Wednesday 06 February 2019 04:35 PM IST : By സ്വന്തം ലേഖകൻ

ഒരാൾക്ക് അൽഷിമേഴ്സ് വരാൻ എത്രത്തോളം സാധ്യതയുണ്ട്? ഫലപ്രദമായ ചികിത്സയുണ്ടോ? അറിയേണ്ടതെല്ലാം

azhci

പേര് കേൾക്കുമ്പോൾ തന്നെ ഭയം തോന്നുന്ന രോഗമാണ് അൽഷിമേഴ്‌സ്. ഓർമ്മ നശിച്ചു പോകുന്ന അവസ്ഥയെപ്പറ്റി നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. ഒപ്പം രോഗത്തെ കുറിച്ച് നിരവധി സംശയങ്ങളും തെറ്റിദ്ധാരണകളും നമുക്കിടയിലുണ്ട്. അൽഷിമേഴ്‌സിനെ കുറിച്ച് അറിയേണ്ടതെല്ലാം വിവരിക്കുകയാണ് ഇൻഫോ ക്ലിനിക്കിന്റെ ഫെയ്സ്ബുക് കുറിപ്പിലൂടെ. 

ഇൻഫോ ക്ലിനിക്കിന്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം; 

ഒരു വൈകുന്നരമാണ് ആ അമ്മയെ ഒപിയിൽ കാണുന്നത്. പൊതുവേ തിരക്ക് കുറവായതുകൊണ്ട് കൂടുതൽ നേരം സംസാരിക്കാൻ സമയം കിട്ടി. 70 വയസുള്ള റിട്ടയർഡ് അധ്യാപികയാണ് അവർ. ഭർത്താവ് 2 വർഷം മുന്നേ മരിച്ചു. അതിനുശേഷം മോന്റെ കുടുംബത്തിനൊപ്പമാണ് താമസം. 2 വർഷം മുൻപ് വരെയൊക്കെ എല്ലാ കാര്യവും ചെയ്തിരുന്ന ആളാണ്. ഇപ്പൊൾ പൊതുവേ സ്വഭാവത്തിലും സംസാരത്തിലും ഒക്കെ മാറ്റം എന്നും പറഞ്ഞാണ് മക്കൾ കൊണ്ടുവന്നത്. കൂടെ ഉറക്ക കുറവും. ആരൊക്കെയോ വന്നു അമ്മയുടെ സാധനങ്ങൾ മോഷ്ടിക്കുന്നു എന്നതാണ് പ്രധാന പരാതി. മിക്കപ്പോഴും പ്രതി സ്ഥാനത്ത് മോനും മരുമകളും ഒക്കെ ആയിരിക്കും. ഇൗ കാര്യം വീട്ടിൽ വരുന്ന എല്ലാവരുടെയും അടുത്ത് പറയുകയും ചെയ്യും. ഉന്നത ഉദ്യോഗസ്ഥരായ മകനും ഭാര്യക്കും നാണക്കേട് ആയപ്പോൾ ആണ് ആശുപത്രിയിൽ കൊണ്ടുവരാൻ തീരുമാനിച്ചത്.

