കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
ജൂനിയർ കലാഭവൻ മണി
കഥപറയും തെരുവോരം എന്ന സിനിമയിൽ ഒപ്പം അഭിനയിച്ച എന്നെ നോക്കി ചിരിയോടെ കലാഭവൻ മണി ചേട്ടൻ പറഞ്ഞു, ‘നീ കൊള്ളാലോ. ബെൻ ജോൺസണിൽ എന്റെ കുട്ടിക്കാലം അവതരിപ്പിക്കാൻ നീ മതി.’ ഞാൻ ഇന്നും നെഞ്ചോടു ചേർത്തുവയ്ക്കുന്ന ഒാർമയാണ് മണിച്ചേട്ടന്റെ ഈ വാക്കുകൾ. 12ാം വയസ്സിൽ കഥപറയും തെരുവോരത്തിലൂടെയാണു സിനിമയിലേക്ക് എത്തുന്നത്. ബെൻ ജോൺസണിലും ആണ്ടവനിലും മണിച്ചേട്ടന്റെ കുട്ടിക്കാലം ചെയ്തു. ഒളിവർ ട്വിസ്റ്റിലും അഭിനയിച്ചു. നാലാംവയസ്സിൽ സമക്ഷം എന്ന സീരിയലിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
ഗുരു– സന്തോഷ് ശിവൻ
സിനിമ വേണോ മറ്റെന്തെങ്കിലും ജോലി നോക്കണോ എന്ന് കൺഫ്യൂസ്ഡ് ആയിരിക്കുമ്പോഴാണ് സന്തോഷ് ശിവൻ സാറിന്റെ മുന്നിൽ എത്തിയത്. അന്നു ചില പ്രോജക്ടുകളുടെ ക്രിയേറ്റിവ് ഡയറക്ടറായി പ്രവർത്തിക്കുകയാണ്. ഞാൻ അഭിനയിച്ച ചില ദൃശ്യങ്ങൾ കോർത്തിണക്കിയ ഒരു വിഡിയോ സന്തോഷ് സാറിന് അയച്ചു കൊടുത്തു. അഭിനയിക്കാനാണ് അവസരം ലഭിച്ചതെങ്കിലും എനിക്ക് സംവിധാനമാണ് ഇഷ്ടം എന്നറിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചു, ഒപ്പം കൂടിക്കോളാൻ പറഞ്ഞു. ജാക്ക് ആൻഡ് ജിൽ, മനോരഥങ്ങൾ ഉൾപ്പെടെ നാലു പ്രോജക്ടുകളിൽ സാറിനൊപ്പം പ്രവർത്തിച്ചു. അഭിനയത്തിലേക്ക് എന്നെ വഴിതിരിച്ചു വിട്ടതും സാറാണ്.
കുട്ടി ഡയറക്ടർ
സംവിധായകരെല്ലാം എനിക്ക് ഹീറോസ് ആണ്. അവർ എല്ലാം നിയന്ത്രിക്കുന്നതും അവരെ എല്ലാവരും ബഹുമാനിക്കുന്നതും ചെറുപ്പത്തിൽ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. സ്കൂൾ കാലഘട്ടം കഴിഞ്ഞപ്പോഴെ ഉറപ്പിച്ചു എന്റെ ഭാവി സിനിമയിലാണെന്ന്. എന്റെ ആഗ്രഹം ആദ്യം പറഞ്ഞത് കൂട്ടുകാരോടാണ്. കേട്ടപ്പോഴേ എല്ലാവരും പച്ചക്കൊടി കാണിച്ചു. അങ്ങനെ 19ാം വയസ്സിൽ ‘മൈ ലൗ കോസ്റ്റ് യൂ നത്തിങ്’ എന്ന ഷോർട് ഫിലിമിലൂടെ സംവിധായകനായി. പോക്കറ്റ് മണിയായിരുന്നു ഞങ്ങളുടെ ബജറ്റ്.
