‘‘പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ കുട്ടിയല്ലേ... സയൻസ് പഠിച്ചാൽ അവസരങ്ങൾ ഒത്തിരിയുണ്ട്. ഇനി അതല്ല ഓള് സംസാരിക്കാൻ മിടുക്കിയല്ലേ... വക്കീലായാലും അതിശയിക്കേണ്ടതില്ല. ഒന്നുകിൽ ഡോക്ടറുടെയോ എൻജിനീയറുടെയോ കുപ്പായത്തിൽ, അതുമല്ലെങ്കിൽ അഭിഭാഷക. അതുറപ്പാ...’
അൽ ജമീലയുടെ സ്വപ്നങ്ങളേക്കാൾ വീട്ടുകാരുടെ പ്രതീക്ഷകൾക്ക് കനമേറിയ നാളുകളിൽ ഇങ്ങനെയൊക്കെയായിരുന്നു അവളുടെ ഭാവിയെക്കുറിച്ചുള്ള കണക്കു കൂട്ടൽ. പക്ഷേ ചങ്കിനുള്ളിൽ പണ്ടേക്കു പണ്ടേ ഉറച്ചുപോയൊരു സ്വപ്നം അൽജമീലയെ ഭൂരിഭാഗം കുട്ടികളും മാതാപിതാക്കളുംമനസിൽ കണക്കു കൂട്ടി ഉറപ്പിച്ചു വച്ചിരിക്കുന്ന സ്വപ്നങ്ങൾക്ക് കുറുകേ നടക്കാൻ പ്രേരിപ്പിച്ചു. സാമ്പത്തിക നയങ്ങളുടെയും അതിന്റെ ശാസ്ത്രത്തിന്റെയും എബിസിഡിയെ പ്രണയിച്ച പെൺകുട്ടി എല്ലാ മുൻവിധികളേയും നോക്കി ഇങ്ങനെ പറഞ്ഞു.
‘ഐഇഎസ്... അതാണെന്റെ സ്വപ്നം.’
കരളുറപ്പുള്ള ആ തീരുമാനത്തിന്റെ കഥ അതിന്റെ ക്ലൈമാക്സിലെത്തിയപ്പോൾ മുൻവിധികൾ അപ്രസസക്തമായി. ഫലമോ, ഓരോ മത്സരാർത്ഥിയും കൊതിക്കുന്ന ഐഇഎസ് എന്ന ഇന്ത്യൻ എക്കണോമിക് സർവീസ് എന്ന മൂന്നക്ഷരത്തിന്റെ പൊൻതൂവൽ അവൾ കിരീടത്തിൽ ചൂടി. പണ്ടേക്കു പണ്ടേ മനസിൽ നട്ടു നനച്ചു വളർത്തിയ ലക്ഷ്യം പൂവണിഞ്ഞ നിമിഷം.
യുപിഎസ്‍സി ഇന്ത്യൻ എക്കണോമിക് പരീക്ഷയിൽ 12–ാം റാങ്ക് നേടി എന്നു മാത്രമല്ല, ഈ വർഷം യോഗ്യത നേടിയ ഏക മലയാളികൂടിയാണ് അൽജമീലയെന്നത് ആ നിശ്ചയദാർഢ്യത്തിന് അടിവരയിടുന്നു. കോട്ടയം നെടുംകുന്നം സ്വദേശിയായ അൽ ജമീല ആ വിജയമധുരത്തിന്റെ കഥ വനിത ഓൺലൈനോടു പറയുകയാണ്.
ഉറങ്ങാൻ അനുവദിക്കാത്ത സ്വപ്നം
ഡോക്ടർ, എൻജിനീയർ അതിനുമപ്പുറം ആണെങ്കിൽ ഐഎഎസ്. ആഗ്രഹങ്ങളും കരിയറും മനസിൽ അടുക്കിപ്പെറുക്കി തുടങ്ങുമ്പോൾ ഏതാണ്ട് ഇങ്ങനെയൊക്കെ ആയിരിക്കും പലരും ചിന്തിച്ചു തുടങ്ങുക.
