Tuesday 23 October 2018 04:39 PM IST : By സ്വന്തം ലേഖകൻ

ട്രെയിൻ കയറിയിറങ്ങും മുമ്പ് ആ കുഞ്ഞിനെ വലിച്ചെറിഞ്ഞു; വായുവിൽ പറന്ന ആ പൈതലിന് രക്ഷയായത് ‘ദൈവത്തിന്റെ കൈ’, ആ കഥയിങ്ങനെ

meena

ചില നിയോഗങ്ങളുണ്ട്, ദൈവത്തിന്റെ അദൃശ്യകരങ്ങളുമായെത്തുന്ന ചില നിയോഗങ്ങൾ. ഒരൊറ്റ നിമിഷം കൊണ്ട് ജീവിതത്തിന്റെ ടൈം ടേബിൾ തന്നെ മാറ്റിയെഴുതാൻ കെൽപ്പുണ്ടാകും അവർക്ക്. മീനാദേവി എന്ന സാധാരണക്കാരിൽ സാധാരണക്കാരിയായ വീട്ടമ്മയും അത്തരമൊരു നിയോഗത്തിനുടമയാണ്. അങ്ങനെയല്ലായിരുന്നുവെങ്കിൽ ഒരു പിഞ്ചുകുഞ്ഞിന്റെ രക്ഷകയാകാൻ വിധി അവരെ തെരഞ്ഞെടുക്കില്ലായിരുന്നു.

മീനാദേവിയുടെ ആ രക്ഷാദൗത്യത്തിന്റെ കഥ അൽപം നെഞ്ചിടിപ്പോടെയല്ലാതെ കേട്ടിരിക്കാനാകില്ല. ഒരൊറ്റ നിമിഷത്തിന്റെ ജാഗ്രത അതാണ് മീനാദേവിയെ ഇന്നൊരു നാടിന്റെ തന്നെ താരമാക്കി മാറ്റിയത്.

വെള്ളിയാഴ്ച രാത്രി അമൃത്സറില്‍ ദസറാ ആഘോഷത്തിനിടെയാണ് രാജ്യം നെഞ്ചിടിപ്പോടെ കേട്ട ആ ദുരന്തമുണ്ടായത്. രാവണ കോലം കത്തിയെരിഞ്ഞ റെയില്‍വേ ട്രാക്കിന് സമീപത്തായുള്ള ആഘോഷ സ്ഥലത്തുണ്ടായിരുന്ന നൂറുകണക്കിന് പേരിൽ ഒരാളായിരുന്നു മീനാദേവിയും. ഇതിനിടയില്‍ ആയിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ മരിച്ചയാള്‍ രക്ഷിക്കാനായി പുറത്തേക്ക് എറിഞ്ഞ കുഞ്ഞിനെ മീനാദേവി രക്ഷപ്പെടുത്തുകയായിരുന്നു.

ദൂരെ നിന്നും നിയന്ത്രണമില്ലാതെ വരുന്ന ട്രെയിനിന്റെ ഹെഡ്‌ലൈറ്റും പാളത്തെ കീറിമുറിച്ചുകൊണ്ട് അത് അതിവേഗത്തില്‍ പാഞ്ഞടുക്കുന്നതും ഒറ്റ നിമിഷം കൊണ്ട് മീനാദേവി കണ്ടിരുന്നു. പാഞ്ഞടുത്ത ട്രെയിൻ ചക്രങ്ങൾക്കിടയിൽ നിന്നും പിഞ്ചു കുഞ്ഞിനെ ഞൊടിയിടയിലെ ജാഗ്രതകൊണ്ട് മീനാദേവി രക്ഷിച്ചെടുത്തു.

കുഞ്ഞിനെ കൈയ്യിലേന്തിയിരുന്നയാൾ ഇടിയേറ്റ് തെറിച്ചു പാളത്തിലേക്ക് വീഴുന്നതും ട്രെയിന്‍ വന്നു മുട്ടിയതും കയ്യിലിരുന്ന പിഞ്ചു കുഞ്ഞിനെ അയാള്‍ വലിച്ചെറിഞ്ഞതുമെല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ നടന്നു. സ്തബ്ദ്ധരായി ജനക്കൂട്ടം നിന്നുപോയ ആ സമയത്ത് ട്രെയിന്‍ ചതച്ചരയ്ക്കും മുമ്പ് അയാള്‍ എടുത്തെറിഞ്ഞ കുഞ്ഞ് നിലത്തുവീഴാതെ ഡൈവ് ചെയ്ത് മീനാദേവി പിടിച്ചു.

