Thursday 19 April 2018 03:16 PM IST

‘ഈ ലോകമാണ് എന്റെ കളിക്കളം.. എനിക്കു മത്സരിക്കാൻ എതിരാളികളില്ല’

Shyama

Sub Editor

alice001
ഫോട്ടോ: വിഷ്ണു വി.നായർ

സ്വപ്നം കണ്ടു ഭ്രമിച്ചു പോയ ഒരു പെൺകുട്ടിയെയാണ് ആലിസ് എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക. ലൂയി കാരളിന്റെ നോവലിലെ ആലിസിനെ പോലെ വെറുതെ സ്വപ്നം കാണുന്ന ശീലം ആലിസ് വൈദ്യനില്ല. മനസ്സിൽ വിരിയുന്ന സ്വപ്നങ്ങൾ യാഥാ ർഥ്യമാക്കാനുള്ള പദ്ധതികൾ ഈ ആലിസിന്റെ പക്കലുണ്ട്. ‘ഈ ലോകമാണ് എന്റെ കളിക്കളം. എനിക്കു മത്സരിക്കാ ൻ എതിരാളികളില്ല’ എന്ന് ഉറച്ച ശബ്ദത്തിൽ പറയുന്നൊരു പെണ്ണിനെ കാണുക അത്ര എളുപ്പമല്ല. ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ (ജിഐസി) തലപ്പത്തിരുന്ന് ആലിസ് ഇതു പറയുമ്പോൾ അത് സ്ത്രീകൾക്കു മുഴുവൻ അ ഭിമാനിക്കാവുന്ന നേട്ടമാണ്. ജിഐസിയുടെ ചെയർമാനാകുന്ന ആദ്യ വനിതയാണ്  മാവേലിക്കരക്കാരി ആലിസ് വൈദ്യൻ. ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന ഏത് മലയാളി പെൺകുട്ടിക്കും പ്രചോദനമാണ് ആലിസിന്റെ ജീവിതപുസ്തകം.

‘നീ ഇതിലും വലിയ ഉയരങ്ങൾ കീഴടക്കും’ ‘നന്നായി പഠിക്കുന്ന നല്ല മാർക്കു വാങ്ങുന്ന കുട്ടിയായിരുന്നു ഞാൻ. പണ്ടൊക്കെ നന്നായി പഠിക്കുന്നവർ എൻജിനീയർ അല്ലെങ്കിൽ ഡോക്ടറാകണം എന്നായിരുന്നല്ലോ. അങ്ങനെയാണ് എന്റെയുള്ളിലും മെ‍ഡിസിന്‍ എന്ന സ്വപ്നം വരുന്നത്. പക്ഷേ, എന്തുകൊണ്ടോ അതെന്റെ വഴിയാണെന്നു തോന്നിയില്ല. അന്ന് അപ്പനും അമ്മയും പറഞ്ഞു ‘യൂ ആർ മെയ്ഡ് ഫോർ ബിഗർ തിങ്സ്.’ അതാണ് എന്നെ ഇവിടം വരെ എത്തിച്ചത്.  എൻജിനീയർ അല്ലെങ്കിൽ ഡോക്ടർ ആകാനുള്ള പഠിപ്പിനു മാത്രമായിരുന്നു ആളുകൾ വില കൽപിച്ചിരുന്നത്.

