Tuesday 31 December 2024 04:12 PM IST

‘കമ്പിളി പുതപ്പ് ചോദിച്ച ആ മേട്രനെ ഓർമയില്ലേ?’: കുഞ്ചാക്കോ ബേബനെയും വീണാജോർജിനേയും നൃത്തം പഠിപ്പിച്ച അമൃതം

Shyama

Sub Editor

amrutham

ആ മുഖം ദേ... ഇവിടെയുണ്ട്. ആലപ്പുഴ പാലേടം ബോട്ടു ജെട്ടിക്കടുത്തുള്ള വീട്ടിൽ. തിളങ്ങുന്ന പച്ചത്തത്ത നിറമുള്ള നെൽപ്പാടങ്ങളും കണ്ണെത്താദൂരം പടർന്നു കിടക്കുന്ന വെള്ളാമ്പൽക്കാടുകളും പിന്നിട്ട് ഓറഞ്ചും മഞ്ഞയും നിറത്തിൽ തീപ്പൊരിച്ചന്തമായി കായലിനരികെ തലയാട്ടുന്ന മാങ്ങാനാറിപ്പൂക്കളെയും പകുത്തു മാറ്റി ആ ഗെയിറ്റിലെത്തുമ്പോൾ നട്ടുവാങ്കത്തിന്റെ താളം കേൾക്കാം. ഗെയിറ്റ് കടന്നു വീടിന്റെ ഉമ്മറപ്പടിയിലെത്തുമ്പോൾ 86 വയസ്സിന്റെ ഊർജസ്വലതയോടെ അമൃതം ടീച്ചറുടെ നിറഞ്ഞ ചിരി കാണാം.

കഥക്കും മണിപ്പൂരിയും വരെ

‘‘ഞാൻ ഡാൻസ് പഠിപ്പിച്ചിരുന്ന ട്രൂപ്പിന്റെ പേര് ‘നൃത്യതി’ എന്നായിരുന്നു. കാവാലം നാരായണപ്പണിക്കരിട്ട പേരാണ് അത്. അദ്ദേഹത്തിന്റെ കുടുംബമായ ചാലേ കുടുംബത്തിലെ ഒരാളാണ് ലളിത – പത്മിനി – രാഗിണിമാരിലെ ലളിത ചേച്ചിയെ കല്യാണം കഴിച്ചത്. ചേച്ചി തുടങ്ങിയ ‘നടനഭാരതം’ എന്ന സ്ഥാപനത്തിലും ഞാൻ ഡാൻസ് പഠിപ്പിച്ചിരുന്നു.

ഡാൻസ് ടീച്ചറെന്ന് പറഞ്ഞാലും സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ് അന്നു ഞാൻ. ആയിടയ്ക്കു കോട്ടയത്തെ ആർ.പി. വാര്യർ എന്നൊരു സർ വന്ന് ആഴ്ചയിലൊരു ദിവസം അവിടെ കഥക്കും മണിപ്പൂരിയും പഠിപ്പിക്കുന്നുണ്ടായിരുന്നു. ആദ്യമേ തന്നെ ദക്ഷിണ കൊടുത്തു ഞാനും അതങ്ങു പഠിച്ചു.

ഏഴാം വയസ്സിലാണ് ഡാൻസ് പഠിക്കാൻ തുടങ്ങിയത്. എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ അമ്മ മരിച്ചതാണ്. ആറര വയസ്സിൽ അച്ഛനും. പിന്നീട് അമ്മൂമ്മയും അപ്പൂപ്പനുമൊപ്പമാണു ജീവിച്ചത്. ആ ളുകൾ ഇക്കാര്യങ്ങളൊക്കെ ചോദിച്ചു വിഷമിപ്പിക്കണ്ടെന്നു കരുതിയാകും കുഞ്ഞമ്മ എന്നെ ഡാൻസിനു ചേർത്തത്.

