Wednesday 29 January 2020 11:36 AM IST : By സ്വന്തം ലേഖകൻ

‘അച്ഛന്റെ കൈക്കുമ്പിളിൽ വീണ മുത്തേ..’; ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ സാവകാശം കിട്ടിയില്ല, ഒടുവിൽ പ്രസവമെടുത്ത് ഭർത്താവ്!

aleena55667

അമ്മയുടെ ഉദരത്തിൽ നിന്ന് നേരെ അച്ഛന്റെ കൈക്കുമ്പിളിലേക്ക് വീണ മുത്ത്, അവളാണ് അലീന! ഹരിപ്പാട് താമല്ലാക്കൽ പെരുമ്പാംകുഴിയിൽ രാജു വില്ലയിൽ അനീഷ് പി. ചാക്കോയും ഭാര്യ സിനു ഏബ്രഹാമുമാണ് അലീനയുടെ ഭാഗ്യവാന്മാരായ അച്ഛനും അമ്മയും. പ്രസവവേദനയെടുത്ത സിനുവിനെ ആശുപത്രിയിലെത്തിക്കാൻ സാവകാശം കിട്ടാതായതോടെ ഭർത്താവ് അനീഷ് തന്നെ പ്രസവമെടുക്കുകയായിരുന്നു. അങ്ങനെ അമ്മയുടെ വയറ്റിൽ നിന്ന് അച്ഛന്റെ കൈകളുടെ സുരക്ഷിതത്വത്തിലേക്ക് കുഞ്ഞു അലീന പിറന്നു വീണു. 

നഴ്സ് ദമ്പതികളാണ് അനീഷും സിനുവും. 2019 ഡിസംബർ മൂന്നിന് ഓസ്ട്രേലിയയിലാണ് പ്രസവം നടന്നത്. ഓസ്ട്രേലിയയിലെ മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നിശ്ചയിച്ചതിനെക്കാൾ പത്തു ദിവസം മുൻപ് അർധരാത്രിയിൽ സിനുവിനു പ്രസവവേദന കൂടി. ആശുപത്രിയിലേക്കു പോകാൻ ആംബുലൻസ് വിളിച്ചെങ്കിലും അതിനു മുൻപേ കുഞ്ഞ് പുറത്തേക്കു വരുമെന്നു സിനുവിനു തോന്നി.

നഴ്സുമാരാണെങ്കിലും പ്രസവമെടുത്തു പരിചയമില്ലാത്തതിനാൽ അനീഷ് ആശുപത്രിയിലെ എമർജൻ‍സി വിഭാഗത്തിൽ നിന്നു ഫോണിലൂടെ നിർദേശം തേടിയ ശേഷം സ്വയം ദൗത്യമേറ്റെടുക്കുകയായിരുന്നു. കുഞ്ഞ് ശരിയായ നിലയിലായിരുന്നതിനാൽ പ്രസവത്തിൽ മറ്റു ബുദ്ധിമുട്ടുകളുണ്ടായില്ല. കുഞ്ഞു ജനിച്ച് ആറു മിനിറ്റിനു ശേഷമാണ് ആംബുലൻസ് എത്തിയത്. പിന്നീട് കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലെത്തിച്ചു. ഇന്ന് പൂർണ്ണ ആരോഗ്യത്തോടെ സ്വന്തം വീട്ടിലാണ് അലീനയും അമ്മയും. രണ്ടു വയസ്സുകാരൻ ഏഥൻ ആണ് ദമ്പതികളുടെ മൂത്തമകൻ.  

Tags:
  • Spotlight