പ്രി പ്രൊഡക്‌ഷൻ മുതൽ പോസ്റ്റർ ഒട്ടിച്ചതു വരെ ഞങ്ങൾ ഒരുമിച്ച്. തിരുവനന്തപുരം പത്മനാഭ തിയറ്ററിൽ ഷോർട്ട്ഫിലിമിന്റെ പ്രിവ്യു ഉണ്ടായിരുന്നു. പിള്ളേർടെ ഷോർട്ട് ഫിലിം കാണാൻ ആര് വരാനാണ് എന്ന് പലരും ചോദിച്ചു. പക്ഷേ, ആയിരത്തോളം പേർ ഷോയ്ക്ക് വന്നു. അതു നൽകിയ ആത്മവിശ്വാസത്തിന്റെ പുറത്ത് വീണ്ടും ചില പ്രൊജക്ടുകൾ.
എല്ലാവരോടും ബഹുമാനം മാത്രം
സുഹൃത്തായ നിധീഷിന്റെ സബ് ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിലൂടെ അഭിനയത്തിലേക്ക് വീണ്ടും തിരിഞ്ഞു. പിന്നീട് തോൽവി എഫ്സി, പുരുഷപ്രേതം, ഫാലിമി, ഗുരുവായൂർ അമ്പലനടയിൽ, വാഴ, പരാക്രമം തുടങ്ങിയ സിനിമകൾ ചെയ്തു.
വാഴയിൽ അച്ഛൻ കഥാപാത്രം അവതരിപ്പിച്ച നസീറിക്ക കട്ടക്കലിപ്പിൽ എന്നെ വഴക്ക് പറയുന്ന രംഗം സോഷ്യൽ മീഡിയയിൽ ചർച്ചയായി. കരഞ്ഞുകൊണ്ടുള്ള എന്റെ പ്രതികരണം ഇത്തിരി ഓവറായില്ലേ എന്നു ചിലർ സംശയം പ്രകടിപ്പിച്ചു. നന്നായി ചെയ്തു എന്ന കമന്റ്സും കിട്ടി. അത്തരം ജീവിതാനുഭവങ്ങൾ അറിയാവുന്നതു കൊണ്ടാകാം ഞാൻ ഏറെ ഉൾക്കൊണ്ട് അഭിനയിച്ച സീനാണത്. വിമർശനങ്ങളെയും എല്ലാവരുടെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നു.
അഭിനയവും ഗെയ്മിങ്ങും
അഭിനയം പോലെ ഇഷ്ടമാണ് ഗെയ്മിങ്ങും. ‘ഗെയ്മർ തത്തമ്മ’ എന്നാണ് എന്റെ ഗെയ്മിങ് പേര്. കോംപറ്റീറ്റീവ് ഗെയിമിങിൽ സജീവമാണ്. ലൈവ് സ്ട്രീമിങ്ങ് തുടങ്ങണം എന്ന ആഗ്രഹമാണ് ഗെയ്മർ തത്തമ്മ എന്ന യൂട്യൂബ് ചാനലിലേക്ക് എത്തിച്ചത്.
പെറ്റ് ഡിറ്റക്ടീവും ഓടും കുതിരയുമാണ് റിലീ സിനൊരുങ്ങുന്ന ചിത്രങ്ങൾ. എന്റെ സ്വപ്നങ്ങൾക്കു ഫുൾ സപ്പോർട്ട് നൽകി അമ്മ രാജേശ്വരിയും ചേട്ടൻ അവിനാശുമുണ്ട്. ഞാൻ നടനാകണം എന്നൊരുപാട് ആഗ്രഹിച്ചത് അച്ഛൻ കെ.ബി. മോഹനചന്ദ്രനാണ്. എനിക്കു 17 വയസ്സുള്ളപ്പോൾ അച്ഛൻ പോയി. ഇപ്പോൾ ചെയ്യുന്നതൊക്കെയും അദ്ദേഹത്തിന്റെ സന്തോഷത്തിനുകൂടി വേണ്ടിയാണ്.
അഞ്ജലി അനിൽകുമാർ