‘ദുഷ്ടന്മ‍ാരേ... ആ മോളെ ഇനിയും കൊല്ലാക്കൊല ചെയ്യരുത്’; ബാലഭാസ്കറിന്റെ മകളുടെ പേരിൽ പ്രചരിക്കുന്ന വിഡിയോക്കു പിന്നിലെ സത്യം–വിഡിയോ

ദസറാ ആഘോഷം കാണുന്നതിനായി കാത്തുനിന്ന നൂറുകണക്കിന് പേര്‍ക്കിടയില്‍ പാളത്തെ കീറിമുറിച്ചുകൊണ്ട് ട്രെയിന്‍ പാഞ്ഞുവരുന്നതിനും അനേകം പേരെ ചതച്ചരയ്ക്കുന്നതിനും മീനാദേവി സാക്ഷിയായി. താന്‍ രക്ഷപ്പെടുത്തിയ കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടെത്തുന്നതിനായി മീനാദേവി അപകട സ്ഥലത്ത് കിണഞ്ഞു പരിശ്രമിച്ചിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് 10 മാസം പ്രായം വരുന്ന കുട്ടിയ്ക്ക് ഇവര്‍ ശുശ്രൂഷയും ഭക്ഷണവും നല്‍കി പോറ്റി. 48 മണിക്കൂര്‍ നേരത്തിന് ശേഷം അവര്‍ കുട്ടിയെ സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്. തലയ്ക്ക് നേരിയ പരിക്കേറ്റ കുട്ടിയ്ക്ക് ഡോക്ടര്‍ സിറ്റി സ്‌കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മാതാപിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടയാണെന്ന് ഇവര്‍ പിന്നീട് പറഞ്ഞു. അതേസമയം വിവരം വെച്ചുള്ള അന്വേഷണത്തിനൊടുവില്‍ കുഞ്ഞിന്റെ കുടുംബാംഗങ്ങളെ അധികൃതര്‍ കണ്ടെത്തി. വിശാല്‍ എന്നാണ് കുട്ടിയുടെ പേര്. അപകടത്തില്‍ മീനാദേവിയുടെ കണ്‍മുന്നില്‍ മരണമടഞ്ഞത് കുട്ടിയുടെ പിതാവ് ബുദ്ധിറാമാണ്. സംഭവത്തില്‍ മാതാവ് രാധികയ്ക്ക് പരിക്കേറ്റു. ഇവര്‍ അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തില്‍ കുട്ടിയുടെ പിതൃസഹോദരിയുടെ ഭര്‍ത്താവും മകനും മരണമടഞ്ഞു. നേപ്പാളുകാരിയാണ് മീനാദേവി വീട്ടുജോലിക്കായി ഇന്ത്യയില്‍ എത്തിയയാളാണ്. വിവിധ ആഘോഷവേളയില്‍ ഇവരെ പാചകം ചെയ്യാന്‍ ആള്‍ക്കാര്‍ വിളിക്കും. അപകടത്തില്‍ കുഞ്ഞിനെ രക്ഷപ്പെടുത്തിയ മീനാദേവി ഇപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ താരമാണ്. എല്ലാവരും അവരുടെ നല്ല മനസ്സിനെ അഭിനന്ദനം കൊണ്ടു മൂടുകയാണ്. അപകടത്തില്‍ പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തുക മാത്രമായിരുന്നില്ല അവര്‍ ചെയ്തത് എന്നും നല്ല സംരക്ഷണം നല്‍കിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

‘എല്ലാം കഴിഞ്ഞിട്ട് ‘ഇരവാദം’ ഉന്നയിക്കുന്നത് നല്ലതാണോ?’; മീ ടൂ വെളിപ്പെടുത്തലുകളോട് മംമ്തയ്ക്ക് പറയാനുള്ളത്