Wednesday 07 December 2022 04:48 PM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞിന്റെയും അമ്മയുടെയും ഹൃദയത്തിന്റെ പമ്പിങ് 20 ശതമാനത്തില്‍ താഴെ! സിസേറിയന്‍ ഒഴിവാക്കാന്‍ കഴിയില്ലായിരുന്നു’: മെഡി. കോളജ് സൂപ്രണ്ട്

aparna-demise

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനു പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്തുവരും. പൊക്കിള്‍ക്കൊടി പുറത്തുവന്ന സാഹചര്യത്തിലാണ് അടിയന്തരമായി ശസ്ത്രക്രിയ തീരുമാനിച്ചത്. സിസേറിയന് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനത്തില്‍ താഴെയായിരുന്നു. പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി എന്ന അവസ്ഥയിലായിരുന്നു അപര്‍ണയെന്നും ആശുപത്രി സൂപ്രണ്ട് അബ്ദുൽ സലാം പറഞ്ഞു. 

ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം 

അപര്‍ണ എന്ന പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. തിങ്കളാഴ്ച വേദനയുണ്ടാകുകയും ലേബര്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു. ചൊവ്വാഴ്ച നാലു മണിക്ക് പൊക്കിള്‍ക്കൊടി പ്രൊലാപ്സ് ചെയ്ത് പുറത്തുവന്നതുകൊണ്ട് അ‌ടിയന്തരമായി സിസേറിയന്‍ ചെയ്യുകയാണ് ഉണ്ടായത്. കുട്ടിയെ രക്ഷപ്പെടുത്താന്‍ വേണ്ടി ചെയ്ത ശസ്ത്രക്രിയയാണ്. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പ് 20ൽ താഴെ മാത്രമായിരുന്നു. ഉ‌ടന്‍ കുട്ടികളുടെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ജീവന്‍രക്ഷാകാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. 

ദൗര്‍ഭാഗ്യവശാല്‍ കുട്ടി അപ്പോള്‍ത്തന്നെ മരണപ്പെട്ടു. ഓപ്പറേഷന്‍ സമയത്ത് അമ്മയുടെ ബിപി വളരെ താഴ്ന്നതായിരുന്നു. കാര്‍ഡിയോളജി ‍ഡോക്ടര്‍മാർ പരിശോധിച്ചപ്പോള്‍ ഹൃദയത്തിന്റെ പമ്പിങ് 20 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ഉ‌ടന്‍ പെൺകുട്ടിയെ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റി. പമ്പിങ് കൂട്ടാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമുള്ള മരുന്ന് കൊടുക്കുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ നാലു മണിയോടെ അപര്‍ണയും മരണപ്പെട്ടു.

ചികില്‍സാപ്പിഴവെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ എന്താണ് പ്രതികരണം? 

അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ജോയിന്റ് ഡിഎംഒയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചിട്ടുണ്ട്. അതിന്റെ സിറ്റിങ് രാവിലെ 11 മണിക്ക് ആരംഭിച്ചു. അതിനുപുറമേ ആശുപത്രി ആഭ്യന്തര അന്വേഷണസമിതി രൂപീകരിച്ചിട്ടുണ്ട്. ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഷാരിജ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജയറാം ശങ്കര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാര്‍, സര്‍ജറി വിഭാഗം മേധാവി ഡോ. സജി കുമാര്‍ എന്നിവരടങ്ങിയ ‌ടീമാണ് അന്വേഷിക്കുന്നത്. അതിന്റെ റിപ്പോര്‍ട്ട് വരുമ്പോള്‍ മാത്രമേ ചികില്‍സാപ്പിഴവുണ്ടോ എന്ന് പറയാന്‍ കഴിയൂ. 

കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്. ചികിൽസാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് ആരോഗ്യമന്ത്രി അന്വേഷണസമിതിയെ നിയോഗിച്ചത്. 

പൂര്‍ണ്ണമായും വായിക്കാം.. 

Tags:
  • Spotlight