Tuesday 15 January 2019 02:12 PM IST : By സ്വന്തം ലേഖകൻ

അലക്സിനേയും അലോഷിയേയും വിധി വേർപിരിക്കാതിരിക്കട്ടെ; അപൂർവ്വ രോഗത്താൽ പിടഞ്ഞ് ഇരട്ടകൾ; വേണം കരുണയുടെ കരങ്ങൾ

alex

‘കൈയ്യെത്തും ദൂരത്തല്ല, കണ്ണാടി ചില്ലിനിപ്പുറം നിന്നു വേണം അവനെകാണാൻ. ശ്വാസമെടുക്കാൻ പിടയുന്ന എന്റെ മുത്തിനെ അടുത്ത് കിട്ടുന്നത് തന്നെ മഹാഭാഗ്യം. അമ്മയുടെ ചൂടേറ്റ് വളരേണ്ട എന്റെ കുഞ്ഞ് വെന്റിലേറ്ററിന്റെ കയറ്റിറങ്ങൾക്കൊപ്പിച്ച് ഊർധശ്വാസം വലിക്കുകയാണ്. ലോകത്ത് ഒരമ്മയും സഹിക്കില്ല ആ കാഴ്ച’–ആശുപത്രി വെന്റിലേറ്ററിന്റെ ശീതീകരിച്ച മുറിയിൽ ജീവനു വേണ്ടി പിടയുന്ന തന്റെ പൈതലിനെ സോണിയ ഒരു വട്ടം നോക്കിയതേയുള്ളൂ. അപ്പോഴേക്കും ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി. പറയാൻ വെമ്പിയ വാക്കുകളെ കണ്ണീർ മുറിച്ചു.

താമരശ്ശേരി കൂടത്തായി സ്വദേശിയായ സോണിയയുടേയും ഭർത്താവ് ജയ്സന്റേയും ജീവിതത്തിൽ വിധി പകുത്ത് നൽകിയ വേദനയെന്തെന്ന് അറിയണോ? അവരുടെ സ്വപ്നങ്ങളുടെ സ്വരുക്കൂട്ടലുകളുടേയും ആകെത്തുകയായ അലക്സ് എന്ന മൂന്നരവയസുകാരൻ പൈതല്‍ അനുഭവിക്കുന്ന വേദനയെന്തെന്ന് കേൾക്കണോ? കരളുരുകി പോകും ആ കഥ കേട്ടാൽ.

ഒരു കുഞ്ഞിനായി കൊതിച്ചിരുന്ന സോണിയ ദമ്പതികള്‍ക്ക് ദൈവം നൽകിയത് ഇരട്ടി മധുരം. അലക്സിന്റേയും അലോഷിയുടേയും രൂപത്തിൽ ഇരട്ടക്കൺമണികൾ. സാധാരണ തൊഴിലാളിയാണ്  ജയ്സൺ. എങ്കിലും ഇത്തിരിയുള്ള സന്തോഷങ്ങളെ ഒത്തിരിയായി കണ്ട്, സന്തോഷ പൂർവം അവർ ജീവിച്ചു പോന്നു. സന്തോഷത്തിന്റെ ഭൂതകാലം അങ്ങനെ പോയി.

ചില സമയങ്ങളിൽ സന്തോഷങ്ങൾക്കും സ്വപ്നങ്ങൾക്കുമെല്ലാം നീർക്കുമിളകളുടെ മാത്രം ആയുസ് മാത്രമേ ഉണ്ടാകാറുള്ളൂ. സോണിയയുടേയും ജയ്സന്റേയും ജീവിതത്തിൽ വേദനയും കൊടിയ പരീക്ഷണവും നൽകി കൊണ്ടായിരുന്നു ആ വാക്കുകളെ വിധി അന്വർത്ഥമാക്കിയത്. ഒന്നുമറിയാത്ത പ്രായത്തിൽ വേദനയുടെ കടലാഴം നൽകി വിധി അലക്സിനേയും അലോഷിയേയും പരീക്ഷിക്കാൻ തുടങ്ങി.

alex-1

സാധാരണ പനിയിലും ശ്വാസംമുട്ടലിലുമൊക്കെയായിരുന്നു തുടക്കം. ആശുപത്രികളായ ആശുപത്രികൾ കയറിയിറങ്ങിയ തുടർച്ചയായ പരിശോധനകൾ, കുഞ്ഞ് ശരീരത്തെ പൊള്ളിനോവിക്കുന്ന ടെസ്റ്റുകൾ, ശരീരം തളർത്തുന്ന മരുന്നുകെട്ടുകൾ എല്ലാം ആവോളം ആ ഇളം ശരീരങ്ങളിൽ കയറിയിറങ്ങി. ഈ നിമിഷമത്രയും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒന്നും വരരുതേ എന്ന പ്രാർത്ഥനയിലായിരുന്നു ആ നിർദ്ധന ദമ്പതികൾ. എന്നാൽ ആ പ്രാർത്ഥനകളെ അസ്ഥാനത്താക്കി ഡോക്ടറുടെ ഭാഗത്തു നിന്നും ആ റിസൾട്ട് വന്നു.

