Thursday 17 June 2021 04:45 PM IST : By സ്വന്തം ലേഖകൻ

ആര്‍ത്തവ ദാരിദ്ര്യം അകറ്റാന്‍ ക്യാമ്പയിന്‍: സാനിട്ടറി പാഡ് അവകാശമാക്കാന്‍ പോരാടിയ അമികയ്ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി

amika-cover

മഹാനന്മകൊണ്ട് നാടിന്റെ യശസ്സുയര്‍ത്തുകയാണ് യുകെയിലെ ഈ മലയാളിപ്പെണ്ണ്.  വെസ്റ്റ് ലണ്ടനിലെ എഡ്ജ്വെയറില്‍ നിന്നുള്ള അമിക ജോര്‍ജ്ജിന്റെ പ്രവര്‍ത്തനങ്ങളാണ് ഇരുട്ടില്‍ നിന്ന എത്രയോ ജീവനുകള്‍ക്ക് വെളിച്ചമാത്, ആ മഹാനന്മയ്ക്കും മനസുറപ്പിനും ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതിയാണ് ഈ ഇരുപത്തിയൊന്നുകാരിയെ തേടിയെത്തിയത്. 

ആര്‍ത്തവത്തിന്റെസ വീര്‍പ്പുമുട്ടലുകളും സമ്മര്‍ദ്ദങ്ങളും പേറി ഇുളറകളില്‍ കഴിയാന്‍ മാത്രം വിധിക്കപ്പെട്ട കുറേയേറെ പേര്‍. അവര്‍ക്കിടയില്‍ ആര്‍ത്തവദാരിദ്ര്യം അകറ്റാനുള്ള യജ്ഞവുമായി അമിക അരയും തലയും മുറുക്കിയിറങ്ങിയപ്പോള്‍ മാറ്റത്തിന്റെ കാഹളം മുഴങ്ങുകയായിരുന്നു. സന്ധിയില്ലാത്ത പോരാട്ടം അധികാരികളുടെ കണ്ണുതുറപ്പിച്ചുവെന്നു മാത്രമല്ല, അമികയുടെ പ്രവര്‍ത്തനം ലോകം മുഴുവന്‍ വാഴ്ത്തപ്പെടുകയും ചെയ്തു. മെംബര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ (എംബിഇ) എന്ന പദവിയാണ് ഈ മലയാളി പെണ്‍കുട്ടിയെ തേടിയെത്തിയത്.

പതിനേഴാം വയസിലാണ് അമിക തന്റെ പോരാട്ടം ജീവിതവ്രതമാക്കിയത്. നാല് വര്‍ഷം മുന്‍പ് യുകെയിലെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ആര്‍ത്തവ ദാരിദ്ര്യത്തെ കുറിച്ച് വായിച്ചറിഞ്ഞതോടെയാണ് പോരാട്ടം ആരംഭിക്കുന്നത്്. ആര്‍ത്തവ ഉത്പന്നങ്ങള്‍ ലഭിക്കാത്തതിനാല്‍ ഒരാഴ്ചക്കാലം സ്‌കൂള്‍ നഷ്ടമാകുന്ന വിദ്യാര്‍ത്ഥികള്‍ യുകെയിലുണ്ടെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതായിരുന്നു. ദൈന്യത നിറഞ്ഞ മുഖങ്ങളെ ആ മനസില്‍ കണ്ട് അവരുടെ അവകാശങ്ങള്‍ക്കായി അമിക മുന്നിട്ടിറങ്ങി.  'ഫ്രീ പീരിഡ്‌സ്'' എന്ന ഹാഷ്ടാഗില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം ആരംഭിച്ചു. 

