ഉമ്മ കരൾ പകുത്തു നൽകിയിട്ടും സഹായവുമായി നാടൊരുമിച്ചെത്തിയിട്ടും കണ്ണീരു മാത്രം ബാക്കിയാക്കി അമാൻ അവസാന യാത്ര പോയി. തിരൂർ മുത്തൂരിലെ മാടയ്ക്കൽ അഫ്സലിന്റെയും അന്നാര കാഞ്ഞിരപ്പറമ്പിൽ ജാസ്മിന്റെയും ഏകമകൻ അമാൻ (5) ആണു കരൾ രോഗവുമായി ബന്ധപ്പെട്ട ചികിത്സയിലിരിക്കെ മരിച്ചത്.
ജനിക്കുമ്പോൾ തന്നെ അമാനു കരൾ രോഗമുണ്ടായിരുന്നു. മരുന്നു കഴിച്ചിരുന്നെങ്കിലും കരൾ മാറ്റിവയ്ക്കുകയാണു പ്രതിവിധിയെന്നു ഡോക്ടർമാർ അറിയിച്ചിരുന്നു. തുടർന്നു നവകേരള സദസ്സിൽ കുട്ടിയുടെ ഉമ്മ അപേക്ഷ നൽകുകയും ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ശസ്ത്രക്രിയയ്ക്കു നടപടി ആവുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളജിൽ ജൂലൈ 7നായിരുന്നു ശസ്ത്രക്രിയ. ഉമ്മ ജാസ്മിനാണു കരൾ പകുത്തു നൽകിയത്.
ശസ്ത്രക്രിയയ്ക്കു ശേഷം 15 ദിവസത്തോളം ആരോഗ്യവാനായിരുന്നു. പിന്നീടു കുട്ടിയുടെ തലയ്ക്കുള്ളിലെ രക്തക്കുഴൽ പൊട്ടി രക്തസ്രാവം ഉണ്ടായി. വിട്ടുമാറാതെ കഫക്കെട്ടും വന്നതോടെ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ അമൃത ആശുപത്രിയിലേക്കു മാറ്റി. ഏറെക്കാലം കുട്ടി വെന്റിലേറ്ററിൽ ആയിരുന്നു.
ഇതിനിടെ ഗൾഫിൽ നിന്നു നാട്ടിലെത്തിയ അമാന്റെ പിതാവ് അഫ്സൽ അസുഖബാധിതനായി മരിച്ചിരുന്നു. ഇതോടെ കുട്ടിയുടെ ചികിത്സയ്ക്കായി നാട്ടുകാർ ചേർന്നു സഹായ കമ്മിറ്റി രൂപീകരിച്ചു. എന്നാൽ, രക്തത്തിൽ പ്ലേറ്റ്‍ലെറ്റ് കുറഞ്ഞുവരുന്ന സ്ഥിതിയായതോടെ കുട്ടിയുടെ ആരോഗ്യം കൂടുതൽ വഷളാവുകയും മരിക്കുകയുമായിരുന്നു.