ഇൗ പ്രായത്തിൽ ഉള്ള സ്വഭാവ വ്യത്യാസങ്ങൾ പ്രധാനമായും തലച്ചോറിന്റെ ചുരുക്കം കൊണ്ടാണ് ഉണ്ടാകുന്നത്, അതിന്റെ ഒരു പ്രധാന ലക്ഷണം ഓർമ്മക്കുറവ് ആണല്ലോ. അങ്ങനെ എന്തേലും ബുദ്ധിമുട്ട് അമ്മക്ക് ഉണ്ടോ എന്ന് ഞാൻ ചോദിച്ചു, അടുക്കളയിൽ സാധനങ്ങൾ ഒക്കെ എവിടെയാണ് ഇരിക്കുന്നത്, പൈസ എവിടെ വച്ചു എന്നൊക്കെ കുറച്ചു വർഷങ്ങളായി മറന്നു പോകാറുണ്ട് എന്ന് അപ്പോ മോൻ ഓർത്തു. പക്ഷേ പണ്ടത്തെ കാര്യങ്ങൾ ഒക്കെ വള്ളി പുള്ളി വിടാതെ ഓർത്തു എടുക്കും. അതുകൊണ്ട് അതൊരു പ്രശ്നമായി തോന്നിയില്ല എന്ന് പറഞ്ഞു. കൂടുതൽ ആഴത്തിൽ ഉള്ള പരിശോധനയിൽ, പുതിയ കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാനുള്ള കഴിവിൽ നല്ല കുറവുണ്ടായിട്ടുണ്ട് എന്ന് ബോധ്യമായി. ഒപ്പം തലച്ചോറിന്റെ മുൻവശത്തിന്റെ പ്രധാന ചുമതലകൾ ഗണ്യമായി കുറഞ്ഞ അവസ്ഥയും, ചിന്തയിലും സ്വഭാവത്തിലും ഉള്ള മാറ്റങ്ങളും കണ്ടെത്തി. 

കള്ളൻ വരുന്ന കഥയുടെ ഒക്കെ പിന്നിൽ ഇത്തരത്തിൽ ചിന്തയിൽ ഉണ്ടാകുന്ന അബദ്ധ ധാരണ ഉണ്ടായിരുന്നു. തലയുടെ സ്കാനിംഗ്, മറ്റു പരിശോധനകൾ എന്നിവ വഴി അൽഷിമേഴ്സ് രോഗം ഉണ്ടെന്ന് കണ്ടെത്തുകയും ചികിത്സ തുടങ്ങുകയും ചെയ്തു. അതോടൊപ്പം ഓർമ്മയും മറ്റും കുറയാതെ നിൽക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ, വീട്ടിൽ വരുത്തേണ്ട ചെറിയ മാറ്റങ്ങൾ ഇവയും ചെയ്തു. മാസങ്ങൾക്ക് ശേഷം അവരെ കണ്ടപ്പോൾ ഉറക്കം ഒക്കെ ശരിയായിട്ടുണ്ടായിരുന്നു. കള്ളന്മാർ തലച്ചോറിൽ നിന്നും നാട് വിട്ടിരുന്നു. എന്നിരുന്നാലും ഓർമ്മയിൽ ഉള്ള വ്യതിയാനം അതുപോലെ തന്നെ നിലനിന്നു. മേധാക്ഷയത്തിന്റെ (dementia) ഏറ്റവും പ്രധാന കാരണമാണ് അൽഷിമേർ രോഗം. സ്‌മൃതിനാശവും ധാരണശേഷിപരമായ (cognitive) കഴിവുകൾ നഷ്ടപ്പെടുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

നമ്മുടെ തലച്ചോർ ഞരമ്പ്കോശങ്ങളുടെ (Neuron) ഒരു കാടാണ്. അവയിൽ നിന്നുള്ള തന്തുക്കൾ, അടുത്ത ന്യൂറോണുകളുമായുള്ള സന്ധികൾ അതിലൂടെ കടന്നു പോകുന്ന സിഗ്‌നലുകൾ തുടങ്ങി അനുസ്യൂതം പ്രവർത്തനനിരതമാണ് മസ്തിഷ്‌കം. ഈ കോശങ്ങൾക്കിടയിൽ അമൈലോയിഡ് (Amyloid beta) എന്ന protein നാരുകൾ അടിഞ്ഞു കൂടുന്നതും tau എന്ന് വിളിക്കപ്പെടുന്ന പ്രോട്ടീൻ കരടുകുരുക്കകൾ നിറയുന്നതും ആണ് അൽഷിമേഴ്സിൽ നാശം വിതയ്ക്കുന്ന പ്രധാന വില്ലന്മാർ എന്നാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. അൽഷിമേഴ്സിൽ രോഗത്തിൽ ഇത് വളരെ വ്യാപകമായി കാണുകയും ഓർമകൾ രൂപപ്പെടുന്ന ഭാഗങ്ങളെ ആദ്യം ബാധിക്കുകയും മറ്റിടങ്ങളിലേക്ക് പടരുകയും ചെയ്യുന്നു.

