Wednesday 20 March 2019 03:49 PM IST

‘അപമാനത്താൽ ഞാൻ നീറി, ഹൃദയം നൊന്ത് മടങ്ങിപ്പോന്നു! ദുരനുഭവം വെളിപ്പെടുത്തി, കുടുംബസദസ്സുകളുടെ പ്രിയനായകൻ ആനന്ദ് കുമാർ

V.G. Nakul

Sub- Editor

a1

ഫോണിന്റെ മറുതലയ്ക്കൽ കേട്ട ശബ്ദം അൽപ്പമൊന്ന് അമ്പരപ്പിച്ചു, നമ്പർ മാറിപ്പോയോ ? ഏയ് ഇല്ല, ഉറപ്പിക്കാനെന്ന വണ്ണം ഒന്നു കൂടി ചോദിച്ചു, ആനന്ദ് കുമാർ...? അതേ, ആനന്ദാണ്... പക്ഷേ, ഒരു തരി സംശയം ബാക്കി നിൽക്കുന്നു. നല്ല ഒഴുക്കൻ മലയാളത്തിൽ ഡയലോഗ് പറയുന്നയാളുടെ ഒച്ചയ്ക്കെന്താ ഒരു തമിഴ്ചുവ. മടിച്ചു മടിച്ചാണെങ്കിലും ചോദിച്ചു. ആസ്വദിച്ചുള്ള ചിരിയുടെ അകമ്പടിയോടെയായിരുന്നു മറുപടി, ‘‘ഞാൻ ജനിച്ചതും വളർന്നതുമൊക്കെ ചെന്നൈയിലാണ്. അച്ഛൻ ജസ്റ്റിൻ പോളും അമ്മ എൽസിയും അവിടെ ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. ഇപ്പോഴും മലയാളം വായിക്കാനോ എഴുതാനോ എനിക്കറിയില്ല’’.

ആനന്ദ് കുമാറിനെ പരിചയപ്പെടുത്തലിന്റെ അലങ്കാരങ്ങളില്ലാതെ തന്നെ മലയാളി തിരിച്ചറിയും. ‘മിന്നുകെട്ടി’ലെ വിശ്വമായും ‘സീതാകല്യാണ’ത്തിലെ വേണുവേട്ടനായുമൊക്കെ കഴിഞ്ഞ ഇരുപതു വർഷത്തോളമായി ആനന്ദ് മലയാളികൾക്കു മുമ്പിലുണ്ട്.

സ്വാഭാവികമായ അഭിനയ മികവുമായി പ്രേക്ഷകരുടെ സ്വന്തക്കാരനായി മാറിയ ആനന്ദ് കുമാർ ‘വനിത ഓൺലൈനു’മായി സംസാരിക്കുന്നു.

a6

‘‘തൃശൂരാണ് എന്റെ നാട്. പക്ഷേ, വളർന്നതും പഠിച്ചതുമൊക്കെ ചെന്നൈയിലാണ്. ഓട്ടോമൊബൈൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷമാണ് അഭിനയ രംഗത്തേക്കു വന്നത്. ഞാൻ ഒറ്റമകനാണ്. വീട്ടിൽ കലാപാരമ്പര്യമൊന്നുമുണ്ടായിരുന്നില്ല. അച്ഛനും അമ്മയ്ക്കും സിനിമയിൽ ആകെയറിയാവുന്നത് മമ്മൂട്ടിയെയും മോഹൻലാലിനെയുമായിരുന്നു. എനിക്കും അഭിനയത്തോട് തീരെ താൽപര്യമുണ്ടായിരുന്നില്ല. കോളജിലൊക്കെ പഠിക്കുമ്പോൾ സ്റ്റേജ് കണ്ടാൽ ഞാൻ ഓടും. പക്ഷേ, ഒടുവിൽ അഭിനയത്തിൽ തന്നെ എത്തിപ്പെട്ടു എന്നതാണ് കൗതുകം’’.

