Wednesday 17 April 2019 04:03 PM IST : By സ്വന്തം ലേഖകൻ

എപ്പോഴും ശരീരത്തിന് അമിത ക്ഷീണം അനുഭവപ്പെടാറുണ്ടോ? ഈ അഞ്ചു കാരണങ്ങൾ അറിയൂ...

640206132

നല്ല ഭക്ഷണം കഴിച്ചാലും ആവശ്യത്തിന് ഉറങ്ങിയാലും പിന്നെയും ശരീരത്തിന് ക്ഷീണമാണ്. എന്താണിതിനു കാരണമെന്ന് അറിയാതെ തലപുകയ്ക്കുന്നവരാണ് കൂടുതലും. എങ്കിൽ കേട്ടോളൂ, നിങ്ങളുടെ ശരീരത്തിനു അമിതമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഈ അഞ്ചു കാരണങ്ങളെപ്പറ്റി അറിഞ്ഞിരിക്കണം. 

1. തൈറോയ്ഡ് പ്രശ്നം : ഭൂരിഭാഗം സ്ത്രീകളിലും കാണപ്പെടുന്ന രോഗാവസ്ഥയാണ് തൈറോയ്ഡിസം. തൈറോയ്ഡ് ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ മൂലം ശരീരത്തിന് പലതരം അസുഖങ്ങൾ ഉണ്ടാകും. അമിതക്ഷീണം, മലബന്ധം, അമിതവണ്ണം, എപ്പോഴും ശരീരത്തിന് തണുപ്പ്, വരണ്ട ചർമ്മം ഇവയൊക്കെയാണ് തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണങ്ങൾ. ഹോർമോൺ ഗുളികകൾ മുടങ്ങാതെ കഴിക്കലാണ് ഒരേയൊരു പ്രതിവിധി.

2. ക്രോണിക് ഫാറ്റിക് സിൻഡ്രോം : ശരീരത്തിനുണ്ടാകുന്ന അമിതക്ഷീണം മയാള്‍ജിക് എന്‍സഫലോ മൈലൈറ്റിസ് എന്ന് അറിയപ്പെടുന്ന ക്രോണിക്‌ ഫാറ്റിഗ്‌ സിൻഡ്രോമിന്റെ( CFS) ലക്ഷണമാകാം. മനഃപ്രയാസം, ഓർമക്കുറവ്, ഏകാഗ്രതയില്ലായ്മ, സുഖകരമല്ലാത്ത ഉറക്കം, പേശിവേദന, തലവേദന, എല്ലാത്തിനും ദേഷ്യം, മാനസിക പ്രശ്നങ്ങള്‍, സന്ധിവേദന, തൊണ്ടവേദന എന്നിവ സ്ഥിരമായി ഉണ്ടാവുകയാണെങ്കില്‍ മടിച്ചുനിൽക്കാതെ ഡോക്ടറെ കാണുക.

3. സ്ലീപ് അപ്നിയ : സുഖനിദ്രയിൽ ശ്വാസകോശത്തിലേക്ക് വായു കടന്നുപോകുന്ന വഴിയിൽ ഉണ്ടാകുന്ന തടസ്സം മൂലം ശ്വാസംകിട്ടാതെ ഉണരുന്ന അവസ്‌ഥയാണ് സ്ലീപ് അപ്നിയ. അധികം കൂർക്കം വലിക്കുന്നവർക്കും അമിതവണ്ണം ഉള്ളവർക്കും സാധാരണയായി സ്ലീപ് അപ്നിയ കാണാറുണ്ട്. ഇതുമൂലം ഉറക്കം ശരിയാകാതെ ഉന്മേഷം നഷ്‌ടപ്പെടുന്നു, രാവിലെ മുതൽ തലവേദന അനുഭവപ്പെടുന്നു, പകൽസമയത്ത് ഉറക്കം തൂങ്ങി ഇരിക്കേണ്ടിവരുന്നു. ഈ രോഗമുള്ളവർ വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോകാനും അപകടമുണ്ടാകാനും സാധ്യതയുണ്ട്.

4. പ്രമേഹം : ഈ ഫാസ്റ്റ് ഫുഡ് കാലഘട്ടത്തിൽ വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോഗമാണ് പ്രമേഹം. ഒരു വ്യക്തിയ്ക്ക് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്നു പറയുന്നത്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ, കൂടിയ ദാഹം, വിശപ്പ്, അമിതക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ. മധുരം ഒഴിവാക്കി, ഇൻസുലിൻ, ഗുളികകൾ എന്നിവയാണ് ചികിത്സാമാർഗങ്ങൾ.   

5. ക്ലിനിക്കൽ ഡിപ്രഷൻ : സാധാരണ മാനസികാവസ്ഥകളിൽ നിന്ന് വ്യത്യസ്തമാണ് ക്ലിനിക്കൽ ഡിപ്രഷൻ. തീവ്രമായ രോഗാവസ്ഥകളിലൂടെയാണ് ഈ രോഗികൾ കടന്നുപോവുക. ക്ഷീണം, അലസത, പെട്ടെന്നുണ്ടാകുന്ന മൂഡ് മാറ്റങ്ങൾ, നിയന്ത്രിക്കാനാവാത്ത അലറിക്കരച്ചിൽ, അസഹ്യമായ തലവേദന, സന്ധിവേദന, ഈറ്റിംഗ് ഡിസോഡർ, ഉറക്കമില്ലായ്മ, വായിലെ തൊലിയടർന്ന് പോവുക തുടങ്ങിയവയൊക്കെയാണ് രോഗ ലക്ഷണങ്ങൾ.