ഈ രാസനാരുകളും കരടുകളും കോശങ്ങൾക്കിടയിലെ ആശയവിനിമയത്തെ തടയുകയും കോശങ്ങളുടെ നിലനിൽപ്പിനെ ബാധിച്ചു അവയുടെ ആയുസ്സ് കുറക്കുകയും ചെയ്യുന്നു എന്നാണ് കരുതപ്പെടുന്നത്. ഞരമ്പുകോശങ്ങളുടെ മൃതിയും നാശവും ആണ് സ്മൃതിനാശം സ്വഭാവവ്യതിയാനങ്ങങ്ങൾ ,ദൈനംദിന പ്രവൃത്തികളിലെ മാന്ദ്യം തുടങ്ങിയ ലക്ഷണങ്ങൾക്കു കാരണം.അറുപത്തഞ്ചു കഴിഞ്ഞവർക്കാണ് ഏറിയ പങ്കും കണ്ടു വരുന്നതെങ്കിലും അതിലും ചെറുപ്പമായവർക്കും അൽഷിമേഴ്‌സ് അസാധാരണമല്ല. അമേരിക്കയിൽ മാത്രം അവിടുത്തെ കണക്കുകൾ പ്രകാരം അറുപത്തഞ്ചു വയസിൽ താഴെയുള്ള രണ്ടു ലക്ഷം അൽഷെയ്‌മേഴ്‌സ് രോഗികൾ ഉണ്ട്.

അൽഷിമേഴ്സിന്റെ ആദ്യ ലക്ഷണങ്ങൾ സമീപകാലത്തെ ഏറ്റവും പുതുതായി മനസിലാക്കിയ ഒരു വിവരം ഓർത്തെടുക്കുവാനുള്ള ബുദ്ധിമുട്ടാണ്. തുടർന്ന് തീവ്രതയേറുന്തോറും സ്ഥകാലജ്ഞാനങ്ങൾ നഷ്ടപ്പെടുക, സ്വഭാവ വൈകല്യങ്ങൾ, Mood വ്യതിയാനങ്ങൾ, ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പം, കുടുംബക്കാരെയും സുഹൃത്തുക്കളെയും പരിചാരകരെയും അകാരണമായി സംശയിക്കുക, തീവ്രമായ സ്മൃതിനാശം, സ്വഭാവ വൈകല്യങ്ങൾ, സംസാരിക്കാനും ഭക്ഷണമിറക്കാനും നടക്കാനുമൊക്കെ പ്രയാസം ഒക്കെയുണ്ടാകാം.

ഓർമ, ചിന്താശക്തി, അനുമാന ശേഷി എന്നിവയെയെല്ലാം ബാധിക്കുന്ന ഈ രോഗത്തിന്റെ പ്രധാന അപായസൂചനകളായി എടുത്ത് പറയുന്നത്.. (അവലംബം -Alzheimers Association)

1. നിത്യജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള മറവി.

അടുത്തിടെയുണ്ടായ കാര്യങ്ങൾ മറക്കുകയും താരത്യമേനെ ഓർമയുടെ താഴെ തട്ടിലുള്ള കുറച്ചു കൂടെ പഴയവ ഓർമയുടെ വരുതിയിൽ വരുന്നതുമാണ് പലപ്പോഴും ആദ്യം കാണാറ്. ഉദാഹരണത്തിന് കുറച്ചു മുൻപ് പറഞ്ഞത്, ഇന്ന് രാവിലെ ഉണ്ടായത് ഒക്കെ മറക്കാൻ തുടങ്ങുക. പ്രധാന തീയതികളും സംഭവങ്ങളും മറക്കുക, അതിനെ കുറിച്ച് വീണ്ടും വീണ്ടും ചോദിക്കേണ്ടി വരുന്നതും ഒക്കെ കാണാറുണ്ട്.