പക്ഷേ ചില ലക്ഷ്യങ്ങളിൽ നമ്മുടെ മനസ് ഉടക്കി നിൽക്കും. ഐഇഎസ് എന്ന വേറിട്ട പാത തിരഞ്ഞെടുക്കുന്നതും അങ്ങനെയാണ്.–അൽജമീല പറഞ്ഞു തുടങ്ങുകയാണ്.
കോട്ടയം നെടുംകുന്നമാണ് എന്റെ സ്വദേശം. ഹൈസ്കൂൾ പഠിക്കുമ്പോൾ മുതലേ ഇക്കണോമിക്സ് അധിഷ്ടിതമായ കരിയർ ജീവിതത്തിന്റെ ഭാഗമാക്കണം എന്നായിരുന്നു ആഗ്രഹം. കൊമേഴ്സ്–മാത്തമാറ്റിക്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരീശീലനങ്ങൾക്കും പഠനരീതികൾക്കും ഊന്നൽ നൽകി. സിവിൽ സർവീസ് നേടുക നയരൂപീകരണങ്ങൾക്കും നയതന്ത്രങ്ങൾക്കും ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥയാകുക എന്നതായിരുന്നു മനസിൽ നട്ടുനനച്ചു വളർത്തിയ സ്വപ്നം. വായനയെയാണ് ആദ്യം അതിനായി കൂട്ടുപിടിച്ചത്. കിട്ടുന്നതെന്തും വായിക്കും. അതിൽ നിന്നും പഠനസംബന്ധിയായ കാര്യങ്ങളെ തരംതിരിച്ച് സൂക്ഷിക്കും. കൃത്യമായി റെഫർ ചെയ്യും.
ഡോക്ടർ, എൻജിനീയർ അതുമല്ലെങ്കിൽ ഒരു പ്രഫഷനൽ കോഴ്സ് പഠിച്ച് എളുപ്പം സെറ്റിലാകുന്ന ഒരു ഉദ്യോഗാർഥി എന്ന നിലയിലാണ് വീട്ടുകാര്‍ എന്നെ മുന്നോട്ടു നയിച്ചത്. ചെറുപ്പത്തിലേ മലയാള മനോരമയുടെ ബാലജനസഖ്യത്തിലൊക്കെ പ്രവർത്തിച്ചിരുന്നു. 2015ൽ ബാലജനസഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
പ്രസംഗ മത്സരത്തിലൊക്കെ പങ്കെടുത്ത് ഒത്തിരി സമ്മാനങ്ങളും വാങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഡോക്ടറോ എൻജിനീയറോ ആയില്ലെങ്കിലും അൽജമീല വക്കീലാകും എന്നും വീട്ടുകാർ പ്രതീക്ഷിച്ചു. കൊമേഴ്സും സാമ്പത്തിക ശാസ്ത്രവുമാണ് ഐച്ഛിക വിഷയമെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിക്കൂടെ എന്നും വീട്ടുകാർ ചിന്തിച്ചു. പക്ഷേ എന്റെ ലക്ഷ്യം പാറപോലെ ഉറച്ചതായിരുന്നു. അതു തിരിച്ചറിഞ്ഞ ഉമ്മി അജിതസലാമാണ് ഇന്നത്തെ എന്റെ നേട്ടത്തിനു പിന്നിലെ ചാലക ശക്തി. ജിഎസ്ടി ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി കമ്മീഷണറാണ് ഉമ്മി.
ആഴത്തിലുള്ള പഠനം
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദത്തിന് ചേരുമ്പോഴേ ആഴത്തിലുള്ളൊരു പഠനം നടത്തിയിരുന്നു. ഒരു ഡിഗ്രി എന്നതിനപ്പുറം സാമ്പത്തിക ശാസ്ത്രം നൽകുന്ന സാധ്യതകൾ എന്തൊക്കെയെന്ന് വിലയിരുത്തി. അങ്ങനെയാണ് യുപിഎസ്‍സി നടത്തുന്ന ഇന്ത്യൻ എക്കണോമിക് സർവീസിന്റെ സാധ്യതകളെ അടുത്തറിയുന്നത്.