അമ്പലപ്പുഴ ആര്യകലാനിലയത്തിൽ അമ്പലപ്പുഴ ബ്രദേഴ്സിൽ അനുജനായ രാമകൃഷ്ണ പണിക്കരുെട ശിക്ഷണത്തിൽ നൃത്തം തുടങ്ങി. കേരള നടനം പഠിപ്പിച്ചത് അമ്പലപ്പുഴ രാമുണ്ണി സാറാണ്. പിന്നീട് തൃപ്പൂണിത്തുറ ആർഎൽവിയിൽ നിന്നു ഭരതനാട്യം പഠിച്ചു. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയിൽ നിന്നു മോഹിനിയാട്ടവും.

കുച്ചുപ്പുടി അഭ്യസിച്ചതു നാരായണൻമാസ്റ്ററുടെയടുത്തു നിന്നാണ്. ഗുരു കുഞ്ചുക്കുറുപ്പ് ആ ശാൻ, തകഴി ഐയ്യംപിള്ള ആശാന്‍ എന്നിവരിൽ നിന്നു കഥകളി അഭ്യസിച്ചു. രണ്ടു കൊല്ലം മുൻപ് വരെ അർജുനവേഷം കെട്ടിയാടിയിരുന്നു. നൃത്തം ഈ 86ാം വയസ്സിലും തുടരുന്നു.

അമൃതം എന്ന് പേര്

അച്ഛൻ ഒരിക്കൽ അമൃതപുളിനം എന്നൊരു നോവൽ വായിച്ച് അമ്മൂമ്മയോട് ‘എന്നെങ്കിലും എനിക്കൊരു പെങ്കൊച്ച് ജനിക്കുവാണെങ്കിൽ ഞാനവൾക്ക് അമൃതമെന്ന് പേരിടും’ എന്ന് പറഞ്ഞിരുന്നു. അമൃതവല്ലി എന്നാണ് ആദ്യം ഇട്ട പേര്. സ്കൂളിൽ ചേർക്കുമ്പോ അമൃതമ്മ എ ന്നാക്കി. വിവാഹശേഷം ഭർത്താവ് ഗോപിനാഥ മേനോന്റെ പേര് കൂടെ കൂടി. അദ്ദേഹം തൃപ്പൂണിത്തുറ ആർഎൽവിയിലെ ഭരതനാട്യം പ്രഫസറായിരുന്നു.

എനിക്കു പത്തു വയസ്സുള്ളപ്പോഴാണ് യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് ഭാഗവതർ നായകനായ ‘വേലക്കാരൻ’ എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചത്. പിന്നീട് നാടകത്തിൽ അദ്ദേഹത്തിന്റെ ഇളയ മകളായി അഭിനയിച്ചു. അതാണ് ആദ്യ നാടകം. അന്ന് യേശുദാസ് ഗാനഭൂഷണമൊക്കെ പാസായിരുന്നു. ആ നാടകത്തിൽ ഞാനും യേശുദാസും പാടിയിട്ടുമുണ്ട്.

പത്തു – പതിനഞ്ച് വയസ്സിലൊക്കെ ഉദയാ സ്റ്റുഡിയോയിൽ വരുന്ന വടക്കൻപാട്ടു സിനിമയിൽ അഭിനയിക്കാൻ പോകുമായിരുന്നു. കാശൊന്നും വാങ്ങാനറിഞ്ഞൂടാ. നടീനടന്മാരെ കണ്ട് ചുറ്റിക്കറങ്ങി നടക്കും. ഉണ്ണിയാർച്ച, ആരോമലുണ്ണി, തുമ്പോലാർച്ച, പാലാട്ടു കോമൻ തുടങ്ങിയ സിനിമയിലൊക്കെ ഡാൻസ് ചെയ്തിട്ടുണ്ട്. അന്ന് ആലപ്പുഴയിൽ ഡാൻസ് പഠിച്ച പെൺകുട്ടികളായി ഞാനും ടി.ആർ.ഓമനയും അങ്ങനെ കുറച്ചുപേരേയുള്ളൂ.