2. പ്ലാനിങ്ങിലും പ്രശ്ന പരിഹാരങ്ങളിലും ബുദ്ധിമുട്ടുകൾ വരുക

പ്രത്യേകിച്ച് അക്കങ്ങൾ ഉപയോഗിച്ചുള്ള കണക്കുകൾ, മാസ ബില്ലുകൾ കൈകാര്യം ചെയ്യുക, സുപരിചിതമായ പാചകക്കുറിപ്പുപയോഗിക്കുമ്പോൾ പോലും പ്രയാസം വരുക, ഇതിലൊക്കെ ഏകാഗ്രത നിലനിർത്താൻ പ്രയാസപ്പെടുകയും, കൂടുതൽ നേരമെടുക്കുകയും ചെയ്യുക.

3. സുപരിചിതമായ ദൈനംദിന കൃത്യങ്ങൾ ചെയ്യാൻ കഴിയാതെ വരുക.

ഉദാ- സ്ഥിരം പൊയ്ക്കൊണ്ടിരുന്ന ഒരിടത്തേക്ക് ഡ്രൈവ് ചെയ്യാൻ പ്രയാസം, സ്ഥിരം കളിക്കുന്ന കളിയുടെ നിയമങ്ങൾ ഓർത്തെടുക്കാൻ പറ്റാതെ വരുക.

4. സ്ഥലകാലങ്ങളെ കുറിച്ച് ആശയകുഴപ്പം.

ഉദാ-തീയതി, ഋതു, സമയം എന്നിവയെ കുറിച്ചുള്ള ധാരണ കൈമോശം വരുക. എവിടെയാണെന്നും അവിടെങ്ങനെ എത്തി എന്നും മറന്നു പോകുക തുടങ്ങിയവ.

5. ദൃശ്യബിംബങ്ങൾ മനസിലാക്കുവാനും സ്ഥലവിസ്തൃതി സംബന്ധമായ ധാരണകൾ രൂപപ്പെടുത്താനും പ്രയാസം ഉണ്ടാവുക.

ചിലരെങ്കിലും കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകൾ പറയാറുണ്ട്, വായിക്കാൻ പ്രയാസം, അകലം നിർണയിക്കാൻ പ്രയാസം, നിറങ്ങൾ മനസിലാക്കുവാൻ പ്രയാസം ഒക്കെ ഉണ്ടാവാം. ഇത് ഡ്രൈവിങ്ങ് ഒക്കെ ദുഷ്കരമാക്കാം.

6. വായിക്കുകയും എഴുതുകയും ചെയ്യുമ്പോൾ വാക്കുകൾ ഉപയോഗിക്കുന്നതിലെ പ്രയാസം.

സംഭാഷണം പിന്തുടരുവാനോ പങ്കെടുക്കാനോ ബുദ്ധിമുട്ടുണ്ടാവൽ സംഭാഷണത്തിനിടയ്ക്ക് വെച്ച് നിർത്തുക, പറഞ്ഞത് ആവർത്തിക്കുക. വാച്ച് എന്ന പോലുളള സാധാരണ വാക്ക് കിട്ടാതെ 'കൈയിൽ കെട്ടുന്ന ക്ലോക്ക്' എന്നൊക്കെ പോലെ ശരിയായ പദം കിട്ടാതെ കുഴയൽ ഒക്കെ കാണാറുണ്ട്.

7. സാധനങ്ങൾ സ്ഥാനം മാറി വെക്കുകയും എവിടെ വെച്ചെന്ന് ഓർക്കാൻ കഴിയാതെ വരുകയും ചെയ്യുക.

വിചിത്രമായ ഇടങ്ങളിൽ സാധനങ്ങൾ വെക്കുക, ഓർത്തെടുക്കാൻ കഴിയാതെ ഇത് നഷ്ടപ്പെടുകയും ഇത് മറ്റാരെങ്കിലും മോഷ്ടിച്ചെന്ന് ആരോപിക്കുകയും ചെയ്യുകയൊക്കെ ഉണ്ടാവാം.

