Monday 27 January 2020 11:22 AM IST : By സ്വന്തം ലേഖകൻ

‘പപ്പയും മമ്മിയും ചേട്ടായിയും പിണങ്ങിക്കിടന്നതല്ല അല്ലേ? ഇനിയവരെ കാണാൻ പറ്റൂല്ലല്ലേ!’; അലീനയുടെ ചോദ്യത്തിന് മുന്നിൽ കണ്ണീരോടെ ബന്ധുക്കൾ!

aleena-adimali1

‘‘പപ്പയും മമ്മിയും ചേട്ടായിയും എന്നോടു പിണങ്ങിക്കിടന്നതല്ലല്ലോ? ഇനി എനിക്ക് അവരെ കാണാൻ പറ്റൂല്ലല്ലേ...’ ചലനമറ്റു കിടന്ന പ്രിയപ്പെട്ടവർക്ക് അന്ത്യചുംബനം നൽകാനെത്തും മുൻപേ, അവർ ഇനിയില്ലെന്ന സത്യം അലീനയെന്ന അഞ്ചു വയസ്സുകാരി തിരിച്ചറിഞ്ഞിരുന്നു.  

അടിമാലി കമ്പിളിക്കണ്ടം തെള്ളിത്തോട് അർത്തിയിൽ ജോസഫ് തോമസിന്റെയും മിനിയുടെയും ഇളയ മകളാണ് അലീന. ജോസ് എന്നു വിളിപ്പേരുള്ള ജോസഫും (53) മിനിയും (46) മൂത്തമകൻ അബിനും (12)  വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. മൂവരെയും വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കുടുംബത്തിൽ ബാക്കിയായത് ഇളയ മകൾ അലീന മാത്രം. പപ്പയും  മമ്മിയും ചേട്ടായിയും മരിച്ച വിവരം അറിയിക്കാതിരിക്കാൻ ഉറ്റ ബന്ധുക്കൾ അലീനയെ വെള്ളിയാഴ്ച പകൽ തറവാട്ടിലേക്കു കൊണ്ടുപോയി.  കളിയും ചിരിയുമായി കഴിഞ്ഞ അലീന വൈകിട്ടായപ്പോൾ പപ്പയെയും മമ്മിയെയും ചേട്ടായിയെയും കാണണമെന്നു പറഞ്ഞു കരയാൻ തുടങ്ങി.  

ഇന്നലെ ഉച്ചയോടെ പാറത്തോട് സെന്റ് ജോർജ് പള്ളിയിൽ 3 പേരുടെയും മൃതദേഹങ്ങൾ സംസ്കാരത്തിനായി കൊണ്ടുവന്നു. ദേവാലയത്തിന്റെ അങ്കണത്തിൽ അലീന പ്രിയപ്പെട്ടവർക്കു യാത്രാമൊഴി നൽകിയ രംഗം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനാക്കി. കരഞ്ഞുതളർന്ന കുഞ്ഞ് ബന്ധുവിന്റെ തോളത്തു മയങ്ങിക്കിടന്നു. 

വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുടുംബം ജീവനൊടുക്കിയത്. ജോസിന്റെ ആത്മഹത്യക്കുറിപ്പിൽ 3 പേരെയും ഒരേ കല്ലറയിൽ അടക്കം ചെയ്യണമെന്ന് എഴുതിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ മൃതദേഹങ്ങൾ പള്ളിയിലെത്തിച്ചു.   പാറത്തോട് സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോസ് ചെമ്മരപ്പിള്ളിയുടെ കാർമികത്വത്തിലായിരുന്നു സംസ്കാരശുശ്രൂഷ.

Tags:
  • Spotlight