നിർബന്ധിച്ചപ്പോൾ നടനായി

എന്നെ കണ്ട്, ‘നിനക്ക് ഒരു നടന്റെ ഛായയുണ്ട്, സിനിമയിൽ ശ്രമിച്ചൂടേ’യെന്ന് പപ്പയുടെ കൂട്ടുകാരൊക്കെ ചോദിക്കുമായിരുന്നു. പക്ഷേ എനിക്ക് സിനിമയുമായി ബന്ധപ്പെട്ട് യാതൊരു പരിചയവുമുണ്ടായിരുന്നില്ല. അങ്ങനെയാണ് പപ്പയുടെ സുഹൃത്തായിരുന്ന, അക്കാലത്തെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ ് കെ.ആർ.ഗോപാലകൃഷ്ണൻ ഒരു കത്തും തന്ന് എന്നെ മദ്രാസ് ക്രിസ്റ്റ്യൻ കോളജിലെ വിഷ്വൽ കമ്മ്യൂണിക്കേഷനിലെ പ്രൊഫസറായിരുന്ന ജോൺ ആശിർവാദത്തിന്റെ അടുക്കലേക്കു വിട്ടത്. ആകെ ഇരുപതു സീറ്റാണ് കോഴ്സിന്. 10 പെണ്ണും 10 ആണും. സാധാരണക്കാർക്ക് അടുക്കാൻ പറ്റില്ല. സിനിമാക്കാരുടെ ആള്‍ക്കാർക്കും ഗ്രാമത്തിൽ നിന്നു വരുന്നവർക്കുമൊക്കെയാണ് മുൻഗണന. സത്യരാജിന്റെ മകൻ സിബിരാജും ഷീലയുടെ മകൻ വിഷ്ണുവുമൊക്കെ ഇന്റർവ്യൂവിന് വന്നിട്ടുണ്ട്. അപ്പോഴേ എന്റെ ആത്മവിശ്വാസം പാതി പോയി. നാസറും രഘുവരനുമൊക്കെയാണ് സെലക്ഷൻ കമ്മിറ്റിയിലുള്ളത്. എന്നോട് ഒരു രംഗം അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. ഞാൻ അറിയില്ല എന്നു പറഞ്ഞപ്പോൾ അവർ ചിരിച്ചു. അറിയിക്കാം എന്നു പറഞ്ഞു വിട്ടു. പക്ഷേ, എനിക്ക് അഡ്മിഷൻ കിട്ടി. അതാണ് തമാശ, ഈ ഇരുപതു പേരിൽ പല കാറ്റഗറിയിലേക്കാണ് ആളെ എടുക്കുക. നായകൻ, വില്ലൻ എന്നിങ്ങനെ...അതിൽ ഒന്നുമറിയാത്ത രണ്ടു പേരെയും തിരഞ്ഞെടുക്കും. അതിൽ ഒരാളായിരുന്നു ഞാൻ. ആദ്യ സെമസ്റ്ററിൽ ഞാനായിരുന്നു ക്ലാസിൽ എല്ലാറ്റിനും കുറവു മാർക്ക് മേടിച്ചയാൾ. പക്ഷേ, രണ്ടാം സെമസ്റ്ററിൽ എല്ലാ വിഷയങ്ങളിലും ഞാൻ ഒന്നാമതെത്തി.

a3

തുടക്കം ചോയുടെ കഥയിൽ

അവിടെ സിനിമാക്കാരും സീരിയലുകാരുമൊക്കെ വന്ന് അവരുടെ പുതിയ പ്രൊജക്ടുകൾക്കു വേണ്ടി ഓഡിഷൻ നടത്തും. അങ്ങനെയാണ് 1995ൽ, സി.വി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇരൈവൻ ഇരിക്കിൻട്രാലാ ...?’ എന്ന സീരിയലിൽ എനിക്ക് അവസരം ലഭിച്ചത്. ചോ രാമസ്വാമിയുടെ ‘ഈസ് ഗോഡ് ഈസ് ദെയർ’ എന്ന നോവലായിരുന്നു കഥ. അത് ആദ്യം നാടകവും പിന്നീട് സീരിയലുമാകുകയായിരുന്നു. നായക കഥാപാത്രമായിരുന്നു എനിക്ക്. ‘ഇരൈവൻ ഇരിക്കിൻട്രാലാ ...?’ വന്‍ ഹിറ്റായി.

