Thursday 18 March 2021 01:08 PM IST

കറുപ്പ് നിറത്തിന് എന്തു ചേല്? പരിഹസിക്കാൻ വന്നവരോട് അനീഷ പറഞ്ഞു, എന്റെ നിറം എന്റെ അഭിമാനം! കറുപ്പഴകിന് നാടിന്റെ കയ്യടി

Binsha Muhammed

aneesha-model

‘വെളുക്കാൻ പാൽപ്പാട, ചുവന്നിരിക്കാൻ രക്തചന്ദനം, തിളങ്ങാൻ അലോവേര...’

എണ്ണക്കറുപ്പു പടർന്ന് മുഖവും മേനിയും നോക്കി ടിപ്സ് പങ്കുവയ്ക്കാൻ വന്നവരോട് അനീഷയ്ക്ക് വെറുപ്പായിരുന്നു.

‘കൺമഷിക്കറുപ്പ് കണ്ടാൽ ആർക്കാണ് പൊള്ളുന്നതെന്ന്’ ഒരിക്കൽ തിരിച്ചു ചോദിച്ചതുമാണ്. കറുപ്പിനെ വെളുപ്പിച്ചില്ലെങ്കിൽ കുറച്ചിലെന്ന് പറഞ്ഞ വീട്ടുകാരേയും പലവുരു തിരുത്താൻ നോക്കി. പക്ഷേ നിറം കുറഞ്ഞാൽ എന്ത് ചേലെന്ന അലിഖിത നിയമം മനപാഠമാക്കിയ വീട്ടുകാരും വീണ്ടും വീണ്ടും ടിപ്സുകളുടെ താളുകൾ തുറന്നു. പക്ഷേ അപ്പോഴെല്ലാം തന്റെ നിറം വ്യക്തിത്വത്തിന്റെ അടയാളമെന്ന് പ്രഖ്യാപിച്ച് അവൾ ഉറച്ച നിലപാടെടുത്തു.

കറുപ്പിന്റെ ചേലും ചന്തവും കരുത്താക്കി അവൾ മുന്നോട്ടു പോയി. വെളുത്ത നിറങ്ങളെ ആഘോഷിക്കുന്ന ഛായം തേച്ചു പിടിപ്പിച്ച പൊയ്മുഖങ്ങളുടെ കാലത്ത് തന്റെ നിലപാടിലൂന്നി ഒരിക്കൽ കൂടി അനീഷയെന്ന ബിഎഡ് വിദ്യാർത്ഥി പുറത്തു വരികയാണ്. നിറമില്ലാത്തവളെന്ന് സമൂഹം വിധിയെഴുതിയവരുടെ ശബ്ദമാകാൻ... സൗന്ദര്യമാകാൻ അവളെത്തുമ്പോൾ സൗന്ദര്യ ലോകത്തെ അപ്രഖ്യാപിത നിയമങ്ങളും മുൻവിധികളും തകർന്നു വീഴുമെന്നുറപ്പ്. ചമയങ്ങളുടെ മേലങ്കിയില്ലാതെ, ആടയാഭരണങ്ങളുടെ അലങ്കാരമേതുമില്ലാതെ അനീഷയെത്തുമ്പോൾ ആഘോഷിക്കപ്പെടുന്നത് കറുപ്പിന്റെ രാഷ്ട്രീയം കൂടിയാണ്. വൈറലാകുന്ന ചിത്രങ്ങൾക്കു പിന്നിലെ കഥ അവൾ തന്നെ പറയുന്നു, ‘വനിത ഓൺലൈനോട്.’

anee-3

കരിനീല കണ്ണഴകി...

കറുപ്പിനെ വലിയ തെറ്റായി കാണുന്ന സമൂഹം, വെളുത്തിരുന്നില്ലെങ്കിൽ അവസരങ്ങൾ പോയിട്ട് താലിഭാഗ്യം വരെ ഉണ്ടാകില്ലെന്ന് കരുതുന്ന സമൂഹം. കാലം കടന്നു പോയിട്ടും അത്തരം ചിന്താഗതികൾക്ക് വംശനാശം സംഭവിച്ചിട്ടില്ല. എന്നെ സംബന്ധിച്ചടത്തോളം നിറത്തിന്റെ പേരിൽ അവഗണനകൾ ഒന്നും തന്നെ നേരിട്ടിട്ടില്ല. പക്ഷേ അത്തരം വേർതിരിവുകൾക്കെതിരെ ശബ്ദമാകാൻ എന്റെ ഈ ഉദ്യമം കൊണ്ടു കഴിഞ്ഞെങ്കിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്. ഈ ഫൊട്ടോഷൂട്ട് എന്റെ ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ്. വെളുത്തിരിക്കണമെന്ന് ഉപദേശിക്കുന്ന ഇനിയും ‘നേരം വെളുക്കാത്ത’ സമൂഹത്തോടുള്ള മറുപടിയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏറ്റവും പ്രസക്തമായ സന്ദേശം– അനീഷ പറഞ്ഞു തുടങ്ങുകയാണ്.

