Wednesday 21 July 2021 11:39 AM IST : By സ്വന്തം ലേഖകൻ

‘എന്റെ സ്വകാര്യ ഭാഗം ചെത്തിക്കളഞ്ഞതു പോലെയാണ്, സഹിക്കാന്‍ വയ്യാത്ത വേദനയാണ്...’! വേദനയോടെ അനന്യ പറഞ്ഞതിങ്ങനെ

ananya-new

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്‌സിനെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ട അനന്യ നേരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ആരോപണം ഉയര്‍ത്തിയിരുന്നു.

മരണത്തിനു മുമ്പ് തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

ഇപ്പോഴിതാ, ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് തന്നെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് ചർച്ചയാകുന്നത്.

“വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാന്‍ നേരിടുന്നത്. എന്റെ യോനി ഭാഗം എന്ന്് പറഞ്ഞാല്‍ ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്. നമ്മുടെ കൈയ്യില്‍ ഒരു തുരങ്കുമുണ്ടാക്കിയാല്‍ എങ്ങനെ ഉണ്ടാവും. അതു പോലെ ഒരു അവസ്ഥയാണ്. യോനിയുമായി ഒരു സാമ്യമില്ലാത്ത അവസ്ഥ. എനിക്കിത് തുറന്നു പറയുന്നതിന് ഒരു മടിയുമില്ല. എനിക്ക് നീതി കിട്ടണം. എനിക്ക് ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല. ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോള്‍ഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളത് കൊണ്ടാണ്. സഹിക്കാന്‍ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോള്‍ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോള്‍ ഇരിക്കുന്നത്’’.– അനന്യ പറഞ്ഞതിങ്ങനെ.

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ജോക്കിയായിരുന്നു അനന്യ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു.