Thursday 14 April 2022 04:31 PM IST

‘ഈ സന്നിധിയിൽ നിന്നു തൊഴുമ്പോൾ പാൽപ്പായസം കുടിച്ചതു പോലുള്ള ആനന്ദം; അമ്പലപ്പുഴ കൃഷ്ണന് എന്റെ അക്ഷരപൂജയാണ് ആ പാട്ട്’; കൈതപ്രം പറയുന്നു

Roopa Thayabji

Sub Editor

ambalapuzhaa33344

മുല്ലപ്പൂവാസനയും ചന്ദനഗന്ധവും കൈകോർത്ത് വരുന്ന കാറ്റാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് പടികടന്നെത്തുന്നത്. ആ കാറ്റിൽ അലിയാത്ത നോവുകളില്ല. ഈ സന്നിധിയിൽ വന്ന് ഉള്ളുനൊന്തു പ്രാർഥിച്ചവരെയൊന്നും ഭഗവാൻ കൈവിട്ടിട്ടുമില്ല. സ്വർണകിരീടമണിഞ്ഞ്, സർവാഭരണ വിഭൂഷിതനായി ഭഗവാൻ ദർശനമേകുമ്പോൾ ചുറ്റമ്പലത്തിനുള്ളിലും മനസ്സിലും ഭൂപാള രാഗം മുഴങ്ങും.

ഈ സന്നിധിയിൽ നിന്നു തൊഴുമ്പോൾ പാൽപ്പായസം കുടിച്ചതു പോലുള്ള  ആനന്ദമാണെന്നു പറഞ്ഞാണ് ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ...’ എന്ന ഗാനം പിറന്ന കഥ കൈതപ്രം ദാമോദരൻ നമ്പൂതിരി ഓർത്തെടുത്തത്.

‘‘ഞാൻ പൂഞ്ഞാറിൽ പാട്ടു പഠിക്കുന്ന കാലം. അടുത്തൊരു കൃഷ്ണക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്യാമോ എന്ന് എന്നോടു ചോദിച്ചു. ‘ശാന്തിപ്പണി ചെയ്യാം, പക്ഷേ, ദക്ഷിണയും പ്രതിഫലവും സ്വീകരിക്കില്ല’ ആ നിബന്ധനയോടെ ജോലി തുടങ്ങി. ഭക്ഷണവും വസ്ത്രവും കോവിലകത്തു നിന്നു കിട്ടും. പിന്നെ ഭഗവൽപൂജയ്ക്ക് പ്രതിഫലം വേണോ?  നിഷ്കാമ കർമമായി, വളരെ ആത്മാർഥമായി ഭഗവാനു പൂജ ചെയ്തു.’’ കൃഷ്ണനെക്കുറിച്ചു പറയുമ്പോൾ കൈതപ്രത്തിന്റെ വാക്കുകൾ കൈകൂപ്പുന്നു.

ഇതെന്റെ സംഗീതപൂജ

പ്രിയദർശന്റെ ‘അദ്വൈതം’ എന്ന സിനിമയ്ക്കു വേണ്ടി ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ...’ എന്ന പാട്ടെഴുതുമ്പോൾ മനസ്സിൽ തെളിഞ്ഞത് ചുറ്റമ്പലവും പ്രദക്ഷിണ വ ഴിയുമാണെന്ന് അദ്ദേഹം ഓർക്കുന്നു. ‘‘ഈ പാട്ടിനു വേണ്ടി എം.ജി. രാധാകൃഷ്ണൻ ചേട്ടൻ ചൊല്ലിത്തന്നത് ‘പാഹിപാഹിമാം കൃഷ്ണാ പാഹിപാഹിമാം...’ എന്ന പഴയ ട്യൂണാണ്. പ്രണയസന്ദർഭത്തിലുള്ള ആ പാട്ടിനു വേണ്ടി അമ്പലപ്പുഴ കണ്ണനോടു പരിഭവം പറയുന്ന ഒരു പെൺകുട്ടിയെ മനസ്സിൽ സങ്കൽപിച്ചു. അവൾ തൊഴുതുവരുന്നതു വരെ മറഞ്ഞുനിൽക്കുന്ന കാമുകൻ.

