Friday 31 July 2020 02:11 PM IST : By സ്വന്തം ലേഖകൻ

അന്ന് മണവാട്ടി, ഇന്ന് പടികയറി നൊമ്പരം; പിറന്നാളുകാരിക്ക് പറഞ്ഞേൽപ്പിച്ച കുർബാന മരണ ദിവസത്തെ ഒപ്പീസ് ആയി...

merin7776554433

മോനിപ്പള്ളി തിരുഹൃദയപ്പള്ളിയിൽ ഒരു പിറന്നാളുകാരിക്കു വേണ്ടി ഇന്നലെ കുർബാന പറഞ്ഞേൽപ്പിച്ചിരുന്നു. എന്നാൽ അതു മരണ ദിവസത്തെ ഒപ്പീസ് ആയി മാറി. അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിൻ ജോയിയുടെ ജന്മദിനമായിരുന്നു ഇന്നലെ. ഇടവക ദേവാലയമായ തിരുഹൃദയപ്പള്ളിയിൽ കുർബാന ചൊല്ലാൻ മെറിന്റെ പിതാവും അമ്മയും ഏർപ്പാടാക്കിയിരുന്നു. ഊരാളിൽ വീട്ടിൽ മെറിന്റെ ഫോട്ടോയ്ക്കു മുന്നിൽ രണ്ടു മെഴുകുതിരികൾ മുഴുവൻ സമയവും കത്തിക്കൊണ്ടിരുന്നു.

പിറന്നാൾ കേക്കിനു മുന്നിൽ മെഴുകുതിരികൾ തെളിയേണ്ട ദിവസമായിരുന്നു ഇന്നലെ. മെറിൻ മണവാട്ടിയായി ഊരാളിൽ വീടിന്റെ പടിയിറങ്ങിപ്പോയതും 4 വർഷം മുൻപ് ഇതേ ദിനത്തിലായിരുന്നു. മെറിന്റെ പിതാവ് ജോയിയും അമ്മ മേഴ്സിയും അനുജത്തി മീരയും സങ്കടങ്ങൾ ഉള്ളിലൊതുക്കി വീട്ടിലുണ്ട്. മെറിനെ അവസാനമായി ഒരു നോക്കു കാണാൻ കാത്തിരിക്കുകയാണ് അവർ. ഒന്നുമറിയാതെ മെറിന്റെ രണ്ടു വയസ്സുകാരി മകൾ നോറ ഓടിക്കളിച്ചു നടക്കുന്നു.

അമേരിക്കയിൽ നിന്ന് മെറിന്റെ മൃതദേഹം അടുത്ത ആഴ്ച അവസാനത്തോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. യുഎസിലെ മയാമി കോറൽ സ്പ്രിങ്സ് ബ്രൊവാഡ്‌ ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്സായിരുന്നു മെറിൻ (27). ഭർത്താവ് ചങ്ങനാശേരി ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യു (നെവിൻ–34) പൊലീസ് കസ്റ്റഡിയിലാണ്. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ്– മേഴ്സി ദമ്പതികളുടെ മകളാണ് മെറിൻ.

മെറിന്റെ മൃതദേഹം അമേരിക്കൻ സമയം, ഞായറാഴ്ച വൈകിട്ടോടെ ബ്രൊവാഡ്‌ ഹോസ്പിറ്റലിനു സമീപം പൊതുദർശനത്തിനു വയ്ക്കും. തുടർന്നു നാട്ടിൽ എത്തിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു. എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, മോൻസ് ജോസഫ് എംഎൽഎ എന്നിവർ കുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക സെല്ലുമായി ബന്ധപ്പെട്ടു നടപടി ആരംഭിച്ചെന്നു തോമസ് ചാഴികാടൻ എംപി പറഞ്ഞു. മെറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

kottayam-malayali-nurse-merin-joy-murder-sub.jpg.image.845.440

ഫിലിപ് മാത്യുവിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ വകുപ്പാണ് പൊലീസ് ചുമത്തിയത്. ഫിലിപ്പിന്റെ കയ്യിൽ നിന്നു കത്തിയും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കൻ സമയം രാവിലെ 8.30ന് (ഇന്ത്യൻ സമയം വൈകിട്ട് 6) ഹോസ്പിറ്റലിൽ നിന്നു ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കാർ പാർക്കിങ്ങിൽ വച്ചു ഫിലിപ് മെറിനെ ‌കുത്തുകയായിരുന്നു. കുത്തേറ്റു വീണ മെറിന്റെ ദേഹത്തു കാർ കയറ്റുകയും ചെയ്തെന്നു ദൃക്‌സാക്ഷികൾ പറയുന്നു. ജീവനൊടുക്കാൻ ശ്രമിച്ച ഇയാളെ ഹോട്ടൽ മുറിയിൽ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്തെ കാര്യങ്ങൾ നഴ്സുമാരോട് പറയാറുണ്ട്: പ്രഫ.റോയ് കെ.ജോർജ്

വിദേശത്തെ നഴ്സുമാർ സാധാരണ ഗതിയിൽ സുരക്ഷിതരാണെന്നു ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പ്രഫ. റോയ് കെ.ജോർജ്. വിദേശത്തേക്കു പോകുന്ന നഴ്സുമാരോട് എല്ലാം അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കണമെന്നു പ്രത്യേകം പറയാറുണ്ട്.

ഓരോ രാജ്യങ്ങളുടേയും സുരക്ഷാ സംവിധാനങ്ങൾ എങ്ങനെ എന്നു മനസ്സിലാക്കണം.അവിടുത്തെ അടിയന്തര നമ്പറുകൾ സൂക്ഷിക്കണം. ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ളവ എടുക്കണമെന്നും എല്ലാ നഴ്സുമാരോടും പറയാറുണ്ട്. പൊതുവേ മലയാളി നഴ്സുമാരെ വിദേശത്തു ബഹുമാനമാണ്. സാമൂഹിക സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള ഇടപെടൽ വേണമെന്നു പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:
  • Spotlight