8. ശരിയായ തീരുമാനമെടുക്കാനുള്ള കഴിവ് കൈമോശം വരുക.

ഉദാ-പണമിടപാടുകളിൽ അലക്ഷ്യമായ തീരുമാനങ്ങളെടുക്കുക. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ അലംഭാവവും വസ്ത്രധാരണത്തിൽ ശ്രദ്ധ ചെലുത്താതിരിക്കുകയും ചെയ്യുക.

9. ജോലിയിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും പിൻവലിയുക

ഹോബികൾ, സാമൂഹികമായ പ്രവർത്തനങ്ങൾ, ജോലി സംബന്ധമായ പ്രൊജക്റ്റുകൾ, കായിക വിനോദങ്ങൾ എന്നിവയിൽ നിന്നും മാറി നിൽക്കൽ ഒക്കെ ശ്രദ്ധിക്കേണ്ടതാണ്.

10. മൂഡിലും വ്യക്തിത്വത്തിലും ഉണ്ടാവുന്ന വ്യതിയാനങ്ങൾ

ആശയകുഴപ്പം, സംശയം, വിഷാദം, ഭയം, ഉൽക്കണ്ഠ തുടങ്ങിയ അവസ്ഥകൾ ,വീട്ടിലും ജോലി സ്ഥലത്തും പെട്ടെന്ന് അസ്വസ്ഥരാവൽ തുടങ്ങിയവ അവഗണിക്കാതിരിക്കുക.

അൽഷിമേഴ്സ് തടയാനാകുമോ?

എനിക്ക് അൽഷിമേഴ്സ് വരാൻ എത്രമാത്രം അപകടസാധ്യതയുണ്ട് ? അത് തടയാൻ എന്ത് ചെയ്യാൻ ഒക്കും എന്ന് സിമ്പിളായി പറഞ്ഞു തരാമോ എന്നല്ലേ നിങ്ങൾ മനസ്സിൽ ചോദിക്കുന്നത്. പ്രായം, ജനിതകമായ ഘടകങ്ങൾ, ജീവിതശൈലി, ജീവിതാന്തരീക്ഷത്തിലെ ബാഹ്യ ഘടകങ്ങൾ, മറ്റു രോഗങ്ങൾ പ്രത്യേകിച്ച് (ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം, പ്രമേഹം എന്നിവയുമായി അൽഷിമേഴ്‌സ് സങ്കീർണമായി ബന്ധപ്പെട്ടിരിക്കുന്നു. അൽഷിമേഴ്സ് രോഗം തടയാനും വഷളാവാതിരിക്കാനും ഒക്കെ എന്തെങ്കിലും ചെയ്യാനാകുമോ എന്നതിന് കൃത്യമായ ഉത്തരം പഠനങ്ങളുടെ പിൻബലത്തിൽ കൃത്യമായി നൽകുവാൻ പ്രയാസമാണ്. എന്നാൽ അൽഷിമേഴ്‌സ് സാധ്യത കുറക്കാൻ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിലതുണ്ട്. ഏതെല്ലാമെന്ന് നോക്കാം.

ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യവും അൽഷിമേഴ്‌സുമായി അഭേദ്യമായ ബന്ധമുണ്ട്. ചിട്ടയായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ആണ് ഇതിൽ പ്രധാനം. പച്ചക്കറികൾ, ഫലങ്ങൾ, മുഴു ധാന്യങ്ങൾ, പരിപ്പുകൾ, മൽസ്യം തുടങ്ങിയവക്ക് പ്രാധാന്യം നൽകി മധുരം, മധുര പാനീയങ്ങൾ, ഉപ്പ്, റെഡ് മീറ്റ്, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പരിമിതപ്പെടുത്തുന്ന ഭക്ഷണ രീതികൾ ഗുണകരമാണ്. രക്താതിമർദ്ദം ( ഉയർന്ന ബ്ലഡ് പ്രെഷർ), ഉയർന്ന കൊളെസ്റ്ററോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നത് പ്രധാനമാണ്.