എന്റെ അപ്പനും അമ്മയും പ്രോഗ്രസീവ് ആയി ചിന്തിക്കുന്ന കൂട്ടത്തിലായിരുന്നു. ആണിനും പെണ്ണിനും  വേറെ നിയമങ്ങൾ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നില്ല. ആൺമക്കൾക്കു കിട്ടിയ എല്ലാ സ്വാതന്ത്ര്യവും പെൺമക്കൾക്കും ഉണ്ടായിരുന്നു. അന്നൊക്കെ ഏറ്റവും നല്ല ജോലി ഗവൺമെന്റ് ജോലിയാണ്. അങ്ങനെയാണ് അതിനുള്ള തയാറെടുപ്പുകൾ നടത്തിയത്. ചെറുപ്പം മുതൽ നന്നായി വായിക്കും. പത്രവായനയും മുടക്കില്ല. വായനയും പഠനവും മാത്രമല്ല വയലിനും ഞാൻ പരിശീലിച്ചിട്ടുണ്ട്. എടവൂർ കുടുംബാംഗങ്ങളാണ് ഞങ്ങൾ. അമ്മ  തങ്കമ്മ  ഈശോ. അച്ഛൻ എം. ഈശോ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ സീനിയർ മാനേജറായിരുന്നു. ഹൈദരാബാദ്, ചെന്നൈ, കേരളം എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലായിരുന്നു ഡിഗ്രി പഠനം. ബി.എസ്‌സി കെമിസ്ട്രി കഴിഞ്ഞ് ഞാൻ ഇംഗ്ലിഷ് സാഹിത്യത്തിലേക്ക് ചുവടു മാറ്റം നടത്തി. എംഎ ഇംഗ്ലിഷ് പഠനം  ചങ്ങനാശേരി  എസ്ബി  കോളജിൽ. ബോസ്റ്റണിലെ ഹാർവഡ് ബിസിനസ് സ്കൂളില്‍ നിന്നും  ലീഡർഷിപ്  ട്രെയ്നിങ് കിട്ടിയിട്ടുണ്ട്.

1983ലാണ് ജോലിക്കു കയറുന്നത്. തിരുവനന്തപുരത്ത് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിലായിരുന്നു ആദ്യ നിയമനം. 1986ലാണ് അഹമ്മദാബാദിലേക്കു പോകുന്നത്. അതിനിടെയായിരുന്നു വിവാഹം. കൊല്ലം തേവലക്കര വാഴയിൽ വൈദ്യൻ കുടുംബത്തിലെ ഡോ. എം. ഗീവർഗീസ് വൈദ്യനെയാണ് വിവാഹം ചെയ്തത്. അങ്ങനെ  എന്റെ പേര് ആലിസ് വൈദ്യനെന്നായി. പരിചയപ്പെടുന്നവർ പലരും ആദ്യം പേരിനെ കുറിച്ച് ചോദിക്കാറുണ്ട്. ഭർത്താവ്  എസ്ബിഐയുടെ  ഡെപ്യൂട്ടി മാനേജിങ് ഡ‍യറക്ടറായിരുന്നു. അവിടെനിന്നു വിരമിച്ച ശേഷം ഇപ്പോൾ മുംബൈ ടാറ്റാ ട്രസ്റ്റിന്റെ സീനിയർ അഡ്വൈസറാണ്. വര‍്‍ഷങ്ങളായി ഞങ്ങൾ മുംബൈയിലാണ് താമസം.

ജിഐസിയിൽ എത്തിയിട്ട് ഇത് പത്താം വർഷം. 2008 ൽ ഡെപ്യൂട്ടി ജനറൽ മാനേജരായി. രണ്ടു വർഷം  മുൻപാണ് ചെയർമാനാകുന്നത്. ഈ കസേരയിൽ ഇരിക്കുമ്പോൾ ഒരോ ദിവസവും ഞാൻ ഒാർക്കാറുണ്ട്. എന്റെ വഴി വേറെയാണെന്ന് തീരുമാനിച്ച നിമിഷത്തെ. അതിന് എതിര് നിൽക്കാതെ കൂടെ നിന്ന അപ്പനെയും അമ്മയെയും. അത്തരം ചില ഉറച്ച തീരുമാനങ്ങളാണ്  നമ്മുടെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത്.’

alice005

ഈ വാക്കുകളുടെ തിളക്കമേറ്റുന്നതാണ് ഒരോ വർഷവും ആലിസ് വൈദ്യനെ തേടിയെത്തുന്ന അംഗീകാരങ്ങൾ, 2017 ഫോർച്യൂൺ ഇന്ത്യയുടെ ‘മോസ്റ്റ് പവർഫുൾ വിമൻ ഇൻ ബിസിനസ്’ ലിസ്റ്റിൽ ഏഴാം സ്ഥാനക്കാരിയാണ് ഈ മലയാളി വനിത. കഴിഞ്ഞ രണ്ടു വർഷവും ബിസിനസ് ടുഡേയുടെ ഇന്ത്യൻ ബിസിനസ് രംഗത്തെ പ്രബല വനിതകളുടെ പട്ടികയിലും ആലിസ് ഇടം നേടി.

സ്ത്രീകളോട് എനിക്ക് പറയാനുള്ളത്

‘ഒരു സ്ത്രീക്ക് സ്വന്തമായി സ്വപ്നങ്ങളുണ്ടാകുക എന്നു പറയുന്നതു തന്നെ മോശമായിട്ടാണ് പലയിടത്തും ചിത്രീകരിക്കപ്പെടുന്നത്. കല്യാണം കഴിഞ്ഞിട്ടാണ് സ്വപ്നം കാണുന്നതെങ്കിൽ പിന്നെ പറയുകയും  വേണ്ട. എല്ലാ സ്ത്രീകളോടും എ നിക്കു പറയാനുള്ള ചിലതുണ്ട്. നിങ്ങൾ നിങ്ങളിൽ അടിയുറച്ചു വിശ്വസിക്കുക. കിട്ടാവുന്നത്ര അറിവു നേടാൻ ശ്രമിക്കുക. സ്വന്തം കഴിവിൽ നമുക്ക് തന്നെ സംശയം തോന്നാൻ ഇടവരരുത്. അതാണ് സ്ത്രീകളെ പിന്നാക്കം വലിക്കുന്നത്.

ഉയർന്ന സ്ഥാനങ്ങളിലേക്കു സ്ത്രീകൾ വരുന്ന കാര്യത്തിലും സ്ത്രീകൾക്കുള്ള പ്രോത്സാഹനത്തിന്റെ കാര്യത്തിലും കേരളം ഒരുപാട് മുന്നിലാണ്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ സ്ത്രീകളുടെ അവസ്ഥ വളരെ മോശമാണ്. പ്രധാനപ്പെട്ട മറ്റൊരു കാര്യം പറയാം.സ്ത്രീകൾ തമ്മിൽ അങ്കം വെട്ടുന്നതവസാനിപ്പിച്ച് പരസ്പരം പ്രോത്സാഹിപ്പിക്കുക. മറ്റെല്ലാം പെണ്ണിനെതിരെ നിൽക്കുമ്പോൾ നമുക്കിടയിലെ കൂട്ടായ്മ മാത്രമേ ഉയർച്ചയിലേക്കു ന യിക്കൂ. ‘വീട്ടുകാര്യം നോക്കാൻ പറ്റില്ല, എനിക്ക് ഇത്രയൊക്കെയേ ചെയ്യാൻ കഴിയൂ’ ഇങ്ങനെയുള്ള മുട്ടാപ്പോക്ക് ചിന്തകൾ ആദ്യമേ മാറ്റി വയ്ക്കണം. വീടും ജോലിയുമൊക്കെ ഭംഗിയായി കൊണ്ടുപോകുന്ന എത്രയെത്ര സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. കൃത്യമായ ടൈം മാനേജ്മെന്റും  ആത്മവിശ്വാസവും ഉണ്ടായാൽ  തന്നെ എല്ലാം ശരിയാകും. പറ്റുന്നത്ര യാത്ര ചെയ്യുക, വായിക്കുക അപ്പോൾ തന്നെ ചട്ടക്കൂടുകൾ അയയുകയും പുതിയ കാഴ്ചപ്പാടുകൾ വരികയും  ചെയ്യും.

ഇതുപോലെ തന്നെ സ്ത്രീകൾ ചെയ്യരുതാത്ത കാര്യങ്ങളുമുണ്ട്. സേഫ്റ്റി നോക്കുക എന്നത് സ്ത്രീകളുടെ കാര്യത്തി ൽ ഏറെ പ്രധാനമാണെങ്കിലും അനാവശ്യമായ കൺസഷനുകൾ ചോദിച്ചു വാങ്ങരുത്. യാത്ര ചെയ്യാൻ പറ്റില്ല, ഒരു സമയത്തിനപ്പുറം ജോലി ചെയ്യാൻ പറ്റില്ല എന്നൊക്കെ പറയുന്നത് അത്ര സുഖകരമായ കാര്യമല്ല. കൃത്യമായ സൗകര്യങ്ങളും സുരക്ഷിതത്വവും ജോലി ചെയ്യുന്നിടത്തു നിന്നുറപ്പാക്കിയ ശേഷം ‘നോ’ പറയുന്നത് കുറയ്ക്കാം.