സൗജന്യ ആര്‍ത്തവ ഉത്പന്നങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ക്യാംപെയിന്‍ നടത്തിയത്. ഇംഗ്ലണ്ടിലെ എല്ലാ സ്റ്റേറ്റ് സ്‌കൂളുകളിലും, കോളേജുകളിലും സാനിട്ടറി പാഡ് നല്‍കാനുള്ള ചെലവ് യുകെ സര്‍ക്കാര്‍ ഏറ്റെടുക്കമെന്ന് അമികയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ വാദിച്ചു. 

സമൂഹമാധ്യമങ്ങളിലൂടെയാണ് പോരാട്ടത്തിന്റെ കണ്ണി വലുതാകുന്നത്. അമികയുടെ ആ പോരാട്ടം ഓണ്‍ലൈനില്‍ നിന്നും നിരത്തിലേക്കിറങ്ങാന്‍ അധികകാലം വേണ്ടി വന്നില്ല.  2017 അവസാനത്തോടെ ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് നടത്തിയ പ്രതിഷേധങ്ങളില്‍ അണിനിരന്നവരുടെ എണ്ണം 2000ന് മുകളിലേക്ക് എത്തി. പെറ്റീഷനില്‍ 180,000 പേര്‍ ഒപ്പും വെച്ചു. 2020ല്‍ സ്‌കൂളിലും, കോളേജിലും ആവശ്യമുള്ള ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സ്‌കീം ആരംഭിച്ചു. 

amika-25

തുടര്‍ന്ന് 2020 ല്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ആവശ്യമുള്ളത്ര ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി എത്തിക്കാന്‍ അമികയ്ക്ക് കഴിഞ്ഞു. എന്നാല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ സാനിട്ടറി പാഡുകള്‍ വാങ്ങാന്‍ കഴിയാത്ത നിരവധിയാളുകളുണ്ടെന്ന് അമിക പറയുന്നു. ലോക്ക്ഡൗണ്‍ സമയത്തും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രാദേശിക സ്‌കൂളുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കിയിരുന്നു. എന്നാല്‍ പലര്‍ക്കും ഇക്കാര്യം അറിയാതെ പോയിയെന്ന് അമിക ജോര്‍ജ്ജ് ബിബിസിയോട് പറഞ്ഞു.

എംബിഇ വാഗ്ദാനം ചെയ്തുള്ള ഇമെയില്‍ തന്നെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തുവെന്ന് അമിക പറയുന്നു. ഈ പദവി തന്റെ പേരിനൊപ്പം ചേര്‍ക്കണോ എന്ന് സ്വയം ചോദിച്ചുവെന്നും അമിക ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയത്തിലും ആക്ടിവിസത്തിലും ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം കുറവായതിനാല്‍ താന്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്നതായി അമിക വ്യക്തമാക്കി.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ അമികയുടെ പ്രധാന പഠന വിഷയം ഇന്ത്യന്‍ കൊളോണിയല്‍ ചരിത്രവും അടിമക്കച്ചവടവുമാണ്. ആക്റ്റിവിസവും പഠനവും ഒരുമിച്ച് കൊണ്ടു പോകാനാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ശ്രമിച്ച് കൊണ്ടിരുന്നതെന്നും ഇനി ഒരു ഇടവേള എടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമിക പറയുന്നു. പത്തനംതിട്ടയിലെ കുമ്പളാംപൊയ്ക സ്വദേശിയാണ് അമികയുടെ അച്ഛന്‍ ഫിലിപ്പ് ജോര്‍ജ്ജ്. അമ്മ നിഷ കൊല്ലം സ്വദേശിനിയാണ്. ബ്രിട്ടീഷ്-ഇന്ത്യന്‍ വംശജയായ അമിക ജോര്‍ജ്ജ് 2018ല്‍ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.

amika-mid

രാജ്ഞിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ജൂണിലാണ് എംബിഇ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലെ വീരന്മാരെ ആദരിക്കാന്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവ് 1917ല്‍ ഏര്‍പ്പെടുത്തിയതാണ് എംബിഇ പുരസ്‌ക്കാരം.