ഇക്കോണോമിക്സിലെ പിജിയാണ് ഐഇഎസിന്റെ അടിസ്ഥാന യോഗ്യത. പക്ഷേ ഡിഗ്രി തലത്തില്‍ ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കാര്യമായി നടത്താനായില്ല. ജെഎൻയുവിൽ എംഎ ഇക്കണോമിക്സ് പഠിക്കുന്നതിനു വേണ്ടി എത്തുമ്പോള്‍ അതുമാത്രമായി ഫോക്കസ്. ഇതിനിടയിൽ യുജിസിയുടെ ജെആർഫും ഐഐടിയുടെ ഗേറ്റും ആദ്യ ഘട്ടത്തിൽ തന്നെ ക്ലിയർ ചെയ്തു. എംഎ കഴിഞ്ഞ് 2022ൽ തന്നെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിൽ പിഎച്ച്ഡിക്ക് ജോയിൻ ചെയ്തു. പിഎച്ച്ഡിയുടെ തിരക്കിൽ അപ്പോഴും ഐഇഎസിനു വേണ്ടി കാര്യമായി പ്രിപ്പയർ ചെയ്യാനായില്ല. ഒടുവിൽ പേപ്പർ പ്രസന്റേഷനുൾപ്പെടെയുള്ള പിഎച്ച്ഡി തിരക്കുകൾക്കിടയിലാണ് ഐഇഎസ് എന്ന മഹായജ്ഞത്തിലേക്ക് എന്റെ മുഴുവൻ സമയ ശ്രദ്ധയും നൽകുന്നത്. മാർച്ചിലാണ് പരീക്ഷയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പ് തുടങ്ങുന്നത്. പരീക്ഷ നടക്കുന്നതാകട്ടെ ജൂണിലും. അങ്ങനെ കേവലം രണ്ടര മാസത്തിന്റെ മാത്രം തയ്യാറെടുപ്പിൽ ഐഇഎസിനു വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി.
സമയം പ്രധാന കടമ്പ
പരിമിതമായ സമയമായിരുന്നു മുന്നിലുണ്ടായിരുന്ന കടമ്പ. പലരും രണ്ട് രണ്ടര വർഷമെടുത്ത് പഠിക്കുന്ന പരീക്ഷയ്ക്കായി രണ്ടരമാസവും പിഎച്ച്ഡിയുടെ സിനോപ്സിസ് തിരക്കുകളും നിലനിൽക്കേ തയ്യാറെടുത്തു. ആദ്യ ഘട്ടത്തിൽ കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട, പരീക്ഷ കടുകട്ടിയായിരിക്കുമെന്ന് പലരും പറഞ്ഞു. പക്ഷേ ആദ്യഘട്ടത്തിൽ തന്നെ ഇതു നേടുമെന്ന് മനസിലുറപ്പിച്ചു. സമയം പരിമിതിയുള്ളതു കൊണ്ടു തന്നെ പഠനങ്ങൾക്ക് ചിട്ടയായൊരു ക്രമം കൊണ്ടു വന്നു. ഉദാഹരണത്തിന് ഒരാഴ്ച ഇത്രയും പാഠഭാഗങ്ങള്‍ കവർ ചെയ്യും എന്ന് മനസിലുറപ്പിച്ചാൽ മറ്റൊന്നിലേക്കും ശ്രദ്ധ പോകാതെ കൃത്യമായി അവ പഠിച്ചു തീർക്കും. അവ ഓരോന്നും കൃത്യമായി റിവിഷൻ ചെയ്യും. ഒന്നോ രണ്ടോ ടോപ്പിക്കുകൾ പഠിച്ചു കഴിഞ്ഞ ശേഷം പരീശീലന പരീക്ഷകൾ അറ്റൻഡ് ചെയ്തു. തുടക്കത്തിൽ മാർക്കുകൾ കുറവായിരുന്നു.