സ്കൂളിൽ പഠിക്കാൻ ‘നല്ല’ മോശമായിരുന്നു. പക്ഷേ, ടീച്ചർമാരൊന്നും വഴക്ക് പറയില്ല. കാരണം അവിടുത്തെ സ്ഥിരം ഡാൻസർ ഞാനാണ്. സ്കൂളിലെന്തു പരിപാടി വ ന്നാലും ഗ്രാമഫോൺ റെക്കോർഡ് ഇടും. ഞാൻ നൃത്തം ചെയ്യും. ഏതു പാട്ടിട്ടാലും അതിനൊത്തു കളിക്കും. പിന്നെയങ്ങോട്ടു ടീച്ചമാർ തന്നെ സ്കൂളിലെ കുട്ടികളെ നൃത്തം പഠിപ്പിക്കാൻ കൊണ്ടു വന്ന് ഏൽപ്പിക്കും, ഞങ്ങൾ ടീമായി പരിപാടികൾ ചെയ്യും.

രാവിലെ ക്ലാസ്സിൽ കൊണ്ടുപോയി പുസ്തകം വയ്ക്കും. എന്നിട്ടു പോയി ഡാൻസ് പഠിപ്പിക്കും. വൈകുന്നേരം പുസ്തകമെടുത്തു വീട്ടിലേക്ക്. പരീക്ഷ വരുമ്പോഴാണ് പ്രശ്നം. സയന്‍സിന് പടം വരയ്ക്കുന്നതിനു പത്തു മാർക്കുണ്ട്. കണക്കിലെ ജോമെട്രിക്കും പടം വരയ്ക്കും. അങ്ങനെ പതിനെട്ടു മാർക്കൊക്കെ വാങ്ങി ജയിച്ചു പോകും.

ഈ അടുത്ത കാലത്ത് സ്കൂളിൽ ആദരിച്ച സമയത്തു നടൻ മുകേഷുമൊത്തു കുറേ ചിത്രങ്ങൾ വന്നു. അതോടെ വീണ്ടും ആളുകൾ അന്വേഷിച്ചു വരാൻ തുടങ്ങി.

ആവസാനം അഭിനയിച്ച സിനിമ റാംജി റാവു സ്പീക്കിങ് ആണ്. സിനിമ വളരെ അനിശ്ചിതത്വമുള്ള ഇടമാണ്. നമ്മൾ ക്ലാസ്സൊക്കെ മാറ്റി വച്ചു ചെന്നാലും ചിലപ്പോ പറഞ്ഞ സമയത്തു കാര്യങ്ങൾ നടക്കണമെന്നില്ല. നൃത്തത്തിന്റെ കാര്യത്തിൽ നമ്മൾ പറയുന്ന സമയത്തു വേദിയിൽ കയറാം. പരിപാടി കഴിഞ്ഞ ഉടനെ പോരുകയും ചെയ്യാം. അതാണ് എനിക്കിഷ്ടം.

സിനിമയില്‍ ആദ്യമായി നൃത്ത സംവിധാനം ചെയ്തത് ‘മകം പിറന്ന മങ്ക’യ്ക്കാണ്. 13 മലയാള ചിത്രങ്ങൾ, ഒരു തെലുങ്ക്സിനിമ, ഒരു ഇംഗ്ലിഷ് സിനിമ (ബ്ലാക് വാട്ടർ) ഇവയ്ക്കു നൃത്തസംവിധാനം ചെയ്തു.

