Saturday 17 July 2021 02:53 PM IST

അവന്റെ അച്ഛന്‍ ഞാനല്ലെന്ന് അറിഞ്ഞ നിമിഷം ഷോക്കേറ്റതു പോലെയിരുന്നു, ശേഷം എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു: അലി പറയുന്നു

Binsha Muhammed

ali

സമ്മര്‍ദ്ദങ്ങളുടെ കൊടുമുടി കയറിയ ഒരു രാത്രി. മകന്‍ അപ്പുവിനെ മടിയിലിരുത്തി അലിയൊരു സിനിമാക്കഥ പറഞ്ഞു.

'സ്‌നേഹത്തോടെ കഴിയുന്ന ഒരച്ഛനും മകനും. അച്ഛന് മകനെന്നാല്‍ ജീവനായിരുന്നു. ഈ ലോകത്ത് മറ്റെന്തിനേക്കാളും വലിയ സ്വത്ത്. മകനും തിരിച്ച് അങ്ങനെ തന്നെ. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന അവരുടെ മാത്രം ലോകത്തേക്ക് ഒരിക്കല്‍ പുതിയൊരു അതിഥി കടന്നു വന്നു. അയാള്‍ക്ക് വേണ്ടത് ആ മകനെയായിരുന്നു. മകന്റെ യഥാര്‍ത്ഥ അച്ഛന്‍ എന്ന് അവകാശപ്പെട്ട അയാള്‍ പറ്റാവുന്ന വഴിയിലൂടെയെല്ലാം അവനെ തിരികെ കൊണ്ടു പോകാന്‍ നോക്കി...'

'അതെങ്ങനെ ശരിയാകും...?'

അലിയുടെ കഥയ്ക്ക് സ്‌റ്റോപ്പിട്ട് തിരികെ ചോദ്യം ചോദിച്ചത് അപ്പുവാണ്.

ഇത്രയും കാലം ആ മകനെ വളര്‍ത്തിയതും സ്‌നേഹിച്ചതും ലാളിച്ചതുമൊക്കെ ആ അച്ഛനല്ലേ. അവന്റെ എല്ലാമെല്ലാമായ അച്ഛന്‍... അപ്പോ പിന്നെ ഇതെങ്ങനെ ശരിയാകും... ആ അച്ഛനും മകനും ഒരിക്കലും പിരിയരുത്. അവരെ വേര്‍പിരിക്കയുമരുത്...

കണ്‍പീലികളെ നനച്ച കണ്ണീരിനെ പുഞ്ചിരിയുടെ മൂടുപടം കൊണ്ടു മൂടി. ആ കഥയ്ക്ക് അലി അങ്ങനെ തന്നെ ക്ലൈമാക്‌സ് എഴുതി.

ഇല്ല അപ്പു... ആ അച്ഛനും മകനും ഒരിക്കലും വേര്‍പിരിയില്ല. അവരെ പിരിക്കാനുമാകില്ല....

സങ്കല്‍പ്പങ്ങളില്‍ നിന്നും അലി മെനഞ്ഞ കഥ സിനിമാ ലോകം കണ്ടിട്ടു കൂടിയല്ല. വെറും കെട്ടുകഥ... പക്ഷേ ആ കഥ തന്റെ ജീവിതത്തില്‍ വിധിയെഴുതിയ തിരക്കഥയാണെന്ന് അധികം വൈകാതെ അലിക്ക് അപ്പുവിനോട് പറയേണ്ടി വന്നു.

'അപ്പൂ... നിന്റെ ബയോളജിക്കല്‍ ഫാദര്‍ ഞാനല്ല...!'

കെട്ടിച്ചമച്ച കഥയിലെ ഡയലോഗ് ജീവിതത്തില്‍ മകനോട് പറയേണ്ടി വന്നപ്പോള്‍ എന്തു സംഭവിച്ചു കാണും. തന്റെ നെഞ്ചിലുറങ്ങിയ കുഞ്ഞിന് താനല്ല അച്ഛനെന്ന് പറേേയണ്ടി വന്ന അച്ഛന്റെ ചങ്കിലെ ഭാരം എത്രത്തോളമായിരിക്കും. അലി കടുകശ്ശേരി എന്ന എഴുത്തുകാരന്‍ 'വനിത ഓണ്‍ലൈനിലൂടെ' പുറംലോകത്തെത്തിച്ച കഥയ്ക്ക് ഒരു മറുപുറമുണ്ട്. ആ കഥ വനിത ഓണ്‍ലൈനിലൂടെ തന്നെ അലി ലോകത്തോട് പറയുന്നു.

പുതിയ ജീവിതം പുതിയ ആകാശം

ജീവിതം ഒരേ ഗതിയില്‍ മുന്നോട്ടു പോകുന്ന കാലം. കുറേ യാത്രകള്‍, അതിനേക്കാളേറെ ഫിലോസഫി, ആത്മാവിന് മരുന്നായുള്ള വായന. അതിനുമപ്പുറത്തേക്ക് എന്റെ ലോകം വളര്‍ന്നിട്ടില്ലാത്ത കാലം. ഒരു വിവാഹമെന്നത് എന്റെ ചിന്തകളെ മാത്രല്ല, സ്വപ്‌നങ്ങളെ പോലും തീണ്ടിയിട്ടില്ല. ജീവിതം ഒരേ ദിശയിലങ്ങനെ പോയിക്കൊണ്ടിരുന്നപ്പോഴാണ് അവളും അപ്പുവും എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ജീവിതത്തിലെ സകല തിരക്കഥകളെയും പൊളിച്ചെഴുത്തിയ ആ കടന്നു വരവിനെ നിയോഗം എന്നു വിളിക്കാനാണ് എനിക്കിഷ്ടം.- അലി പറഞ്ഞു തുടങ്ങുകയാണ്. 

രണ്ടായിരത്തിപ്പത്തിന്റെ തുടക്കത്തില്‍, ഒരുദിവസം തിരുവനന്തപുരത്തുനിന്നും തൃശൂരിലേക്ക് ട്രെയിനില്‍ വരുമ്പോള്‍, കരുനാഗപ്പള്ളി സ്റ്റേഷനില്‍ നിന്നും ഒരു യുവതി കയറി. കയ്യില്‍, ഏതാണ്ട് രണ്ടുവയസ്സ് പ്രായമുള്ള ഒരു കുഞ്ഞും. അവരെ കണ്ടപ്പോള്‍ മൊത്തത്തില്‍ എന്തോ പ്രശ്‌നം ള്ളതുപോലെ തോന്നി. കാരണം, അത്രമാത്രം നിസ്സംഗതയുള്ള ഒരു മുഖം ഞാന്‍ മുമ്പെങ്ങും കണ്ടിട്ടില്ല. അക്കാലത്ത് പുകവലി എനിക്കൊരു ശീലമായിരുന്നു. ഞാന്‍ ഡോറിനരികില്‍ നിന്ന് ഒരു സിഗരറ്റ് വലിച്ച്, ആരും കാണാതെ പുറത്തേക്ക് പുകയും വിട്ട് അങ്ങനെ നില്‍ക്കുകയായിരുന്നു.

ട്രെയിന്‍ കുറച്ചുദൂരം മുന്നോട്ട് പോയപ്പോള്‍, ആ യുവതി കുഞ്ഞിനെയുമെടുത്ത് എതിര്‍വശത്തെ ഡോറില്‍ വന്ന് നിന്നു. തീര്‍ത്തും ആശ്രദ്ധമായി. ബോധപൂര്‍വം എന്നുതന്നെ തോന്നും വിധത്തില്‍. കയ്യൊന്ന് സ്ലിപ്പായാല്‍ തള്ളയും കുഞ്ഞും പുറത്തേക്ക് തെറിച്ചുപോകാവുന്ന അവസ്ഥ. അത് കണ്ടപ്പോള്‍ എനിക്ക് തോന്നി ഞാനൊരു ദുരന്തത്തിന് സാക്ഷി ആകേണ്ടി വരുമെന്ന്. ആ യുവതിയോട് അവിടുന്ന് മാറാന്‍ പറഞ്ഞു. പക്ഷേ, കേട്ടഭാവം നടിക്കുന്നില്ല. ഞാന്‍ വേറെ ചില യാത്രക്കാരോട് കാര്യം സൂചിപ്പിച്ചു. അവരും ചേര്‍ന്ന് ഒരുവിധത്തില്‍ ആ യുവതിയെ ഒരു സീറ്റില്‍ കൊണ്ടിരുത്തി.

കണ്ണ് കലങ്ങി, മുഖം താഴ്ത്തി യുവതി അവിടെ ഇരുന്നു. ഇതിനിടയില്‍ കുഞ്ഞ് കരയുന്നതൊന്നും അറിയുന്നില്ല. ഒരു ജീവച്ഛവം പോലെ ഇരിക്കുന്നു. അങ്ങനെ, തൃശൂര്‍ എത്തിയപ്പോള്‍ അവരും ഇറങ്ങി. ഞാന്‍ അവരോട് ചോദിച്ചു എവിടേക്കാണ് പോകേണ്ടതെന്ന്. സമാധാനമായി പോകാന്‍ അങ്ങനെ പ്രത്യേകിച്ചൊരിടം ഇല്ലെന്ന മട്ടിലായിരുന്നു മറുപടി. വീടും അഡ്രസ്സും ചോദിച്ചറിഞ്ഞശേഷം ഒരു ഓട്ടോയില്‍ കയറ്റി വിട്ടു. വീടെത്തിയാല്‍ ദയവായി ഒന്ന് വിളിച്ചറിയിക്കണം എന്നും പറഞ്ഞ്, ഫോണ്‍ നമ്പറും കൊടുത്തു. പക്ഷേ, പിന്നീട് വിളിയൊന്നും ഉണ്ടായില്ല. എന്തെങ്കിലും ആവട്ടെ എന്ന് ഞാനും കരുതി.

ഏതാണ്ട് രണ്ട് മാസം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു കോള്‍വന്നു. ഇന്ന ആളാണെന്ന് പരിചയപ്പെടുത്തി. അന്ന് ട്രെയിനില്‍ വച്ചുണ്ടായ സംഭവം ഓര്‍മ്മിപ്പിച്ചു. ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചു. കുഞ്ഞിനെയും കൊണ്ട് മരിക്കാന്‍ ഇറങ്ങിത്തിരിച്ച അവളുടെ ജീവിത കഥകള്‍ മുഴുവന്‍ വിവരിച്ചു. വഞ്ചിക്കപ്പെടലിന്റെയും.

ഗാര്‍ഹിക പീഡനത്തിന്റെയും അവഗണനയുടെയും നീറുന്ന അനുഭവങ്ങള്‍. ചിലത് പുറത്ത് പറയാന്‍ ആവാത്തത്. എങ്കിലും അവള്‍ കണ്ണീരോടെ പറഞ്ഞുനിറുത്തി. എല്ലാം കേട്ടപ്പോള്‍ എന്റെയും ഉള്ള് ഒന്ന് പിടഞ്ഞു. കാരണം മൂന്ന് സഹോദരിമാര്‍ എനിക്കും ഉണ്ട്. ആ നിമിഷം അവരെയും ഓര്‍ത്തു. പിന്നീട്, ഇടക്കൊക്കെ വിളിച്ച് അവള്‍ സംസാരിക്കുമായിരുന്നു. തൃശ്ശൂരില്‍ വച്ച് വല്ലപ്പോഴും കാണുകയും ചെയ്യും.

അങ്ങനെ ഒരു വര്‍ഷം പിന്നിട്ടു. അപ്പോഴും ഇനിയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ താത്പര്യമൊന്നും അവള്‍ക്ക് തോന്നിയിരുന്നില്ല. കുഞ്ഞിനെ എങ്ങനെയെങ്കിലും വളര്‍ത്തണം. അവനുവേണ്ടി ജീവിക്കണം എന്നൊക്കെ ഞാനും ഉപദേശിക്കുമായിരുന്നു. പക്ഷേ, അതിനൊന്നുമുള്ള സാമൂഹ്യ-സാമ്പത്തിക സഹചര്യങ്ങളോ, നല്ലൊരു ജോലിയോ, ഗ്രാജുവേഷനോ ഒന്നും അവള്‍ക്കില്ലായിരുന്നു. പഴയ ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചുപോക്ക് ഇല്ലെന്നും അതിനേക്കാള്‍ നല്ല ഓപ്ഷന്‍ മരണം മാത്രമാണെന്നും തറപ്പിച്ചു പറയുകയും ചെയ്തു.

ജീവിത നിയോഗത്തിന്റെ വിധികല്പിതം! ഞാന്‍ അവളോട് ചോദിച്ചു. നമുക്കൊന്ന് ജീവിച്ചു നോക്കിയാലോ? അവള്‍ ആകെ ഞെട്ടിപ്പോയി. കുറച്ചുനേരം സ്തംഭിച്ചുനിന്നു. എന്നിട്ട് പറഞ്ഞു. വേണ്ടേ എന്തിനാണ് വെറുതെ നശിച്ചുപോയ ഒരു ജന്മത്തെ എടുത്ത് തലയില്‍ വെക്കുന്നത്? ഞാന്‍ പറഞ്ഞു. നല്ലതൊക്കെ എടുത്ത് തലയില്‍ വെക്കാന്‍ ആര്‍ക്കാണ് പറ്റാത്തത്. നമുക്കൊന്ന് നോക്കാമെന്നേ. ആങ്ങനെ രണ്ടായിരത്തി പതിനൊന്നില്‍, സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വടക്കാഞ്ചേരി സബ് രജിസ്ട്രാര്‍ ആപ്പീസില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായി.

വേദനകള്‍ മാത്രമുള്ള അവളുടെ പൂര്‍വകാലം ചികഞ്ഞ് ഞാന്‍ പോയിട്ടില്ല. കണ്ണീരുപ്പു കലര്‍ന്ന ഭൂതകാലം അവളുടെ കൈപിടിച്ച നിമിഷത്തിലെപ്പോഴോ ഞാന്‍ സൗകര്യപൂര്‍വം ഉപേക്ഷിച്ചു. എന്തിനേറെ അവളുടെ പേരുപോലും ഉപേക്ഷിച്ചിട്ടാണ് ഞാനവള്‍ക്ക് തണലും വെളിച്ചവുമായത്. 

ഇരുട്ടിലായിപ്പോയ ഒരു പെണ്ണിന് വെളിച്ചമായി എന്നുള്ള അഭിമാനം മാത്രം. ആ നിയോഗത്തെ ഇന്നും ഞാന്‍ അഭിമാനത്തോടെ മനസില്‍ കൊണ്ടു നടക്കുന്നു. വീട്ടുകാരുടെ എതിര്‍പ്പിനു നടുവില്‍ നടന്ന ആദ്യവിവാഹം. ആ ബന്ധം വേര്‍പിരിഞ്ഞപ്പോള്‍ അവള്‍ക്ക് വീട്ടുകാരും ഇല്ലാതായി. ഒറ്റയ്ക്കായി പാവം. നശിച്ചു പോയ ജന്മമെന്നും ആര്‍ക്കും വേണ്ടാത്തവളെന്നും സ്വയം വിധിയെഴുതി. ആ ഇരുട്ടിലേക്കാണ് ഞാന്‍ ചെന്നുകയറുന്നത്. അവളെ സഹായിക്കാന്‍ പലര്‍ക്കും കഴിഞ്ഞേക്കും. പക്ഷേ പരന്നു കിടക്കുന്ന ജീവിതത്തിന് തണലാകാന്‍ ആര്‍ക്കാവും?  ആ ചോദ്യമാണ് അവളെ എന്റെ ജീവിതപ്പാതിയാക്കിയത്. പുതിയ ജീവിതത്തില്‍ ഗൗരിയെന്നാണ് ഞാനവളെ വിളിച്ച പേര്. അന്ന് രണ്ട് വയസുമാത്രം പ്രായമുള്ള ആ കുഞ്ഞിനെ ഞങ്ങള്‍ ഋഷിയെന്നു വിളിച്ചു. ആ വലിയ തീരുമാനത്തിന്റെ പേരില്‍ പലതും എനിക്ക് നഷ്ടപ്പെട്ടു എന്നത് ജീവിതത്തിന്റെ മറ്റൊരു ട്വിസ്റ്റ്. എന്റെ കുടുംബം എന്നില്‍ നിന്നും അകന്നു. 8 വര്‍ഷത്തിനു ശേഷമാണ് എന്റെ ഉപ്പ എന്നോട് സംസാരിച്ചതു പോലും. പക്ഷേ അതൊന്നും എന്നെ അസ്വസ്ഥമാക്കിയില്ല. എന്നെ വിശ്വസിച്ചു വന്ന പെണ്ണിനും പൈതലിനു തണലായി, തുണയായി ഞാന്‍ മുന്നോട്ടു പോയി. 

ഞങ്ങളുടെ ലോകത്ത് ഞാന്‍ സന്തോഷവാനായിരുന്നു. ഗൗരിയുടെ ഭര്‍ത്താവായി. ഋഷിയുടെ അച്ഛനായി ഞങ്ങളുടേത് മാത്രമായി ഒരു സ്വര്‍ഗം ഉണ്ടാക്കി. 

ali-2

അവര്‍ തന്നു പുതിയ ലോകം

എന്റെ എഴുത്തിന്റെ ലോകത്ത് അവളും മകനും വലിയ പിന്തുണയാണ് നല്‍കിയത്. ഞാനെഴുതിയ പുസ്തകങ്ങളൊക്കെ ഋഷി സ്‌കൂളില്‍ കൊണ്ടുപോയി ടീച്ചര്‍മാരെയും കൂട്ടുകാരെയും കാണിക്കും. എന്റെ അച്ഛനാണ് എഴുതിയതെന്ന് അഭിമാനത്തോടെ പറയും. അവനിപ്പോള്‍ 13 വയസാകുന്നു. ഒരിക്കല്‍ പോലും അവന്റെ യഥാര്‍ത്ഥ അച്ഛന്‍ ഞാനല്ല എന്ന സത്യം അവനോട് പറയേണ്ടി വന്നിട്ടില്ല. പറയുന്നത് എനിക്കും കേള്‍ക്കുന്നത് അവനും വലിയ നീറ്റലാണെന്ന് പറയേണ്ടതില്ലല്ലോ. അത്രയ്ക്കുണ്ടായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ ആഴവും പരപ്പും. അവനെനെന്റെ മകനല്ല എന്നത് അടുത്ത സുഹൃത്തുക്കളല്ലാതെ മറ്റൊരാള്‍ക്കും അറിയില്ല. എന്നിട്ടും അവന്റെ അച്ഛന്‍ ഞാനല്ലെന്ന് അവനോടും പിന്നെ ഈ ലോകത്തോടും വിളിച്ചു പറയേണ്ടി വന്നു. ഋഷിയേയും ഗൗരിയേയും എനിക്കു തന്ന വിധിയുടെ മറ്റൊരു നാടകീയതയായിരുന്നു അത്.- അലി ഒരു ദീര്‍ഘനിശ്വാസമെടുത്തു. 

ഒരിക്കല്‍ അവനെ ഉപേക്ഷിച്ച അവന്റെ അച്ഛന്‍ അവകാശം പറഞ്ഞ് തിരികെയെത്തുന്നിടത്താണ് കഥ വീണ്ടും കീഴ്‌മേല്‍ മറിയുന്നത്. എന്നെ മാനസികമായി തളര്‍ത്തിക്കൊണ്ടും വ്യക്തിഹത്യ നടത്തിക്കൊണ്ടുമായിരുന്നു അയാളുടെ തിരികെ വരവ്. എന്റെ ബുക്ക് പബ്ലിഷ് ചെയ്ത പബ്ലിഷറെ വിളിച്ച് എന്നെക്കുറിച്ചും എന്റെ ജീവിതത്തെക്കുറിച്ചും മോശമായി സംസാരിച്ചു. ഞാന്‍ പാട്ടെഴുതി നല്‍കുന്ന ഊരാളി ബാന്റിലെ മാര്‍ട്ടിനെ വിളിച്ചും ലോകത്ത് മറ്റാര്‍ക്കുമറിയാത്ത എന്റെ ജീവിതത്തെ തുറന്നുകാട്ടി. എന്നെ മോശക്കാരനാക്കി എന്നു പറയുന്നതാകും കൂടുതല്‍ ശരി. എനിക്ക് പ്രിയപ്പെട്ടവരേയും എന്റെ സുഹൃത്തുക്കളേയും തിരഞ്ഞു പിടിച്ച് വിളിച്ച് അയാള്‍ ഈ കഥ പറഞ്ഞു കൊണ്ടേയിരുന്നു. എന്നെ അറിയുന്നവരെല്ലാം ആ അപഖ്യാതികള്‍ വിശ്വസിച്ചില്ല എന്നു മാത്രമല്ല എന്നോട് വിളിച്ച് സംഭവം വിശദമാക്കുകയും ചെയ്തു. 

നീണ്ട 10 കൊല്ലം ഇങ്ങനെയൊരു മകന്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അന്വേഷിക്കാത്ത ഒരാള്‍ അവകാശം പറഞ്ഞു വരുന്നതിലെ അദ്ഭുതം ആയിരുന്നു പലര്‍ക്കും. അയാള്‍ അത് കോടതിക്കു മുന്നില്‍ എത്തിച്ചപ്പോഴും കേസ് ഏറ്റെടുത്തത് എന്റെ സുഹൃത്തായിരുന്നു. പക്ഷേ എന്നെ അറിയാമായിരുന്ന സുഹൃത്ത് സത്യമറിഞ്ഞ് കേസില്‍ നിന്നും പിന്‍വാങ്ങി. എന്റെ പല സുഹൃത്തുക്കളും ഇതിനെ പറ്റി ചോദിച്ചും അറിഞ്ഞും വിളിച്ചു തുടങ്ങിയപ്പോഴാണ് ആ തീരുമാനം എടുത്തത്. അവന്റെ ബയോളജിക്കല്‍ ഫാദര്‍ ഞാനല്ല എന്ന സത്യം മറ്റൊരാള്‍ പറഞ്ഞ് അറിയുന്നതിലും ഭേദം ഞാന്‍തന്നെ പറയുന്നതാണ് നല്ലതെന്ന് തിരിച്ചറിവുണ്ടായി. മറ്റൊരാള്‍ പറഞ്ഞ് അത് കേള്‍ക്കേണ്ടി വന്നാല്‍ എന്റെ കുഞ്ഞ് അത് താങ്ങിയെന്നു വരില്ല. ആ ബോധ്യമാണ് എന്നെ കൊണ്ട് ആ നെഞ്ചുപിടയ്ക്കുന്ന തീരുമാനം എടുപ്പിച്ചത്. എന്റെ നെഞ്ചില്‍ ചായുറങ്ങിയ കുഞ്ഞിനോട് ഞാന്‍ പറയുകയാണ് ഞാനവന്റെ അച്ഛനല്ലെന്ന്. ആ നിമിഷം ഒന്നു സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ല. ഓര്‍ത്തപ്പോഴെല്ലാം നെഞ്ചുനീറിപ്പിടഞ്ഞു. പക്ഷേ പറയാതെ വയ്യല്ലോ...

ജീവന്റെ വിലയുള്ള സത്യം

അങ്ങനെ ഒരു ദിവസം ഞാനൊരു കഥയവനോട് പറഞ്ഞു. സ്‌നേഹത്തോടെ കഴിയുന്ന ഒരച്ഛനും മകനും. അച്ഛന് മകനെന്നാല്‍ ജീവനായിരുന്നു. ഈ ലോകത്ത് മറ്റെന്തിനേക്കാളും വലിയ സ്വത്ത്. മകനും തിരിച്ച് അങ്ങനെ തന്നെ. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന അവരുടെ മാത്രം ലോകത്തേക്ക് ഒരിക്കല്‍ പുതിയൊരു അതിഥി കടന്നു വന്നു. അയാള്‍ക്ക് വേണ്ടത് ആ മകനെയായിരുന്നു. മകന്റെ യഥാര്‍ത്ഥ അച്ഛന്‍ എന്ന് അവകാശപ്പെട്ട അയാള്‍ പറ്റാവുന്ന വഴിയിലൂടെയെല്ലാം അവനെ തിരികെ കൊണ്ടു പോകാന്‍ നോക്കി.... ഇതായിരുന്നു കഥ...അന്ന് ആ കഥയ്ക്ക് അവന്‍ പറഞ്ഞ മറുപടിയാണ് എനിക്ക് ധൈര്യം തന്നത്. ഇത്രയും നാളില്ലാത്ത ഒരച്ഛന്‍ എങ്ങനെ അവകാശമുന്നയിക്കും എന്ന് അവന്‍ എന്റെ കഥയ്ക്ക് മറുചോദ്യമെറിഞ്ഞപ്പോള്‍ ആത്മവിശ്വാസമേറി. പക്വതയോടെയുള്ള അവന്റെ മറുപടി എന്നെ അച്ഛനെന്ന നിലയില്‍ അഭിമാനം തന്നു. അങ്ങനെ അടുത്ത ദിവസം വീര്‍പ്പുമുട്ടലുകള്‍ക്കു നടുവില്‍ നിന്ന് ഞാനവനോട് അതു പറഞ്ഞു.

