Wednesday 21 July 2021 09:37 AM IST : By സ്വന്തം ലേഖകൻ

‘ചോദിക്കാനും പറയാനും ആളുകളോ നിയമങ്ങളോ ഇല്ലാത്ത ജീവികളാണ് നമ്മൾ, നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കുക’: മരിക്കുന്നതിനു മുമ്പ് അനന്യ പങ്കുവച്ചത്

ananya-alex

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്‌സിനെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെ രാത്രിയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു അനന്യ.

ഇപ്പോഴിതാ, മരിക്കുന്നതിനു ദിവസങ്ങൾക്കു മുമ്പ് അനന്യ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത ഒരു കുറിപ്പാണ് വീണ്ടും ചർച്ചയാകുന്നത്.

അനന്യ പങ്കുവച്ച കുറിപ്പ് –

ജന്ററും ശരീരവും തമ്മിൽ നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന ട്രാൻസ്‌ജെന്റർ വ്യക്തികളോടായിട്ട് ഒന്ന് പറഞ്ഞോട്ടെ.

സർജറി എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും എന്നതിൽ എനിക്ക് സംശയം ഒട്ടും ഇല്ല.

പക്ഷെ സർജറിയെ നമ്മൾ ഏറ്റവും വിവേകത്തോടെ വേണം സമീപിക്കാൻ. നമ്മൾ തിരഞ്ഞെടുക്കുന്ന ആശുപത്രിയും ഡോക്ടർ മാരും ഒക്കെ അത്രമേൽ പ്രധാനപെട്ട ഒന്നാണ്. SRS സർജറികൾ അനുനിമിഷം പുതിയ നിലവാരത്തിലേക്ക് അന്താരാഷ്ട്ര തലത്തിൽ ഉയരുകയാണ്. പക്ഷെ നമ്മുടെ നാട്ടിൽ ഇന്നും സർക്കാർ മെഡിക്കൽ കോളേജുകളിൽ പോലും അത്തരം ഒരു ചികിത്സ ലഭ്യമല്ല. പണം വിഴുങ്ങാൻ വേണ്ടി കച്ചകെട്ടി കുറെ സ്വകാര്യ ആശുപത്രികൾ കാത്തിരിക്കുന്നും ഉണ്ട്.

നമ്മൾ സമീപിക്കുന്ന ഡോക്ടർ ഈ വിഷയത്തിൽ എത്രമാത്രം സ്കിൽ ഉള്ള ആളാണെന്നും, അയാൾക് എത്രകണ്ടു അനുഭവ സമ്പത്തുണ്ട് എന്നും നമ്മൾ വളരെ നന്നായി പരിശോധിക്കേണ്ടത് അത്യാവശ്യം ആണ്. ഡോക്ടർ മാർക്ക് ചെയ്തു തെളിയൻ ഒരാള് കഴിഞ്ഞാൽ അടുത്തയാള് വരും നമ്മുക്ക് ജീവിതം ഒന്നേ ഉള്ളു. കേരളത്തിൽ സൗകര്യം ഇല്ലെങ്കിൽ ഉറപ്പായും കേരളത്തിന്‌ വെളിയിൽ സാദ്ധ്യതകൾ അന്വേഷിക്കണം. ഇന്ത്യയിൽ ഇല്ലെങ്കിൽ വിദേശത്ത് നോക്കണം. തിരക്ക് കൂട്ടിയത് കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ല. കുറച്ചു സമയം എടുത്തായാലും ഏറ്റവും വിശ്വാസമുള്ള ഇടതു മാത്രം പോകുക. സർജറിക്ക് മുൻപ് തന്നെ എന്തൊക്കെ ആണ് നമ്മുടെ ശരീരത്തിൽ അവർ ചെയ്യാൻ പോകുന്നത് എന്ന് വിശദമായി തന്നെ ചോദിച്ചു മനസിലാക്കുക. പണ്ട് മരിക്കുമോ ജീവിക്കുമോ എന്നുപോലും ഉറപ്പില്ലാതെ പ്രകൃത സർജറികൾ ഒക്കെ ചെയ്തിരുന്ന ആ കാലം കഴിഞ്ഞു. ലോകം ട്രാൻസ്‌ജെന്റർ ആരോഗ്യത്തിൽ ബഹുദൂരം പോയി കഴിഞ്ഞു. അതുകൊണ്ട് തന്നെ സമയമെടുത്തു ആലോചിച്ചു ഡോക്ടർ നെയും ആശുപത്രിയെയും തിരഞ്ഞെടുക്കുക. കൂട്ടുകാരിയോ കൂട്ടുകാരനോ ഒരു സ്ഥലത്തു ചെയ്തു എന്നത് കൊണ്ട് മാത്രം ആരും അവർ ചെയ്ത ആശുപത്രിയോ ഡോക്ടർ നെയോ തിരഞ്ഞെടുക്കേണ്ടതില്ല.

ട്രാൻസ്‌ജെന്റർ വ്യക്തികളുടെ ജീവിതവും ശരീരവും ട്രാൻസ്‌ജെന്റർ വ്യക്തികൾക്ക് മാത്രമാണ് പ്രധാനപെട്ടത്. ബാക്കിയുള്ളവർക്ക് ചോദിക്കാനും പറയാനും ആളുകളോ നിയമങ്ങളോ ഇല്ലാത്ത ജീവികൾ മാത്രമാണ് നമ്മൾ.

അതുകൊണ്ട് നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കുക

അക്കുമ്മ അക്കു