Saturday 20 April 2019 02:39 PM IST : By സ്വന്തം ലേഖകൻ

മകന്റെ മരണമറിഞ്ഞിട്ടും കൂസലില്ലാതെ അമ്മ, മാധ്യമങ്ങൾക്ക് മുന്നിൽ മുഖം മറച്ചില്ല; പൊട്ടിക്കരഞ്ഞ് അച്ഛൻ!

hana-moth

അരിശം മൂത്ത് അമ്മ ചപ്പാത്തിക്കോലു കൊണ്ട് തലയ്ക്കടിച്ച് ചികിത്സയിലായിരുന്ന ആ അരുമക്കുഞ്ഞ് യാത്രയായി. ഇനി ആ മൂന്നു വയസ്സുകാരനില്ല. ദിവസങ്ങൾക്ക് മുൻപ് ഇതേ രീതിയിൽ തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റു മരിച്ച ഏഴു വയസുകാരനുവേണ്ടി കേരളം മുഴുവൻ കണ്ണീരൊഴുക്കിയിരുന്നു. ആ കണ്ണീർ ഉണങ്ങും മുൻപാണ് ആലുവയിൽ വീണ്ടും സമാനമായ കൊടുംക്രൂരത അരങ്ങേറിയത്.

തിരിച്ചറിവില്ലാത്ത ആ പിഞ്ചുകുഞ്ഞിന്റെ കാല്‍വണ്ണ മുതല്‍ തല വരെ തല്ലിച്ചതച്ചതിന്റെ പാടുകള്‍, തുടയില്‍ ചട്ടുകം പഴുപ്പിച്ചു വച്ചതിന്റെ അടയാളങ്ങള്‍, ദേഹത്ത് പലയിടത്തും മുറിവുകള്‍ കരിഞ്ഞുണങ്ങിയതിന്റെ പാടുകൾ. ഒരായുസ്സിന്റെ യാതനകളാണ് അവൻ മൂന്നു വയസ്സിനിടെ അനുഭവിച്ചു തീർത്തതെന്ന് വ്യക്തം. തലയോട്ടി പിളർത്തിയ ആ പരുക്കായിരുന്നു മരണകാരണമായത്. മാരകമായി പരുക്കേറ്റ കുഞ്ഞിനെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ പിതാവ് സജ്ജാദ് ഖാനാണ് ആശുപത്രിയിലെത്തിച്ചത്. 

കളമശേരി ഏലൂരിലെ വാടകവീട്ടിലെ താമസക്കാരായിരുന്നു പശ്ചിമ ബംഗാള്‍ സ്വദേശിയായ സജ്ജാദ് ഖാനും  ഝാര്‍ഖണ്ഡ് സ്വദേശിനിയായ ഹന ഖാതൂനും. കുട്ടി ഗോവണിയില്‍നിന്നു വീണെന്നായിരുന്നു ആ സമയത്ത് അമ്മ നൽകിയ വിശദീകരണം. അച്ഛന്‍ ഒറ്റയ്ക്ക് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നതോടെ ഡോക്ടർമാർക്ക് സംശയമായി. കുഞ്ഞിന്റെ ദേഹപരിശോധനയിൽ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. 

പൊലീസ് ചോദ്യംചെയ്യലിൽ താനാണു മകനെ മര്‍ദിച്ചതെന്ന് ഹന ഖാതൂന്‍ സമ്മതിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുമ്പോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല. സംഭവം അറിഞ്ഞു ചുറ്റും കൂടിയവര്‍ ഉച്ചത്തിൽ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും അവർക്ക് കൂസലുണ്ടായിരുന്നില്ല. മാധ്യമങ്ങൾക്ക് മുന്നിൽ മുഖം മറയ്ക്കാനും അവര്‍ ശ്രമിച്ചില്ല. എന്നാൽ കുഞ്ഞിന്റെ മരണവാർത്തയറിഞ്ഞ് പിതാവ് പൊട്ടിക്കരഞ്ഞു. 

മകനെ അനുസരണ പഠിപ്പിക്കാന്‍ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു ആദ്യം ഹനയുടെ മൊഴി. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മൂന്നു വയസുകാരന്‍. കുഞ്ഞു മരിച്ചതോടെ വധശ്രമത്തിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പിതാവ് സജ്ജാദ് ഖാനും പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞ് ഇരുവരുടേതുമാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ ഉൾപ്പെടെയുള്ള ടെസ്റ്റുകൾ നടന്നുവരുകയാണ്.