കോട്ടയം പാമ്പാടിയാണ് എന്റെ സ്വദേശം. ബിരുദാന്തര ബിരുദ പഠനത്തിന് ശേഷം ഗണിതശാസ്ത്രം ഐച്ഛികവിഷയമാക്കി ബിഎഡിന് ചേരുമ്പോഴും മോ‍ഡലിംഗ് എന്ന ആഗ്രഹം ഉള്ളിൽ ഇളക്കം തട്ടാതെ കിടന്നു. നിറമൊരൽപ്പം കുറഞ്ഞിരിക്കുന്ന എന്നത് കുറവായിട്ട് തോന്നിയത് എന്നെ കണ്ട കണ്ണുകൾക്കായിരുന്നു. പക്ഷേ അതൊന്നും വകവയ്ക്കാതെ ഞാനെന്റെ ആഗ്രഹത്തെ മനസിലിട്ടു മുന്നോട്ടുപോയി. നിരവധി ഫൊട്ടോഷൂട്ടുകൾക്ക് അവസരം കൈവന്നിട്ടും വിവിധ സാഹചര്യങ്ങൾ മൂലം പോകാന്‍ കഴിഞ്ഞില്ല. ലോക് ഡൗണും തടസമായി.

പുതിയൊരവസരം കൈവന്നപ്പോൾ മേക്കപ്പിന്റെ മേമ്പൊടി അധികമില്ലാതെ എന്നെ ഞാനായി തന്നെ അവതരിപ്പിക്കുന്നതാകണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്റെ അനിയൻ അഭിജിത്താണ് എന്നിലെ സൗന്ദര്യം തിരിച്ചറിഞ്ഞതും ക്യാമറയ്ക്കു മുന്നിൽ എന്നെ എത്തിക്കാനുള്ള പ്രോത്സാഹനം നൽകിയതും.

എന്റെ കൂട്ടുകാരൻ അരവിന്ദാണ് കൂടുതലും എന്റെ ചിത്രങ്ങൾ എടുത്തിട്ടുള്ളത്.  അരവിന്ദ് ആണ് വൈറലായ ഈ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അജയ് എന്ന ഗബ്രിയേല്‍ ഫ്രാൻസിസിന് എന്നെ പരിചയപ്പെടുത്തിയത്, അതൊരു ടേണിംഗ് പോയിന്റായിരുന്നു. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തത് എന്നറിയുന്നതിൽ ഏറെ സന്തോഷം. മിനിഫ്രോക്കണിഞ്ഞെത്തിയ ചിത്രം നിരവധി ഫാഷൻ പേജുകളിലേക്ക് ഷെയർ ചെയ്യപ്പെട്ടു. എന്നെ സ്വീകരിച്ചവരോടും എന്റെ നിലപാടിനെ അംഗീകരിച്ചവരോടും നന്ദി...

anee-2

കറുപ്പു നൽകുന്ന സന്ദേശം

അരവിന്ദിന്റെ ചിറ്റയുടെ വീട്ടിൽ വച്ചാണ് ചിത്രം ഷൂട്ട് ചെയ്തത്. വലിയ ലൊക്കേഷനോ സ്റ്റുഡിയോ ഒന്നുമല്ല. കടുത്തുരുത്തിയിലെ ഒരു കുഞ്ഞുവീട്. അരവിന്ദിന്റെ സഹോദരി അഞ്ജലി അപർണ എന്നിവരാണ് എന്നെ ഒരുക്കിയത്. ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത കുറേ നിമിഷങ്ങൾ...

കറുപ്പിന് നേരെ മുഖംതിരിക്കുന്ന ക്യാമറ ക്ലിക്കുകളോടുള്ള ശക്തമായ സന്ദേശമാണ് എന്റെ ചിത്രങ്ങൾ. കറുത്തവരുടെ അവസരങ്ങൾ നിഷേധിച്ച് വെളുത്തവർ കറുത്ത ചായം പൂശി വരുന്ന പുതിയ സമീപനങ്ങൾക്കുള്ള മറുപടിയുമുണ്ട് ആ ചിത്രങ്ങളിൽ. മറ്റൊരാളുടെ അവസരം നിഷേധിക്കലാണ്. പ്രതിഭയുള്ള ഞങ്ങളെ പോലെയുള്ള നിരവധി പേരുണ്ട് നമുക്ക് ചുറ്റും. അവരെ കണ്ടില്ലെന്ന് നടിക്കുന്നവർ എന്റെ ചിത്രം കണ്ണുതുറന്നു കാണട്ടെ.– അനീഷ പറഞ്ഞുനിർത്തി.

abee ചിത്രങ്ങൾ: അജയ്