Monday 17 February 2020 02:18 PM IST : By സ്വന്തം ലേഖകൻ

‘ഭൂമിയിലെ ഏറ്റവും ഭയാനകമായ അവസ്ഥ ഇതാണ്; ശരീരമാസകലം മൂടിക്കെട്ടി ഭീകരൻ വൈറസുമായുള്ള പോരാട്ടം!’; മലയാളി നഴ്‌സിന്റെ അനുഭവം

mridula-coronavirus11 Photo Credit: Facebook

‘‘ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്നെനിക്ക് പറയാൻ കഴിയും. ആരോടും മിണ്ടാൻ കഴിയാതെ ഒരു മുറിയിൽ ശരീരമാസകലം മൂടിക്കെട്ടി ഭീകരനായ വൈറസുമായി ഏറ്റുമുട്ടുന്നതുതന്നെ. ലോകം മുഴുവൻ വൈറസിൽ നിന്ന് ഓടി ഒഴിഞ്ഞു നടക്കുമ്പോഴും രോഗം പിടിപെട്ടയാളെ പരിചരിക്കാൻ കിട്ടിയ അവസരം എന്നും ഓർമയിലുണ്ടാവും’’ -കൊറോണ വൈറസ് ബാധയേറ്റ രോഗിയെ ആലപ്പുഴ മെഡിക്കൽ കോളജിലെ ഐസലേഷൻ വാ‍ർഡിൽ ദിവസങ്ങളോളം പരിചരിച്ച നഴ്സ് മൃദുലയുടെ വാക്കുകളാണിത്. 

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊറോണ രോഗിയെ പരിചരിച്ച മെഡിക്കൽ സംഘത്തിലെ അംഗമായിരുന്നു മൃദുല. ആറു ദിവസമാണ് മൃദുല രോഗിയെ പരിചരിച്ചത്. ഒരു ദിവസം നാലു മണിക്കൂർ വീതം നഴ്സുമാർ മാറിമാറിയാണ് രോഗിയ്ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കിയത്. ഡ്യൂട്ടി കഴിഞ്ഞാലും വീട്ടിൽ പോകാനാകാത്ത അവസ്ഥ. ആശുപത്രിയിൽ നിന്ന് ഹോസ്റ്റൽ മുറിയിലേക്കും തിരിച്ചും മാത്രമുള്ള ലോകം.

"ജോലിയിൽ പ്രവേശിച്ചിട്ട് അഞ്ചു മാസമേ ആകുന്നുള്ളൂ. പ്രത്യേക ഡ്യൂട്ടിയ്ക്ക് നിയോഗിച്ചപ്പോൾ ആദ്യം ഭയമായിരുന്നു. വീട്ടുകാരും പേടിച്ചു. നിപ്പയെയും സിസ്റ്റർ ലിനിയേയുമാണ് ആ സമയത്ത് ഓർമ വന്നത്. സുരക്ഷാകവചവും മാസ്കും ഒന്നിലധികം ഗ്ലൗസുകളും ധരിച്ചാണ് വാർഡിൽ നിന്നത്. ഡ്യൂട്ടി കഴിഞ്ഞ് കുളിച്ചു പുതിയ വസ്ത്രം ധരിച്ചാണ് പുറത്തിറങ്ങിയിരുന്നത്.

ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിയായിരുന്നു രോഗി. അദ്ദേഹത്തിന് നല്ല ധൈര്യമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ ചിത്രം സഹിതം പ്രചാരണം ഉണ്ടായതിന്റെ വിഷമം അദ്ദേഹത്തിനുണ്ടായിരുന്നു. പനിയുണ്ടെന്ന് ബോധ്യമായപ്പോൾ തന്നെ അദ്ദേഹം ചികിത്സ തേടിയിരുന്നു. കുടുംബാംഗങ്ങളെയും പരിശോധിപ്പിച്ചു.

mridula445gg Photo Credit: Facebook

മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഒരു നോഡൽ ഓഫിസർ, 4 മെഡിക്കൽ ഓഫിസർമാർ‌, 12 പിജി ഡോക്ടർമാർ, 9 ഹൗസ് സർ‌ജൻമാർ, 8 സ്റ്റാഫ് നഴ്സുമാർ, 6 നഴ്സിങ് അസിസ്റ്റന്റുമാർ, 9 ക്ലീനിങ് ജീവനക്കാർ എന്നിവർ 4 മണിക്കൂർ വീതം മാറിമാറിയാണ് രോഗിയെ പരിചരിച്ചിരുന്നത്. ദിവസവും മെഡിക്കൽ ബോർഡ് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും ഒറ്റക്കെട്ടായി നിന്നാണ് പോരാടിയത്. അവരുടെ പരിശ്രമത്തെക്കുറിച്ച് ലോകത്തെ അറിയിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഫെയ്സ്ബുക്കിൽ അനുഭവം കുറിച്ചത്." – മൃദുല പറയുന്നു.

ആരോഗ്യ പരിശോധനകളും കഴിഞ്ഞ് ഒരാഴ്ച മുൻപാണ് മൃദുല അടൂരിലെ സ്വന്തം വീട്ടിലെത്തിയത്. മുണ്ടപള്ളി മുളമുക്ക് ശ്രീമംഗലം വീട്ടില്‍ സുരേന്ദ്രന്‍ നായരുടെയും ബിന്ദു എസ് നായരുടെയും മകളാണ് മൃദുല. വീട്ടില്‍ തിരിച്ചെത്തിയ മൃദുലയെ കാണാനും അഭിനന്ദിക്കാനും നാടൊന്നാകെ ഒഴുകിയെത്തി. പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, വൈസ്പ്രസിഡന്റ് എ പി സന്തോഷ് , പഞ്ചായത്തംഗങ്ങളായ ജോളി, എ റ്റി രാധാകൃഷ്ണന്‍, ജില്ലാപഞ്ചായത്തംഗം ടി മുരേശ് എന്നിവരും ഡിവൈഎഫ്ഐ അടൂര്‍ ബ്ലോക്ക് കമ്മറ്റി ഭാരവാഹികളും മൃദുലയുടെ വീട്ടിലെത്തി അനുമോദിച്ചു.

mridula-0hhgfrfrttg Photo Credit: Facebook
Tags:
  • Spotlight
  • Inspirational Story