Saturday 20 April 2019 03:14 PM IST : By സ്വന്തം ലേഖകൻ

ഭാര്യയെ രക്ഷിക്കാൻ നുണ പറഞ്ഞു, തെളിവ് നശിപ്പിച്ചു; മൂന്നു വയസ്സുകാരൻ മരിച്ച കേസില്‍ അച്ഛനും അറസ്റ്റിൽ!

aluva-child-death-1

കൊച്ചി ഏലൂരിൽ അമ്മയുടെ മർദനമേറ്റ് മൂന്നു വയസുകാരൻ മരിച്ച കേസിൽ അച്ഛനും അറസ്റ്റിൽ. അമ്മയുടെ കുറ്റം മറച്ചുവച്ചതിനാണ് അച്ഛൻ പ്രതിയായത്. അതേസമയം ഇവർ ഇരുവരും കുട്ടിയുടെ മാതാപിതാക്കൾ തന്നെയെന്ന് ഉറപ്പിക്കാവുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു. ഇതോടെ ഡിഎൻഎ പരിശോധനയ്ക്കുള്ള നീക്കം ഉപേക്ഷിച്ചു. 

മരണകാരണമായ പരുക്കുകൾ മൂന്നു വയസുകാരന്റെ മേൽ ഏൽപിച്ചത് അമ്മയാണെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ ഇവർ പെറ്റമ്മയാണോ, കുട്ടിയെ എടുത്തുവളർത്തിയതാണോ എന്ന് പലരും സംശയിച്ചു. ഒപ്പമുണ്ടായിരുന്ന പശ്ചിമ ബംഗാൾകാരനായ പുരുഷൻ കുട്ടിയുടെ അച്ഛനല്ല എന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ ബംഗാളിലും അമ്മയുടെ നാടായ ജാർഖണ്ഡിലും നടത്തിയ അന്വേഷണങ്ങളിൽ പുകമറ നീങ്ങി. ഇവർ കുട്ടിയുടെ സ്വന്തം അച്ഛനും അമ്മയുടെ തന്നെയെന്ന് സ്ഥിരീകരിച്ചു. നാലു വര്‍ഷം മുന്‍പ് ജാർഖണ്ഡ് ജയ്നഗറിലായിരുന്നു വിവാഹം. 

ഒരു വർഷത്തിന് ശേഷം അവിടെ വച്ചുതന്നെ കുട്ടി ഉണ്ടായി. ആശുപത്രി രേഖകളും വിവാഹത്തിന്റെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. കൂടുതൽ ശാസ്ത്രീയ പരിശോധനകളുടെ ആവശ്യം ഇനിയില്ല എന്ന നിലപാടിലാണ് പൊലീസ്. സ്വകാര്യ കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്ററായി അച്ഛൻ മുൻപെ കൊച്ചിയിലുണ്ട്. കുട്ടിയും അമ്മയുടെ എത്തിയത് മൂന്നാഴ്ച മുൻപാണ്. കുട്ടിക്ക് മേൽ അമ്മ പ്രയോഗിച്ച മർദനമുറകളെക്കുറിച്ച് ഏലൂരിൽ വീടു വാടകക്കെടുത്ത് താമസം തുടങ്ങിയ ശേഷമെങ്കിലും അച്ഛൻ അറിവുണ്ടായിരുന്നു. 

സുഹൃത്തുക്കളിൽ ചിലരോട് പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ആശുപത്രിയിൽ എത്തിച്ചപ്പോൾ പോലും വിവരം മറച്ചുവയ്ക്കാന്‍ നുണ പറഞ്ഞു. കൂടാതെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും കണ്ടെത്തി. ഇതോടെയാണ് അച്ഛനെ പ്രതി ചേർത്തത്. എന്നാല്‍ അമ്മയ്ക്കെതിരെ ചുമത്തിയിട്ടുള്ള കൊലക്കുറ്റം ബാധകമാകില്ല. അതേസമയം സമാനമായ സാഹചര്യമായിട്ടും തൊടുപുഴയിൽ ഏഴു വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

അതിനിടെ കുട്ടിയുടെ മൃതദേഹം കാണാൻ അമ്മയെ അനുവദിച്ചു. കോടതിയിൽ നിന്ന് അനുമതി വാങ്ങി, കളമശേരി മെഡിക്കല്‍ കോളജിൽ എത്തിച്ചാണ് കാണിച്ചത്. മറ്റ് ബന്ധുക്കള്‍ വരാത്ത സാഹചര്യത്തിൽ ആലുവയിലെ സന്നദ്ധ സംഘടനയ്ക്ക് കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനായി വിട്ടു കൊടുക്കും. 

more updates...