ജോലിയുടെ ഭാഗമായി ഏതാണ്ട് നാൽപതിലധികം രാജ്യങ്ങളിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ഓരോയിടത്തു പോകുമ്പോഴും നമ്മൾ നമ്മുടെ നാടിനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനനുസരിച്ച് പെരുമാറാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നു പറയുമ്പോൾ പലരും വന്ന് എന്നെ അഭിനന്ദിക്കാറുണ്ട്. ഇപ്പോഴും ജപ്പാനിലും തുർക്കിയിലും ആണിനും പെണ്ണിനും തുല്യ വേതനമില്ല. പല രാജ്യങ്ങളിലും സ്ത്രീകൾക്ക് ജോലിയിൽ നിന്നു വിരമിക്കാനുള്ള പ്രായം പുരുഷനെക്കാൾ  കുറവാണ്. അമേരിക്കയിലാണ് പിന്നെയും ഉയർന്ന സ്ഥാനത്തേക്കു സ്ത്രീകൾ എത്തുന്നത്. അവിടെയും വീട്ടുകാരുടെ സപ്പോർട്ട് എന്നൊരു കാര്യമേയില്ല. അതൊക്കെ വച്ചു നോക്കുമ്പോൾ നമ്മൾ കാഴ്ചപ്പാടുകളിൽ, തുല്യതയിൽ ഒക്കെ ഒരുപാടു മുന്നിലാണ്. എന്നെ സംബന്ധിച്ച് മാതാപിതാക്കളും ഭർത്താവും മക്കളും തന്ന സപ്പോർട്ട് വളരെ നിർണായകമായിരുന്നു.
സാധ്യതകൾ പ്രയോജനപ്പെടുത്തുക

‘ബോസ് എങ്ങനെയായിരിക്കണമെന്നോ വരുന്ന ക്ലൈന്റ് എ ങ്ങനെ വേണമെന്നോ നമുക്ക് മുൻകൂട്ടി തീരുമാനിക്കാനാകില്ല. വിശാലമനോഭാവത്തോടെ വേണം  ജോലിയെയും അതിൽ വരുന്ന പ്രശ്നങ്ങളെയും  സമീപിക്കാൻ. ചുറ്റുമുള്ളവരുടെ കഴിവും അനുഭവപരിചയവും ഒക്കെ ഉപയോഗിക്കാനുള്ള മനസ്സു കാണിക്കണം. ടീം ആയി ജോലി ചെയ്യുമ്പോൾ എല്ലാവർക്കും പറയാനുള്ളത് ക്ഷമയോടെ കേൾക്കുക. എന്തു പറഞ്ഞാലും എതിർക്കാനുള്ള മനോഭാവത്തിലാകരുത് കാര്യങ്ങൾ കേൾക്കുന്നത്, മറിച്ച് ചെറുതെങ്കിലും പുതിയതു പഠിക്കാനാകും എന്ന ബോധത്തോടെ വേണം പെരുമാറാൻ.

alice006

ഇന്നതു മാത്രമേ പഠിക്കാവൂ, പഠിച്ചതിൽ മാത്രമേ ജോലി നോക്കാവൂ എന്നുള്ള ധാരണകൾ ഇപ്പോൾ മാറി വരുന്നുണ്ട്. പഠിക്കുന്ന വിഷയത്തിൽ പരമാവധി അറിവു നേടുക എന്നതാണ് പ്രധാനം. നമ്മളൊരു ജോലി ചെയ്തു വച്ചാൽ അതെക്കുറിച്ച് മറ്റുള്ളവർ ചോദ്യങ്ങൾ ചോദിക്കാന്‍ ഇടവരുത്തരുത്. അഥവാ ചോദ്യങ്ങള്‍ വന്നാലും പതറാതെ ഉത്തരം പറയാനുള്ള കെൽപ് വേണം.  ‘ഇന്നാണ് ജോലിയിലെ ആദ്യ ദി നം’ എന്നു കരുതി വേണം എല്ലാദിവസത്തെയും ജോലി തുടങ്ങാൻ. അപ്പോൾ തന്നെ നമുക്ക് ഏറ്റവും മികച്ചതായി കാര്യങ്ങൾ ചെയ്യാനുള്ള ഊർജം മനസ്സിൽ നിറയും. അങ്ങനെയാകുമ്പോൾ പുതിയതു പഠിക്കാനുള്ള തുറന്ന മനസ്സും തനിയെ ഉണ്ടായി വരും.

