Tuesday 16 April 2019 04:43 PM IST : By സ്വന്തം ലേഖകൻ

ആശങ്കകൾക്ക് അറുതിയായി; കുഞ്ഞിനേയും കൊണ്ടുള്ള ആംബുലൻസ് കൊച്ചി അമൃതയിലെത്തി; ആരോഗ്യമന്ത്രിയുടെ ഇടപെടൽ

amb

പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സ ഉറപ്പാക്കി ആരോഗ്യ മന്ത്രിയുടെ ഇടപെടൽ. ഹൃദയ വാൽവിന് തകരാർ സംഭവിച്ച കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയയും എല്ലാ വിധ ചികിത്സാ സൗകര്യങ്ങളും ഉറപ്പു വരുത്തുമെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായി. അതേസമയം കുഞ്ഞിനേയും വഹിച്ചു കൊണ്ടുള്ള ആംബുലൻസ് അമൃത ആശുപത്രിയിൽ എത്തിച്ചേർന്നു. അമൃത ആശുപത്രിയിൽ ഡോക്ടർമാരായ ബ്രിജേഷ്, കൃഷ്ണകുമാർ എന്നിവർ കുഞ്ഞിനെ പരിശോധിക്കും.   

നേരത്തെ കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് പകരം അമൃതയിൽ എത്തിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ ആരോഗ്യ മന്ത്രിയുടെ ഇടപെടലോടെ കുഞ്ഞിനെ അമൃതയിൽ തന്നെ എത്തിക്കാൻ അന്തിമ തീരുമാനമെടുക്കുകയാരുന്നു. കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഏകോപിപ്പിക്കുന്നത് കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ്.

പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പൈതലാണ് ചീറിപ്പാഞ്ഞു വരന്ന ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നത്. കാസർകോട് സ്വദേശികളായ സാനിയ–മിദാഹ് ദമ്പതികളുടെ പിഞ്ചു പൈതൽ. ജനിച്ച മാത്രയിൽ തന്നെ ഡോക്ടർമാർ ആ പൈതലിൽ ജീവനെടുക്കാൻ പോന്ന വിധമുള്ള വാൽവ് തകരാർ കണ്ടെത്തുകയായിരുന്നു. കാസർകോട് കൃഷ്ണ ആശുപത്രിയിൽ ജനിച്ച ആ കുഞ്ഞിനെ ഗുരുതരമായ ഈ ആരോഗ്യ പ്രശ്നം മുന്നിൽ കണ്ട് മംഗലാപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പ്രതീക്ഷയുടെ കിരണങ്ങൾ അവിടെയും അസ്തമിച്ചപ്പോഴാണ് ഇങ്ങനെയൊരു യാത്ര.

സുഗമവും സുരക്ഷിതവുമായ അതിവേഗ യാത്ര മുൻനിർ‌ത്തി ആ ആംബുലൻസിന്റെ യാത്ര ഫെയ്സ്ബുക്ക് ലൈവ് രൂപത്തിൽ കാഴ്ചക്കാർക്കു മുന്നിലേക്കെത്തിയിരുന്നു. ചൈൽഡ് പ്രൊട്ടക്ട് ടീം കേരള എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ ജീവൻമരണ യാത്ര കാഴ്ചക്കാർക്കു മുന്നിലേക്കെത്തിയിരുന്നത്. യാത്രയുടെ വിശദാംശങ്ങളും കടന്നു പോകുന്ന ഓരോ പോയിന്റും കമന്റ് രൂപത്തിൽ ഈ വിഡിയോയിലൂടെ അപ്ഡേറ്റ് ചെയ്തിരുന്നു.