പ്രദക്ഷിണവഴിയിലെ മുനിഞ്ഞുകത്തുന്ന നിലവിളക്കുകൾക്ക് അരികിലൂടെ വന്ന അവളുടെ മുഖം മറ്റൊരു ദീപമായി പ്രകാശിച്ചു. ‘എന്താണ് നീ കണ്ണനോടു പരിഭവം പറഞ്ഞ’തെന്ന് അവൻ ചോദിക്കുമ്പോൾ, ‘ഗോപികയെ പോലെ നിന്നെ കാണാൻ ഓടി വന്നതാണ്’ എന്നാണ് മറുപടി. പവിത്രമായ അമ്പലപ്പുഴ കൃഷ്ണന് എന്റെ അക്ഷരപൂജയാണ് ഈ പാട്ട്, എന്റെ പുണ്യം.’’ കൈതപ്രം ഭക്തിയോടെ ഒരു നിമിഷം കണ്ണടച്ചു.

സംവിധായകൻ പ്രിയദർശൻ, നായകൻ മോഹൻലാൽ, സംഗീതം നൽകിയ എം.ജി. രാധാകൃഷ്ണൻ, പാട്ടുപാടിയ എം.ജി. ശ്രീകുമാർ ഇവർക്കൊക്കെ അമ്പലപ്പുഴയുമായി അടുത്ത ബന്ധമുണ്ട്. അവർക്കെല്ലാം ആദ്യം കേട്ടപ്പോൾ തന്നെ പാട്ട് ഇഷ്ടമായെന്ന് കൈതപ്രം പറയുന്നു. സിനിമ റിലീസായി കഴിഞ്ഞുള്ള കാര്യങ്ങൾ പറയേണ്ടല്ലോ.

കണ്ണനെ കാത്ത കോവിൽ

എഴുപതുകളിൽ അരവിന്ദന്റെ ‘കുമ്മാട്ടി’യിൽ അഭിനയിക്കാൻ അമ്പലപ്പുഴക്കാർക്ക് പ്രിയപ്പെട്ട രാവുണ്ണി ചേട്ടൻ വന്നപ്പോൾ കൈതപ്രം ഓർത്തത് അമ്പലത്തെക്കുറിച്ചാണ്. അതിനു ശേഷമാണ് ആദ്യമായി അമ്പലപ്പുഴയിൽ പോയി പ്രാർഥിച്ചത്. ‘‘ഇവിടെ ഗുരുവായൂരപ്പൻ വന്നു വസിച്ചിട്ടുണ്ട്. ടിപ്പു സുൽത്താന്റെ പടയോട്ട കാലം. ഗുരുവായൂരപ്പനെ ഇവിടെ പ്രത്യേക ശ്രീകോവിൽ ഒരുക്കി പൂജിച്ചു. ആ ദേവസ്ഥാനം ഇപ്പോഴും പവിത്രമായി കരുതുന്നു.

കുഞ്ചൻ നമ്പ്യാരുടെ ഓർമ നിറഞ്ഞ കളിത്തട്ടാണ് പ്രിയപ്പെട്ട മറ്റൊരിടം. കൂത്തിൽ നിന്നു തുള്ളലിലേക്ക് മാറി ചിന്തിക്കാൻ അദ്ദേഹത്തിനു പ്രേരണ നൽകിയത് അമ്പലപ്പുഴ കൃഷ്ണനല്ലേ. ഇവിടുത്തെ കായൽക്കരയും, അഷ്ടപദിയും ഊട്ടുപുരയും എപ്പോഴോർത്താലും മനസ്സിൽ പാൽപ്പായസമധുരം പോലെ.’’

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ആലപ്പുഴ – തിരുവനന്തപുരം റോഡിൽ കച്ചേരി മുക്കിൽ നിന്നു തിരിഞ്ഞാണ് ക്ഷേത്രത്തിലെത്തേണ്ടത്. ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കാണ് പ്രധാന വഴിപാടായ പാൽപ്പായസം തയാറാകുക. മണിക്കിണർ, ഉപ്പുകാച്ചുപുര എന്നിങ്ങനെ കാഴ്ചകൾ ഏറെയുണ്ട് ചുറ്റമ്പലത്തിനുള്ളിൽ.

Tags:
  • Spotlight