'അപ്പൂ... നിന്റെ ബയോളജിക്കല്‍ ഫാദര്‍ ഞാനല്ലാ' എന്ന് 

പക്ഷേ സങ്കല്‍പ്പത്തിലെ കഥ സത്യമായപ്പോള്‍ ഒരുനിമിഷം എന്റെ കുഞ്ഞിന്റെ മനസു പിടഞ്ഞു. കറന്റ് പോയ പോലെ അവന്‍ ഷോക്കായി. കണ്ണീരൊഴുക്കി പൊട്ടിക്കരഞ്ഞു. എന്നെ കെട്ടിപ്പിടിച്ചു. അന്നേരം ഞാനനുഭവിച്ച മാനസിക വ്യഥ ആരോട് പറയാന്‍. ഗൗരിക്കായിരുന്നു എന്നേക്കാളേറെ സങ്കടം. മകന്‍ മനസു കൊണ്ട് അംഗീകരിച്ച, അച്ഛനെന്നു വിളിച്ച ഒരാള്‍ക്ക് അത് മാറ്റി പറയുമ്പോഴുള്ള അവസ്ഥ അവളെയും വേദനിപ്പിച്ചു.

ആ ദിവസങ്ങള്‍ നല്‍കിയ ഷോക്ക് ഏറെ നാള്‍ എനിക്കൊപ്പം  ഉണ്ടായിരുന്നു. അപ്പുവും സത്യമറിഞ്ഞ ശേഷം പഴയ പ്രസരിപ്പൊക്കെ പോയി വല്ലാതെ ഗ്ലൂമിയായി. പഠനത്തില്‍ പോലും പിന്നോക്കം പോയി. ചിരി മാഞ്ഞു. എന്റെ പഴയ അപ്പുവിനെ തിരികെ കൊണ്ടുവരാന്‍. ഞാന്‍ ഏറെ പണിപ്പെട്ടു. ഉല്ലാസയാത്ര കൊണ്ടു പോയി, പതിവിലും കൂടുതല്‍ അടുത്തു, സ്‌നേഹം കൊണ്ട് അവന്റെ മനസിനെ ബാധിച്ച മുറിവുണക്കി. ഇപ്പോള്‍ എന്റെ കുഞ്ഞ് പറയുന്നത്, അയാള്‍ ഏത് കോടതി വേണേലും കയറട്ടേ... ഏത് ജഡ്ജി ചോദിച്ചാലും ഞാന്‍ പറയും ഇതാണെന്റെ അച്ഛനെന്ന്. അതിലും വലുത് എനിക്കെന്ത് വേണം. 

അല്ലേലും ജന്മബന്ധമല്ലല്ലോ കര്‍മ ബന്ധമല്ലേ പരിശുദ്ധം. ഈ നാട്ടില്‍ അച്ഛനും അമ്മയും കൊല്ലുന്ന മക്കളുടെ വാര്‍ത്തകള്‍ കേട്ടിട്ടില്ലേ, ഇവിടെ റേപ്പ് ചെയ്താലും കുഞ്ഞിനെ ഉണ്ടാക്കാം. ഒന്നോര്‍ക്കൂ, ബന്ധങ്ങളുടെ ആഴം നിശ്ചയിക്കുന്നത് രക്തമല്ല, മനസുകളുടെ ഇഴയടുപ്പമാണ്. ഞാനും എന്റെ അപ്പുവും തമ്മിലുള്ളതും അതാണ്. അയാള്‍ അവകാശവുമായി കോടതി ഇപ്പോഴും കയറിയിറങ്ങുന്നുണ്ട്. നോക്കിക്കോ... അവിടെ ഞങ്ങളുടെ സ്‌നേഹമായിരിക്കും ജയിക്കാന്‍ പോകുന്നത്.- അലി പറഞ്ഞു നിര്‍ത്തി.