Friday 17 September 2021 11:09 AM IST : By സ്വന്തം ലേഖകൻ

കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാനെത്തി; മകൾ നിലംപതിച്ചത് അച്ഛന്റെ മുന്നിലേക്ക്! ദാരുണ ദൃശ്യത്തിന് സാക്ഷിയായി ആനന്ദ് സിങ്

ffgbbbsec-putfh

കൺമുന്നിൽ അല്ലെന്നേ ഉണ്ടായിരുന്നുള്ളൂ, അച്ഛനു മുൻപിലേക്കു തന്നെയായിരുന്നു ഭവ്യയുടെ വീഴ്ച. ഉച്ചഭക്ഷണം കഴിക്കാനായി എത്തിയ മരാമത്ത് സെക്രട്ടറി ആനന്ദ് സിങ് കാറിൽ നിന്നിറങ്ങി ലിഫ്റ്റിലേക്കു കാൽ വച്ചതേയുണ്ടാകൂ. അതിനകം ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്നു മകൾ നിലംപതിച്ചു. തിരുവനന്തപുരം കവടിയാർ ജവഹർ നഗറിലെ ഫ്ലാറ്റിലാണ് ഏതാനും വർഷമായി കുടുംബസമേതം ആനന്ദ് സിങ്ങിന്റെ താമസം. യുപി സ്വദേശിയെങ്കിലും സ്ഥിര താമസം ഡൽഹിയിലാണ്.

രണ്ടാഴ്ച മുൻപാണു ഭാര്യ നീലംസിങ്ങും രണ്ടു പെൺമക്കളും ഡൽഹിയിൽ നിന്നു തിരിച്ചെത്തിയത്. കുടുംബം നാട്ടിലുണ്ടെങ്കിൽ ഉച്ചഭക്ഷണം അവർക്കൊപ്പം കഴിക്കുന്നതാണ് ആനന്ദ് സിങ്ങിന്റെ ശീലം. എന്നാൽ ഇന്നലത്തെ വരവിൽ കാണേണ്ടി വന്നതു ജീവിതത്തിലെ ഏറ്റവും ദാരുണമായ ദൃശ്യമാണ്. ഒൻപത് എ ഫ്ലാറ്റിന്റെ ബാൽക്കണിയിലെ കസേരയിൽ ഭവ്യ ഇരിക്കുന്നതു സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ കണ്ടിരുന്നു.

ഫ്ലാറ്റ് സമുച്ചയത്തിന്റെ മുൻഭാഗത്താണു ബാൽക്കണി. ആനന്ദ് സിങ്ങിന്റെ കാർ ഫ്ലാറ്റ് വളപ്പിനകത്തേക്കു വന്നപ്പോൾ സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധ അങ്ങോട്ടായി. ഇതിനു പിന്നാലെയായിരുന്നു വീഴ്ചയെന്നതിനാൽ അപകടം നടന്നതെങ്ങനെയെന്നു വ്യക്തമായി കണ്ടില്ല. വലിയ ശബ്ദം കേട്ടു ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോഴാണു ഭവ്യ വീണു കിടക്കുന്നതു കണ്ടതെന്നു സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഭവ്യയുടെ നെ‍ഞ്ചിനൊപ്പം ഉയരമുള്ള റെയിലുകളാണു ബാൽക്കണിയിൽ സ്ഥാപിച്ചിരുന്നതെന്നതിനാൽ കാൽവഴുതി വീഴാനുള്ള സാധ്യത കുറവാണെന്നാണു പൊലീസ് നിഗമനം. സംഭവം നടക്കുമ്പോൾ നീലം സിങ്ങും ഇളയ മകൾ ഐറയും ഫ്ലാറ്റിനുള്ളിൽ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ടു വന്നു നോക്കിയപ്പോഴാണു ഭവ്യ താഴെ വീണത് ഇവർ കണ്ടത്. നിലവിളിച്ചു കൊണ്ട് ഇവർ ഫ്ലാറ്റിനു പുറത്തേക്ക് ഓടിയിറങ്ങുമ്പോഴാണ് ഇതൊന്നുമറിയാതെ ലിഫ്റ്റ് കയറി ആനന്ദ് സിങ് മുകളിൽ വരുന്നത്. 

ലിഫ്റ്റിൽ തിരിച്ചിറങ്ങി മുൻവശത്തേക്ക് ഓടിയെത്തിയപ്പോഴേക്കും ഭവ്യ അബോധാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. സഹപ്രവർത്തകന്റെ കുടുംബത്തിലുണ്ടായ ദുരന്തമറിഞ്ഞ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒട്ടേറെപ്പേർ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. മരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനുശോചിച്ചു.

Tags:
  • Spotlight