‘നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് എച്ച്.എൽ.എച്ച് എന്ന അപൂർവ്വരോഗമാണ് ജീവനെടുക്കാൻ പോന്ന ന്യൂമോണിയയും ഒപ്പമുണ്ട് അടിയന്തരമായി എന്തെങ്കിലും ചെയ്തേ പറ്റൂ. അല്ലാത്ത പക്ഷം...’– ഡോക്ടറുടെ അപൂർണമായ വാക്കുകളിൽ അരുതാത്തൊരു അപകട സൂചനയുണ്ടായിരുന്നു. അനിയന്ത്രിതമായുണ്ടാകുന്ന ആന്റിബോഡികൾ ശരീരത്തിലെ അവയവങ്ങളേയും പ്രവർത്തനത്തേയും നിശ്ചലമാക്കി മാറ്റുന്ന അവസ്ഥയാണ് എച്ച്എൽഎച്ച് എന്ന രോഗം. കൂട്ടത്തിൽ ന്യൂമോണിയ കൂടിയായപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയെത്തി. ജീവിതത്തിൽ ആദ്യമായാണ് അവർ എച്ച്എൽഎച്ച് എന്ന പേര് കേൾക്കുന്നത് പോലും.

കേട്ടപാതി കേൾക്കാത്ത പാതി താമരശ്ശേരിയിലെ സർക്കാർ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ആ നിർദ്ധന ദമ്പതികൾ കുഞ്ഞുങ്ങളേയും കൊണ്ടോടി. അവിടെയും നിന്നില്ല ആ നെട്ടോട്ടം. കുഞ്ഞു മക്കളുടെ ജീവൻ തന്നെ അപകടത്തിലാകുമെന്ന ഘട്ടം വന്നപ്പോൾ നിവൃത്തിയില്ലെങ്കിലും കോഴിക്കോട്ടെ മിംസ് ആശുപത്രിയിലേക്കെത്തി.

alex-2

അത്ഭുതമൊന്നും സംഭവിച്ചില്ല, വേദനയുടേയും പരീക്ഷണങ്ങളുടേയും ആഴം ഏറിയതേയുള്ളൂ. കൂട്ടത്തിൽ അലക്സ് എന്ന പൊന്നുമോനെയാണ് വിധി ഏറ്റവുമധികം പരീക്ഷിക്കുന്നത്. ശ്വാസകോശത്തിൽ കഫവും ദ്രവങ്ങളും അടിഞ്ഞ് ശ്വാസമെടുക്കാൻ പോലുമാകാതെ പിടയുകയാണ് ആ കുഞ്ഞ്. ഈയൊരു സാഹചര്യത്തിൽ വെന്റിലേറ്ററിന്റെ സാന്നിദ്ധ്യവും സാധ്യതകളും പോലും ആ പൈതലിന്റെ ജീവനെ അധികനാൾ പിടിച്ചു നിർത്താനാകില്ലെന്നാണ് ഡോക്ടർമാരുടെ അവസാന വാക്കുകൾ. അലക്സിന്റെ ഇരട്ടസഹോദരൻ അലോഷിയാകട്ടെ ഇതേ രോഗത്തിന്റെ അപകടഘട്ടം ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രം അതിജീവിച്ച് ഇപ്പോൾ ഡിഐസിയു വാർഡിൽ ചികിത്സയിലാണ്.

‘‘ചേട്ടായിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം  കൊണ്ടൊന്നും തങ്ങളുടെ കുരുന്നുകളുടെ ജീവൻ പിടിച്ചു നിർത്താനാകില്ല. അലക്സ് മോൻ അകത്ത് ഇപ്പോഴും ജീവനു വേണ്ടി മല്ലിടുകയാണ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് നാലുനാൾ പിന്നിട്ടപ്പോൾ തന്നെ നാല് ലക്ഷം താണ്ടിയിരിക്കുന്നു. ഇനിയും ഞങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല. ഒരു വശത്ത് ജീവനായി കേഴുന്ന എന്റെ പൈതൽ അലക്സ്. മറുവശത്ത് ഞങ്ങൾക്ക് ചിന്തിക്കാവുന്നതിനും അപ്പുറമുള്ള ഭീമമായ ചികിത്സാ തുക. ഞങ്ങളെ ൈക വിടരുത്.’’– കണ്ണീരോടെ സോണിയയുടെ വാക്കുകൾ.

ആ ആശുപത്രി വരാന്തയിൽ സോണിയ ഇപ്പോഴും കാത്തു നിൽക്കയാണ്. തങ്ങളുടെ പൈതലിന്റെ ജീവൻ രക്ഷിക്കാൻ ഏതെങ്കിലും ഒരു കാവൽ മാലാഖ എത്തുമെന്ന പ്രതീക്ഷയിൽ. കണ്ണീരണിഞ്ഞ ആ അമ്മ മനസിന് അപ്പോഴും ഒന്നേ പറയാനുണ്ടായാനുള്ളൂ. ‘എന്റെ പൈതലിനെ മരണത്തിനു വിട്ടുകൊടുക്കരുത് കനിയണം...’

Updated

പ്രാർത്ഥനകള്‍ വിഫലമാക്കി അലക്സ് യാത്രയായി; ഇരട്ടകളിൽ വേദനയും പേറി ഇനി അലോഷി തനിച്ച്