ജോലിക്കാര്യത്തിൽ വേറൊരു പ്രധാനപ്പെട്ട കാര്യം ‘കോംപ്രമൈസിനു’ നിൽക്കരുത് എന്നതാണ്. നിങ്ങൾ ചെയ്യുന്ന ജോലി പിഴവില്ലാതെ സമയത്തിനു ചെയ്യുക. അതിന്റെ ക്വാളിറ്റിയെ  ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള മനോഭാവം വച്ചു പുലർത്തരുത്. നേതൃസ്ഥാനത്തിരിക്കുമ്പോൾ നമ്മളറിയാതെ തന്നെ നമ്മളെ നോക്കി പഠിക്കുന്നവരുണ്ട്. അത് മനസ്സിൽ വച്ചു വേണം മുന്നോട്ട് പോകാൻ. ജിഐസിയിൽ പുതിയ ആളുകളുടെ ഇന്റർവ്യൂ നടക്കുന്ന സമയത്ത് പല കുട്ടികളും റോൾമോഡലായി എന്റെ പേരു പറയാറുണ്ട്. വളരെയധികം അഭിമാനം തോന്നുന്ന സന്ദർഭമാണത്. ശരിക്കും നമ്മുടെ പ്രയത്നത്തിനുള്ള അംഗീകാരമാണത്.

വീട്ടുജോലികളും ഒാഫിസും ഒരുമിച്ച് കൊണ്ടുപോകുമ്പോൾ സ്ത്രീകൾക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. വീട്ടിലെ എല്ലാ കാര്യങ്ങളിലും സ്വന്തം കൈയെത്തണം എന്ന വാശി വേണ്ട. നല്ലൊരു ജോലിക്കാരിയെ കണ്ടെത്തി അത്യാവശ്യം വീട്ടുകാര്യങ്ങൾ ചെയ്യാൻ ഏൽപ്പിച്ചാൽ പാതി ടെൻഷൻ കുറയും. എല്ലാം സ്വന്തമായി തന്നെ ചെയ്യണം  എന്നുള്ളവർ  വീട്ടിലേക്കും ഒരു ടൈംടേബിൾ വയ്ക്കുക. എനിക്ക് വീട്ടുജോലിക്ക് നല്ലൊരു സഹായി ഉണ്ടായിരുന്നു. കുട്ടികൾ മുതിർന്നതോടെ കാര്യങ്ങൾ എളുപ്പമായി. കുട്ടികളുടെ പ്രൈമറി ഘട്ടത്തിലാണ്  കുറച്ച് മാനേജ്മെന്റ് പ്രശ്നങ്ങൾ വരുന്നത്. വളരുമ്പോൾ കുട്ടികളെയും വീട്ടിലെ  ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമാക്കണം. ജോലി ഭാരത്തിന്റെ പേരിൽ കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതിരിക്കരുത്. ഇത് രണ്ടും  ഭംഗിയായി മാനേജ് ചെയ്യാൻ കഴിയണം.

