Wednesday 15 September 2021 10:55 AM IST : By സ്വന്തം ലേഖകൻ

ആറുമാസം മുൻപ് കാണാതായ അമലിന്റെ മൃതദേഹം അടഞ്ഞുകിടന്ന വീട്ടിൽ; ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണം

amal-1248-15.jpg.image.845.440

അമ്മയ്ക്കൊപ്പം തൃശൂർ വാടാനപ്പള്ളിയിലെ ബാങ്കിൽ പോയി അവിടെനിന്നു കാണാതായ പതിനേഴുകാരൻ അമൽ കൃഷ്ണയുടെ മൃതദേഹം 4 കിലോമീറ്റർ ദൂരെ അടഞ്ഞു കിടക്കുന്ന വീട്ടിൽ കണ്ടെത്തി. 6 മാസം മുൻപു കാണാതാകുമ്പോൾ കൈവശം ഉണ്ടായിരുന്ന എടിഎം കാർഡും മൊബൈൽ ഫോണും അമലിന്റെ ഫോട്ടോകളും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. സിം കാർഡ് ഒടിച്ചു മടക്കിയതും ഫോട്ടോ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ചുമരിലെ ഫോൺ നമ്പറും വിലാസവും അമൽ എഴുതിയതാണെന്നു ബന്ധു തിരിച്ചറിഞ്ഞു.

തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം പാടൂർ സ്വദേശിയായ പ്രവാസിയുടെ 15 വർഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം. വളപ്പിലെ കാടു വെട്ടാറുണ്ടായിരുന്നെങ്കിലും ആറു മാസത്തിലേറെയായി വീട്ടിൽ ആരും കയറിയിട്ടില്ല. ഹോട്ടൽ നടത്തുന്നതിന് സ്ഥലംനോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്. അമലിന്റെ വീട്ടിൽനിന്ന് 10 കിലോമീറ്ററിനുള്ളിലാണ് ഈ വീട്.

കയറിലൂടെ തല ഊർന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിനു താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു. ജീൻസും ഷർട്ടും ധരിച്ചിട്ടുണ്ട്. ‍‌മരിച്ചത് അമൽ തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയെങ്കിലും ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം ചെയ്യും. 

പ്രവാസി മലയാളി ചേറ്റുവ ഏങ്ങണ്ടിയൂർ ചാണാശേരി സനോജിന്റെയും ലൈബ്രേറിയൻ ശിൽപയുടെയും മൂത്ത മകനും പാവറട്ടി സെന്റ് ജോസഫ്സ് സ്കൂളിലെ പ്ലസ്‌ വൺ വിദ്യാർഥിയുമായ അമലിനെ മാർച്ച് 18ന് ആണു കാണാതായത്. എടിഎം കാർഡിനു തകരാർ ഉണ്ടെന്നു പറഞ്ഞതിനെ തുടർന്ന് അതു പരിഹരിക്കാൻ അമ്മ ഒപ്പം കൂട്ടുകയായിരുന്നു. അമ്മയുടേയും അമലിന്റെയും അക്കൗണ്ടുകൾ രണ്ടു ബാങ്കുകളിലായിരുന്നു.

സ്വന്തം അക്കൗണ്ടുള്ള ബാങ്കിലെ ഇടപാടു തീർത്ത് അമ്മ അടുത്ത ബാങ്കിലേക്കു പോകാനായി എത്തിയപ്പോഴാണു പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്. അതിന് ആഴ്ചകൾക്കു മുൻപ് അമലിന്റെ അക്കൗണ്ടിൽ നിന്ന് 2 വട്ടമായി 10,000 രൂപ ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷൻ വഴി പിൻവലിച്ചതായി കണ്ടെത്തിയിരുന്നു.

Tags:
  • Spotlight