amrutham-2 നൃത്ത വിദ്യാർഥികൾക്കൊപ്പം അമൃതം ടീച്ചർ

ആരും മറക്കാത്ത കമ്പിളിപ്പുതപ്പ്

ഇപ്പോഴും ആ പേരിലാണ് ഞാൻ അറിയപ്പെടുന്നത്. മുകേഷിനൊരു ആദരം കൊടുത്ത ചടങ്ങിൽ എന്നെയും വിളിച്ചിരുന്നു. അവിടുന്നും ഒരു കമ്പിളിപ്പുതപ്പ് തന്നു. ‘കിടിലം’ എന്നൊരു ടിവി പരിപാടിക്കു പോയിട്ട് അവിടെ ഭരതനാട്യ വേഷത്തിൽ ഫുൾ മേക്കപ്പിൽ നൃത്തം ചെയ്തിരുന്നു. അന്നു നവ്യ നായരും റിമി ടോമിയും പറഞ്ഞിട്ട് മുകേഷിനൊ പ്പം കമ്പിളിപ്പുതപ്പെന്നു പറയുന്ന രംഗം വേദിയിൽ വീണ്ടും ചെയ്തു, നല്ല കയ്യടിയായിരുന്നു അതിനും.

പതിനഞ്ചോളം കുട്ടികൾ വീട്ടിൽ വന്നു നൃത്തം പഠി ക്കുന്നുണ്ട്. പള്ളാത്തുരുത്തിയിൽ അഞ്ചര വയസ്സുള്ള കുട്ടിയെ തൊട്ട് 57 വയസ്സുള്ള അമ്മയെ വരെ നൃത്തം പഠിപ്പിക്കുന്നുണ്ട്. ചിന്മയ സ്കൂളിലും ചമ്പക്കര സെന്റ് മേരീസിലും നൃത്തം പഠിപ്പിക്കുന്നുണ്ട്. ഇതേവരെ കേരളത്തിലങ്ങോളമിങ്ങോളം രണ്ടായിരത്തിലധികം കുട്ടികളെ നൃത്തം പഠിപ്പിച്ചുണ്ടാകും.

തിരുവനന്തപുരം ഹോളി ഏഞ്ചൽസിലെ ടീച്ചറിന്റെ മകളെ നൃത്തം പഠിപ്പിക്കുമ്പോ ഒരു സുന്ദരി എന്നെ കാണാൻ വരും. ആ കുട്ടിയുടെ സുഹൃത്ത്. പിന്നീട് യേശുദാസ് ക ല്യാണം കഴിച്ചത് ആ സുന്ദരിയെയായിരുന്നു, പ്രഭ.

മച്ചാട്ട് വാസന്തിയും കെപിഎസ്‌സി ലളിതയും ഞാനും ഒരുപാടു വേദികളിൽ ഒരുമിച്ചു നൃത്തം ചെയ്തിട്ടുണ്ട്. എട്ട് – ഒൻപത് കൊല്ലം തുടർച്ചയായി നൃത്തമത്സരത്തിനു ജ ഡ്ജായി പോയിട്ടുണ്ട്.

ആ സമയത്ത് ഒപ്പമുള്ള ഒരു സാറ് പറഞ്ഞിട്ടാണു പത്തനംതിട്ടയിലെ അഡ്വക്കേറ്റിന്റെ മക്കളെ പഠിപ്പിക്കാൻ ചെല്ലുന്നത്. കുര്യാക്കോസ് വക്കീലിന്റെ മക്കൾ വീണ, വിദ്യ, വിജയ്. ഇവരെ മൂന്നാളേയും പഠിപ്പിച്ചെങ്കിലും വീണയ്ക്കായിരുന്നു നൃത്തത്തോടു കൂടുതൽ താൽപര്യം. കൊണ്ടുപോയ മത്സരങ്ങൾക്കൊക്കെ എ ഗ്രേഡും ഫസ്റ്റും ഒക്കെ വാങ്ങിയിരുന്നു. ആ വീണ കുര്യാക്കോസാണ് ഇന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജ്.

