പാട്ടിനൊപ്പം മനോഹരമായി നൃത്തം ചെയ്തപ്പോൾ ആ കുരുന്ന് വിചാരിച്ചു കാണില്ല, തന്റെ നൃത്തത്തിന്റെ വിഡിയോ മന്ത്രിയുടെ അടുത്ത് വരെ എത്തുമെന്ന്. തൃപ്പൂണിത്തുറ എരൂർ കെഎം യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി അനയ പി. റിനിൽ എന്ന കുരുന്നിന്റെ നൃത്തം പങ്കുവച്ചു മന്ത്രി വി. ശിവൻകുട്ടി ചോദിക്കുന്നു, ‘നൃത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി അനയയെ തോൽപിക്കാൻ ഇനി ആരുണ്ട്..?’.
സുഹൃത്തുക്കള്‍ക്കൊപ്പം സങ്കോചമേതുമില്ലാതെ അനായാസം ചുവടുകൾ വയ്ക്കുന്ന അനയയുടെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം സ്കൂളിലെ ഫ്രീ പീരിയഡിൽ കുട്ടികളെ ക്ലാസ് റൂമിൽ നിന്നു പുറത്തിറക്കിയിരുന്നു. തുടർന്നു ഇവർക്കായി പാട്ടും വച്ചു നൽകി. ഈ സമയത്താണ് വിദ്യാർഥികൾ നൃത്തം ചെയ്തത്. കുട്ടികൾക്കൊപ്പം അനയ മികച്ച രീതിയിൽ നൃത്തം ചെയ്യുന്നത് സ്കൂളിലെ ഹെഡ്മിസ്ട്രസ് എ.കെ. ശ്രീലതയാണ് വിഡിയോ എടുത്തത്.
സമൂഹ മാധ്യമങ്ങളിൽ ഇട്ടതോടെ വിഡിയോ വൈറലായി. ഇതുകണ്ട് ബിആർസി ട്രെയ്നർ ആയ ടി.വി. ദീപയാണ് വിഡിയോ മന്ത്രിയുടെ അടുത്ത് എത്തിച്ചത്. കണ്ണൂർ സ്വദേശിയായ പി. റിനിലിന്റെയും രജിയുടെ ഇളയ മകളാണ് അയന. ഇതെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ആദി കൃഷ്ണയാണ് സഹോദരൻ.