മനസ്സിനെ ഉത്തേജിപ്പിക്കുക

കഴുത്തിന് മുകളിലുള്ള അവയവത്തിനും വ്യായാമം ആവശ്യമാണ് എന്നതാണ് പുതിയ കാഴ്ചപ്പാട്. പുതിയതെന്തെങ്കിലും പഠിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുക പുതിയ ഭാഷ പഠിക്കാൻ ശ്രമിക്കുക, എന്തെങ്കിലും സംഗീതോപകരണത്തിൽ വൈദഗ്‌ദ്യം നേടുക, ചിത്രരചന നടത്തുക, തുന്നുക, പുസ്തക വായന നടത്തുക തുടങ്ങിയ ശീലങ്ങൾക്കു സമയം കണ്ടെത്തുക. പദപ്രശ്നങ്ങൾ, സുഡോക്കു പോലുള്ള വിനോദങ്ങൾ, ചെസ്സ് പോലുള്ള ബോർഡ് ഗെയിമുകൾ ഒക്കെ നല്ലതാണു. പേരുകളും മറ്റും ഓർത്തെടുക്കാൻ ശ്രമിക്കുക. ഷെർലക് ഹോംസിനെ പോലെ നിരീക്ഷണബോധം ബോധപൂർവം ഉപയോഗപ്പെടുത്തി സാധാരണ കാഴ്ചകളെ എന്ത്, ഏത്, എപ്പോൾ എന്നൊക്കെയായി വേർതിരിച്ചു വിശകലനം ചെയ്യുക. പുതിയ സ്ഥലങ്ങളിലേക്ക് ഇടയ്ക്ക് ഒരു യാത്ര പോവുന്നതും നല്ല ഐഡിയ തന്നെ.

സാമൂഹികമായി സജീവമാകുക 

ഉൾവലിഞ്ഞ് ഒറ്റപ്പെടാതെ ഇടപഴകുക. സംഘടനകളിൽ, ക്യാംപുകളിൽ, സന്നദ്ധ സേവന ഉദ്യമങ്ങളിൽ, ഉത്സവക്കമ്മിറ്റികളിൽ, ഉത്സാഹക്കമ്മിറ്റികളിൽ ഒക്കെ സജീവമാകുക.

നന്നായി ഉറങ്ങുക 

ആഴത്തിലുള്ള ഉറക്കം തലച്ചോറിൽ അടിഞ്ഞു കൂടുന്ന അപായകരമായ രാസവസ്തുക്കളെ മസ്തിഷ്കത്തിൽ നിന്ന് നീക്കം ചെയ്യാന് സഹായിക്കുന്നുവെന്നും ഉറക്കം ഇല്ലാതാവുമ്പോൾ ഇവ അടിഞ്ഞു കൂടുന്നത് വർദ്ധിക്കുന്നു എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പിരിമുറുക്കം കുറക്കുക ഉല്ലാസവാനായിരിക്കാൻ ശ്രമിക്കുക എന്നതും ഇക്കാര്യത്തിൽ സഹായകം ആകും.

തല സൂക്ഷിക്കുക

തലയ്ക്കു ഗുരുതരമായ ക്ഷതം സംഭവിക്കുന്നതും പിന്നീട് അൽഷിമേഴ്‌സ് വരാനുള്ള സാധ്യതയുമായി ശക്തമായ ബന്ധം ഉള്ളതായി കാണപ്പെടുന്നതിനാൽ ഹെൽമെറ്റ് ധാരണം, സീറ്റ് ബെൽറ്റ് ധാരണം തുടങ്ങിയ ആചാരങ്ങൾ സംരക്ഷിക്കുന്നതാണ് ഉചിതം.

അൽഷിമേഴ്സിന് ചികിത്സയില്ലേ ?