a2

മലയാളത്തിൽ വന്നത് ആരോമൽ ചേകവരായി

മലയാളത്തിലെ ആദ്യ സീരിയൽ കെ.പി കുമാരൻ സാർ സംവിധാനം ചെയ്ത ‘അങ്കപ്പുറപ്പാടാ’യിരുന്നു. ആരോമൽ ചേകവരുടെ കഥാപാത്രമായിരുന്നു എനിക്ക്. അതും നായക വേഷം. ആ അവസരവും വളരെ യാദൃശ്ചികമായി വന്നതാണ്. ഒരു പരസ്യത്തിൽ അഭിനയിക്കാൻ ചാനലിന്റെ ഓഫിസിലെത്തിയ എന്നോട് അവിടുത്തെ മേധാവി സീരിയലിൽ അഭിനയിക്കാമോ എന്നു ചോദിക്കുകയായിരുന്നു. തുടർന്ന് മിന്നുകെട്ട്, രഹസ്യം, കഥാനായിക, മാംഗല്യം, സ്നേഹദൂരം, ഇഷ്ടം തുടങ്ങി വലിയ ഹിറ്റുകളുൾപ്പടെ അമ്പതോളം സീരിയലുകള്‍ ചെയ്തു. ഇപ്പോൾ മലയാളത്തിൽ സീതാകല്യാണം, തമിഴിൽ ചന്ദ്രമുഖി എന്നീ സീരിയലുകൾ ചെയ്യുന്നു.

a5

അപമാനത്തിന്റെ ദിവസം

അങ്കപ്പുറപ്പാടിനു ശേഷം എന്നെ തേടി വന്നതൊക്കെ വലിയ സംവിധായകരുടെ വർക്കുകളായിരുന്നു. ശ്യാമപ്രസാദ് സാറിന്റെ ശമനതാളം, ജൂഡ് അട്ടിപ്പേറ്റി സാറിന്റെ അവസ്ഥാന്തരം, ശ്രീകുമാരൻ തമ്പി സാറിന്റെ അക്കരെപ്പച്ച തുടങ്ങിയ സീരിയലുകൾ എനിക്കു ബ്രേക്കായി. പക്ഷേ, അതിനിടയിലും മറക്കാനാകാത്ത, നോവിക്കുന്ന ഒരനുഭവമുണ്ടായി. എന്നെ അക്കാലത്തെ ഒരു വൻ സീരിയലിലേക്കു വിളിച്ചു. ഞാൻ തിരക്കിൽ നിൽക്കുന്ന കാലമാണ്. അവർ പറഞ്ഞതിൻ പ്രകാരം ഞാൻ രാവിലെ 6 മണിക്കു തന്നെ ലൊക്കേഷനിൽ ചെന്നു. കുറച്ചു കഴിഞ്ഞപ്പോൾ സംവിധായകൻ വന്നു. ഞാൻ പോയി കണ്ടപ്പോൾ, ‘നിൽക്കൂ വിളിക്കാം’ എന്നു പറഞ്ഞു. സമയം പോകുകയാണ്. ഉച്ചയായി. ആരും എന്നെ മൈൻഡ് ചെയ്യുന്നില്ല. പുറത്തു പോയി ഭക്ഷണം കഴിച്ചിട്ടു വന്നു. വിളിച്ചവരും സംവിധായകനും എന്നെ മറന്നതു പോലെയാണ് പെരുമാറ്റം. അപമാനത്താൽ ഞാൻ നീറി. എന്നിട്ടും കാത്തുനിന്നു. വൈകുന്നേരമായി. ആറുമണിയൊക്കെ കഴിഞ്ഞപ്പോൾ ‘ഞാൻ പൊയ്ക്കോട്ടേ’ എന്നു ചെന്നു ചോദിച്ചപ്പോൾ, ‘ആയ്ക്കോട്ടേ’ എന്നായിരുന്നു മറുപടി. അപമാനത്താലും സങ്കടത്താലും ഹൃദയം നൊന്താണ് ഞാൻ അവിടെ നിന്നു മടങ്ങിയത്. ഓർക്കണം, ശ്യാമപ്രസാദ്, ജൂഡ് അട്ടിപ്പേറ്റി, ശ്രീകുമാരൻ തമ്പി തുടങ്ങി വലിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചതിനു ശേഷമാണ് ഈ ദുരനുഭവം. പക്ഷേ, ദൈവം ചില കളി കളിയ്ക്കും. ഈ സംഭവത്തിനു ഒരാഴ്ച കഴിഞ്ഞാണ് മിന്നുകെട്ട് വരുന്നത്. അത് മത്സരിച്ചത് ഞാൻ നേരത്തേ പറഞ്ഞ സീരിയലുമായാണ്. മിന്നുകെട്ട് അതിനെ മറികടന്ന് റേറ്റിങ്ങിൽ ഒന്നാമതെത്തിയത് ചരിത്രം.

