ്ടെത്തി അവരുടെ ആവശ്യങ്ങൾ നിറവേറ്റും.

സിഐടിയു തൊഴിലാളി യൂണിയൻ അംഗമായ രാജേഷ് കെകെസി പാലിയേറ്റീവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചപ്പോൾ ഉള്ള അനുഭവങ്ങളാണ് രാജേഷിലെ മനുഷ്യപ്പറ്റ് ഉണർത്തിയത്. പുലർച്ചെ 5 ന് കായംകുളം കായലിൽ ചെളിമണ്ണ് വാരാനിറങ്ങും. ചെളിക്കൂന മാറ്റി അടിയിലേക്ക് ഇറങ്ങിയാലേ വള്ളത്തിൽ കയറ്റാൻ പരുവമായ മണ്ണ് ലഭിക്കുകയുള്ളു. ഈ ജോലിയുടെ പാർശ്വഫലമായി അലർജി രോഗം ഇദ്ദേഹത്തെ അലട്ടുന്നുണ്ട്.

more...

Tags:
  • Spotlight