Thursday 17 September 2020 10:56 AM IST : By സ്വന്തം ലേഖകൻ

ഫോണിൽ വിളിച്ചു ഏറെനേരം സംസാരിച്ചു; തൊട്ടുപിന്നാലെ തേടിയെത്തിയത് മരണവാർത്ത! ഞെട്ടൽ മാറാതെ ആശാ നിവാസ്

aneesh-thomas443245

കത്തിച്ചുവച്ച മെഴുകുതിരിക്കു മുന്നിൽ അനീഷിന്റെ യൂണിഫോമിട്ട ചിത്രം. മുന്നിൽ മൃതദേഹം കിടത്താൻ ഒരുക്കിയ കട്ടിൽ. സമീപത്തു ദു:ഖം അടക്കാനാകാതെ അച്ഛൻ തോമസ്. അടുത്ത മുറിയിൽ വാവിട്ട് കരയുന്ന ഭാര്യ എമിലി, ഒന്നും അറിയാതെ മകൾ ഹന്ന. കടയ്ക്കൽ വയലാ ആലുംമുക്ക് ആശാഭവനിൽ ഇന്നലെ കണ്ണീർ‌ക്കാഴ്ചകളായിരുന്നു എങ്ങും. കശ്മീരിലെ രജൗരി ജില്ലയിലുള്ള നിയന്ത്രണ രേഖയിൽ പാക്ക്സേന നടത്തിയ ഷെല്ലാക്രമണത്തിലാണ് കൊല്ലം ഇട്ടിവ വയലാ ആലുംമുക്കിൽ ആശാ നിവാസിൽ അനീഷ് തോമസ് (36) വീരമൃത്യു വരിച്ചത്. 

രജൗരിയിലെ സുന്ദർബനി സെക്ടറിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു പാക്ക് ആക്രമണം. ഗുരുതരമായി പരുക്കേറ്റ അനീഷിനെ സേനാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. കരസേനാ മേജർക്കും മറ്റൊരു ജവാനും പരുക്കേറ്റു. ഒപ്പം ജോലി ചെയ്യുന്ന അഞ്ചൽ അയിലറ സ്വദേശി ശ്രീജിത്താണു ഫോണിൽ മരണവിവരം വീട്ടുകാരെ അറിയിച്ചത്. 16 വർഷം മുൻപു സേനയിൽ ജോലിയിൽ പ്രവേശിച്ച അനീഷ് അടുത്ത 25ന് അവധിക്കു നാട്ടിലെത്താനിരിക്കുകയായിരുന്നു. 

ഫോൺവിളിക്ക് പിന്നാലെ എത്തി, ദുരന്തവാർത്ത

തിങ്കളാഴ്ച വൈകിട്ട് അനീഷ് ഭാര്യ എമിലിയെ ഫോണിൽ വിളിച്ചിരുന്നു. ഏറെനേരം സംസാരിച്ചു. 25ന് നാട്ടിലെത്താനുള്ള ഒരുക്കം തുടങ്ങിയെന്നു അറിയിച്ചു. മണിക്കൂറുകൾക്കുള്ളിൽ എത്തിയതു മരണവാർത്തയാണ്. തളർന്നുപോയ അമ്മ അമ്മിണിയെയും അച്ഛൻ തോമസിനെയും അഞ്ചലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ഇവരെ വീട്ടിൽ എത്തിച്ചത്. ബാംഗ്ലൂരിൽ‌ കൺസ്ട്രക്‌ഷൻ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന തോമസ് നാട്ടിലെത്തി കൃഷി ജോലിയിലായിരുന്നു. അനീഷിന്റെ വരുമാനം ആയിരുന്നു ആശ്രയം. വയലാ എൻവി യുപിഎസിലും ഹയർ സെക്കൻഡറി സ്കൂളിലും പത്തനാപുരം യുഐടിയിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് അനീഷ് ആർമിയിൽ ചേർന്നത്. 

അനീഷിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടൊരുങ്ങി

രാജ്യത്തിനായി ജീവൻ ത്യജിച്ച വീരയോദ്ധാവിനായി കാത്തിരിക്കുകയാണു നാട്. വയലാ ആലുംമുക്കിൽ അനീഷ് തോമസിന് ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്ററും ബോർഡുകളും നിരന്നു കഴിഞ്ഞു. വയലാ ഗവ. ഹയർസെക്കൻഡറി സ്കൂളിലും വയലാ എൻവി യുപിഎസിലും പഠിച്ച അനീഷിന് സുഹൃത്തുക്കൾ ഏറെയുണ്ട്. നാട്ടിലെത്തുമ്പോൾ എല്ലാവർക്കും താങ്ങും തണലുമായിരുന്നു അനീഷ്.

ഇന്നു രാവിലെ 10.30 ന് തിരുവനന്തപുരത്ത് എത്തുന്ന മൃതദേഹം 11.30ന് ശേഷം വയലായിലെ വീട്ടിൽ എത്തിക്കും. കോവിഡ് പ്രോട്ടോക്കാൾ പ്രകാരം പൊതുദർശനം നിയന്ത്രണ വിധേയമായിരിക്കും. അന്തിമോപചാരത്തിനു ശേഷം മർത്തസ് മുനി ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം. 

Tags:
  • Spotlight