എനിക്ക് മൂന്നു മക്കളാണ് സാറ, സൂസൻ, മാത്യൂ. രണ്ടു മക്കൾ കൺസൽറ്റിങ് ഫേമുകളിലും ഒരാൾ അക്കാദമിക് രംഗത്തുമാണ്. സാറയ്ക്കൊരു കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലാണിപ്പോൾ. കെമിസ്ട്രിയും ലിറ്ററേച്ചറും പഠിച്ചതിനാൽ ശാസ്ത്രത്തിന്റെ കൃത്യതയും സാഹിത്യത്തിന്റെ ആഴവും എനിക്കുപകരിച്ചിട്ടുണ്ട്. അക്കങ്ങളോടുള്ളതു പോലെയുള്ള അടുപ്പം അക്ഷരങ്ങളോടുമുണ്ട്. കമ്പനിയിലെ മാഗസിൻ എ ഡിറ്ററായിരുന്നു ഞാൻ. അതിനൊക്കെ അപ്പനോട് നന്ദി പറയണം. ചെറുപ്പം മുതലേ പ്രസംഗം, പ്രബന്ധരചന, ക്വിസ്, ചർച്ചകൾ ഇവയിലെല്ലാം പങ്കെടുപ്പിച്ചിരുന്നു. അത്യാവശ്യം നല്ല ഓർമശക്തിയും എന്റെ പ്ലസ് പോയിന്റാണ്. ജിഐസി പോലുള്ള കമ്പനിയിൽ ആളുകളോട് ഇടപഴകാൻ ഈ ഗുണങ്ങൾ ഉപകരിച്ചിട്ടുണ്ട്. സ്ത്രീ എന്ന നിലയിൽ വസ്തുതകൾക്കൊപ്പം വൈകാരികമായ കാര്യങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. ജോലിയിൽ ഇരിക്കുന്ന കാലമത്രയും എന്റെ ബെസ്റ്റ് മാത്രം  കമ്പനിക്കു നൽകണമെന്നാണ് മോഹം.

ഇനിയുമുണ്ടൊരു സ്വപ്നം

കുക്കിങ് ഇഷ്ടമാണ്. ബേക്കിങ്ങാണ് ഏറ്റവും പ്രിയം. വീട്ടുകാ ർക്കു വേണ്ടി കേക്ക്  ബേക്ക് ചെയ്യാറുണ്ട്. പുസ്തകങ്ങളും സംഗീതവും വീക്ക്നെസ്സാണ്. മാൽക്കം ഗ്ലാഡ്‌വെല്ലിന്റെ ഔട്ട്‌ലൈയേഴ്സ്: ദ് സ്റ്റോറി ഒഫ് സക്സസ്, ദ് ടിപ്പിങ്ങ് പോയിന്റ്... ഇത് രണ്ടും ഈയിടെ വായിച്ചതിൽ ഇഷ്ടപ്പെട്ട പുസ്തകങ്ങളാണ്.  സ്വാധീനം  ചെലുത്തിയിട്ടുള്ള മാനേജ്മെന്റ് ഗുരുക്കന്മാർ പീറ്റർ ഡ്രക്കറും ജാക് വെൽഷും. യാത്രകൾ പോകാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. വീട്ടുകാർക്കൊപ്പം ഒട്ടേറെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എന്നിരുന്നാലും പ്രിയപ്പെട്ട സ്ഥലം കേരളം തന്നെ.

alice002

സംഗീതം എനിക്ക് മനസ്സ് കൂളാക്കാനുള്ള വഴിയാണ്. എ പ്പോഴും പാട്ടുണ്ടെങ്കിൽ അത്രയും നല്ലത്. വെസ്റ്റേൺ ക്ലാസിക്കൽ എല്ലാം ആസ്വദിക്കാറുണ്ട്. വയലിനും പിയാനോയും ഇ പ്പോഴും വായിക്കും. ഭാവിയിലേക്കു വേണ്ടി  കരുതിവച്ചിരിക്കുന്ന ഒരു സ്വപ്നമുണ്ട്. കൺസേർട്ട് പിയാനിസ്റ്റ് ആകുക! 