ലോകത്തു ഏറ്റവും അധികം ഗവേഷണങ്ങളൂം പരീക്ഷണങ്ങളും ഫർമസ്യുട്ടിക്കൽ രംഗത്ത് നടക്കുന്ന ഒരു മേഖലയാണ് അൽഷിമേഴ്‌സ്. മില്യൺ കണക്കിന് ഡോളറുകൾ ഈ രംഗത്ത് ചിലവഴിച്ചിട്ടും വിജയം അകലെയാണ്. അൽഷിമേഴ്‌സ് എങ്ങനെ ഉണ്ടാകുന്നു എന്നത് പൂർണമായി മനസ്സിലാക്കാൻ കഴിയാതെ ചികിത്സ പരീക്ഷയ്ക്കുന്നതു കൊണ്ടാണ് ഇത് എന്ന് ഏറെക്കുറെ പറയാം. കാട്ടുതീ പോലെ മസ്തിഷ്‌കം മുഴുവൻ നാശം വിതയ്ക്കുന്ന ഒരു രോഗമാണ് അൽഷിമേഴ്‌സെങ്കിൽ ആ തീ പടർന്നു പിടിച്ചു നാശം വിതറിയ ശേഷം അതിനിടയാക്കിയ പന്തം ഊതിക്കെടുത്താൻ ശ്രമിക്കുന്നത് പോലെയാണ് ഇന്നത്തെ ചികിൽസാ രീതികൾ. ലക്ഷണങ്ങൾ കണ്ടു ചികിത്സ തുടങ്ങുമ്പോഴേക്കും രോഗം നാശം വിതച്ചു കഴിഞ്ഞു കാണും എന്ന് ചുരുക്കം.

അൽഷിമേഴ്‌സ് മുൻകൂട്ടി വളരെ നേരത്തെ കണ്ടെത്താനുള്ള ക്ലിനിക്കൽ പരിശോധനകളും, ബ്രെയിൻ സ്‌കാനിലെ മാറ്റങ്ങൾ വഴിയും രക്തപരിശോധനകൾ വഴിയും ഇത് തിരിച്ചറിയാനുള്ള biomarker കൾ ഫലപ്രദമായി വികസിപ്പിക്കുവാനും കൂടുതൽ ആളുകൾക്ക് പ്രാപ്യമാക്കുവാനും ശ്രമങ്ങൾ സജീവമാണ്.

പല പാശ്ചാത്യ രാജ്യങ്ങളിലും ഇന്നേറ്റവും ചിലവേറിയ ചികിൽസയാണ് മേധാക്ഷയത്തിന്റേത്. മുതിർന്നവരുടെ മരണകാരിയായ രോഗങ്ങളിൽ ആദ്യ അഞ്ചു സ്ഥാനത്ത് ഇന്ന് അമേരിക്കയിൽ അൽഷിമേർസ് ഉണ്ട്. അൽഷിമേർസ് ചികിത്സക്കായുള്ള ഗവേഷണത്തിന് കൂടുതൽ പണവും ശ്രദ്ധയും വകയിരുത്തണമെന്ന് ഭരണകൂടങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

അൽഷിമേർസ് രോഗികളിൽ നല്ലൊരു ശതമാനം ഇന്ത്യയിൽ വസിക്കുന്നുണ്ട്. ഇപ്പോഴുള്ള തോതിൽ പ്രായമായവരുടെ ജനസംഖ്യ വർദ്ധിക്കുമ്പോൾ ഇവരുടെ സംഖ്യ നൂറ്റാണ്ടിന്റെ പകുതിയോടെ മൂന്നിരട്ടിയാവുമെന്നാണ് കണക്കുകൂട്ടൽ . ഇതിൽ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്നവരുടെയും വൃദ്ധകളുടെയും സ്ഥിതി പ്രത്യേക പരിഗണന വേണ്ടതാണ്. സ്മൃതിനാശം വരുന്നവരെ കുറിച്ച് സ്മരണയുണ്ടായിരിക്കട്ടെ...

Written by: Dr. Anjit Unni & Dr. Jithin T Joseph, Info Clinic

info---azs