a4

സിനിമയിൽ വീണ്ടും

തമിഴിൽ ശരത് കുമാറിന്റെ ‘സിമ്മരാശി’യാണ് എന്റെ ആദ്യ ചിത്രം. ഒരു പരിപാടിയിൽ വച്ച് എന്നെ കണ്ട ശരത്കുമാർ ആ വേഷത്തിലേക്ക് എന്നെ നിർദേശിക്കുകയായിരുന്നു. മലയാളത്തിലെ ആദ്യത്തെ ചിത്രം ആർ.ശരത് സംവിധാനം ചെയ്ത ‘സായാഹ്ന’മാണ്. മലയാളത്തിൽ ആഗതൻ, ഓർഡിനറി തുടങ്ങി പത്തോളം സിനിമകൾ ചെയ്തു. ആഗതനിൽ ദിലീപിന്റെ അച്ഛൻ വേഷമായിരുന്നു. ഇപ്പോൾ പിക്കാസോ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഒരു നല്ല കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്.

കുടുംബം

ഭാര്യ ഡിംപിൾ. ‘സ്വയംവരപ്പന്തൽ’ എന്ന ചിത്രത്തിൽ ജയറാമേട്ടന്റെ അനിയത്തിയായി അവൾ അഭിനയിച്ചിട്ടുണ്ട്. രണ്ടു മക്കളാണ് ഞങ്ങൾക്ക്. മോൾ ആഡ്ന പത്താം ക്ലാസ് കഴിഞ്ഞു. മോൻ അഡ്രിയൻ ആറിൽ പഠിക്കുന്നു. ഇപ്പോൾ കുടുംബസമേതം തൃശൂരാണ് താമസം.

എന്റെ ജീവിതത്തെ കല്യാണത്തിനു മുമ്പും ശേഷവുമെന്ന് രണ്ടായി തിരിക്കാം. ഡിംപിൾ ജീവിതത്തിലേക്കു വന്ന ശേഷം എന്റെ ജീവിത ശൈലിയിൽ തന്നെ വലിയ മാറ്റം വന്നു. ഞാൻ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാൻ തുടങ്ങിയതൊക്കെ വിവാഹത്തിനു ശേഷമാണ്. ഇപ്പോഴുള്ള എന്നെ പരുവപ്പെടുത്തിയത് ഡിംപിളാണ്. എന്നെ പ്രാർത്ഥനയുടെയും ആത്മീയതയുടെയുമൊക്കെ ലോകത്തേക്കു കൊണ്ടു പോയതവളാണ്. ഇപ്പോഴത്തെ എന്റെ ജീവിത രീതിയിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് അവളോടാണ്.