ജിഐസി ഓഫ് ഇന്ത്യ

1972 മുതൽ ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (ജിഐസി) പ്രവർത്തനം ആരംഭിച്ചു. 161 രാജ്യങ്ങളുമായി ബിസിനസ് ബന്ധമുള്ള സ്ഥാപനം. ഫയർ, മറൈൻ, മോട്ടോർ, എൻജിനീയറിങ്, കാർഷികം, ഏവിയേഷൻ/സ്പെയ്സ്, ഹെൽത്ത്, ലയബിലിറ്റി, ക്രെഡിറ്റ് ആൻ ഫിനാൻഷ്യൽ, ലൈഫ് ഇൻഷുറൻസ് എന്നീ മേഖലകളിലാണ് ജിഐസി. റീഇൻഷുറൻസ് നൽകുന്നത്. ഇന്ത്യയിലെ റി-ഇൻഷുറൻസ് മാർക്കറ്റിലെ ഏക റി ഇൻഷുറർ ആണ് ജിഐസി. വ്യക്തികളുമായുള്ള ഇടപാടിനു പകരം ഇൻഷുറൻസ് കമ്പനികളുമായാണ് ഇടപാട്, അവരെയാണ് റിഇൻഷുർ ചെയ്യുന്നത്.  ജിഐസിയുടെ  ചെയർമാൻ  കം മാനേജിങ് ഡയറക്ടറാണ് ആലിസ് വൈദ്യൻ. ജിഐസികഴിഞ്ഞ വർഷം ഐപിഒ ആരംഭിച്ച് സാമ്പത്തികമേഖലയിൽ പുതിയ ചുവടുവയ്പ് നടത്തി.

വായിച്ചു വളരാം

∙ വായനയ്ക്ക് പകരം വയ്ക്കാൻ ഒന്നുമില്ലെന്നറിയുക. ഇന്റർനെറ്റ് വന്നു എന്നു പറഞ്ഞാലും, വിവരങ്ങൾ വിരൽതുമ്പിലുണ്ടെന്നു പറഞ്ഞാലും  പുസ്തകം വായിക്കുന്ന ശീലം ചെറുപ്പം മുതലേ വളർത്തുക.

∙ ഒരു വിഷയം പഠിച്ചു കുറച്ചു കഴിയുമ്പോൾ ഇതെനിക്കു പറ്റിയതല്ലെന്നു തോന്നിയാൽ, വീണ്ടും ആ വിഷയത്തിനു പിന്നാലെ തന്നെ പോകണമെന്നില്ല. ഇഷ്ടമുള്ളത് പഠിക്കുക. പറ്റാത്തതു വിട്ടു കളയുന്നതു തെറ്റല്ല, അതൊരു അനുഭവമായി കാണുക.

∙ ഇഷ്ടമുള്ള വിഷയം കണ്ടത്തുന്നതിനൊപ്പം അതിന്റെ സാധ്യതകളും അറിഞ്ഞു വയ്ക്കാം.

∙ ബാങ്കിങ്, ഇൻഷുറൻസ്  ജോലികളിൽ താൽപര്യമുള്ളവർ തുടക്കം മുതലേ ബാങ്കിങ് പരീക്ഷകൾ എഴുതുക. ആദ്യമേ തന്നെ വിജയിച്ചില്ലെങ്കിലും എന്താണിതിന്റെ രീതിയെന്നും ഇനി മുന്നോട്ടെങ്ങനെ പഠിക്കണം എന്നും അറിയാൻ സാധിക്കും.

∙ ഇന്റർനാഷനൽ ലെവലിലുള്ള പരീക്ഷകളും എഴുതി ശീലിക്കാം.

∙ ഇന്റർനെറ്റിനെ കളിയായും വിനോദത്തിനും ഉപയോഗിക്കുന്ന പോലെ തന്നെ പഠനകാര്യത്തിൽ മികച്ചടൂൾ ആക്കി അതിനെ മാറ്റാം.

∙ പഠിച്ചു തുടങ്ങുമ്പോൾ ഒരേ ലക്ഷ്യത്തിൽ സഞ്ചരിക്കുന്നവരെ അറിയാൻ സാധിക്കും. അവരെ ഒപ്പം ചേർത്ത് ടീം ആയി പഠിക്കാം.

∙ ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്തു കഴിഞ്ഞാൽ‌ പിന്നെ അതിൽ ഫോക്കസ്ഡായി പഠിക്കുക. ആ വിഷയത്തെ കുറിച്ച് പറ്റാവുന്നത്ര അപ്ഡേറ്റഡായിരുക്കുക. അതിനോടനുബന്ധിച്ച മാഗസിനുകൾ വായിക്കുന്നത് ശീലമാക്കുക.

alice003