കുഞ്ചാക്കോ ബോബന്റെ അച്ഛൻ ബോബൻ കുഞ്ചാക്കോയെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണു പിന്നെ ബോബന്റെ മക്കളെ പഠിപ്പിക്കുന്നത്. ചാക്കോച്ചനെയും അനിയത്തിയെയും പഠിപ്പിച്ചു. അവരുടെ അരങ്ങേറ്റത്തിന് പ്രേംനസീറും ശ്രീവിദ്യയും ക്യാപ്റ്റൻ രാജുവുമൊക്കെയായിരുന്നു വിശിഷ്ടാതിഥികൾ. പഠിപ്പിച്ചവരും പഠിക്കുന്നവരും ഒക്കെ സ്നേഹം പുതുക്കാറുണ്ട്.

നമ്മുടേതെന്നു പറയാവുന്ന മോഹിനിയാട്ടത്തോടും കേരളനടനത്തോടുമാണ് കൂടുതൽ അടുപ്പം തോന്നുന്നത്. ഇപ്പോൾ സിനിമാറ്റിക്കിനോടാണ് ആളുകൾക്ക് ഇഷ്ടം. അതും വേണം. എല്ലാത്തിനും അതിന്റേതായ രസമുണ്ട്.

amrutham-3 അമൃതം ഗോപിനാഥും ആരോഗ്യമന്ത്രി വീണാ ജോർജും

കരുത്തായി കുടുംബം

അച്ഛൻ കൃഷ്ണപിള്ള, അമ്മ നാരായണി. എനിക്ക് ഇളയൊരാളുണ്ടായിരുന്നത് ചെറുപ്പത്തിൽ മരിച്ചു പോയി. അമ്മൂമ്മ കുഞ്ഞുലക്ഷ്മിയും അപ്പൂപ്പൻ പത്മനാഭക്കുറുപ്പുമാണ് വളർത്തിയത്. ഭർത്താവ് ഗോപിനാഥമേനോൻ. ഞങ്ങൾക്ക് നാലു മക്കൾ – സംഗീത, സബിത, സന്ധ്യ, സ ന്തോഷ്.

സിംഗപ്പൂരിൽ മൃദംഗ വാദകനായിരുന്നു സന്തോഷ്. ഞാനും നാലു കൊല്ലത്തോളം അവിടെയായിരുന്നു. 2000ൽ ഭർത്താവ് മരിച്ചു. 2010ൽ മകനും. മകന്റെ ഭാര്യയും ഒരു മകനും അവിടെത്തന്നെയാണ്.

ആലപ്പുഴ അറവുകാടാണ് സ്വന്തം സ്ഥലം. ഈയടുത്ത് ഒന്നു വീണു ചികിത്സയിലായതു കൊണ്ട് പാലേടത്തുള്ള മകള്‍ക്കൊപ്പമാണ്. മക്കളെല്ലാവരും പൊന്നുപോലെ നോക്കും, പേരക്കുട്ടികളും അങ്ങനെ തന്നെ. മൂന്ന് പെൺമക്കൾക്കും കൂടി ആറു പേരമക്കളുമുണ്ട്.

സ്ത്രീകൾ സ്വന്തമായി ജോലി ചെയ്തു ജീവിക്കണം എന്നാണ് എനിക്കു തോന്നുന്നത്. അതേപോലെ വ്യായാമത്തിനും സമയം കണ്ടെത്തണം. ശരീരം പ്രായം കാണിക്കും പക്ഷേ, എന്റെ മനസ്സ് അതു കാണിക്കാതിരിക്കുന്നതിന്റെ കാരണം നൃത്തമാണ്.

കുറച്ചുനാൾ മുൻപ് ബൈക്ക് തട്ടി വലിയൊരു അപകടമുണ്ടായി. അതിനു ശേഷം കേൾവിക്കു കുറച്ചു പ്രയാസമുണ്ട്. മണവും കിട്ടില്ല. എന്നിട്ടും ഞാൻ തിരിച്ചു വന്നത് നൃത്തം കാരണമാണ്. അവസാന നിമിഷം വരെ നൃത്തം ഒപ്പമുണ്ടാകണം. അതാണെന്റെ നിത്യമായ ആഗ്രഹം.’’

ശ്യാമ

ഫോട്ടോ: വിഷ്ണു നാരായണൻ