പക്ഷേ വിട്ടുകൊടുത്തില്ല. ആഴത്തിലുള്ള പഠനം ഉള്ളപ്പോൾ കൊണ്ടു തന്നെ വേണ്ടത് മാത്രം തിരഞ്ഞെടുത്ത് പഠിച്ചു. റെഫറന്‍സ് പുസ്തകം ഉൾപ്പെടെയുള്ള മെറ്റീരിയൽ കലക്ഷന്റെ കാര്യത്തിലും കൃത്യമായ ചിട്ടകൊണ്ടുവന്നു. പിഎച്ച്ഡികാലത്തെ ഗവേഷണങ്ങളും പിജി കാലത്തെ പഠന സാമഗ്രികളും ഇന്റർനെറ്റുമായിരുന്നു പഠനം സുഗമമാക്കിയ മറ്റു മാധ്യമങ്ങൾ. എന്തിനേറെ യൂട്യൂബ് വിഡിയോകൾ പോലും പഠനത്തെ സ്വാധീനിച്ചു. ഒടുവിൽ ഭാഗ്യവും കഠിനാധ്വാനവും വീട്ടുകാരുടെ പിന്തുണയും ഒന്നു ചേർന്നപ്പോൾ ആദ്യഘട്ടത്തിൽ തന്നെ പരീക്ഷ പാസായി. മെയിന്‍ പരീക്ഷയും ഇന്റർവ്യൂവും വിജയകരമായി പൂർത്തിയാക്കി. 12–ാം റാങ്ക് എന്ന നേട്ടം എന്നെ സംബന്ധിച്ചടത്തോളം സ്വപ്നസമാനമാണ്.
വീട്ടുകാർ ചാലകശക്തി
പത്താം ക്ലാസിൽ ഫുൾ എപ്ലസ് നേടിയപ്പോൾ തന്നെ വീട്ടുകാര്‍ മെഡിസിൻ അല്ലെങ്കില്‍ എഞ്ചീനീയറിങ് എന്നു കണക്കു കൂട്ടിയിരുന്നു. പക്ഷേ ഇക്കണോമിക്സ് തലയ്ക്കു പിടിച്ച എന്നെ മറ്റൊരു കോഴ്സും സ്വാധീനിച്ചില്ല. മെഡിക്കൽ–എൻജിനീയറിങ് മേഖലകളിൽ അവസരം ഒരുപാടുണ്ട് പിന്നെ എന്തിന് ഈ ഇക്കണോമിക്സ് എന്ന ചോദ്യം പലയിടത്തു നിന്നായി കേട്ടു. പക്ഷേ വീട്ടുകാർ എന്റെ മനസു തിരിച്ചറിഞ്ഞു. പലരും കരുതിയത് മാർക്ക് കുറഞ്ഞതു കൊണ്ടാണ് ഞാൻ ഇക്കണോമിക്സിനു പിന്നാലെ പോയതെന്നാണ് അതു ശരിയല്ലെന്ന് കാലം തെളിയിച്ചു. പലരും മെഡിസിനും എൻജിനീയറിങ്ങിനും പോകാൻ ഉപദേശിച്ചത് അവ മുന്നോട്ടു വയ്ക്കുന്ന അവസരങ്ങളുടെ എണ്ണം കണക്കാക്കിയാണ്. പക്ഷേ അതൊന്നും എന്റെ മനസു മാറ്റിയില്ല. ഒറ്റലക്ഷ്യം മാത്രം, ഐഇഎസ്.

ഒരുപാടു പേർക്ക് എന്റെ ഈ നേട്ടം വഴികാട്ടുമെന്ന പ്രതീക്ഷയുണ്ട്. ഈ ലക്ഷ്യം സ്വപ്നം കാണുന്നവരോട് ചിട്ടയോടും എന്തു പഠിക്കണമെന്നും ഒഴിവാക്കണമെന്നുമുള്ള കൃത്യമായ തന്ത്രങ്ങൾ ആവിഷ്ക്കരിച്ചും തയ്യാറെടുക്കണമെന്നാണ് പറയാനുള്ളത്. പിജി കഴിഞ്ഞ ഒരു വർഷം ഗ്യാപ് എടുത്തു പഠിക്കുന്നതും നല്ലതാണ്. എന്റെ പഠന കാലം നൽകിയ തിരക്കു പിടിച്ച സമയവും സ്ട്രെസും പുതിയ കുട്ടികൾക്കും പാഠമാകണം. കടുപ്പമേറിയതും എളുപ്പമുള്ളതുമായ ടോപ്പികുകൾ വെവ്വേറെ തിരിച്ചറിഞ്ഞ് പരീക്ഷയ്ക്ക് തയ്യാറകണം. ട്രെയിനിങ്ങിനു പോകാനുള്ളതിന്റെ എക്സൈറ്റ്മെന്റിലാണ് ഞാനിപ്പോൾ.